കടുത്ത കത്തോലിക്കാവിശ്വാസികളുടെ കുടുംബമായിരുന്നു എന്റേത്. എല്ലാ ഞായറാഴ്ചയും മതപഠനക്ലാസില്‍ പങ്കെടുത്തിരുന്നു. ആഘോഷങ്ങളിലൊട്ടും കുറവുവരുത്തിയിരുന്നില്ല. എന്റെ ഓര്‍മവെച്ചനാള്‍മുതല്‍ ക്രൈസ്തവവിശ്വാസാചാരങ്ങളെ യാതൊരു ചോദ്യംചെയ്യലുമില്ലാതെ അനുസരിക്കുകയായിരുന്നു പതിവ്. അത്യാവശ്യം ബൈബിളൊക്കെ അറിയാം അതിനാല്‍ അത്രയൊക്കെ മതി,ഞാന്‍ വിശ്വാസിയായിട്ടുണ്ടല്ലോ എന്ന ആശ്വാസത്തില്‍ കഴിയുകയായിരുന്നു. അങ്ങനെ മാതാപിതാക്കളോടൊപ്പം സസന്തോഷം 25 വര്‍ഷം കടന്നുപോയി.
പിന്നീട് ഞാന്‍ പോളണ്ട് വിട്ട് അമേരിക്കയിലെ കണക്റ്റിക്കട്ടിലേക്ക് പോയി. അവിടെ വെച്ചാണ് ആദ്യമായി ഇസ്‌ലാമിനെക്കുറിച്ച് കേള്‍ക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരായ മുസ്‌ലിംകളോടൊപ്പം പരസ്പരം മതങ്ങളെക്കുറിച്ച് സംസാരിക്കുക പതിവായി. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടായിരുന്ന സൃഷ്ടിവാദം, പ്രവാചകന്‍മാര്‍,കന്യാമറിയം, യേശുവിന്റെ ജനനം എന്നിവയെക്കുറിച്ച് കേട്ടപ്പോള്‍ വലിയ ആശ്ചര്യം തോന്നി.
സത്യത്തില്‍ എല്ലാ സംഭാഷണങ്ങളും ഞാന്‍ ആസ്വദിക്കുകയായിരുന്നു. എന്റെ മതമാണ് കൂടുതല്‍ ശരിയെന്ന് അവരെ ബോധ്യപ്പെടുത്താനായിരുന്നു എന്റെ ശ്രമം. പക്ഷേ അവരുടെ ചോദ്യങ്ങള്‍ക്കും വാദഗതികള്‍ക്കുംമുമ്പില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു. രണ്ടുമതങ്ങളെയും പറ്റി കൂടുതല്‍ അറിയേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ താരതമ്യപഠനം ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ ഞാനാകെ പതറി. കടുത്ത ആശയക്കുഴപ്പത്തിലകപ്പെട്ടു ഞാന്‍. ഏതാശയത്തിന്റെ വക്താവാണ് ഞാന്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമായി. എന്റെ പഴയവിശ്വാസപ്രമാണങ്ങളും ആചാരങ്ങളും ഞാന്‍ ഉപേക്ഷിച്ചു. പക്ഷേ അപ്പോഴും എന്നെ ഇസ്‌ലാമില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞാന്‍ സ്തംഭിച്ചുനിന്നു. എനിക്ക് പ്രാര്‍ഥിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതെങ്ങനെ നിര്‍വഹിക്കുമെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ഞാന്‍. എന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു:’ ഹൃദയം വിമലീകരിച്ച് ദൈവത്തോട് നിനക്കറിയാവുന്ന ഭാഷയില്‍ ചോദിച്ചോളൂ. അവന്‍ സത്യത്തിലേക്ക് വഴിനടത്തും.’
