സ്ത്രീജാലകം

സൂപ്പര്‍പോസ്റ്റ് പനാമാക്‌സ് ക്രയിനിലിരുന്ന് അയിഷ ഹസന്‍ പിടിച്ചത് ചരിത്രത്തിന്റെ വളയം

വളയിട്ട കൈകളില്‍ വാഹനങ്ങളുടെ വളയം യു.എ.ഇയില്‍ ഒരു കൗതുകമല്ല. നിരത്തിലും ജലത്തിലും മാനത്തും വനിതകള്‍ വാഹനമോടിക്കുന്നുണ്ടിവിടെ എത്രയോ കാലമായിട്ട്. ലോകത്തില്‍ നിര്‍മിക്കപ്പെടുന്ന ക്രയിനുകളുടെ വലിയൊരു ശതമാനം ഉപയോഗിക്കപ്പെടുന്ന യു.എ.ഇയില്‍ പക്ഷേ ഇതുവരെ ക്രയിനുകളുടെ മുന്‍ സീറ്റില്‍ ഒരു വനിത പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ ആ ചരിത്രവും തലസ്ഥാനത്തെ ഖലീഫ തുറമുഖത്തു വഴിമാറി. തുറമുഖത്തെ 126 മീറ്റര്‍ ഉയരവും 1932 ടണ്‍ ഭാരദ്വഹന ശേഷിയുമുള്ള സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ അയിഷ ഹസന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മര്‍സൂഖി എന്ന വീരാംഗന ഇരുന്നതോടെയാണത്.

ഇരുപത്തിയെട്ടുകാരിയായ ഈ ഇമാറാത്തി വനിത അങ്ങനെ ജി.സി.സിയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖത്തെ ആദ്യത്തെ ക്രയിന്‍ നിയന്ത്രിക്കുന്ന ചരിത്ര വനിതയായി. തുറമുഖത്തെത്തുന്ന ചരക്കു കപ്പലുകളില്‍ നിന്ന് കണ്ടയിനറുകള്‍ എടുത്തുയര്‍ത്തുകയും നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിനുള്ള ക്രയിനാണ് ഇവര്‍ നിയന്ത്രിക്കുക. ഈ ജോലിയില്‍ അയിഷ ഹസന്‍ ഉടനെ പ്രവേശിക്കും. ഇതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ തുറമുഖത്ത് സ്വതന്ത്ര ചുമതലയോടെയാണ് സേവനം നടത്തുക. ക്രയിനിനോട് ചേര്‍ന്നുള്ള തറനിരപ്പില്‍ നിന്നും 60 മീറ്റര്‍ മീതെ സ്ഥാപിച്ച തന്റെ ചെറുമുറി പോലുള്ള തൊഴിലിടത്തിലിരുന്ന് സ്വന്തം കാലിനടിയിലും കയ്യകലത്തുമുള്ള ഉപകരണങ്ങള്‍ ചലിപ്പിച്ചും പ്രവര്‍ത്തിപ്പിച്ചും ഉരുക്കുകയറുകളിലൂടെ ചരക്കുകള്‍ കരക്കെത്തിച്ചാണ് അയിഷ ഹസന്‍ തന്റെ തൊഴില്‍ ചെയ്യുക.

രാജ്യത്തിന്റെ വ്യോമ സേനയിലെ ആദ്യ വനിതാ പൈലറ്റിനെ കുറിച്ചു പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം കണ്ടാണ് അയിഷ ഹസ്സന് വ്യത്യസ്ഥമായതു വല്ലതും ചെയ്യണമെന്ന് മോഹം ഉള്ളിലുണ്ടായത്. സ്ത്രീ ആയതു കൊണ്ട് തനിക്ക് കുറവൊന്നുമില്ലെന്നും തന്റെ കര്‍മപഥം അസാധാരണമായിരിക്കണമെന്നും അവരും തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഖലീഫ തുറമുഖത്തെ ക്രയിന്‍ നിയന്ത്രിക്കുന്ന ജോലി എന്ന തീരുമാനമെടുത്തത്. തുറമുഖം അധികൃതര്‍ക്ക് സമ്മതമായതോടെ ആദ്യം തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിക്കുകയും കണ്ടയിനര്‍ ടെര്‍മിനലില്‍ ക്രയിന്‍ പരിശീലനത്തിന് ചേരുകയുമായിരുന്നു. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞതോടെ കടുത്ത ആഗ്രഹം തോന്നി. അങ്ങനെയാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിയതെന്ന് അയിഷ ഹസന്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുപ്രധാനമായ തുറമുഖ നഗരമായി അബുദാബിയെ മാറ്റുകയാണ് ഖലീഫ പോര്‍ട്ട്. ലോക വ്യാപാരത്തിന്റെ മുഖ്യ വേദിയായി മിഡില്‍ ഈസ്റ്റ് മാറുന്നതിനൊപ്പം അബുദാബിയും അതിന്റെ പ്രാദേശിത സമുദ്ര വ്യാപാര മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ്. ഈ ശ്രമകരമായ ദൗത്യത്തില്‍ രാജ്യത്തെ യുവ തലമുറയെ പരമാവധി പങ്കെടുപ്പിക്കുക, രാജ്യത്തെ പൗരന്മാരില്‍ നിന്നു തന്നെ സമുദ്ര വ്യാപാര രംഗത്തെ വിദഗ്ധ തൊഴിലാളികളെ കണ്ടെത്തുക എന്നിവ അബുദാബി പോര്‍ട്ടിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യ പ്രാപ്തിക്ക് അബുദാബി പോര്‍ട്‌സ് നടത്തുന്ന നീക്കങ്ങളുടെ ഉദാഹരണമാണ് അയിഷ ഹസന്റെ സാന്നിധ്യമെന്ന് സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് ജുമാ അല്‍ ശംസി അഭിപ്രായപ്പെട്ടു.

Topics