ഹിജ്‌റ

ഹിജ്‌റ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പാഠം

മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും മദീനയിലേക്കുള്ള  ഹിജ്‌റ എക്കാലത്തേയും മുസ്‌ലിംന്യൂനപക്ഷങ്ങള്‍ക്കുള്ള ഗുണപാഠങ്ങള്‍ നല്‍കുന്നു. ആ തിരുമേനിയുടെയും അനുയായികളുടെയും സ്വഭാവവൈശിഷ്ട്യങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടത് അതിനാല്‍ തന്നെ അനിവാര്യമാണ്.

മുന്‍പ് യസ്‌രിബ് ആയിരുന്ന പിന്നീട് മദീനത്തുന്നബവി എന്ന് പ്രശസ്തിയാര്‍ജജിച്ച നാട്ടിലേക്കാണ് മുഹമ്മദ് നബി(സ)കൂട്ടരും പലായനംചെയ്‌തെത്തിയത്. മക്കക്കുശേഷം പ്രാധാന്യമുള്ള രണ്ടാമത്തെ നഗരമാണ് അത്. തന്റെ ജന്‍മനാടായ മക്കയോടുള്ള സ്‌നേഹം  അദമ്യമായിരുന്നുവെങ്കിലും നബി മരണംവരെ മദീനയില്‍തന്നെ താമസിച്ചു. മക്കയിലേക്ക് തിരിച്ചുപോകാന്‍ എല്ലാ രീതിയിലും സമാധാനാന്തരീക്ഷം  ഉണ്ടായിരുന്നിട്ടും മദീനാവാസികളോടുള്ള ബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുകയായിരുന്നു. നബിയും  അനുയായികളും തങ്ങളാലാകും വിധം മദീനയെ എല്ലാരീതിയിലും പരിഷ്‌കൃതവികസിതനഗരിയാക്കി പരിവര്‍ത്തിപ്പിച്ചു.

മുസ്‌ലിംകളില്ലാത്ത നാടുകളിലും മുസ്‌ലിംന്യൂനപക്ഷരാജ്യങ്ങളിലും  അവിടത്തെ പൗരനോ അല്ലെങ്കില്‍ അഭയാര്‍ഥിയോ ആയി താമസിക്കുന്ന ഏതുമുസ്‌ലിമിനും ഈ ഹിജ്‌റ അനുസ്മരണവേളയില്‍  ചിലത് പഠിക്കാനുണ്ട്.

പൗരബോധം

മദീനയില്‍ താമസമുറപ്പിച്ച മുഹമ്മദ് നബി(സ)യും അനുയായികളും തങ്ങളുടെ ജന്‍മനാടായ മക്കയെപ്പോലെത്തന്നെയാണ് പുതിയനാടിനെ സ്‌നേഹിച്ചതുംപരിഗണിച്ചതും. ആ സ്‌നേഹത്തിന്റെയും സ്വീകരണത്തിന്റെയും ഭാഗമായാണ് മദീനയെ പുണ്യനഗരിയായി പ്രഖ്യാപിച്ചത്. മുഹമ്മദ് നബി(സ) ഇപ്രകാരം അരുളി:’തീര്‍ച്ചയായും ഇബ്‌റാഹീം നബി(അ) മക്കയെ പരിപാവനമായി പ്രഖ്യാപിച്ചു. അതിലെ നിവാസികള്‍ക്ക് എല്ലാ വിധ അനുഗ്രഹങ്ങളും വര്‍ഷിക്കണേയെന്ന് പ്രാര്‍ഥിക്കുകയുംചെയ്തു. ഇബ്‌റാഹീം നബി മക്കയെ പരിപാവനമാക്കിയതുപോലെ മദീനയെ ഞാന്‍ പവിത്രമായി പ്രഖ്യാപിക്കുന്നു. ഈ നഗരിയിലെ ഓരോ മുദ്ദിലും സ്വാഇലും(അധ്വാനപരിശ്രമങ്ങളിലും വിളവുകളിലും) ഇരട്ടിയായി അല്ലാഹുവിന്റെ അനുഗ്രഹം ചൊരിയാന്‍ പ്രാര്‍ഥിക്കുന്നു.'(മുസ് ലിം).

