സ്‌നേഹവും സ്‌നേഹം പ്രകടിപ്പിക്കലും; രണ്ടും രണ്ട് വ്യത്യസ്ത യാഥാര്‍ഥ്യങ്ങളാണ്. സ്‌നേഹ പ്രകടന രാഹിത്യമാണല്ലോ നാമിന്ന് അനുഭവിക്കുന്ന വലിയ പ്രശ്‌നം. എന്നോട് ഉന്നയിക്കപ്പെട്ട അധിക പ്രശ്‌നങ്ങളിലും ഈ സ്‌നേഹ പ്രകടനമില്ലായ്മ മുഴച്ചുനില്‍ക്കുന്നതായാണ് ഞാന്‍ കണ്ടിട്ടുള്ളത്. മാതാപിതാക്കള്‍ മക്കളോട് വല്ലാതെ വാത്സല്യവും സ്‌നേഹവുമുള്ളവരാണ്. എന്നാല്‍ അത് പ്രകടപ്പിക്കുന്ന കാര്യത്തില്‍ പരമ ‘ദരിദ്രരുമാണ്’. ദമ്പതികളും ആത്മാര്‍ഥ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ വ്യതിരിക്തരല്ല. ഞാന്‍ ചില വിവാഹിതരായ പുരുഷന്‍മാരോട് നിങ്ങള്‍ എങ്ങനെയാണ് ഇണയോട് സ്‌നേഹം പ്രകടിപ്പിക്കാറുള്ളതെന്ന് ചോദിച്ചു. അവര്‍ സ്‌നേഹ പ്രകടപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ വായനക്കാര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.
* എന്നെ അവള്‍ അനുസരിക്കണം, ഒപ്പമിരുന്ന് വര്‍ത്തമാനം പറയണം
* വീട്ടിലെത്തിയാല്‍ എന്നെ സ്വീകരിച്ച് അവള്‍ ശരീരം മസാജ് ചെയ്തുതരണം
* കുത്തിക്കുത്തി ചോദിക്കാതെ ഞാന്‍ പറയുന്നതൊക്കെ അവള്‍ വിശ്വസിക്കണം
* എന്റെ സൗന്ദര്യസംരക്ഷണത്തില്‍ അവള്‍ ശ്രദ്ധപുലര്‍ത്തണം
* ബന്ധുക്കള്‍ക്ക് മുമ്പില്‍ അവള്‍ എന്നോട് അഭിപ്രായം തേടണം
* വീട്ടുകാര്യങ്ങളുടെ നടത്തിപ്പില്‍ എന്നെ മറികടക്കാതിരിക്കണം
* എന്നെ പ്രശംസിക്കണം
* ഞാനവള്‍ക്ക് വേണ്ടി ചെയ്യുന്നതിനെ വിലമതിക്കണം
* എന്റെ പിതാവിന്റെ സമ്പാദ്യത്തെ അവള്‍ വിലമതിക്കണം
* സ്വന്തം കൈകൊണ്ട് സ്പഷ്യല്‍ ഭക്ഷണം തയാറാക്കി തരണം
* അവളുടെ ഷെല്‍ഫില്‍ എന്റെ ചിത്രം സൂക്ഷിക്കണം
* നിറഞ്ഞ സ്‌നേഹത്തില്‍ പൊതിഞ്ഞ വാചകങ്ങള്‍ അവള്‍ എനിക്ക് സെല്‍ഫോണിലൂടെ അയക്കണം
* ഞാന്‍ വീട്ടിലില്ലെങ്കിലും എനിക്ക് മനസ്സില്‍ സുരക്ഷ അനുഭവപ്പെടണം.
* വെള്ളിയാഴ്ച സൂറത്തുകഹ്ഫ് പാരായണത്തിനും നമസ്‌കാരത്തിനും എന്നെ അവള്‍ ഓര്‍മിപ്പിക്കണം.
ഇതേ കാര്യം വിവാഹിതരായ കുറച്ച് വനിതകളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞതിങ്ങനെ:
* അദ്ദേഹം എന്നെ ആദരിക്കണം, വിലമതിക്കണം
* വീട്ടാവശ്യങ്ങള്‍ നിറവേറ്റിത്തരണം
* ദൈവം നല്‍കിയ ഏറ്റവും സുന്ദരിയും സൂശീലയുമായ ഭാര്യയാണ് ഞാനെന്ന് അദ്ദേഹത്തിന് തോന്നണം
* വീട്ടില്‍ ഒതുങ്ങിക്കൂടുന്ന എന്നെ അദ്ദേഹം ബഹുമാനിക്കണം
* എന്നെക്കൂടാതെ അദ്ദേഹത്തിന് ജീവിതം കഴിയില്ലെന്നും എന്നോടുള്ള അതിയായ ആഗ്രഹവും എനിക്ക് ബോധ്യപ്പെടണം.
