വിശ്വാസം-ലേഖനങ്ങള്‍

ശീലങ്ങളെ മറക്കാം; മാറാനായി ഒരുങ്ങാം

എല്ലാദിവസവും ഓരോ കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കും മുമ്പ് താനെന്തിന്, എന്തുകൊണ്ട് അങ്ങനെചെയ്യണം എന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ ? അതെ,നിങ്ങളുടെ ശീലങ്ങളെപ്പറ്റിയാണ് ഞാന്‍ചോദിക്കുന്നത്. എല്ലാ രാത്രിയും ബെഡിന്റെ ഒരു സൈഡില്‍കിടന്നാണ് നിങ്ങളുറങ്ങാറുള്ളതെന്ന് എനിക്ക് പറയാനാകും.  പ്രഭാതഭക്ഷണത്തെപ്പറ്റി പറയുകയാണെങ്കില്‍ മെനുവില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാറില്ലെന്ന് ഞാന്‍ വാതുവെക്കാനും തയ്യാറാണ്. ജോലിക്കോ പഠനത്തിനോ സ്ഥിരം പോകുന്നത് ഒരേ റൂട്ടിലൂടെത്തന്നെയായിരിക്കും. ഒരേ ഹോട്ടലില്‍നിന്നുതന്നെ ഉച്ചഭക്ഷണം കഴിക്കുന്നു. അതിലൊന്നും മാറ്റം വരുത്താത്തതെന്തെന്ന് ഇനി എന്നാണ് ചോദിച്ചുതുടങ്ങുക?

നിങ്ങളിതുവരെ അങ്ങനെ ചോദിച്ചിട്ടില്ലെങ്കില്‍ അതിന്റെ കാരണം ഞാന്‍ പറയാം. സ്ഥിരം ചെയ്യുന്നതുകൊണ്ട് അതുതന്നെ നിങ്ങള്‍ തുടരുന്നുവെന്നുമാത്രം. ആലോചനകൂടാതെ ചെയ്യുന്ന ഉപബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങളിലൊന്നായി അവയും മാറിക്കഴിഞ്ഞു. നമ്മുടെ ജീവിതത്തിന്റെ അധികഭാഗവും ഓട്ടോപൈലറ്റ് സംവിധാനത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിനാല്‍തന്നെ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി അധികമൊന്നും ആലോചിക്കാറില്ല. ഉദാഹരണത്തിന് ആദ്യമായി കാറോടിക്കാന്‍ പരിശീലിക്കുമ്പോഴുണ്ടായിരുന്ന മനോനിലയല്ലല്ലോ വര്‍ഷങ്ങള്‍ക്കുശേഷവും  കാറോടിക്കുന്ന നിങ്ങള്‍ക്കുള്ളത്. ആദ്യമായി സ്റ്റിയറിങ് പിടിക്കുമ്പോള്‍ സീറ്റ് പൊസിഷന്‍, റിയര്‍വ്യൂമിറര്‍ അങ്ങനെതുടങ്ങി എല്ലാം നിങ്ങള്‍ ശരിയാക്കിവെച്ചിരുന്നു. അതുപോലെത്തന്നെ എപ്പോള്‍ ക്ലഛ് ചവിട്ടണം, ബ്രേക്ക് പെഡല്‍ അമര്‍ത്തണം, എപ്പോള്‍ ഗിയര്‍ ഷിഫ്റ്റ്‌ചെയ്യണം എന്നത് നിങ്ങള്‍ സൂക്ഷ്മമായി ആലോചിച്ചും ശ്രദ്ധിച്ചുമാണ് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഓടിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഇപ്പോള്‍ ആദ്യത്തെ പ്രാവശ്യം ഓടിച്ചതുപോലെയല്ലല്ലോ വണ്ടി ഓടിക്കുന്നത്.