നബി(സ)യും അനുയായികളും തങ്ങളുടെ നാടിനെ വൈദേശികാക്രമണങ്ങളില്‍നിന്ന്  പ്രതിരോധിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചു. മദീന നഗരത്തെ ആക്രമിച്ച എല്ലാ ശക്തികളോടും -പലഘട്ടത്തിലും  അക്കൂട്ടര്‍ സ്വന്തം ഗോത്രക്കാരായിരുന്നു- അവര്‍ യുദ്ധംചെയ്തു. ഹിജ്‌റ 5-ാം വര്‍ഷം മക്കയിലെ ഖുറൈശികളുടെ നേതൃത്വത്തില്‍ മദീനയെ ആക്രമിക്കാന്‍ വന്ന സഖ്യസേനയെ അവര്‍ തുരത്തി.

ഹിജ്‌റ 8-ാം വര്‍ഷം മക്കാവിജയത്തിനുശേഷം  നബിയും അനുയായികളും മദീനയിലേക്കുതന്നെ തിരികെപോന്നു. മുഹാജിറുകള്‍ ജന്‍മനാട് വീണ്ടെടുത്തതിനാല്‍ ഇനിയൊരിക്കലും മദീനയിലേക്ക് തിരിച്ചുവരില്ലെന്ന് മദീനാവാസികളില്‍ ചിലര്‍ ധരിച്ചിരുന്നു. എന്നാല്‍ മുഹാജിറുകള്‍ മരണംവരെ മദീനാനഗരത്തിന്റെ വികസനത്തിനും പുരോഗതിക്കും സഹായകരമാകുംവിധം താമസമുറപ്പിച്ചു.

യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലുമുള്‍പ്പെടെ തങ്ങള്‍ കടന്നുചെന്നിട്ടുള്ള ലോകത്തിന്റെ എല്ലാ കോണിലും മുസ്‌ലിംകള്‍ ആ നാടിന്റെ വികസനത്തിനും പുരോഗതിക്കും സമാധാനാന്തരീക്ഷത്തിനും  വേണ്ടി നിലകൊള്ളേണ്ടതുണ്ട്. വിശ്വാസം സംരക്ഷിച്ചുകൊണ്ടുതന്നെ രാജ്യത്തിന്റെ പൗരനായി വിശ്വാസിക്ക് കഴിഞ്ഞുകൂടാനാകും. തങ്ങളുടെ സമുദായത്തിന്റെ വികാസത്തോടൊപ്പം സഹോദരസമുദായങ്ങളുടെയും വംശങ്ങളുടെയും പുരോഗതിക്കും സമാധാനത്തിനുംവേണ്ടി അവര്‍ പ്രവര്‍ത്തിക്കണം.

സമാധാനപരമായ സഹവര്‍തിത്ത്വം

നബി(സ)യും അനുയായികളും മദീനയിലെ ഇതരസമുദായങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അന്ന് മദീനയില്‍ യഹൂദന്‍മാരായിരുന്നു പ്രബലസമുദായം. കൂടാതെ ചില അറബ് ഗോത്രങ്ങളും അവിടെയുണ്ടായിരുന്നു. അവരൊന്നും ഇസ്‌ലാംസ്വീകരിച്ചിരുന്നില്ല. അതേസമയം ഇതരസമുദായങ്ങളുമായി സമാധാനപൂര്‍ണമായ സഹവര്‍തിത്ത്വം ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ഒരു കരാര്‍ നബി തയ്യാറാക്കുകയുംഅതില്‍ അവരെല്ലാം ഒപ്പുവെക്കുകയുംചെയ്തിരുന്നു. ചരിത്രപ്രസിദ്ധമായിരുന്നു ആ കരാര്‍. ജീവനും വിശ്വാസത്തിനും മതത്തിനും സ്വത്തിനും പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തുന്നതായിരുന്നു പ്രസ്തുതകരാര്‍. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കാം:’ തങ്ങളിലാരെയെങ്കിലും ഏതെങ്കിലും ശത്രുക്കള്‍ ആക്രമിച്ചാല്‍ അവരെ ഈ കരാറില്‍ ഒപ്പുവെച്ചിട്ടുള്ള കക്ഷികളും മുസ്‌ലിംകളും ഒത്തൊരുമിച്ച് നേരിടും. അവര്‍ സത്യവും നന്‍മയും പര്‌സപരം ഉണര്‍ത്തുകയും ഉപദേശിക്കുകയും വഴി അന്യോന്യം സഹായിക്കുന്നതാണ്.ഒരിക്കലും അവര്‍ അന്യോന്യം ആക്രമിക്കുകയില്ല. കാരുണ്യപ്രവര്‍ത്തനങ്ങളും നന്‍മകളും  അക്രമവും കുറ്റവാസനകളുമായി ഒത്തുചേരുകയില്ല. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അവനവനാണ് ഉത്തരവാദി. ഈ കരാറിന്റെ സത്യസന്ധതയിലും ഗുണകാംക്ഷയിലും അല്ലാഹുവാണ് സാക്ഷി. അക്രമിയെ സഹായിക്കാന്‍ ഈ കരാര്‍ ഒരിക്കലും കൂട്ടുനില്‍ക്കുകയില്ല.'(സീറത്തുഇബ്‌നിഹിശാം)

