ഗോളശാസ്ത്രപണ്ഡിതന്മാര്‍ ആരായാലും അവരുടെ കണ്ടെത്തലുകള്‍ മുസ് ലിംകള്‍ അംഗീകരിക്കണം. ശാസ്ത്രീയ കണ്ടെത്തലുകള്‍ മനുഷ്യകുലത്തിന് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളാണ്. നബി നടപ്പിലാക്കിയ കാലഗണനാസമ്പ്രദായം കുറ്റമറ്റതും മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതുമാണ്. ഹിജ്‌റ വര്‍ഷ ചന്ദ്രമാസക്കലണ്ടറിന്റെ പ്രായോഗികത ലോകത്തെ ബോധ്യപ്പെടുത്താന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കലണ്ടര്‍ ബ്രോണ്‍സ് യുഗത്തിലെ ഈജിപ്ഷ്യന്‍, സുമേറിയന്‍ കലണ്ടറുകളാണ്. ബാബിലോണിയന്‍ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തി അയേണ്‍ യുഗത്തിലും നിരവധി കലണ്ടറുകള്‍ ഉണ്ടായി. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കലണ്ടറും സൊറാസ്ട്രിയന്‍ കലണ്ടറുകളും ഹീബ്രു കലണ്ടറുകളുമൊക്കെ ഇവയില്‍ പെട്ടതാണ്. പുരാതന ഗ്രീക്കുകാര്‍ ഹെലനിക് കലണ്ടറുകള്‍ വികസിപ്പിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് വിവിധ ഹിന്ദുകലണ്ടറുകളും പുരാതന റോമന്‍ കലണ്ടറും ഉണ്ടാവുന്നത്.
അവ മിക്കതും ലൂനി സോളാര്‍ കലണ്ടറുകളായിരുന്നു. ചാന്ദ്രമാസവും സൂര്യമാസവും രേഖപ്പെടുത്തിയ കലണ്ടറുകള്‍. സൂര്യചന്ദ്ര ചലനങ്ങളെ നിരീക്ഷിച്ചുകൊണ്ടായിരുന്നു ഇവ തയ്യാറാക്കിയിരുന്നത്. എന്നാല്‍ പത്തുമാസങ്ങളുണ്ടായിരുന്ന സൂര്യവര്‍ഷത്തിലെ അതിപുരാതന കാലം മുതലുള്ള മിച്ചദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അന്നത്തെ റോമന്‍ കലണ്ടര്‍.
ഗ്രിഗേറിയന്‍ കലണ്ടര്‍
ബി.സി. 45ല്‍ ജൂലിയസ് സീസര്‍ റോമന്‍ കലണ്ടര്‍ പുനരാവിഷ്‌ക്കരിച്ചു. അതിനുമുമ്പ് ജൂതപുരോഹിതന്മാര്‍ അവരുടെ ഇഷ്ടപ്രകാരം കലണ്ടറില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജൂലിയസ് സീസര്‍, സൂര്യന്റെ ചലനങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ കലണ്ടറുകളെപ്പറ്റി പഠിച്ച് അവയുടെ മാതൃകയില്‍ റോമന്‍ കലണ്ടര്‍ നവീകരിച്ച് നടപ്പിലാക്കി. നിലവിലുണ്ടായിരുന്ന ചന്ദ്രമാസക്കലണ്ടര്‍ നിരോധിച്ചു. ഈ കലണ്ടറില്‍ ജനുവരിയില്‍ തുടങ്ങി ഒന്നിടവിട്ട മാസങ്ങളില്‍ 31 ദിവസങ്ങളായിരുന്നു നിശ്ചയിച്ചിരുന്നത്. ഫെബ്രുവരിയില്‍ 29 ദിവസങ്ങളും ഓരോ നാലുവര്‍ഷം കൂടുമ്പോഴും അധിവര്‍ഷം (ലീപ് ഇയര്‍) എന്ന പേരില്‍ 30 ദിവസങ്ങളുമായി മൊത്തം 365ഓ 366ഓ ദിവസങ്ങളായിരുന്നു. ഇപ്രകാരം ആഗസ്റ്റ് മാസത്തിനു 30 ദിവസങ്ങളും സപ്തംബറിനും നവംബറിനും 31 ദിവസങ്ങളുമായിരുന്നു.
