മഖാസ്വിദുശ്ശരീഅഃ

മഖാസ്വിദും ഹദീഥുകളിലെ വൈരുധ്യങ്ങളും

ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ വൈരുധ്യങ്ങളുണ്ടാവുക സാധ്യമല്ല. വിശിഷ്യ ഒന്നാം പ്രമാണമായ ഖുര്‍ആനില്‍. ഇത് അല്ലാഹുവിന്റെ തന്നെ പ്രഖ്യാപനമാണ്.

‘എന്ത് , ഈ ജനം ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹുവല്ലാത്ത മറ്റാരില്‍ നിന്നെങ്കിലുമാണ് അത് അവതീര്‍ണമായതെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു'(അന്നിസാഅ് 82)

ഇത് തന്നെയാണ് രണ്ടാം പ്രമാണമായ ഹദീഥിന്റെ വിഷയത്തിലും നാം മനസ്സിലാക്കേണ്ടത്. അവയില്‍ വൈരുധ്യങ്ങളായി പണ്ഡിതന്‍മാര്‍ സൂചിപ്പിച്ചിട്ടുള്ളവ യഥാര്‍ഥത്തില്‍ നിവേദകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാകാനേ തരമുള്ളൂവെന്നാണ് ഇമാം സുബുകി വ്യക്തമാക്കുന്നത്.

ഹദീസുകളിലുള്ള ചില വൈരുധ്യങ്ങളുടെ ചുരുക്കം.

  1. നബി(സ) മൈമൂനഃയെ വിവാഹം കഴിച്ചത് ഹജ്ജുവേളയിലോ?
  2. നബി(സ)യുടെ റജബിലെ ഉംറഃ?
  3. നബിയുടെ ഹജ്ജ് ഇഫ്‌റാദോ തമത്തുഓ?
  4. ദുഃശകുനം വനിത, വാഹനം, വസതി എന്നിവയില്‍ !?
  5. ഗ്രഹണ നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം?

ഇത്തരം വിഷയങ്ങളോട് നിദാനശാസ്ത്രപണ്ഡിതന്‍മാരുടെ സമീപനം വിവിധങ്ങളാണ്.

ജമീഅ് സമീകരണം, നസ്ഖ് (റദ്ദാക്കല്‍) തവഖുഫ്(വിട്ടുനില്‍ക്കല്‍) തസാഖുത്(മാറ്റിവെക്കല്‍) തഖ്‌യീര്‍(തെരഞ്ഞെടുപ്പ്) തര്‍ജീഹ് (മുന്‍ഗണനനല്‍കല്‍) എന്നിവയാണവ.

ഉപരിസൂചിത വിരുദ്ധ ഹദീഥുകളെ നമുക്ക് താഴെകാണുംവിധം വ്യാഖ്യാനിക്കാനാകും.