മുസ്‌ലിം ന്യൂനപക്ഷം അതുകൊണ്ടുതന്നെ നന്‍മയിലും സഹവര്‍ത്തിത്വത്തിലും കഴിയുന്നതോടൊപ്പം അക്കാര്യത്തില്‍ എല്ലാസമൂഹങ്ങളെയും സഹായിക്കുകയുംവേണം. അങ്ങനെ ചെയ്യുന്നതിലൂടെ മദീനയില്‍ എല്ലാ സമൂഹങ്ങളുടെയും സുരക്ഷിതത്വവും സമാധാനവും പുരോഗതിയും കാംക്ഷിച്ച നബി(സ)യുടെ പാതപിന്തുടരുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്.

സമുദായവികസനം

മദീനയിലെത്തിയ ഉടന്‍ നബി(സ) ആദ്യമായി പള്ളി നിര്‍മിക്കുകയാണ് ചെയ്തത്. അതുവഴി സാമൂഹിക-വൈജ്ഞാനികസേവനങ്ങള്‍ വിശ്വാസിസമൂഹത്തിന് എത്തിക്കുകയായിരുന്നു ലക്ഷ്യം. നബിയുടെ പള്ളിയിലൊത്തുചേര്‍ന്ന് അവര്‍ തങ്ങളുടെ ആത്മീയ-വൈജ്ഞാനിക ദാഹം തീര്‍ത്തു. വിവാഹമടക്കം നാട്ടിലെ വിശേഷാഘോഷവേളകള്‍ എല്ലാം പള്ളിയിലായിരുന്നു. നഗരത്തിന്റെ  ഓരോ മുക്കുമൂലയിലുമുള്ള വ്യത്യസ്തപ്രശ്‌നങ്ങള്‍ക്ക് പള്ളിയിലെ കൂടിയാലോചനയിലാണ് പരിഹാരം കണ്ടെത്തിയിരുന്നത്.

നബിതിരുമേനിയുടെ ഹിജ്‌റയ്ക്കുമുമ്പ് യസ്‌രിബ് പട്ടണം മലീമസമായ സ്ഥലമായിരുന്നു. മക്കയില്‍നിന്ന് പലായനംചെയ്ത അനുചരന്‍മാരില്‍ പലരും മദീനയില്‍ എത്തി ഏതാനുംദിനങ്ങള്‍ക്കുള്ളില്‍ രോഗബാധിതരായി.  നബി തന്റെ അനുയായികളോട് പട്ടണം വൃത്തിയാക്കാനും മാലിന്യക്കൂമ്പാരങ്ങള്‍ നീക്കംചെയ്യാനും കല്‍പിച്ചു. പ്ലേഗില്‍നിന്നും മറ്റു മാരകരോഗങ്ങളില്‍നിന്നും പട്ടണവാസികളെ രക്ഷപ്പെടുത്തി അവരില്‍ അനുഗ്രഹം ചൊരിയാന്‍ പ്രവാചകന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ആഇശ(റ)യില്‍ നിവേദനം. അവര്‍ പറഞ്ഞു:’ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ അത് മാലിന്യങ്ങളാല്‍ മലീമസമായിരുന്നു. അവിടത്തെ വെള്ളം കുടിക്കാന്‍പറ്റാത്തത്ര ദുര്‍ഗന്ധമുള്ളതായിരുന്നു.'(ബുഖാരി, ജാമിഉസ്വഹീഹ്)

