അനുഷ്ഠാനം-ലേഖനങ്ങള്‍

പിശുക്കന്‍മാരുടെ നേര്‍ച്ചകള്‍

നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്ന വിശ്വാസികളെ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പുകഴ്ത്തുന്നതായി (അല്‍ഇന്‍സാന്‍:7) കാണാം. മറ്റൊരു ആയത്തില്‍ ഇപ്രകാരം പറയുന്നു: ‘നിങ്ങള്‍ എത്രയൊക്കെ ചെലവഴിച്ചാലും എന്തൊക്കെ നേര്‍ച്ചയാക്കിയാലും അതെല്ലാം ഉറപ്പായും അല്ലാഹു അറിയുന്നു. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല'(അല്‍ബഖറ 270)

നേര്‍ച്ച അല്ലാഹുവിനുള്ള അനുസരണവും ആരാധനയുമാണെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായ അര്‍ത്ഥത്തിലുള്ള ഹദീഥുകള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:’നിങ്ങള്‍ നേര്‍ച്ച നടത്തരുത്. ദൈവിക വിധിയില്‍ നേര്‍ച്ച യാതൊരു മാറ്റവും വരുത്തുകയില്ല. പിശുക്കനില്‍ നിന്ന് ചെലവഴിക്കപ്പെടാനുള്ള മാര്‍ഗം മാത്രമാണ് അത്’. ഈ ഹദീഥ് നേര്‍ച്ചയെ തടയുകയാണ് ചെയ്യുന്നത്.
ഈയര്‍ത്ഥത്തില്‍ ഉദ്ധരിക്കപ്പെട്ട മറ്റൊരു ഹദീഥ് ഇപ്രകാരമാണ് :’അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്തു. ആദമിന്റെ മകന് നേര്‍ച്ച ഒന്നും തന്നെ കൊണ്ട് വരികയില്ല. അതുമുഖേന അല്ലാഹു പിശുക്കനില്‍ നിന്ന് ധനം എടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തവിധം നേര്‍ച്ചയുടെ പേരില്‍ ലുബ്ധന്‍ നല്‍കുന്നു’.

തീര്‍ത്തും പരസ്പര വിരുദ്ധമായ ഈ രണ്ട് പ്രമാണങ്ങളോട് പണ്ഡിതന്‍മാര്‍ പലതരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്റെ കല്‍പനയും പ്രവാചകവചനത്തിലെ നിരോധനവും പണ്ഡിതന്‍മാര്‍ യോജിപ്പിക്കുന്നത് ഇപ്രകാരമാണ്. പ്രത്യേകമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന നേര്‍ച്ചകളാണ് തിരുമേനി(സ) വിലക്കിയത്. എന്നാല്‍ നിരുപാധികമായ അര്‍ത്ഥത്തില്‍ നേര്‍ച്ചകള്‍ നടത്താമെന്നും, അപ്രകാരമുള്ള നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കണമെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ഉദാഹരണമായി യാതൊരു നിബന്ധനയും മുന്നില്‍ വെക്കാതെ ഐഛികമായ ആരാധനകള്‍ നിര്‍വഹിക്കുമെന്ന് നമുക്ക് നേര്‍ച്ചയാക്കാവുന്നതാണ്.

അല്ലാഹുവിനെ ധിക്കരിക്കുന്ന എന്തെങ്കിലും ചെയ്യുമെന്ന് നേര്‍ച്ച ചെയ്യാന്‍ ഒരിക്കലും പാടുള്ളതല്ല. ‘തനിക്ക് ഉടമപ്പെടാത്ത കാര്യത്തിലും, തിന്‍മയിലും ചെയ്തിട്ടുള്ള നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കേണ്ടതില്ല’ എന്ന് തിരുമേനി(സ) പറയുന്നു. അനുവദനീയമായ, പുണ്യകരമായ കാര്യങ്ങളിലാണ് നേര്‍ച്ച നടത്തേണ്ടത് എന്ന് മാത്രമല്ല, അങ്ങനെയുള്ള നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ നാം ബാധ്യസ്ഥരുമാണ്.

ഇസ്‌ലാമിക ശരീഅത്തിന്റെ ലാളിത്യത്തില്‍ നിന്ന് പ്രയാസത്തിലേക്കോ മറ്റോ നയിക്കുന്ന നേര്‍ച്ചകള്‍ കറാഹത്താണെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈയര്‍ത്ഥത്തില്‍ തുടര്‍ച്ചയായി നേര്‍ച്ച ചെയ്യുന്നത് കറാഹത്താണെന്ന് ഇമാം മാലിക് വിലയിരുത്തുന്നു. കാരണം നേര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് വിശ്വാസി തളരുകയും അങ്ങനെ മടുത്ത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്‍വാങ്ങാനും അത് ഇടവരുത്തിയേക്കാം.