മാറ്റത്തെ ഭയപ്പെടുന്നതിന്റെ കാരണംതേടുംമുമ്പ് ഉപബോധമനസ്സും ബോധമനസ്സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ബോധമനസ്സ്  കൃത്യമായും ആലോചിച്ചും ശ്രദ്ധിച്ചുംമാത്രമേ കാര്യങ്ങള്‍ ചെയ്യുകയുള്ളൂ. പക്ഷേ ഇതിന്റെ ഉപയോഗം നിത്യജീവിതത്തില്‍ വളരെ കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. പുതിയ പ്രതിസന്ധികളോ വെല്ലുവിളികളോ നേരിടുമ്പോള്‍ മാത്രമാണ് നാം ബോധമനസ്സിനെ ഉപയോഗപ്പെടുത്താറുള്ളത്. ഉദാഹരണത്തിന് പതിവുപരിപാടികള്‍ക്ക് വിഘ്‌നം നേരിടുന്ന ദിനങ്ങളില്‍ നാം ബോധപൂര്‍വം കാര്യങ്ങളെ ആസൂത്രണംചെയ്യാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ കുട്ടികളിലാര്‍ക്കെങ്കിലും അസുഖം പിടിപെട്ട്  സ്‌കൂളില്‍ പോകാന്‍സാധിക്കാതെവന്നാല്‍ നിങ്ങള്‍ക്കോ ഭാര്യക്കോ  വീട്ടുകാര്യങ്ങളെ പുനഃക്രമീകരിക്കേണ്ടിവരും. അത്തരംഘട്ടത്തില്‍ ബോധമനസ്സാണ് പ്രവര്‍ത്തിക്കുന്നത്. ആവര്‍ത്തനസ്വഭാവങ്ങളുള്ള ദിനചര്യകളിലും പ്രവൃത്തികളിലുമാണ് അപബോധമനസ്സ് രൂപംകൊള്ളുന്നത്. സാധാരണയായി അധികമൊന്നും ആലോചിക്കാതെ നാംചെയ്യുന്ന എല്ലാപ്രവര്‍ത്തനങ്ങളും അതില്‍ പെടുന്നു.

ഇപ്പോള്‍ ഇതെല്ലാം ഇവിടെപറയാന്‍ കാര്യമുണ്ട്. ജീവിതത്തില്‍ മാറ്റം ഉണ്ടാക്കാനും ഉണ്ടാകാനും ഭയപ്പെടുന്നതിന്റെ കാരണം മാറ്റങ്ങളെ പിന്തുടര്‍ന്നുവരുന്ന അനന്തരസംഭവങ്ങളല്ല. മറിച്ച് ,അതുവരെയുണ്ടായിരുന്ന സൗകര്യങ്ങളുടെ നഷ്ടത്തെക്കുറിച്ച ചിന്തയാണ്. തങ്ങള്‍ക്ക് പരിചയമില്ലാത്തത് കടന്നുവരുന്നതിന്റെ അസ്‌ക്യത. തെളിച്ചുപറഞ്ഞാല്‍ മാറ്റം നമ്മുടെ ബോധമനസ്സിന്റെ ജാഗ്രതയും ചടുലതയും ആവശ്യപ്പെടുന്നുണ്ട്. അത് ഉപബോധമനസ്സിന്റെ അലകും പിടിയും മാറ്റിമറിക്കും. അതെത്തുടര്‍ന്ന് അസ്വസ്ഥതയും ആകുലതയും വര്‍ധിക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് നാം ആലോചിക്കണം. മനുഷ്യന്റെ പ്രകൃതിയെക്കുറിച്ച് അറിയണമെങ്കില്‍ ആഴത്തിലുള്ള ചിന്തയും പര്യാലോചനയും ആവശ്യമായിവരും.

സ്വയം മോചനംനേടണമെന്ന് തോന്നിയിട്ടുള്ള, ഒട്ടുംതന്നെ ഭൂഷണമല്ലാത്ത ദുഃശീലങ്ങള്‍ക്ക് നിങ്ങള്‍ അടിപ്പെട്ടിട്ടുണ്ടോ ? അതില്‍നിന്ന് വിടുതല്‍ നേടണമെന്നാഗ്രഹിച്ചിട്ടും സാധ്യമാകാതെ പോയിട്ടുണ്ടോ ? അതിനുകാരണം ഉപബോധമനസ്സിനെ പരിശീലിപ്പിക്കാനുള്ള കല വശമില്ലെന്നതാണ് . അതെപ്പറ്റി ഒടുവില്‍ ചേര്‍ക്കാം.