* എന്റെ പ്രിയേ, സ്‌നേഹഭാജനമേ എന്നൊക്കെ സ്‌നേഹത്തില്‍ പൊതിഞ്ഞ വാക്കുകളില്‍ വിളിക്കണം. എന്നെ താലോലിക്കണം
* മാര്‍ക്കറ്റില്‍ അദ്ദേഹം കണ്ട എനിക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചുത്തരണം
* ഇടയ്ക്ക് എന്നെയും കൂട്ടി പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകണം
* എനിക്കെന്തെങ്കിലും പ്രയാസമുണ്ടെന്ന് കണ്ടാല്‍ മാനിസികാവസ്ഥ മാറ്റാന്‍ ശ്രമിക്കണം. മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്.
* ആഴ്ചയില്‍ എനിക്ക് വേണ്ടി ഒരു ദിവസം മാറ്റിവെയ്ക്കണം
* എന്നെ ചുംബിക്കുകയും സ്‌നേഹവാത്സല്യത്തോടെ പെരമാറുകയും വേണം
* മക്കളുടെ ഭാവികാര്യങ്ങള്‍ എന്നോടൊപ്പം ചര്‍ച്ച ചെയ്യണം
* എന്നോടൊപ്പമിരുന്ന് ടിവി കാണണം
* ഞാന്‍ പറയുന്നതും സംസാരിക്കുന്നതും താല്‍പര്യത്തോടെ കേള്‍ക്കണം
* അവസാനത്തെ ഒരാള്‍ പറഞ്ഞതിങ്ങനെ: എന്നെ പ്രയാസപ്പെടുത്തുമ്പോഴും ഉപദ്രവിക്കുമ്പോഴും എനിക്കറിയാം അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമാണെന്ന്. അദ്ദേഹം തന്റെ എന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇങ്ങനയാണ്.
തീര്‍ച്ചയായും ഈ മറുപടികളെല്ലാം സ്‌നേഹപ്രകടനത്തിന് വിവിധ ഭാവങ്ങള്‍ തന്നെ. ജീവിതം കാപ്പിപോലെയാണെന്ന് പറയാറുണ്ടല്ലോ. കയ്പ്പാണതിന്റെ സൗന്ദര്യം. ജീവിതത്തിന്റെ ആ കയ്പ്പിനും പ്രയാസങ്ങള്‍ക്കും ആശ്വാസമാണ് സ്‌നേഹപ്രകടനങ്ങള്‍.
മഹാനായ മുഹമ്മദ് നബി(സ) എല്ലാവരോട് തന്റെ സ്‌നേഹം പ്രകടപ്പിക്കുമായിരുന്നു. അംറുബ്‌നുല്‍ ആസ്വ് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: ജനങ്ങളില്‍ ഏറ്റവും ഇഷ്ടം താങ്കള്‍ക്ക് ആരോടാണ് ? അദ്ദേഹം പറഞ്ഞു: ആയിശ(റ)യോട്. നോക്കൂ, അല്ലാഹുവിന്റെ റസൂല്‍ ഭാര്യയോടുള്ള സ്‌നേഹം ഒരു സ്വഹാബിയോട് പുറത്തുവെച്ച് വെളിപ്പെടുത്തുന്നു. അപ്പോള്‍ അദ്ദേഹം ഭാര്യയോടൊന്നിച്ച് വീട്ടിലായിരിക്കുമ്പോള്‍ എത്ര മഹത്തരമായിരിക്കും ആ സ്‌നേഹം !
നബി(സ)യുടെ സദസ്സിനരികിലൂടെ പോയ ഒരാളെ ചൂണ്ടി ഒരു സ്വഹാബി പറഞ്ഞു: നബിയേ, ഞാനയാളെ ഇഷ്ടപ്പെടുന്നു. നീയിക്കാര്യം അയാളെ അറിയിച്ചിട്ടുണ്ടോയെന്ന് നബി ചോദിച്ചു. ആ സ്വഹാബി ഉടനെ എണീറ്റ് നിന്ന് തന്റെ സ്‌നേഹം പ്രകടിപ്പിച്ചു. സ്‌നേഹം വ്യാപിപ്പിക്കാനും അത് പ്രകടപ്പിക്കാനും അനുചരരെ പഠിപ്പിക്കുന്ന ഒരു പ്രവാചകനെയാണ് നാമിവിടെ കാണുന്നത്. സ്‌നേഹം പ്രധാനമാണെങ്കില്‍ അതിന്റെ പ്രകടനം അതിപ്രധാനമാണ്. മാനുഷിക ലോകത്ത് മാത്രമല്ല, സകല ജീവികളിലും സസ്യലതാദികളിലും അവയുടേതായ രീതികളില്‍ കാണപ്പെടുന്ന പ്രാപഞ്ചിക ഭാഷയാണ് സ്‌നേഹം.