അഗസ്റ്റസ് സീസര്‍ തന്റെ പേരുള്ള ആഗസ്റ്റ് മാസത്തിന് 31 ദിവസമാക്കണമെന്ന് തീരുമാനിച്ചു. അപ്രകാരമാക്കിയപ്പോള്‍ ഒരു ദിവസം അധികം വരുന്നത് ശരിയാക്കാനായി ഫെബ്രുവരിയില്‍നിന്നുതന്നെ ഒരുദിവസം കുറച്ചു. ഫെബ്രുവരിയില്‍ 28 ദിവസങ്ങളും നാലാമത്തെ വര്‍ഷത്തില്‍ ലീപ് ഇയര്‍ ആയി 29 ദിവസങ്ങളുമായി നിശ്ചയിക്കപ്പെട്ടു. അപ്പോള്‍ തുടര്‍ച്ചയായ മൂന്നു മാസങ്ങളില്‍ 31 വരുന്നതിനാല്‍ ആഗസ്റ്റിനു ശേഷം സപ്തംബര്‍ 30, ഒക്ടോബര്‍ 31, നവംബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെ പുനഃക്രമീകരിക്കപ്പെട്ടു. ജൂലിയന്‍ കലണ്ടര്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. റോമില്‍ െ്രെകസ്തവര്‍ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചിരുന്നത് ഈ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചായിരുന്നു.
പോപ്പ് ഗ്രിഗറി 13ാമന്റെ കാലത്ത് 1582ല്‍ ജൂലിയന്‍ കലണ്ടറില്‍ വീണ്ടും മാറ്റംവരുത്തേണ്ടിവന്നു. ഈസ്റ്റര്‍ ആഘോഷസമയത്ത് സൂര്യന്‍ പ്രതീക്ഷിക്കപ്പെട്ട സ്ഥാനത്തല്ലെന്ന് വിദഗ്ധര്‍ കണക്കുകൂട്ടിയപ്പോള്‍ മനസ്സിലായി. ഇതുവരെ പിന്തുടര്‍ന്ന കലണ്ടര്‍ പ്രകാരം ഏകദേശം 10 ദിവസത്തോളം കാലഗണനയില്‍ കുറവു വന്നിരിക്കുന്നുവെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇതിനു പരിഹാരമായി 10 ദിവസം ചാടിക്കടന്ന് കലണ്ടറില്‍ അഡ്ജസ്റ്റ്‌മെന്റ് വരുത്തി. ഒക്ടോബര്‍ നാലിന് ഉറങ്ങാന്‍ കിടന്നവര്‍ അടുത്തദിവസം ഉണര്‍ന്നെഴുന്നേറ്റത് ഒക്ടോബര്‍ 14ലേക്കായിരുന്നു. ഗ്രിഗേറിയന്‍ കലണ്ടറിന്റെ പിഴവുകള്‍ വ്യക്തമാക്കുന്നു ഇത്തരം സംഭവങ്ങള്‍.
സൂര്യനും സമയവും
ഭൂമി സ്വയം ഒരു പ്രാവശ്യം കറങ്ങുന്നതിനെടുക്കുന്ന സമയമാണ് 24 മണിക്കൂര്‍. അതായത് ഒരു ദിവസം. നാം വസിക്കുന്ന ഭൂമി പ്രകാശമില്ലാത്ത ഒരു ഗോളമാണ്. സൂര്യനില്‍നിന്നാണ് ഭൂമിയിലേക്ക് പ്രകാശം ലഭിക്കുന്നത്. ഭൂമി സ്വയം കറങ്ങിക്കൊണ്ടേയിരിക്കുന്നു. മാത്രമല്ല; കറങ്ങിക്കൊണ്ടുതന്നെ സൂര്യനെ ചുറ്റുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഭൂമി സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുമ്പോള്‍ ഗോളാകൃതിയിലുള്ള ഭൂമിയുടെ സൂര്യനുനേരെയുള്ള ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും അനുഭവപ്പെടുന്നു.