പട്ടണത്തിന്റെ വിവിധഭാഗങ്ങളിലായി കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകള്‍ കുഴിക്കാന്‍ നബിതിരുമേനി ഏര്‍പ്പാടുകള്‍ ചെയ്തു. അത്തരത്തില്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന 50ഓളം കിണറുകള്‍ പുതുതായി സജ്ജമാക്കി. അതുപോലെ തരിശുഭൂമിയുള്‍പ്പെടെ എല്ലായിടത്തും കൃഷിയും പൂന്തോട്ടനിര്‍മാണവും ആരംഭിച്ചു. തരിശുഭൂമി അത് കൃഷിയോഗ്യമാക്കുന്നവര്‍ക്കുള്ളതാണെന്ന് നബി ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ ഒട്ടേറെയാളുകള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. ആ നടപടിയിലൂടെ എല്ലാവര്‍ക്കും ഭക്ഷണം  ഉറപ്പുവരുത്താനായി.(അര്‍റുബാഇ, ഫത്ഹുല്‍ ഗഫ്ഫാര്‍)

മുസ്‌ലിംന്യൂനപക്ഷങ്ങള്‍ തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിനും വികസനത്തിനുംവേണ്ടി പ്രവര്‍ത്തിക്കണം. പടിഞ്ഞാറന്‍ നാടുകളില്‍ പ്രത്യേകിച്ചും. അവിടെ ഇസ്‌ലാമിക് സെന്ററുകളിലൂടെ വിദ്യാഭ്യാസ-സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തണം. പള്ളികള്‍ എല്ലാ സമുദായങ്ങളുമായും സഹവര്‍ത്തിത്വത്തിനുള്ള പ്രേരകമായി തീരണം. രാഷ്ട്രപുരോഗതിക്ക് പള്ളികള്‍ അടിസ്ഥാനഘടകമായിത്തീരുമാറ് മുസ്‌ലിംസമൂഹം ക്രിയാത്മകമായി അതിനെ സമീപിക്കണം.

ഉയര്‍ന്ന സ്വഭാവ-പെരുമാറ്റമര്യാദകള്‍

നബിയും  അനുചരന്‍മാരും അറിയപ്പെട്ട വിശ്വസ്തരും സത്യസന്ധരും ആത്മാര്‍ഥതയുള്ളവരും സത്യവാന്‍മാരും വിനയാന്വിതരും ആയിരുന്നു. മദീനയില്‍ ചെന്നപ്പോഴാകട്ടെ,  അവരുടെ സ്വഭാവഗുണങ്ങള്‍ ഗോത്ര-വംശ വ്യത്യാസമില്ലാതെ ഏവരുടെയും ഹൃദയം കവര്‍ന്നു. എല്ലാവരുടെ നന്‍മയും പുരോഗതിയുമാണ് അവര്‍ കാംക്ഷിച്ചത്.  മറ്റുള്ളവരെ ആശ്രയിച്ച് അലസരായി നിലകൊള്ളാന്‍ അവര്‍ തയ്യാറായില്ല. അന്യായമായി മറ്റുള്ളവരുടെ അധ്വാനഫലം കവരാതെ, മാന്യമായി സ്വകരങ്ങള്‍കൊണ്ട് പരിശ്രമിച്ചതാണ് അവര്‍ ആഹരിച്ചതും സമ്പാദിച്ചതും.

