അനുഷ്ഠാനം-ലേഖനങ്ങള്‍

റമദാനിലെ നോമ്പ് ആരോഗ്യകരമോ ? (1)

റമദാന്റെ പകലുകളില്‍ അന്നപാനീയമൈഥുനങ്ങള്‍ ഉപേഷിച്ച് ദൈവസ്മരണയില്‍ മുഴുകുന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ പ്രത്യക്ഷഭാവം. എങ്കിലും ദൈവസ്മരണയ്ക്കും ജീവിതവിശുദ്ധിക്കും ഈ രീതിയില്‍ പട്ടിണികിടക്കേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ട്. അവ വര്‍ജിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നവര്‍ കരുതുന്നു. ഇതരആശയാദര്‍ശങ്ങളില്‍ പെട്ടവരില്‍ ചിലര്‍ അക്കാര്യംപറഞ്ഞ് നോമ്പിനെ വിമര്‍ശിക്കാറുണ്ട്. അതിനാല്‍ നോമ്പിന്റെ ശാരീരികനേട്ടങ്ങളെക്കുറിച്ചാണ് ഈ കുറിപ്പില്‍ വിവരിക്കുന്നത്.

വിശ്രമാവസ്ഥയിലാകുക എന്ന് ‘സൗമ് ‘ന് അര്‍ഥമുണ്ട്. റമദാനില്‍ ആമാശയ-കുടല്‍ പ്രദേശങ്ങളും ലൈംഗികാവയവങ്ങളും നാവും കണ്ണും കാതും എല്ലാം പൂര്‍ണവിശ്രമത്തിലാണ്. വായില്‍നിന്ന് ആമാശയത്തിനുള്ളിലെത്തി ദഹിച്ച് കുടലുകളിലൂടെ മലാശയംവഴി പുറത്തുകടക്കാന്‍ ഭക്ഷണത്തിന് സാധാരണനിലയില്‍ 14 മണിക്കൂര്‍ വേണം. ആ സമയമാണ് നാം ഉപവസിക്കുന്നത്. അതുകൊണ്ട് വായിലും ആമാശയത്തിലുമുള്ള ദഹനഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുന്ന എല്ലാ സംഗതികളില്‍നിന്നും നാം വിട്ടുനില്‍ക്കുന്നു. നമ്മുടെ ശരീരത്തിന്റെ ആന്തരികപ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പതിനാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്രതം ശാരീരികപ്രക്രിയകളെ ബാധിക്കില്ല. 

യഥാര്‍ഥത്തില്‍ ശരീരത്തിന്റെ ഉന്‍മേഷം വീണ്ടെടുക്കുന്ന സുരക്ഷാഉപകരണമെന്നോണം വ്രതം പ്രവര്‍ത്തിക്കുന്നു. തലച്ചോറിലെ സ്മൃതികോശങ്ങളുടെതടക്കം ശരീരത്തിന്റെ പുനര്‍നിര്‍മാണപ്രക്രിയകള്‍ ഗാഢനിദ്രയിലാണ് നടക്കുന്നത്. റമദാനിലെ ഉറക്കം ഇതരമാസങ്ങളെ അപേക്ഷിച്ച് ഗാഢമായിരിക്കും. അത്തരത്തിലുള്ള രണ്ടുമണിക്കൂര്‍ ഉറക്കം  ശരീരകോശകലകളുടെ പുനര്‍നിര്‍മാണത്തിന് മതിയായതാണ്. വ്രതം ഉറക്കത്തെ സുഖകരമാക്കുന്നു.  കണ്ണിമചലിക്കുന്ന നിദ്രയിലെ സ്വപ്‌നദൃശ്യങ്ങള്‍ വ്രതകാലത്തെ ഉറക്കത്തിലുണ്ടാകുകയില്ല. അതിനാല്‍ പ്രായമായവര്‍ക്ക് ഉണ്ടാകുന്ന ഉറക്കക്കുറവിന്റെ പ്രശ്‌നം പരിഹരിക്കാന്‍ റമദാന്‍ നോമ്പ് സഹായകമാണ്.

വ്രതമനുഷ്ഠിക്കുന്ന സമയത്ത് സീറം മഗ്നീഷ്യത്തിന്റെ അളവ് വര്‍ധിക്കുന്നു. മഗ്നീഷ്യം ഹൃദയത്തിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ മൂലകമാണ്. അതിനാല്‍ ഹൃദയാഘാതത്തിനുള്ള ചികിത്സയില്‍ പ്രതിരോധൗഷധമായി  അത് ഉപയോഗിക്കുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ രൂപവത്കരണത്തെ അത് തടയുന്നു. അതിനാല്‍ രക്തതടസ്സം ഇല്ലാതാകുന്നു. സോഡിയം, പൊട്ടാസ്യം, കാത്സ്യം എന്നീ മൂലകങ്ങളിലേതെങ്കിലും ഒന്ന് ഹൃദയസ്തരങ്ങളില്‍ അടിഞ്ഞുകൂടുന്നത് വളരെ അപകടകരമാണ്. അത്തരം അവസ്ഥയെ തടുത്തുനിര്‍ത്തി ഒരുപാട പോലെ മഗ്നീഷ്യം സംരക്ഷണവലയംതീര്‍ക്കുന്നു. ഹൃദയധമനികളില്‍ രക്തപ്രവാഹത്തിന് തടസ്സംസൃഷ്ടിക്കുന്നരീതിയില്‍ പറ്റിപ്പിടിക്കുന്ന പ്ലേക്കുകളെഅലിയിച്ചുകളയുന്നത് മഗ്നീഷ്യമാണ്. അതിനാല്‍ ശരീരാവയവങ്ങളെ പുനര്‍നിര്‍മിക്കുന്നതില്‍ പലരീതിയിലും നോമ്പ് പ്രവര്‍ത്തിക്കുന്നു.