  1. മൈമൂനഃ(റ)യുടെ വിവാഹം ഹജ്ജിലെ ഇഹ്‌റാമിലെ വേളയിലല്ലായിരുന്നുവെന്ന് അവരുടെ തന്നെ പ്രസ്താവമുള്ളപ്പോള്‍ ഇബ്‌നു അബ്ബാസി(റ)ന്റെ മറിച്ചുള്ള അഭിപ്രായം പരിഗണിക്കേണ്ടതില്ല.
  2. നബി(സ്വ) റജബില്‍ ഉംറഃ നടത്തിയിട്ടില്ലെന്ന് ആഇശ(റ) ആണ് പറയുന്നത്. നബി(സ)യുടെ നാലു ഉംറകളും ദുല്‍ഖഅ്ദ് മാസത്തിലായിരുന്നുവെന്ന അനസ്(റ)ന്റെ നിവേദനവും മനസ്സിലാക്കിത്തരുന്നത് ഇബ്‌നു ഉമര്‍ (റ)ചെറുപ്പത്തിലെ സംഗതി ഓര്‍ത്തെടുത്തപ്പോള്‍ പിശക് സംഭവിച്ചതാകാമെന്നാണ്.
  3. നബി(സ) തമത്തുആയാണ് ഹജ്ജ് നിര്‍വഹിച്ചത് എന്ന അനസ് (റ)ന്റെ അഭിപ്രായമാണ് സ്വീകാര്യം. കാരണം ഇബ്‌നു ഉമറിന്റെ നിവേദനത്തിനെതിരായി അദ്ദേഹത്തിന്റെ തന്നെ ഒരു പ്രസ്താവന ഇമാം ബുഖാരി ‘ഉരുവെ കൊണ്ടുവന്നിട്ടുള്ളവന്റെ ഹജ്ജ്’ എന്ന അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
  4. ദുഃശകുനം യാഥാര്‍ഥ്യമോ എന്നറിയാന്‍ ഈ സൂക്തം പാരായണം ചെയ്താല്‍ മതിയാകും. ‘ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഭവിക്കുന്ന ഒരാപത്തുമില്ല; നാമത് സൃഷ്ടിക്കുന്നതിനുമുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ(അല്‍ഹദീദ് : 22)’

നബി(സ) പറഞ്ഞു എന്ന് അബൂഹുറയ്‌റ(റ) പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ജാഹിലിയ്യാകാലത്തെ ഒരു പ്രസിദ്ധ ചൊല്ല് ഉദ്ധരിച്ചുകൊണ്ട് അവരങ്ങനെ പറയാറുണ്ടായിരുന്നുവെന്ന് നബി(സ) പറഞ്ഞതായിരുന്നുവെന്നാണ് ആഇശഃ(റ) റിപോര്‍ട്ട് ചെയ്തത്. അതാണ് ശരിയും.
5. ഗ്രഹണ നമസ്‌കാരം നബി(സ)യുടെ ജീവിതകാലത്ത് ഒരിക്കലേ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അത് കൊണ്ടുതന്നെ ആ വിഷയസംബന്ധമായി വന്ന തിര്‍മിദി റിപോര്‍ട്ട് ചെയ്ത സമുറഃ(റ)യുടെ ഹദീഥില്‍ പരസ്യമായി ഓതിയില്ലായെന്നും, ആഇശ(റ)യുടെ ഹദീഥില്‍ ഓതിയെന്നുമാണ് കാണാനാകുന്നത്. ഇബ്‌നു അബ്ബാസി(റ)ന്റെ, ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ള ഹദീഥില്‍ സൂറതുല്‍ ബഖറഃയെക്കാള്‍ നീണ്ട നിറുത്തമായിരുന്നുവെന്ന് മാത്രമാണുള്ളത്. ആഇശഃ(റ)യുടെതായി അബൂദാവൂദ് റിപോര്‍ട്ട് ചെയ്തിട്ടുള്ളതും ഏതാണ്ടിതേ രൂപത്തിലാണ്. ഇവ ചേര്‍ത്തു വായിക്കുമ്പോള്‍ തിര്‍മിദി ഉദ്ധരിച്ച ആഇശഃ(റ)യുടെ ഹദീഥില്‍നിന്നും ഉരുത്തിരിയുന്നത് നബി(സ)യുടെ നീണ്ട നിറുത്തത്തില്‍നിന്ന് അവര്‍ മനസ്സിലാക്കിയതങ്ങനെയാണെന്നാണ്.

വിഷയങ്ങളുടെ ഉദ്ദേശ്യലക്ഷ്യം മനസ്സിലാക്കുമ്പോള്‍ ഇത്തരം സംഗതികളിലെ നെല്ലും പതിരും തിരിഞ്ഞുകിട്ടും. ഈ വിഷയസംബന്ധമായി പണ്ഡിതന്മാരുടെ ചര്‍ച്ച ഇമാം സുയൂത്വി ഇങ്ങനെ സംഗ്രഹിക്കുന്നു. ‘നസ്സ്വ് അവഗണിക്കുന്നതിനേക്കാള്‍ അതിനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരലാണ് നല്ലത്. വര്‍ത്തമാനത്തെ ഏതെങ്കിലുമുദ്ദേശ്യത്തില്‍ സ്വീകരിക്കലാണ് അവ പാടെ നിരാകരിക്കുന്നതിനെക്കാള്‍ ഭേദം.’