അങ്ങനെയാണ് പകലും രാത്രിയും ഉണ്ടാവുന്നത്. പകലും രാത്രിയും കൂടിച്ചേര്‍ന്നാണ് 24 മണിക്കൂര്‍ അതായത് ഒരു ദിവസം. ഭൂമി സ്വയം കറങ്ങുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ടായതിനാല്‍ സൂര്യന്‍ കിഴക്കുദിച്ച് ഉയര്‍ന്നുവന്ന്, സഞ്ചരിച്ച് ക്രമേണ പടിഞ്ഞാറേ ചക്രവാളത്തില്‍ അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. സൂര്യന്‍ ഉദിച്ചു പൊന്തിവരികയോ പടിഞ്ഞാറ് ചക്രവാളത്തിലേക്ക് താഴ്ന്നുപോയി അസ്തമിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഭൂമി കറങ്ങുതിനനുസരിച്ച് ക്രമേണ ഒരു ഭാഗം സൂര്യനഭിമുഖമായി വരുന്നതോടെ സൂര്യനെ കാണാനാവുന്നത് സൂര്യന്‍ ഉദിക്കുന്നതായും ഭൂമിയുടെ കറക്കത്തിനനുസരിച്ച് ക്രമേണ ഒരു ഭാഗം സൂര്യന് വിമുഖമായി വരുന്നതോടെ, സൂര്യനെ കാണാതായി വരുന്നത് സൂര്യാസ്തമയമായും അനുഭവപ്പെടുകയാണ് ചെയ്യുന്നത്. 365 ദിവസവും ആറു മണിക്കൂറും സമയംകൊണ്ടാണ് ഭൂമിക്ക് സൂര്യനെ ഒരു പ്രാവശ്യം ചുറ്റാന്‍ സാധിക്കുന്നത്. ഈ കലയളവാണ് ഗ്രിഗേറിയന്‍ കലണ്ടറില്‍ ഒരു വര്‍ഷം എന്ന് അറിയപ്പെടുന്നത്. നാം ഇന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന വര്‍ഷം ഇപ്രകാരമുള്ള 365.25 ദിവസമാണ്. ഇതില്‍ 365നു ശേഷമുള്ള കാല്‍ ദിവസം വര്‍ഷങ്ങള്‍ കണക്കാക്കുന്നിടത്ത് എന്നും പ്രശ്‌നമാവാനും അബദ്ധം പിണയാനും കാരണമാവാറുണ്ട്. ലീപ് ഇയര്‍ സംവിധാനമേര്‍പ്പെടുത്തേണ്ടിവരുന്നതും 1528ല്‍ പോപ് ഗ്രിഗറി 13ാമന്റെ കാലത്ത് ചെയ്തതുപോലെ 10 ദിവസം മുമ്പോട്ട് ചാടേണ്ടിവരുന്നതുമൊക്കെ അതുകൊണ്ടാണ്.
ഭൂമി സ്വയം ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ സൂര്യന് അഭിമുഖമായി വരുന്ന ഭാഗത്ത് കിഴക്ക് സൂര്യനുദിക്കുന്നതായി അനുഭവപ്പെടുകയും പകല്‍ ആരംഭിക്കുകയും ചെയ്യും. സൂര്യന് വിമുഖമായി വരുന്ന ഭാഗത്ത് പടിഞ്ഞാറ് സൂര്യന്‍ അസ്തമിക്കുന്നതായി അനുഭവപ്പെടുകയും അവിടെ രാത്രിയാരംഭിക്കുകയും ചെയ്യും. ഇങ്ങനെ സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുകയും വീണ്ടും കിഴക്കുദിക്കുകയും ചെയ്യുന്നതുവരെയുള്ള സമയമാണ് ഒരു ദിവസം എന്നു പറയുന്നത്.
മാറിവരുന്ന ദിവസങ്ങള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി എന്നിങ്ങനെ ഏഴുപേരുകളുണ്ട്. എല്ലാ ഭാഷകളിലും ദിവസങ്ങള്‍ക്ക് ഏഴു പേരുകളേയുള്ളു. ദിവസങ്ങളുടെ ഏഴു പേരുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുന്നത്. ലോകത്ത് ആര്‍ക്കും ദിവസങ്ങളുടെ കാര്യത്തില്‍ ഭിന്നിപ്പില്ല. വ്യത്യസ്ത ഭാഷകളില്‍ സമാനമായ പേരുകളാണെങ്കിലും എല്ലാവര്‍ക്കും ദിവസം ഒന്നുതന്നെയാണ്. അറബിയില്‍ യൗമുല്‍ അഹദും ഇംഗ്ലീഷില്‍ സണ്‍ഡേയും മലയാളത്തില്‍ ഞായറാഴ്ചയുമൊക്കെ ഒന്നുതന്നെയാണ്.