താല്‍പര്യബന്ധിതമായ നേര്‍ച്ചകളാണ് തിരുമേനി(സ) വിലക്കിയിരിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മിക്ക മുസ്‌ലിംകള്‍ക്കും പരിചിതമായത് ഈ രൂപത്തിലുള്ള നേര്‍ച്ചകള്‍ മാത്രമാണ്. രോഗം ശിഫായാകുന്നതിനും, ആഗ്രഹം സഫലമാകുന്നതിനുമൊക്കെയാണ് അവര്‍ നേര്‍ച്ചകള്‍ നടത്താറ്.

തന്റെ നേര്‍ച്ചകള്‍ അവയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് അല്ലാഹുവിനെ നിര്‍ബന്ധിതനാക്കുമെന്ന വിശ്വാസത്തിലേക്ക് ഒരാളെ യിക്കുന്നുവെങ്കില്‍ അത് തീര്‍ത്തും നിഷിദ്ധമാണ്. ഈ വിശ്വാസത്തെയാണ് തിരുമേനി(സ) പൊളിച്ചുകളയുന്നത്. നിങ്ങളുടെ നേര്‍ച്ചകള്‍ പുതുതായി ഒന്നും തന്നെ കൊണ്ടുവരികയില്ലെന്ന് തിരുമേനി(സ) പ്രഖ്യാപിക്കുകയുണ്ടായി. നേര്‍ച്ചയുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകള്‍ ധാരാളം പേര്‍ വിവരിക്കാറുള്ളത് നാം കേള്‍ക്കാറുണ്ട്. ‘ഞാന്‍ എന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഇന്നയിന്ന പ്രശ്‌നങ്ങളുണ്ടായി… ഞാന്‍ നടത്തിയ നേര്‍ച്ചകള്‍ കൊണ്ടാണ് രക്ഷപ്പെട്ടത്’ തുടങ്ങിയ ഒട്ടേറെ കഥകള്‍. ഇത്തരത്തിലുള്ള നേര്‍ച്ചകളെയാണ് തിരുമേനി(സ) നിരോധിച്ചത്. ഇത്തരത്തിലുള്ള സമ്പ്രദായങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിശ്വാസികള്‍ വിധേയരാവാന്‍ പാടുള്ളതല്ല.

സമീപഭാവിയില്‍ പ്രയോജനം ലഭിക്കാന്‍ സല്‍ക്കര്‍മങ്ങള്‍ മുന്നില്‍ വെച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. ആവശ്യം നിറവേറാനുള്ള നമസ്‌കാരം നിര്‍വഹിക്കാനും വിശ്വാസിക്ക് അനുവാദമുണ്ട്. അവയൊന്നും അല്ലാഹുവിനോട് നിബന്ധനയായി വെക്കുന്നില്ല എന്നതാണ് അവക്കും മറ്റ് നേര്‍ച്ചകള്‍ക്കും ഇടയിലെ വ്യത്യാസം.

അനുഗ്രഹങ്ങള്‍ ലഭിച്ച ഉടനെ തന്നെ ധാരാളം സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയെന്നതും മഹത്തായ കാര്യമാണ്. അല്ലാഹു ദാവൂദ് പ്രവാചകന് ധാരാളം അനുഗ്രഹം ചെയ്തു എന്നതിന് ശേഷം വിശുദ്ധ ഖുര്‍ആന്റെ കല്‍പന ദാവൂദ് കുടുംബമെ, നിങ്ങള്‍ നന്ദി കാണിക്കുക) എന്നതാണ്. നന്ദിയോട് കൂടി അല്ലാഹുവിന് മുന്നില്‍ പ്രണാമമര്‍പ്പിക്കുകയും, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം നടത്തുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. കൗഥര്‍ നല്‍കപ്പെട്ട പ്രവാചകനോട് നന്ദിസൂചകമായി നമസ്‌കരിക്കാനും ബലിയര്‍പ്പിക്കാനും അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നമുക്ക് അല്ലാഹുവില്‍ നിന്ന് അനുഗ്രഹം നല്‍കപ്പെടുമ്പോള്‍ നന്ദിയോട് കൂടി ആരാധനകളും സല്‍ക്കര്‍മങ്ങളും പ്രവര്‍ത്തിച്ച് അല്ലാഹുവിന്റെ സാമീപ്യം തേടുകയാണ് വേണ്ടത്.

അബ്ദുല്‍ മുന്‍ഇം ശഹാത്

Topics