റമദാന്‍ ആരോഗ്യമുള്ള ശരീരത്തിലേക്ക് ആരോഗ്യമുള്ള മനസ്സ് സമ്മാനിക്കുന്നു. അത് വളര്‍ച്ചാ ഹോര്‍മോണ്‍ സ്രവിക്കുന്ന പിറ്റിയൂറ്ററി ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കുന്നു. പ്രോട്ടീനിലും  കൊളാജനിലും പ്രവര്‍ത്തിച്ച് ശരിയായ നൈട്രജന്റെ സന്തുലനം നിലനിറുത്തുന്നത് പ്രസ്തുത വളര്‍ച്ചാഹോര്‍മോണാണ്. അതോടൊപ്പം ചുവന്നരക്താണുക്കളുടെ ഉല്‍പാദനത്തെയും അത് ത്വരിതപ്പെടുത്തുന്നു. 

വ്രതനാളുകളില്‍ നാം നടത്തുന്ന പ്രാര്‍ഥനകളും ആരാധനാകര്‍മങ്ങളും  തലച്ചോറിലും നട്ടെല്ലിലും ചില അന്തസ്രവങ്ങളെ ഉല്‍പാദിപ്പിക്കുന്നു. എന്‍ഡോര്‍ഫിന്‍, എങ്കെഫാലിന്‍ എന്നിങ്ങനെ പ്രകൃതിദത്ത വേദനാസംഹാരികളായ സ്രവങ്ങള്‍ മനുഷ്യന് ശാന്തിയും സമാധാനവും പകര്‍ന്നുനല്‍കുന്നു. കഠിനമായ ശരീരവ്യായാമത്തിനുശേഷം അനുഭവിക്കുന്ന സുഖം എന്‍ഡോര്‍ഫിന്റെ ഉല്‍പാദനംമൂലമുണ്ടാകുന്നതാണ്. (കൊഴുപ്പുകലകളിലെ ലിപിഡുകളെ ശിഥിലീകരിക്കുന്ന ലിപോട്രൊപിന്‍ പരമ്പരയിലാണ് എന്‍ഡോര്‍ഫിനും എങ്കെഫാലിനും വരുന്നത്. അവ സ്രവിക്കപ്പെടുമ്പോള്‍ മെറ്റ്-എങ്കെഫാലിന്‍, ഗാമാ എന്‍ഡോര്‍ഫിന്‍ ,ബീറ്റാ എന്‍ഡോര്‍ഫിന്‍ എന്നിങ്ങനെ വിഭജിക്കപ്പെടുന്നു)

മയക്കുമരുന്നായി ഉപയോഗിക്കുന്ന മോര്‍ഫീനെക്കാള്‍ ഇരുപതിരട്ടി ശക്തിമത്താണ് ബീറ്റാ എന്‍ഡോര്‍ഫിന്‍. മോര്‍ഫീന്‍ വേദനാസംഹാരിയായി ഉപയോഗിക്കാറുണ്ടല്ലോ. ചിലരതിനെ മനസ്സുഖം ലഭിക്കാനും ഉപയോഗിക്കുന്നു. വ്രതമനുഷ്ഠിക്കുമ്പോള്‍ ബീറ്റാ എന്‍ഡോര്‍ഫിന്‍ സ്രവിക്കുന്നതിനാലാണ് മനസ്സുഖവും ആഹ്ലാദവും തോന്നുന്നത്.

സാധാരണയായി ശരീരഭാഗങ്ങളില്‍ വേദനതോന്നുമ്പോള്‍ നാം വേദനാസംഹാരി(പെയിന്‍കില്ലര്‍ ) ഉപയോഗിക്കാറുണ്ട്. വേദനാസംഹാരികള്‍ ചെയ്യുന്നത് വേദനാനുഭവത്തെ തലച്ചോറിലേക്കെത്തുന്നത് തടയുകയാണ്. എന്നാല്‍ വേദന അറിയാതിരിക്കാന്‍ ശരീരം സ്വീകരിക്കുന്ന സ്വാഭാവികരീതിയുണ്ട്. അതായത്, തലച്ചോറും സ്‌പൈനല്‍ കോഡും  നാഡിസംവേദകങ്ങളായ എന്‍ഡോര്‍ഫിന്‍, എങ്കെഫാലിന്‍ എന്നിവ ഉല്‍പാദിപ്പിച്ചുവിടുന്നു.അത് നാഡികോശങ്ങളിലെ സ്‌നാപ്‌സിലേക്ക് സന്ദേശംകൊണ്ടെത്തിക്കുന്ന ആവേഗങ്ങളെ  തടഞ്ഞുനിര്‍ത്തുന്നു. അതുവഴി വേദനാനുഭവത്തെ ഇല്ലാതാക്കുന്നു. യുദ്ധഭൂമിയില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്ന സൈനികനും സ്‌പോര്‍ട്‌സില്‍ ഗുരുതരപരിക്കേല്‍ക്കുന്ന കായികതാരവും ചിലപ്പോള്‍ വേദന അറിയാതിരിക്കുന്നത് തലച്ചോര്‍ ക്രമാതീതമായ അളവില്‍ ഉല്‍പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍ മൂലമാണ്. പിന്നീട് അവര്‍ ആ സാഹചര്യത്തില്‍നിന്ന് മാറ്റപ്പെടുമ്പോഴാണ് വേദന അറിയുക.

(തുടരും)

Topics