ദിനമാറ്റരേഖ
ഭൂമിയുടെ പ്രദക്ഷിണം ഒരു പ്രാവശ്യം പൂര്‍ത്തിയായി എന്നു മനസ്സിലാക്കാന്‍ ഒരടയാളമുണ്ട്. ആ അടയാളത്തിലെത്തിയാല്‍ ഭൂമി ഒരു പ്രാവശ്യം കറക്കം പൂര്‍ത്തിയാക്കി അടുത്ത പ്രാവശ്യത്തെ കറക്കമാരംഭിക്കുന്നു. ഇങ്ങനെ ദിവസം മാറാനുള്ള അടയാളമാണ് അന്താരാഷ്ട്ര ദിനമാറ്റരേഖ (ഇന്റര്‍നാഷനല്‍ ഡേറ്റ് ലൈന്‍)എന്നറിയപ്പെടുന്നത്. റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ബെറിന്‍ കടലിടുക്കിലൂടെ കടന്നുപോകുന്ന ഈ അടയാളം മനുഷ്യന്‍ സ്ഥാപിച്ചതല്ല. അവന്‍ കണ്ടെത്തുക മാത്രമാണ് ചെയ്തത്.
1884ല്‍ പ്രശസ്ത നാവികന്‍ ക്യാപ്റ്റന്‍ കുക്ക് ഇങ്ങനെയൊരു അടയാളത്തെ സംബന്ധിച്ച് മനസ്സിലാക്കി. 1886ലാണ് ലോകം അന്താരാഷ്ട്ര തലത്തില്‍ ഈ അടയാളത്തെ അംഗീകരിക്കുന്നതും ഇന്റര്‍നാഷനല്‍ ഡേറ്റ് ലൈന്‍ എന്നു നാമകരണം ചെയ്യുന്നതും. യൂനിവേഴ്‌സല്‍ സമയത്തിന്റെ (യു.ടി.) അടിസ്ഥാനം ഈ രേഖതന്നെയാണ്. ഭൂമിയില്‍ ദിനമാറ്റരേഖയുടെ നേരെ എതിര്‍ഭാഗത്ത് സീറോ ഡിഗ്രിയായി നിശ്ചയിച്ചിരിക്കുന്നു.
ലണ്ടനിലെ ഗ്രീനിച്ചിലൂടെ കടന്നുപോകുന്നതിനാല്‍ ഇതിന് ഗ്രീനിച്ച് ലൈന്‍ എന്നും പേരുണ്ട്. ദിനമാറ്റരേഖയില്‍ ഭൂമിയുടെ കറക്കം ഒരു തവണ പൂര്‍ത്തിയാവുന്നത് ഉച്ചസമയത്തായതിനാല്‍ ദിവസം മാറുന്നത് ഉച്ചയ്ക്കാണ്. ദിവസമാറ്റമല്ല ദിവസാരംഭം. ദിവസം പ്രഭാതത്തോടെ ആരംഭിക്കുന്നു. ഉദാഹരണമായി വ്യാഴാഴ്ച പൂര്‍ത്തിയായി വെള്ളിയാഴ്ചയായിത്തീരുന്നത് ഈ സ്ഥലത്തുവച്ചാണ്. ഭൂമിയുടെ ഇരുവശങ്ങളിലുമുള്ള രാജ്യക്കാര്‍ അവരുടെ പ്രഭാതത്തോടെയാണ് പുതിയ ദിവസത്തിലേക്കു പ്രവേശിക്കുന്നത്. ദിനമാറ്റ രേഖയുടെ ഒരു വശത്തുനിന്ന് ഒരാള്‍ മറുവശം കടന്നാല്‍ അയാളുടെ ദിവസവും തിയ്യതിയും വശമനുസരിച്ച് മുമ്പോട്ടോ പിന്നോട്ടോ മാറുമെന്നത് സ്വാഭാവികമാണ്. അന്താരാഷ്ട്ര ദിനമാറ്റ രേഖയില്‍ ഉച്ചസമയത്ത് ദിവസം മാറുമ്പോള്‍ അതിന് മറുവശമായ ഗ്രീനിച്ചില്‍ അര്‍ധരാത്രിയാണ്. അവിടെ അര്‍ധരാത്രിയാണ് ദിവസം മാറ്റപ്പെടുന്നത്.