അല്ലാഹു എനിക്ക് മറുപടി തന്നു. അന്ന് ഞാനൊരു സ്വപ്‌നംകണ്ടു. ആരോ ശഹാദത്ത് കലിമ എന്റെ മേല്‍ ചൊല്ലുന്നതായി ഞാന്‍ കേള്‍ക്കുകയായിരുന്നു. അതിന്റെ അര്‍ഥം എനിക്ക് അറിയുമായിരുന്നില്ല. പിന്നീട് അതിനെക്കുറിച്ച് ചോദിച്ചറിഞ്ഞപ്പോള്‍ അല്ലാഹു എന്നെ സത്യസരണിയിലേക്ക് വഴിനടത്തുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും എനിക്ക് സത്യസാക്ഷ്യംനിര്‍വഹിക്കുവാന്‍ ഒരു വര്‍ഷം വേണ്ടിവന്നു. ഇസ്‌ലാമിലെ ചില നിയമങ്ങളും കല്‍പനകളും എനിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നി, പ്രത്യേകിച്ചും ഹിജാബ് ധാരണം. എന്റെ ജീവിതശൈലി മാറ്റണം എന്നുതന്നെയായിരുന്നു ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നത്. പക്ഷേ, എന്റെ വീട്ടുകാരുടെയും പരിചയക്കാരുടെയും പ്രതികരണമെന്തായിരിക്കുമെന്നോര്‍ത്ത് ഞാന്‍ മടിച്ചുനിന്നു.
ഇസ് ലാമിനെപ്പറ്റി വേണ്ടത്ര വിവരമില്ലാത്തതിനാല്‍ മുസ്‌ലിമാകുവാന്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അതിനാല്‍ അറബിയിലുള്ള പ്രാര്‍ഥനകളും വാക്കുകളും ഞാന്‍ പഠിക്കാനാരംഭിച്ചു. ഇസ്‌ലാമിനെപ്പറ്റി പരന്നവായനനടത്തിയതോടൊപ്പം വ്രതാനുഷ്ഠാനവും നിര്‍വഹിച്ചു.
പ്രായോഗികതലത്തില്‍ ഞാന്‍ മുസ്‌ലിംകളെപ്പോലെ കര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നു. ശഹാദത്തുകലിമ ചൊല്ലാന്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു റമദാന്‍ മാസം 25 ന് ഞാന്‍ ശഹാദത്തുകലിമ ചൊല്ലി. ലൈലത്തുല്‍ഖദ്ര്‍ പ്രതീക്ഷിച്ച് അല്ലാഹുവോട് പ്രാര്‍ഥിച്ച് ഞാന്‍ കഴിച്ചുകൂട്ടി. നവജാതശിശുവിന്റെ മനസ്സുമായി എല്ലാത്തരത്തിലുമുള്ള മാറ്റം സാധ്യമാക്കിയ മാസമായിരുന്നു റമദാന്‍. പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഞാന്‍ ഹിജാബ് അണിയാനാരംഭിച്ചു. അല്‍ഹംദുലില്ലാഹ്!
ഒരു അന്യനാട്ടില്‍ വീട്ടുകാരില്‍നിന്നൊക്കെയകന്ന് താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭാവിയെപ്പറ്റിയും ജീവിതലക്ഷ്യങ്ങളെപ്പറ്റിയും ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്നെനിക്ക് തോന്നി. ഞാന്‍ ഇസ്‌ലാംസ്വീകരിച്ചുവെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് അതൊരു ഷോക്കായിരുന്നു. അവരുടെ ഒരേയൊരുമകള്‍ അപരിചിതമായ എന്തൊക്കെയോ വിശ്വാസസംഹിതയുടെ പിന്നാലെ കൂടിയിരിക്കുകയാണല്ലോ.
ഇസ്‌ലാമിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍തന്നെ അതെല്ലാം മാതാപിതാക്കളുമായി പങ്കുവെക്കണമെന്ന് ഉത്കഠമായി ആഗ്രഹിച്ചു. നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിനെ അവര്‍ അബദ്ധമായാണ് കണ്ടത്. മനുഷ്യരെ അനാദരിക്കുന്ന ആപത്കരമായ ഒരുമതമാണ് അതെന്ന് അവര്‍കരുതി. ഇസ്‌ലാമിന്റെ വളരെ ഗുണപരമായ വശങ്ങള്‍ ഞാനവരുടെ മുന്നില്‍ സമര്‍പ്പിച്ചുനോക്കി. അവരത് കേള്‍ക്കാന്‍ തയ്യാറായില്ല. അവര്‍ മാധ്യമങ്ങള്‍ ഛര്‍ദ്ദിക്കുന്നത് മാത്രമാണ് ശ്രവിച്ചത്. എന്നെ ആരോ മസ്തിഷ്‌കപ്രക്ഷാളനംചെയ്തിരിക്കുന്നുവെന്ന് അവര്‍കരുതി. അവരോട് കൂടുതല്‍ വിശദീകരിക്കുംതോറും ഞാന്‍ കൂടുതല്‍ അബദ്ധങ്ങളിലേക്ക് കടന്നുചെല്ലുകയായിരുന്നു. അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ നടത്തിയ ഫോണ്‍കോളുകള്‍ എത്രയെന്നുപോലും തിട്ടമില്ല. ഞാന്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും കരയുകയും അവരോട് സോറിപറയുകയും വീണ്ടും വാദിക്കുകയും ചെയ്തു.