എല്ലാത്തരത്തിലുള്ള ഭയത്തെയും പോലെ മാറ്റത്തെക്കുറിച്ച ഭയവും വ്യക്തിയെയും സമൂഹത്തെയും ബലഹീനരാക്കുന്നു. ജീവിതത്തില്‍ പുരോഗതിയില്ലാതാക്കി മുരടിപ്പിന് അത് വഴിയൊരുക്കുന്നു. ഈ ഭയമുള്ള ആളുകള്‍ ദുരിതപൂര്‍ണമായ ജോലികളില്‍ തുടരുന്നു. അസന്തുഷ്ടമായ ദാമ്പത്യജീവിതത്തില്‍ ഉഴലുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ നല്ലവരല്ലെന്നറിയാമായിരുന്നിട്ടും  അത്തരക്കാരുമായി സൗഹൃദംതുടരുന്നു. വളര്‍ച്ചക്കും തൊഴില്‍-വിദ്യാഭ്യാസപുരോഗതിക്കും ഇപ്പോഴുള്ള ഇടങ്ങള്‍ സഹായകരമല്ലെന്നറിഞ്ഞിട്ടും അത്തരം സ്ഥലങ്ങളില്‍ താമസമുറപ്പിക്കുന്നു. മനസംതൃപ്തിയും സാമ്പത്തികനേട്ടവും ഇല്ലെന്നറിഞ്ഞിട്ടും അതേജോലിയില്‍ തുടരുന്നു. ഇതിനെല്ലാം കാരണം മാറാന്‍തയ്യാറല്ലെന്ന നമ്മുടെ ഭയംകലര്‍ന്ന നിലപാടാണ്. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച അടിസ്ഥാനരഹിതമായ ഭയവും അലസതയും അതിന് കൂട്ടുണ്ട്.

നമ്മില്‍ പലര്‍ക്കും ജീവിതത്തില്‍ പുരോഗതിനേടാനും ഉയരങ്ങള്‍ എത്തിപ്പിടിക്കാനും മാറ്റങ്ങള്‍ അനിവാര്യമാണ്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ശരീരത്തിന്റെ ഘടനയില്‍ മാറ്റം ആവശ്യമാണ്. ആത്മീയമായ ഉണര്‍വ് കിട്ടിയാലേ വിശ്വാസദാര്‍ഢ്യം വര്‍ധിക്കുകയുള്ളൂ. മാറ്റങ്ങളില്‍ സംതൃപ്തികണ്ടെത്തുന്നവര്‍ക്ക് സാധ്യമായ സുഖസൗകര്യങ്ങള്‍ നേടാനാകും. യാതൊരു ബുദ്ധിമുട്ടും പ്രയാസവും നേരിടാതെ എന്തെങ്കിലും നേട്ടമുണ്ടാക്കിയ വ്യക്തിയെ എവിടെയെങ്കിലും കാണാനാകുമോ? ലക്ഷ്യം നേടാന്‍ തങ്ങളുടെ ദുഃശീലങ്ങള്‍ ഉപേക്ഷിച്ച എത്രയോ പേരുണ്ട് !യഥാര്‍ഥത്തില്‍ മാറ്റത്തെക്കാള്‍ ഭീതിജനകമാണ് മാറാനുള്ള ഭയം.