ഇബ്‌റാഹീം ബിന്‍ സഅ്ദില്‍നിന്ന്. അദ്ദേഹത്തിന്റെ പിതാവ് തന്റെ പിതാവില്‍നിന്ന് നിവേദനംചെയ്യുന്നു:’അബ്ദുല്‍റഹ് മാനുബ്‌നുഔഫ് (റ) പറയുന്നു:’ഞങ്ങള്‍ അഭയാര്‍ഥികളായി  മദീനയില്‍ ചെന്നപ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ എന്നെയും മദീനാവാസിയായ സഅ്ദ്ബ്‌നു റബീഇനെയും സഹോദരങ്ങളാക്കി. സഅ്ദ്ബ്‌നു റബീഅ് (എന്നോടു)പറഞ്ഞു: നബിയെയും അനുയായികളെയും മദീനയില്‍ സഹായിച്ച അന്‍സ്വാറുകളില്‍ ഏറ്റവും വലിയ ധനാഢ്യനാണ്  ഞാന്‍. അതിനാല്‍ എന്റെ സമ്പത്തിന്റെ പകുതി ഞാന്‍ താങ്കള്‍ക്ക് തരാം.  എന്റെ നാലുഭാര്യമാരില്‍ താങ്കളിഷ്ടപ്പെടുന്ന രണ്ടുപേരെ വിവാഹമോചനംചെയ്യാം. അവരുടെ കാലാവധി കഴിയുന്നതോടെ താങ്കള്‍ക്ക് അവരെ വിവാഹം ചെയ്യാം.’ ഇതുകേട്ടപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് പറഞ്ഞു:’എനിക്കിപ്പോള്‍ അതല്ല ആവശ്യം. (മറ്റൊരു റിപോര്‍ട്ടനുസരിച്ച് അത് ഇപ്രകാരമാണ്: താങ്കളുടെ കുടുംബത്തിലും സ്വത്തിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ). ഇവിടെ കച്ചവടത്തിനുള്ള അങ്ങാടിയെവിടെയാണ്?.സഅ്ദ് പറഞ്ഞു:’ഖൈനുഖാഅ് ‘ അബ്ദുര്‍റഹ്മാന്‍ തൊട്ടടുത്ത ദിവസം ചന്തയിലേക്ക് ചെല്ലുകയും പാല്‍ക്കട്ടിയും വെണ്ണയും വാങ്ങിക്കൊണ്ടുവരികയുംചെയ്തു. തുടര്‍ന്ന് ഏതാനുംദിവസങ്ങള്‍കൂടി ചന്തയില്‍ പോകുകയുണ്ടായി. അതിനുശേഷം പ്രവാചകന്‍ തിരുമേനിയുടെ അടുക്കല്‍ അദ്ദേഹം മഞ്ഞനിറത്തിലുള്ള സുഗന്ധവും പൂശി കടന്നുചെന്നു. അദ്ദേഹത്തിന്റെ വിവാഹംകഴിഞ്ഞുവോയെന്ന് ദൈവദൂതര്‍ ചോദിച്ചു. അതെയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘ആരെയാണ് നീ വിവാഹംചെയ്തത്?  തിരുമേനി ചോദിച്ചു. ‘അന്‍സ്വാരിവനിതയെ’ ഔഫ് മറുപടി നല്‍കി. അവള്‍ക്ക് മഹ്ര്‍ എത്രനല്‍കിയെന്ന് പ്രവാചകന്‍ ആരാഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു:’അവള്‍ക്ക് ഈത്തപ്പഴക്കുരുവിന്റെയത്രതൂക്കത്തില്‍ സ്വര്‍ണം നല്‍കി.’ പ്രവാചകന്‍ പറഞ്ഞു:’ആടിനെയറുത്തിട്ടാണെങ്കിലും വലീമ(സദ്യ)നല്‍കുക”(അല്‍ബുഖാരി, അല്‍ജാമിഉസ്വഹീഹ്).

ഖുര്‍ആന്‍ പ്രവാചകാനുയായികളുടെ സ്വഭാവഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:’

അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ യുദ്ധമുതല്‍. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍.'(അല്‍ഹശ്ര്‍ 9)

 ന്യൂനപക്ഷമായി കഴിഞ്ഞുകൂടുന്ന നാട്ടിലെ മുസ്‌ലിംകള്‍ പൊതുജനതാല്‍പര്യത്തിനും അവരുടെ ക്ഷേമത്തിനും സമുദായവികസനത്തിനും വ്യക്തിഗതപ്രശ്‌നങ്ങളേക്കാള്‍ മുന്‍ഗണനനല്‍കണം. വിശ്വാസകാര്യത്തില്‍ ഏതൊരാള്‍ക്കും മാതൃകയാകുംവിധം അവര്‍ ഉത്തമരായി നിലകൊള്ളണം. വിശ്വസ്തതപുലര്‍ത്താനും നന്‍മയില്‍ സഹകരിക്കാനും അവര്‍ എന്നും മുന്‍പന്തിയിലായിരിക്കണം. ഹിജ്‌റ യഥാര്‍ഥത്തില്‍ മുസ്‌ലിംസമൂഹത്തിന്റെ സ്വഭാവധാര്‍മികഗുണങ്ങളെ നവീകരിക്കുന്നു. ചരിത്രം പഠിപ്പിച്ച പാഠങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ അത് തീര്‍ച്ചയായും വഴിത്തിരിവാകും. സ്‌നേഹത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും വികസനത്തിന്റെയും ക്ഷേമത്തിന്റെയും ലോകസമാധാനത്തിന്റെയും പാഠങ്ങളാണത്.

Topics