അതനുസരിച്ചാണ് നാം രാത്രി 12 മണി കഴിയുന്നതോടെ പുതിയ തിയ്യതിയിലേക്ക് മാറുന്നത്. സന്ധ്യ(മഗ്‌രിബ്) യോടെയാണ് ദിവസം ആരംഭിക്കുന്നത് എന്ന ഒരു ധാരണ ചിലര്‍ക്കുണ്ട്. ജൂതരുടെ വിശ്വാസമായിരുന്നു അത്. നബിയുടെ കാലത്ത് ജൂതന്മാരില്‍നിന്നും ക്രിസ്ത്യാനികളില്‍നിന്നുമായി ഇസ്‌ലാമിലേക്കുവന്നവര്‍ക്ക് ഈ ധാരണയുണ്ടായിരുന്നു. മഗ്‌രിബിനു ശേഷം നോമ്പുകാരന്‍ ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ് എന്ന ധാരണ തിരുത്തുകയാണ് ഖുര്‍ആന്‍ താഴെ ഉദ്ധരിക്കുന്ന സൂക്തത്തിലൂടെ ചെയ്തത്. ‘നിങ്ങള്‍ പ്രഭാതത്തില്‍ വെളുത്തനൂല്‍ കറുത്തനൂലില്‍നിന്നും വ്യക്തമാവുന്നതുവരെ തിന്നുകയും കുടിക്കുകയും ചെയ്യുക. പിന്നീട് രാത്രി ആരംഭിക്കുന്നതുവരെ നിങ്ങള്‍ നോമ്പ് പൂര്‍ത്തിയാക്കുക.'(2:187) രാത്രിക്ക് പിന്നില്‍ പകല്‍ വരികയല്ല; പകലിനെ തുടര്‍ന്ന് രാത്രി വരികയാണ്. പകലാണ് മുന്നില്‍ എന്ന് വ്യക്തമാക്കുന്നുണ്ട് ഖുര്‍ആന്‍. സൂര്യന് ചന്ദ്രനെ എത്തിപ്പിടിക്കാനോ രാത്രിക്കു പകലിനെ മറികടക്കാനോ സാധ്യമല്ല'(36:40)
ദിനമാറ്റ രേഖയെപ്പറ്റി മനസ്സിലാക്കാന്‍ മറ്റാരേക്കാളും ബാധ്യസ്ഥര്‍ മുസ്‌ലിംകളാണ്. മുസ്‌ലിംകള്‍ക്ക് ദിനേന നിര്‍വഹിക്കേണ്ട നമസ്‌ക്കാരത്തിന് ഈ രേഖയുമായും ബന്ധമുണ്ടെന്നതാണു കാരണം. ദിവസമാറ്റ രേഖതന്നെയാണു ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ളവര്‍ക്കു ഖിബ്‌ലയുടെ ദിശ നിശ്ചയിക്കുന്ന ഖിബ്‌ലമാറ്റ രേഖയും.
ഒരു ദിവസത്തിലെ 24 മണിക്കൂര്‍ എന്ന സമയത്തെ അളക്കുവാനായി നാം സെക്കന്റ്, മിനുട്ട്, മണിക്കൂര്‍ എന്നിങ്ങനെ വിഭജിക്കുന്നു.