ഈ ഭയത്തെ മറികടക്കാന്‍ അനേകം വഴികളുണ്ട്. അതിലൊന്ന് മാറ്റമെന്നത് പ്രകൃതിയുടെ നിയതിയാണെന്ന് മനസ്സിലാക്കലാണ്. അത് നാം അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നു. അഞ്ചുവര്‍ഷം മുമ്പത്തെ അവസ്ഥയെ പരിശോധിച്ചുനോക്കുക. ഈ അഞ്ചുവര്‍ഷത്തിനിടെ നാം ഒട്ടേറെ മാറിയില്ലേ. ശരീരപ്രകൃതിയില്‍ മാറ്റം സംഭവിച്ചില്ലേ ? ചിന്താഗതിയില്‍ പുരോഗതിയുണ്ടായില്ലേ? ആത്മീയമായി ഏറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായില്ലേ? തീര്‍ച്ചയായും അതെയെന്നാണ് ഉത്തരം. കാരണം ആ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ നാമില്ല. ഓരോ ദിനം കടന്നുപോകുന്തോറും മുടിയും നഖവും വളര്‍ന്നുകൊണ്ടിരിക്കുന്നു. കാലാവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. നമുക്കുചുറ്റുമുള്ള കൂട്ടുകാരും ബന്ധുജനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമാണ്. അതിനാല്‍ ആ അനിവാര്യതയോട് നാം ഇഴുകിച്ചേരുന്നു.

ഉപബോധമനസ്സിലെ കര്‍മങ്ങളെ ബോധമനസ്സിന്റെ തലത്തിലേക്ക്  പരിവര്‍ത്തിപ്പിച്ചില്ലെങ്കില്‍  ജീവിതത്തില്‍ സംഭവിക്കുന്നതിനെ വിധിയെന്ന് പഴിച്ച് കാലംകഴിച്ചുകൂട്ടും. ഇപ്പറഞ്ഞ തത്ത്വം സദാ മനസ്സില്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുക. നമ്മുടെ ശീലങ്ങളെ മാറ്റിപ്പണിയാന്‍ ഇത് വളരെ സഹായകമാണ്. ദൈനംദിനകര്‍മങ്ങലെ ബോധമനസ്സിന്റെതലത്തില്‍ കൊണ്ടുവന്ന് ആവശ്യമായ ഘട്ടത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക. ഓരോ പ്രവൃത്തിയും ചെയ്യുമ്പോഴും എന്തിനെന്നും എന്തുകൊണ്ടെന്നും ചോദിക്കുക. അത് മാറ്റത്തിനായി ആത്മാര്‍ഥമായ ആഗ്രഹംജനിപ്പിക്കും.

നല്ല ശീലങ്ങള്‍ പരിശീലിക്കാന്‍ നമുക്ക് അതുവഴിസാധിക്കും. ഉദാഹരണത്തിന് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്ന് കരുതുക. പക്ഷേ, അനാരോഗ്യകരമായ ഭക്ഷണശീലമാണ് നിങ്ങള്‍ പിന്തുടരുന്നത്. അതായത്, എന്നും രാവിലെ മധുരമുള്ള  ബേക്കറി പലഹാരങ്ങള്‍ കഴിച്ചാണ് സ്‌കൂളിലേക്ക് അല്ലെങ്കില്‍ ജോലിസ്ഥലത്തേക്ക്  പോകുന്നത്. ഉപബോധമനസ്സിലാണ് നിങ്ങളത് ചെയ്യുന്നത്. ആരോഗ്യമുള്ള ശരീരം ലക്ഷ്യമാകുന്നതോടെ എന്താണ് താന്‍ കഴിക്കുന്നതെന്ന ബോധമനസ്സ് പ്രവര്‍ത്തനസജ്ജമാകുന്നു. അതോടെ ബേക്കറി പലഹാരം എടുത്ത കൈ പിന്‍വലിയുന്നു. പകരം എന്തെങ്കിലും പഴവര്‍ഗങ്ങളോ സലാഡ് കഷ്ണങ്ങളോ, ഓട്‌സ് പോലുള്ള ധാന്യങ്ങള്‍ പാചകംചെയ്തതോ കഴിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ ഉപബോധമനസ്സിനെ പരിവര്‍ത്തിപ്പിക്കാന്‍ അധികപേരും സന്നദ്ധരാകുന്നില്ലെന്നിടത്താണ് ഭയം ജനിക്കുന്നത്.

Topics