അനുഷ്ഠാനം-ലേഖനങ്ങള്‍

സഹനം, സമരം, സേവനം: ആത്മീയതയുടെ മുഖങ്ങള്‍

പ്രവാചകന്‍മാരുടെ ആധ്യാത്മിക പ്രബോധനങ്ങള്‍ക്കും അവയെ അടിസ്ഥാനപ്പെടുത്തിയ അവരുടെ തന്നെ ജീവിതത്തിനും സഹനം, സമരം, സേവനം എന്നീ മുഖങ്ങളുള്ളതായി കാണാം. ‘രണ്ടു വഴികള്‍ നാമവര്‍ക്ക് നല്‍കി. അവരാകട്ടെ, ക്ലേശത്തിന്റെ വഴി താണ്ടിയില്ല. ക്ലേശത്തിന്റെ വഴിയെന്തെന്നറിയാമോ? പിരടിയെ ബന്ധനവിമുക്തമാക്കല്‍, വറുതിയുടെ നാളുകളില്‍ ബന്ധുവായ അനാഥനെയും പ്രയാസപ്പെടുന്ന അഗതിയെയും ഭക്ഷിപ്പിക്കല്‍’ (അല്‍ ബലദ് 10-16)

ആത്മീയതയുടെ യഥാര്‍ഥപാതക്ക് ഇവിടെ നല്‍കപ്പെട്ട വിശേഷണം ക്ലേശത്തിന്റെ വഴി എന്നാണ്. ക്ലേശത്തിന്റെ വഴി(ഗിരിമാര്‍ഗം) താണ്ടാന്‍ സഹനം അനിവാര്യമത്രേ. കൃത്രിമമായി ആത്മീയ , മാനസിക നിര്‍വൃതിയില്‍ ലയിക്കുന്നതിനുപകരം സഹജീവികളുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ക്ലേശങ്ങള്‍ വരിക്കുക എന്ന നിലപാടാണ് പ്രവാചകന്‍മാരുടേത്. ആധ്യാത്മിക പരിപൂര്‍ത്തിക്ക് ഈ ദുര്‍ഘടപാത പിന്തുടരാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുകയാണ്.

മനുഷ്യന്റെ കഴുത്തുകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാനാണ് അടുത്ത ആഹ്വാനം. ഇത് സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള സമരവിളിയാണ്. ജനതതികളുടെ വിമോചകന്‍മാര്‍ എന്ന നിലക്ക് പ്രവാചകന്‍മാരുടെ ദൗത്യത്തെ മുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തുടര്‍ന്ന് ക്ഷാമകാലത്ത് ഭക്ഷണം നല്‍കാന്‍ കല്‍പിക്കുന്നു. ആത്മീയത എന്നാല്‍ മനുഷ്യരെ സേവിക്കലായിത്തീരുന്നു.

ഒരാള്‍ കൃത്രിമമായ ആത്മീയ സാധനകളില്‍ ആനന്ദമനുഭവിച്ച് ലോകത്തെ വിസ്മരിച്ച് ധ്യാനനിഷ്ഠനായി അയാളിലേക്ക് തന്നെ ചുരുങ്ങുന്നതിനുപകരം സമൂഹത്തിലേക്ക് പ്രസരിക്കുകയും പടരുകയും ചെയ്യുമ്പോഴാണ് അയാളുടെ ആത്മീയ വ്യക്തിത്വം പൂര്‍ണത നേടുക. പരസ്പരം ആശ്രയിച്ചുകൊണ്ടല്ലാതെ മനുഷ്യവര്‍ഗത്തിന് നിലനില്‍പില്ല. സമൂഹത്തിന്റെ നിലനില്‍പിന് വേണ്ടി സ്വയം പരിശ്രമിക്കുക എന്നതാകുന്നു സമൂഹബദ്ധമായ ആത്മീയത. അല്ലാത്തത് സമൂഹത്തോടുള്ള നെറികേടാണ്. നെറികേട് ആത്മീയ വികാസത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക. കുറച്ചുകാലം എല്ലാം പരിത്യജിച്ച് നടന്ന, മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍ വൈരാഗ്യ(നിസംഗ)ജീവിതം ഉപേക്ഷിക്കാനുള്ള കാരണം ഇങ്ങനെ വിശദീകരിച്ചു: ‘കുറെയാളുകള്‍ ഒന്നുംചെയ്യാതെ സന്ന്യസിക്കുമ്പോള്‍ അവരെ തീറ്റിപ്പോറ്റാന്‍ മറ്റ് കുറെയാളുകള്‍ ഒട്ടേറെ അധ്വാനിക്കേണ്ടിവരുന്നു. അതുശരിയല്ല. സൃഷ്ടിയുടെ ഉദ്ദേശ്യംതന്നെ മനുഷ്യന്‍ പണിയെടുത്ത് ജീവിക്കുക എന്നതാണ്. പിന്നെ ഭാര്യവേണം, മക്കള്‍ വേണം. ഇതൊക്കെ പ്രകൃതിയുടെ ആവശ്യങ്ങളാണ്'(വൈക്കംമുഹമ്മദ് ബഷീര്‍/എം.എ.റഹ് മാന്‍ നിര്‍മിച്ച ബഷീര്‍ ദ മാന്‍ ഡോക്യുമെന്ററിയില്‍ പറയുന്നത്).

ശമീം പാപ്പിനിശ്ശേരി

Topics