വിശിഷ്ടനാമങ്ങള്‍

അശ്ശക്കൂര്‍ (കൃതജ്ഞന്‍, അനുമോദിക്കുന്നവന്‍)

അല്ലാഹുവിനെക്കുറിച്ച് ഇത് പറയുമ്പോള്‍ അര്‍ഥം, സല്‍ക്കര്‍മങ്ങളെ ഏറ്റുവാങ്ങി സ്വീകരിക്കുകയും അവയെ അംഗീകരിച്ച് അനുമോദിക്കുകയും ചെയ്യുന്നവന്‍ എന്നാണ്. അല്ലാഹു മനുഷ്യന്റെ ചെറിയ പ്രവര്‍ത്തികളെപ്പോലും അംഗീകരിക്കുകയും അതിന് അര്‍ഹിക്കുന്നതിലധികം പ്രതിഫലം നല്‍കുകയും ചെയ്യുന്നവനാണ്. മനുഷ്യന്റെ പ്രവൃത്തികളെ ഇത്രയധികം അംഗീകരിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന അല്ലാഹുവിന് മനുഷ്യന്‍ എത്ര നന്ദി ചെയ്താലും മതിയാവില്ല. അല്ലാഹുവിന്റെ മഹത്തായ ഈ ഗുണം മനഷ്യരിലേക്കും വ്യാപിക്കേണ്ടതുണ്ട്. ”ഇതത്രെ, വിശ്വസിച്ചവരും സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചവരുമായ ദൈവദാസന്‍മാര്‍ക്ക് അല്ലാഹു നല്‍കുന്ന സുവിശേഷം. പ്രവാചകന്‍, ജനത്തോട് പറയുക: ഈ ദൗത്യത്തിന് യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. പക്ഷേ, ധര്‍മസ്‌നേഹം തീര്‍ച്ചയായും കാംക്ഷിക്കുന്നു. വല്ലവനും നന്‍മയാര്‍ജിക്കുകയാണെങ്കില്‍, നാം അവന് ആ നന്‍മയില്‍ വളരെ വര്‍ധനവുണ്ടാക്കിക്കൊടുക്കുന്നു. അല്ലാഹു വളരെ മാപ്പരുളുന്നവനും മൂല്യമംഗീകരിക്കുന്നവനുമല്ലോ.” (അശ്ശൂറാ: 23), ”ജീവനുള്ളതൊന്നും അല്ലാഹുവിന്റെ അനുമതിയില്ലാതെ മരിക്കുക സാധ്യമല്ല. മരണമാകട്ടെ, അവധി നിശ്ചയിച്ച് എഴുതപ്പെട്ടതുമാകുന്നു. ഇവിടെ ഭൗതികലാഭം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവനു നാം ഇഹത്തില്‍തന്നെ പ്രതിഫലം നല്‍കുന്നു. പാരത്രികഫലം കാംക്ഷിച്ചു പ്രവര്‍ത്തിക്കുന്നവന്നോ പരത്തിലും പ്രതിഫലം നല്‍കുന്നു. നന്ദി കാണിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രതിഫലം നാം നല്‍കുന്നതാകുന്നു.” (ആലുഇംറാന്‍: 145)

Topics