നബി(സ) ഹജ്ജുവേളയില്‍ മുസ്ദലിഫഃയില്‍ വെച്ച് മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിച്ചതിനെ കുറിച്ച് പറയുന്ന ഹദീഥുകളില്‍ ബുഖാരി റിപോര്‍ട്ട് ചെയ്യുന്ന ഉസാമഃ(റ)യുടെ നിവേദനത്തില്‍ ഒറ്റ ബാങ്ക് കൊണ്ടു മഗ്‌രിബും ഇശാഉം നമസ്‌കരിച്ചു എന്നാണുള്ളത്. എന്നാല്‍, മുസ്‌ലിം റിപോര്‍ട്ട് ചെയ്ത ജാബിര്‍ (റ)ന്റെ ഹദീഥിന് ചില പണ്ഡിതന്‍മാര്‍ പ്രാമുഖ്യം നല്‍കിയത് അതില്‍ ബാങ്കിനെക്കുറിച്ചു പറയുന്നുവെന്നതിനാലാണ്. മറ്റു ചില പണ്ഡിതര്‍ ഉസാമഃ(റ)യുടെ ഹദീഥിന് പ്രാമുഖ്യം നല്‍കിയതാവട്ടെ കേവലം പദപരമാണെന്നും ബാങ്ക് അതാത് സമയത്തുള്ള ഘടകമായതുകൊണ്ട് പറയാത്തതാവാം എന്നുമാണ് ഇവയുടെ ലക്ഷ്യം മനസ്സിലാക്കുമ്പോള്‍ തിരിയുന്നത്.

പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളെന്ന് തോന്നുന്ന ഇത്തരം ഹദീഥുകളെ മഖാസ്വിദുശ്ശരീഅഃയുടെ വെളിച്ചത്തില്‍ വിശകലനം നടത്തുമ്പോഴേ അവയുടെ യഥാര്‍ഥ അര്‍ഥം മനസ്സിലാവുകയുള്ളൂ. ഇങ്ങനെയുള്ള ഭിന്നതകളെ വൈവിധ്യങ്ങളിലെ വൈരുധ്യങ്ങളായാണ് നാം കാണേണ്ടത്. എളുപ്പമാക്കല്‍ ആണ് ഇവകൊണ്ട് അര്‍ഥമാക്കുന്നത്. ചില ഉദാഹരണങ്ങള്‍:

  1. ഇഅ്ത്തിദാലിലെ കൈ ഉയര്‍ത്തല്‍. ഇമാം ഔസാഈയും ഇമാം അബൂഹനീഫയും തമ്മില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ച ഇമാം സീവാസിയും ഇമാം സര്‍ഖാനിയും ഉദ്ധരിച്ചിട്ടുണ്ട്. കൈ ഉയര്‍ത്തിയത് ബധിരന്മാരായ മഅ്മൂമുകളെ ഉദ്ദേശിച്ചാവാമെന്നാണ് ഇതിനെ കുറിച്ച് ഇമാം കാസാനീ പറഞ്ഞിട്ടുള്ളത്. മുവത്വയുടെ വിശദീകരണത്തില്‍ ഇമാം സര്‍ഖാനി ഈ രണ്ടുരീതിയും ശരിയാവാമെന്ന് സൂചിപ്പിക്കുന്നുണ്ട്. അതായത്, നബി(സ) ചിലപ്പോള്‍ കൈകള്‍ ഉയര്‍ത്തുകയും (സുഹ്‌രിയുടെ നിവേദനം)ചിലപ്പോള്‍ ഉയര്‍ത്താതിരിക്കുകയും ചെയ്തിട്ടുണ്ടാവണം. (ഹമ്മാദിന്റെ നിവേദനം)
  2. തശഹ്ഹുദിലെ പ്രാര്‍ഥന:
    തശഹ്ഹുദിന്റെ വാചകങ്ങളില്‍ കാണുന്ന വ്യത്യാസമാണ് മറ്റൊന്ന്. നിവേദനം ചെയ്ത സ്വഹാബികള്‍ തങ്ങള്‍ മനഃപാഠമാക്കിയത് പറഞ്ഞുവെന്നേയുള്ളൂ. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയാണ് ആ പ്രാര്‍ഥനകളുടെ സാരാംശം. ഇപ്പറഞ്ഞതിന് ഒരേകരൂപം വേണമെന്ന വാദം മതതീവ്രത എന്നല്ലാതെ മറ്റെന്താണ്?
  3. മറവിയുടെ സുജൂദ്:
    ഇവയെ സംബന്ധിച്ചുള്ള എല്ലാ ഹദീഥുകളും ശരിയാണ്. മറന്നവന് സൗകര്യംപോലെ ആ സുജൂദാവാം. അതിലെയും രീതിയും മറവിക്കുള്ള പരിഹാരമാണ്.
  4. പെരുന്നാള്‍ നമസ്‌കാരത്തിലെ തക്ബീറുകള്‍:
    ഒന്നാമത്തെ റക്അത്തില്‍ 7 ഉം രണ്ടാമത്തേതില്‍ 5 ഉം എന്ന ഹദീഥും രണ്ടിലും നാലുവീതം തക്ബീറുകള്‍ വീതമെന്ന ഹദീഥും സ്വഹീഹാണ്. അല്ലാഹുവിന്റെ നാമം സാധാരണയില്‍ കൂടുതലായി അനുസ്മരിക്കുകയാണവയുടെ ഉദ്ദേശ്യം.
  5. സ്വലാതുല്‍ ഖൗഫിന്റെ രൂപം:
    ഭയവേളയില്‍ ഇമാമിന്റെ ഔചിത്യം പോലെ നമസ്‌കരിക്കുക എന്നതല്ലാതെ ഒരൊറ്റ രൂപമേ ആകാവൂ എന്നില്ല. നമസ്‌കാരത്തിലെ നിഷ്ഠയും സൈന്യത്തിന്റെ സുരക്ഷിതത്വവും ഒരുപോലെ ദീക്ഷിക്കപ്പെടണമെന്നേയുള്ളൂ.
  6. കഫ്ഫാറത്തിലെ വൈവിധ്യം
    മനഃപൂര്‍വം നോമ്പുപേക്ഷിക്കുകയോ, ശപഥം ലംഘിക്കുകയോ ചെയ്ത സംഭവങ്ങളിലും പാപ പരിഹാരപ്രായശ്ചിത്തമായുള്ള നടപടികളിലും ഈ വൈവിധ്യം പരിഗണിക്കപ്പെടണം. ചരിത്രത്തിലെ ഏതോ രാജാവിന്റെ റമദാന്‍ പകലിലെ ഭാര്യാസംസര്‍ഗവും ഒരു പണ്ഡിതന്റെ ഏകപക്ഷീയ ഫത്‌വയും ഈ തെരഞ്ഞെടുപ്പവസരത്തിനുള്ള ലംഘനമായാണ് ഇമാം ഗസാലി കാണുന്നത്.

കര്‍മശാസ്ത്ര സംബന്ധിയായ ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ വൈവിധ്യങ്ങളുടേതാണെന്നും വൈരുധ്യങ്ങളുടേതല്ലെന്നും മനസ്സിലാക്കാന്‍ അതിനാല്‍ തന്നെ പ്രയാസമില്ല.

അബ്ദുല്‍ഹഫീസ് നദ്‌വി

Topics