ഇസ്‌ലാമിന്റെ ഏതുനിയമം സൂക്ഷ്മവിശകലനംചെയ്താലും അതില്‍ ജനന്‍മ ലാക്കാക്കുക, തിന്‍മ അകറ്റിനിര്‍ത്തുക എന്ന തത്ത്വം മുറുകെപ്പിടിച്ചതായി കാണാം. ജീവന്‍, മതം, സ്വത്ത്, ബുദ്ധി, സന്താനം ഇവയെ സംരക്ഷിക്കുകയെന്നതാണ് ഈ നന്‍മ. കാരണം മനുഷ്യജീവിതം ഈ അഞ്ചുഘടകങ്ങളിലത്രെ കുടികൊള്ളുന്നത്. മൃഗീയവാസനകളില്‍നിന്ന് മനുഷ്യസ്വഭാവങ്ങളെ മുക്തമാക്കുകയാണ് മതം ചെയ്യുന്നത്. അത് ഉന്നതപദവിയില്‍ അവനെ പ്രതിഷ്ഠിക്കുന്നു. വ്യക്തിയുടെ സ്വത്തിനും ജീവനും അഭിമാനത്തിനും നേരെ നടത്തുന്ന എല്ലാ അക്രമങ്ങളെയും ഇസ്‌ലാം ചെറുക്കുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും വിജയത്തിനും വളര്‍ച്ചയ്ക്കുമുള്ള പ്രധാനമാനദണ്ഡം ബുദ്ധിയാണ്. അതിനാല്‍ ബുദ്ധി സുരക്ഷിതവും ശരിയായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നതുമായിത്തീരാന്‍ ആവശ്യമായ നിയമങ്ങള്‍ മതം ഏര്‍പ്പെടുത്തിയതാണ് ശരീഅത് എന്നറിയപ്പെടുന്നത്. ഇമാം ഗസ്സാലി പറയുന്നു: ‘നന്‍മ ആര്‍ജിക്കുകയും തിന്‍മയെ തടയുകയുംചെയ്യുക എന്നതാണ് സൃഷ്ടികളില്‍ ഉദ്ദേശിക്കപ്പെട്ട കാര്യം . ഈ ഉദ്ദിഷ്ടകാര്യം നേടുന്നതിലാണ് സൃഷ്ടികളുടെ വിജയവും . ശറഇന്റെ താല്‍പര്യം സംരക്ഷിക്കുകയെന്നതാണ് നന്‍മകൊണ്ടുള്ള വിവക്ഷ. മതം , ജീവന്‍, ബുദ്ധി ,സന്തതി, സ്വത്ത് എന്നീ അഞ്ചുകാര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ എല്ലാകാര്യങ്ങളും നന്‍മയത്രേ. ഇവയ്ക്ക് ദോഷം വരുത്തുന്ന എല്ലാം തിന്‍മയുമാണ്.’
മതനിയമങ്ങളിലേതിലും മനുഷ്യനന്‍മ ഉള്‍ക്കൊള്ളുന്നതായി കാണാം. ചിലപ്പോള്‍ ബുദ്ധിക്ക്, പ്രഥമചിന്തയില്‍ അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വരാം. ഈ നന്‍മകള്‍ സാധിക്കുന്നതിന് ചിലപ്പോള്‍ അനിവാര്യമായും ചില നടപടികള്‍ ആവശ്യമായി വരും. ഉദാഹരണമായി വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കാന്‍ ഘാതകനെ കൊല്ലുക, ധനത്തിന്റെ സംരക്ഷണത്തിനായി മോഷ്ടാവിന്റെ കൈ മുറിക്കുക, കുടുംബജീവിതം ഭദ്രമാക്കാന്‍ വ്യഭിചാരിയെ ശിക്ഷിക്കുക. എന്നാല്‍ ഈ നന്‍മകള്‍ സംരക്ഷിക്കാന്‍ സാധാരണഗതിയില്‍ നിഷിദ്ധമായി ഗണിക്കപ്പെടുന്ന ഒരു കാര്യംചെയ്യേണ്ടിവന്നാല്‍ അതും അനുവദനീയമായിത്തീരുന്നു. ഒന്നും ഭക്ഷിക്കാന്‍ ലഭിക്കാത്തതുകാരണം വിശന്നുമരിക്കുമെന്ന് കാണുന്ന പരിസ്ഥിതിയില്‍ നിഷിദ്ധമായ പന്നി മാംസമോ ശവമോ തിന്ന് ജീവനെ രക്ഷിക്കാം. നിര്‍ബന്ധാവസ്ഥകള്‍ നിരോധങ്ങളെ അനുവദനീയമാക്കും എന്ന ഒരു പൊതുതത്ത്വം ഇസ്‌ലാമിലെ നിയമവിജ്ഞാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യരുടെ താല്‍പര്യങ്ങള്‍ മതം പരിഗണിക്കുകവഴി അവരുടെ കഴിവിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതും പതിവായി നിര്‍വഹിക്കാന്‍ സാധിക്കുന്നതും മാത്രമേ അവരുടെ മേല്‍ ചുമത്തിയിട്ടുള്ളൂ. മനുഷ്യന്റെ താല്‍പര്യത്തെ സാധിച്ചുകൊടുക്കുകയും കാര്യങ്ങളെ പ്രയാസരഹിതമാക്കിത്തീര്‍ക്കുകയും ചെയ്യുന്ന വിധമാണ് ഇസ്‌ലാമികനിയമങ്ങളാവിഷ്‌കരിച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ തിന്‍മയെ തടയണം; രണ്ട് തിന്‍മകളില്‍നിന്ന് ഒന്ന് സ്വീകരിക്കേണ്ട സാഹചര്യം വന്നാല്‍ ചെറിയതിനെ പരിചയാക്കി വലിയതിനെ തടുക്കണം. തിന്‍മയെ തടുക്കുക എന്നതിനാണ് നന്‍മയാര്‍ജിക്കുന്നതിനേക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് എന്ന തത്ത്വത്തിന് അംഗീകാരം നല്‍കിയത് അതിനാലാണ്. എന്നുകരുതി, നന്‍മകള്‍ നേടാന്‍ പ്രമാണങ്ങളെ മറികടക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല.
ശരീഅത്തിന്റെ ലക്ഷ്യം

Add Comment