യുനൈറ്റഡ് നാഷന്‍സ്: 2017 പിറക്കുന്നത് ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന് അന്ത്യകുറിച്ചാവണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേല്‍ നിര്‍ബാധം തുടരുന്ന അനധികൃത ജൂതകുടിയേറ്റ ഭവനനിര്‍മാണ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് യു.എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ മുന്നറിയിപ്പുകള്‍പോലും അവഗണിച്ച് ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ പാര്‍പ്പിട നിര്‍മാണങ്ങള്‍ ഫലസ്തീന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ തന്നെയാണ് തല്ലിയൊടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേല്‍, ഫലസ്തീന്‍ എന്നീ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ആവിഷ്‌കരിച്ച ഫോര്‍മുലയെ സംബന്ധിച്ച അവസാന പ്രതീക്ഷകള്‍വരെ അവസാനിച്ചിരിക്കുകയാണ്.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത ഭവന നിര്‍മാണവും ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന ഭീകരചെയ്തികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയില്‍ പാസാക്കാന്‍ ഫലസ്തീന്‍ സാധ്യമായ സര്‍വ വഴികളും ആരായുമെന്നും അബ്ബാസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനിടെ അനധികൃത പാര്‍പ്പിട നിര്‍മാണം ഇസ്രായേല്‍ വര്‍ധിപ്പിച്ചതായി ആഗസ്റ്റില്‍ മധ്യപൗരസ്ത്യ ദേശത്തെ യു.എന്‍ കോഓഡിനേറ്റര്‍ നിക്കോളായ് മ്‌ളാജെഗോവ് രക്ഷാസമിതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ ഇസ്രായേല്‍ സ്വാതന്ത്ര്യത്തിനു മാത്രമല്ല ഫലസ്തീന്‍ സ്വാതന്ത്ര്യത്തിനും അംഗീകാരം പ്രഖ്യാപിക്കണം.
ഫലസ്തീന്‍ സഭാ സമാധാന ഹസ്തങ്ങള്‍ നീട്ടുന്നുവെങ്കിലും ഇസ്രായേല്‍ കരാര്‍ലംഘനങ്ങള്‍ തുടരുകയും സമാധാന സാധ്യതയുടെ വാതിലുകള്‍ അടച്ചിടുകയുമാണ്.
ഫലസ്തീന്‍ മണ്ണില്‍ ജൂതസ്വതന്ത്ര രാഷ്ട്ര രൂപവത്കരണം എന്ന ആശയം മുന്നോട്ടുവെച്ച 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ തീരാത്ത ദുരിതങ്ങള്‍ക്ക് നിമിത്തമായത് കുപ്രസിദ്ധമായ ഈ പ്രഖ്യാപനമാണ്. അവകാശ നിഷേധങ്ങള്‍ക്കും അനീതികള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമായ ബാന്‍ഫോര്‍ പ്രഖ്യാപനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അത് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഇല്ലായ്മചെയ്യാനും ബ്രിട്ടന്‍ തയാറാകണം. അബ്ബാസിന്റെ ബാല്‍ഫര്‍ പ്രഖ്യാപന വിരുദ്ധ പരാമര്‍ശത്തെ പിന്നീട് പ്രസംഗിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അപലപിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് നടത്തിയ പ്രഖ്യാപനപ്രശ്‌നം ഉന്നയിക്കാതെ ആധുനിക പ്രശ്‌നങ്ങളിലേക്ക് തിരികെ വരാന്‍ നെതന്യാഹു അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
Add Comment