ദൈവികമായ വിഭവമാണ് സ്‌നേഹം. തനിക്ക് ഖദീജ (റ)യുടെ സ്‌നേഹം ദൈവികമായി ലഭിച്ച അനുഗ്രഹമാണെന്ന് നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി. ജനങ്ങളുടെ സ്‌നേഹം നേടാന്‍ മില്യണുകള്‍ ചെലവഴിക്കുന്ന ആളുകളെ നമുക്ക് കാണാം. പക്ഷേ, ജനങ്ങള്‍ക്ക് അവരോട് വെറുപ്പാണ്. എന്നാല്‍ ചിലരുണ്ട്, ഒരു ദീനാര്‍ പോലും നല്‍കുന്നില്ലെങ്കിലും ജനങ്ങളുടെ മനസ്സിലാണ് അവരുടെ ഇടം. നബി(സ) പറഞ്ഞല്ലോ, മനസ്സുകള്‍ അവയോട് എറ്റവും യോജിച്ചതിനോടും ഇണക്കമുള്ളതിനോടുമാണ് ചേരുക.
സ്‌നേഹപ്രകടനത്തിന് സാമൂഹിക നന്മകളുള്ളതുപോലെ ആരോഗ്യപരമായി പല നന്മകളുമുണ്ടതിന്. സ്‌നേഹം നിങ്ങളില്‍ പുഞ്ചിരിയുളവാക്കും, ആനന്ദം നല്‍കും, പോസിറ്റീവ് എനര്‍ജി നല്‍കും. ടെന്‍ഷനും മാനസിക സംഘര്‍ഷങ്ങളും ശാരീരിക പ്രയാസങ്ങളും സ്‌നേഹം അലിയിച്ചില്ലാതാക്കും. മറ്റുള്ളവരുടെ സ്‌നേഹം തിരിച്ചറിയുന്ന ഒരാളുടെ രോഗപ്രതിരോധശക്തി വര്‍ധിക്കുകയും അന്ധസ്രാവി ഗ്രന്ധികളിലും രക്തധമനികളിലും പോസീറ്റീവ് ശക്തി ഉണ്ടാവുകയും ചെയ്യും. സ്‌നേഹം ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൂഹൃത്തുക്കളുമുള്ള പല കാന്‍സര്‍ രോഗികളും വളരെ പെട്ടന്ന് രോഗത്തില്‍നിന്ന് രക്ഷപ്പെട്ട് വന്നിരിക്കുന്നു.
അതിനാല്‍ അകന്നവന്നും അടുത്തവന്നും, സുഹത്തിനും ആത്മസുഹൃത്തിനും, ചെറിയവന്നും വലിയവനും നമുക്ക് സ്‌നേഹം പകുത്ത് നല്‍കാം. സ്‌നേഹവികാരങ്ങളുള്ള ജീവിതമാണ് മനോഹരം. നമ്മുടെ ജീവിതദിനങ്ങളില്‍ ഏറ്റവും സൗന്ദര്യം അവയ്ക്കാണ്. അതോടൊപ്പം സ്‌നേഹപ്രകടനം തെറ്റായ ദിശയിലാവാതിരിക്കാനും നാം ശ്രദ്ധിക്കണം. ഒരു മകന്‍ തന്റെ പിതാവിനോട് പറഞ്ഞു: വാപ്പ, ശരിക്കും സ്‌നേഹം അന്ധമാണല്ലേ ? വാപ്പ പറഞ്ഞു, അല്ല, നീ നിന്റെ ഉമ്മാനെ നോക്ക് അപ്പോള്‍ മനസ്സിലാവും. ഇങ്ങനെ പറയുന്നത് തെറ്റായ സമീപനമാണെന്ന് മാത്രമല്ല. തര്‍ബിയത്തിന് കോട്ടമേല്‍പ്പിക്കുന്നതുമാണ്. അവസാനമായി ഒന്നേ പറയാനുള്ളൂ സ്‌നേഹത്തിന്റെ രുചിയറിയാത്തവന്‍ ദരിദ്രനാണ്. സ്‌നേഹം പ്രകടിപ്പിക്കാനറിയാത്തവന്‍ പരമദരിദ്രനുമാണ്.
Add Comment