എന്റെ മമ്മിക്കായിരുന്നു ഏറ്റവും പ്രയാസം തോന്നിയത്. ഞാനവരെ നന്നായി മുറിപ്പെടുത്തിയെന്ന് മമ്മി പറഞ്ഞു. ഹൃദയത്തില്‍ കത്തികുത്തിയിറക്കുകയായിരുന്നു ഇതിലും ഭേദമെന്നായി അവര്‍. ഞാനവരുടെ മുലപ്പാല്‍ കുടിച്ച് ചതിക്കുകയായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇസ്‌ലാം സ്വീകരിച്ച് രണ്ട് ആഴ്ചകഴിഞ്ഞപ്പോള്‍ പപ്പ അമേരിക്കയില്‍ വന്നു. എന്റെ മനംമാറ്റം പ്രതീക്ഷിച്ചാണ് അദ്ദേഹം വന്നത്. പക്ഷേ , ഹൃദയാന്തരാളത്തില്‍തന്നെ ഞാന്‍ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിനറിയില്ലല്ലോ. ഏറെനേരെ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഞാന്‍ നിശബ്ദയായി. സത്യത്തെപ്പറ്റി കൂടുതലറിഞ്ഞശേഷമാകാം സംസാരം എന്ന് എനിക്കുതോന്നി.
എന്നെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ ദിനരാത്രങ്ങളായിരുന്നു അവ. ഒളിച്ചല്ലാതെ എനിക്ക് നമസ്‌കരിക്കാനായില്ല. പപ്പ അടുത്തുള്ള ചര്‍ച്ചില്‍പോയി അവിടത്തെ പാതിരിയുമായി സംസാരിച്ചതനുസരിച്ച് എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ഭുതകരമെന്നുപറയട്ടെ, ഞാനുന്നയിച്ച സംശയങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. യുക്തി ആവശ്യമില്ലാത്തവിധം അവ വിശ്വസിക്കാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ മുസ്‌ലിംസുഹൃത്തുക്കളുടെ സഹവാസം അവസാനിപ്പിക്കാന്‍ മറ്റൊരു സ്റ്റേറ്റിലേക്ക് പപ്പ എന്റെ താമസം മാറ്റി.
പലവട്ടം ഞാന്‍ പൂര്‍വമതത്തിലേക്ക് തിരിച്ചുപോയാലോ എന്ന് കരുതി. അതുവഴി മാതാപിതാക്കള്‍ക്ക് സന്തോഷം പകരാനാകുമെന്ന് ഞാന്‍ നിനച്ചു. ആ ഘട്ടത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പരീക്ഷണങ്ങളും പ്രയാസങ്ങളും നിറഞ്ഞ മക്കാജീവിതകാലം ഓര്‍ത്തു. അദ്ദേഹത്തിന്റെ അനുയായികള്‍ അനുഭവിച്ച പീഡനങ്ങളും യാതനകളും എന്റെ മനസ്സിലൂടെ കടന്നുപോയി. നമ്മിലേക്ക് ഇസ് ലാമിനെ എത്തിക്കാന്‍ അവര്‍ അനുഭവിച്ച പ്രയാസം ഓര്‍ത്തപ്പോള്‍ എന്റേത് എത്രയോ നിസ്സാരമെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ആ പ്രതിസന്ധികള്‍ തരണംചെയ്ത് ഞാന്‍ കണക്റ്റികട്ടില്‍ തിരിച്ചെത്തി. മൊറോക്കോക്കാരനായ ഒരു മുസ്‌ലിംചെറുപ്പക്കാരനെ ഞാന്‍ വിവാഹം ചെയ്തു. എന്റെ ഭര്‍ത്താവ് ഇസ്‌ലാമിനെക്കുറിച്ച ഒട്ടേറെ വിജ്ഞാനം എനിക്ക് പകര്‍ന്നുനല്‍കി. അല്ലാഹുവിനെ കീഴ്‌വണങ്ങാന്‍ വ്യത്യസ്തമാര്‍ഗങ്ങള്‍ എന്നെ പഠിപ്പിച്ചു. ഞങ്ങള്‍ ഒരുമിച്ച് നമസ്‌കരിച്ചു. ദിക്‌റുകളും ഹദീസുകളും ഹൃദിസ്ഥമാക്കി. ദിവസംചെല്ലുംതോറും കൂടുതല്‍ സൗരഭ്യംപരത്തുന്ന പുഷ്പമെന്നോണം ഞാന്‍ വളര്‍ന്നു. മുന്‍കാല ജീവിതത്തില്‍ എനിക്ക് പലതുംനഷ്ടപ്പെട്ടതായി ഞാന്‍ തിരിച്ചറിയുകയായിരുന്നു. തിരിച്ചറിവില്ലാതിരുന്ന ആ കാലത്ത് അവ നഷ്ടപ്പെടുകയാണെന്ന ബോധം പോലുമുണ്ടായിരുന്നില്ലല്ലോ. ഞാന്‍ കൂടുതല്‍ ക്ഷമ കൈക്കൊണ്ടു. അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളെ അനുനിമിഷം നിരീക്ഷിക്കുകയും അവയെപ്പറ്റി ചിന്തിക്കുകയുമായിരുന്നു തുടര്‍ന്നുള്ള എന്റെ ഓരോ ദിവസങ്ങളും. അതേസമയം എന്റെ മാതാപിതാക്കളുടെ അവസ്ഥ അനുദിനം വഷളാവുകയാണല്ലോയെന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. അല്ലാഹുവോട് അവര്‍ക്ക് സന്മാര്‍ഗത്തിന് ഉതവിനല്‍കണേയെന്ന് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
കാലം കടന്നുപോയി. മുസ്‌ലിമെന്ന നിലയില്‍ ജീവിതം ഞാന്‍ ആസ്വദിച്ചു. എന്റെ മുഖംസദാപുഞ്ചിരി തൂകിനിന്നു. കൂടുതല്‍ ഊര്‍ജ്ജംകരസ്ഥമാക്കി പറക്കാനാകുംവിധം ആരോ എനിക്ക് ചിറകുനല്‍കിയതായി എനിക്കനുഭവപ്പെട്ടു. ഈ ഘട്ടത്തില്‍ ഒട്ടേറെ മുസ്‌ലിംസുഹൃത്തുക്കളുമായി ഞാന്‍ കണ്ടുമുട്ടി. അവരെന്നെ സാന്ത്വനിപ്പിക്കുകയും ധൈര്യംപകര്‍ന്നുനല്‍കുകയുംചെയ്തു. സഹോദരിമാര്‍ എനിക്കായി അവരുടെ ഹൃദയകവാടങ്ങള്‍ തുറന്നിട്ടു. അവരുടെ അച്ചടക്കം , ആദരം ,സ്‌നേഹോഷ്മളത, തുറന്ന മനസ്സ് അവയെല്ലാം എന്നെ ഹഠാദാകര്‍ഷിച്ചു. അവരിലാരെയെങ്കിലും നിങ്ങള്‍ ആദ്യതവണയാണ് കാണുന്നതെങ്കില്‍പോലും വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചയമുള്ളതുപോലെയാണ് അവര്‍ പെരുമാറുക. അതോടെ നിങ്ങള്‍ അവരിലൊരാളായി മാറും. എല്ലാവരും നിങ്ങളെ കൂടുതലായി പരിഗണിക്കുകയും ചെയ്യും. ആര്‍ക്കും അനുഭവിക്കാനാകുന്ന ഈ സവിശേഷത ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
അങ്ങനെയിരിക്കെ അല്ലാഹു എനിക്ക് അമൂല്യമായ സമ്മാനം തന്നു. മുഹമ്മദ് കരീം എന്ന് ഞാനവന് പേരിട്ടു. എന്റെ പപ്പയും മമ്മിയും ഞങ്ങളുമായി അടുക്കുന്നതിന് അത് നിമിത്തമായി. ഞാന്‍ പുതിയ മതത്തിലും ജീവിതത്തിലും സന്തോഷവതിയാണെന്ന് അവര്‍ക്ക് ബോധ്യമായി. സ്‌നേഹധനനായ ഭര്‍ത്താവും കുടുംബാന്തരീക്ഷവുമുള്ള ഇസ് ലാമിനെ ഞാന്‍ പരപ്രേരണയൊന്നുമില്ലാതെ സ്വയംതെരഞ്ഞെടുത്തതാണെന്ന് അവര്‍ക്ക് മനസ്സിലായി.
ഞങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കംആരംഭിച്ചു. ഇസ് ലാമിനെപ്പറ്റിയുംമറ്റും ഹൃദയംതുറന്ന് സംസാരിച്ചു. പുതിയ എന്നെ സ്വീകരിക്കാന്‍ അവര്‍ വളരെ പ്രയാസപ്പെടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അവരെ സംബന്ധിച്ചിടത്തോളം എല്ലാം അറബിയോ ഇസ് ലാമോ ആയിരുന്നല്ലോ. മകളുടെ വസ്ത്രധാരണം, പേരക്കിടാവിന്റെ പേര് തുടങ്ങി പലതും. അതിനിടക്ക് തങ്ങളുടെ പാരമ്പര്യങ്ങളെയോ ആഘോഷങ്ങളെയോ പ്രതിഷ്ഠിക്കാന്‍ അവര്‍ക്കാകുന്നില്ലല്ലോ. അതിനാല്‍ അവര്‍ക്ക് ഞാന്‍ നഷ്ടപ്പെട്ടതായി അവര്‍ കരുതി. അതിനാല്‍ ഞാന്‍ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും പഴയ ആ മാനസപുത്രിയാണെന്നും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അവരോട് ഏറ്റവും നല്ല നിലയില്‍ ഞാന്‍ പെരുമാറി.എന്റെ ഫോട്ടോ അവര്‍ക്ക് ഇടക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നു. അവര്‍ക്കിഷ്ടമാവില്ലെന്നറിഞ്ഞിട്ടും ഹിജാബണിഞ്ഞ ഫോട്ടോയും അയക്കുമായിരുന്നു. എന്റെ കുടുംബത്തിന്റെ ഭാഗമായി അവരുണ്ട് എന്ന് അവര്‍ക്കനുഭവപ്പെടാനായിരുന്നു അത്. എന്റെ കുടുംബത്തെ അവര്‍ സ്വീകരിച്ചു. എങ്കിലും അവരുടെ ഹൃദയാന്തരാളത്തില്‍ മകള്‍ പൂര്‍വമതത്തിലേക്ക് എന്നെങ്കിലും തിരിച്ചുവരുമെന്ന് അവര്‍ പ്രത്യാശിച്ചുകൊണ്ടിരുന്നു. അതിനായി അവര്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
അല്‍ഹംദുലില്ലാഹ്! ഇസ് ലാമിലേക്ക് വഴിനടത്തിയ അല്ലാഹുവിന് സ്തുതി. മുഹമ്മദ് നബി കാണിച്ചുതന്ന വഴിയിലൂടെ അല്ലാഹുവിന് പൂര്‍ണസമര്‍പ്പണം നടത്തി മുന്നോട്ട് ഗമിക്കാന്‍ ധൈര്യവും ശക്തിയും നല്‍കണേയെന്നുമാത്രമാണ് എപ്പോഴുമുള്ള പ്രാര്‍ഥന. ഇപ്പോള്‍ അറബിയിലുള്ള ഖുര്‍ആന്‍ പാരായണംചെയ്യാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സില്‍ ദുര്‍മന്ത്രണംചെയ്യുന്ന സാത്താന്റെ കുതന്ത്രങ്ങളോടും മനസ്സിന്റെ ചാപല്യത്തോടും പോരടിച്ചുകൊണ്ട് എല്ലാ വിശ്വാസികളെയുംപോലെ ഞാന്‍ ഉറച്ച കാല്‍വെപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണ്.
Add Comment