ദിവസത്തില്‍ അഞ്ചു സമയങ്ങളിലായി നമസ്‌ക്കാരം നിര്‍വഹിക്കാന്‍ അല്ലാഹു മനുഷ്യരോട് കല്‍പ്പിക്കുന്ന ഒരു ആയത്തുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ‘സൂര്യന്‍ ആകാശമധ്യത്തില്‍നിന്ന് നീങ്ങിയതു മുതല്‍ രാത്രി ഇരുട്ടുന്നതുവരെ നീ നിത്യവും നമസ്‌ക്കരിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് പ്രഭാത നമസ്‌കാരവും നിലനിര്‍ത്തുക. തീര്‍ച്ചയായും പ്രഭാത നമസ്‌ക്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാവുന്നു.’ (17:78) സൂര്യന്റെ ചായ്‌വുകള്‍ക്കനുസരിച്ചാണ് സമയവ്യതിയാനമുണ്ടാകുന്നത്. സൂര്യന്‍ ആകാശമധ്യത്തില്‍ 90 ഡിഗ്രിയില്‍ എത്തുമ്പോഴാണ് ളുഹര്‍ നമസ്‌കാര സമയം. പിന്നീട് വ്യത്യസ്ത ഡിഗ്രികളിലേക്കെത്തുന്നതനുസരിച്ചാണ് അസര്‍, മഗ്‌രിബ്, ഇശാ, ഫജ്ര്! എന്നീ നമസ്‌കാരങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സൂര്യന്റെ സഞ്ചാരമാണ് സമയനിര്‍ണയത്തിന്റെ അടിസ്ഥാനമെന്ന് ഈ വിശദീകരണങ്ങളില്‍നിന്ന് വ്യക്തമാവുന്നു.
തിയ്യതി നിര്‍ണയിക്കാന്‍ ചന്ദ്രന്‍
മാസം, മാസത്തില്‍ എത്രാമത്തെ ദിവസം, 12 മാസങ്ങള്‍ കൂടുന്ന വര്‍ഷം, വര്‍ഷങ്ങളുടെ എണ്ണം എന്നിവയുടെ നിര്‍ണയത്തിന്ന് അടിസ്ഥാനം ചന്ദ്രനാണ്. ആകാശത്തില്‍ തൂക്കിയിട്ടിരിക്കുന്ന പ്രകൃതിയിലെ കലണ്ടറാണ് ചന്ദ്രന്‍. അല്ലാഹു പറയുന്നു: ‘ജനങ്ങള്‍ നിന്നോട് ചന്ദ്രന്റെ കലകളെ സംബന്ധിച്ച് ചോദിക്കുന്നു. പറയുക അവ ജനങ്ങള്‍ക്ക് തിയ്യതികളാണ്. ഹജ്ജിന്റെ തിയ്യതി നിര്‍ണയിക്കാനുമുള്ളതാണ്. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ വരുന്നതിലല്ല പുണ്യം. എന്നാല്‍ സൂക്ഷ്മത പാലിക്കുകയും വീടുകളിലേക്ക് മുന്‍വാതിലിലൂടെ പ്രവേശിക്കുന്നതുമാണ് പുണ്യം. നിങ്ങള്‍ വിജയികളാവാന്‍ അല്ലാഹുവിനെ സൂക്ഷിക്കുക.’ (2:189)
ഈ സൂക്തത്തില്‍നിന്നും മൂന്നു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. 1) ഓരോ ദിവസവും കാണപ്പെടുന്ന വ്യത്യസ്തവലിപ്പങ്ങളിലുള്ള ചന്ദ്രക്കലകളെ സംബന്ധിച്ചാണ് നബിയോട് ജനങ്ങള്‍, അവ എന്തിനാണ് എന്ന് ആരാഞ്ഞത്. പിറവിചന്ദ്രന്‍ എന്ന അര്‍ഥത്തില്‍ ‘ഹിലാല്‍’ എന്ന ഏകവചനപ്രയോഗം ഖുര്‍ആനില്‍ ഇല്ല. ‘അഹില്ല’എന്ന ബഹുവചനപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണെന്ന് എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നു. 2) ‘മീഖാത്ത്’ എന്നതിന്റെ ബഹുവചനമാണ് ‘മവാഖീത്ത്’. വര്‍ഷത്തില്‍ ഒരു പ്രത്യേക ദിവസം എന്നാണതിന്റെ അര്‍ഥം. അതാണല്ലോ തിയ്യതി. സമയങ്ങള്‍ എന്ന് ‘മവാഖീത്തി’ന് അര്‍ഥം നല്‍കാന്‍ പറ്റില്ല. സമയത്തിന് ‘വഖ്ത്’ എന്നാണ് പറയുക. ബഹുവചനരൂപം ‘ഔഖാത്ത’. മവാഖീത്തിന് സമയങ്ങള്‍ എന്നര്‍ഥം നല്‍കിയാല്‍, ചന്ദ്രനെയാണ് സമയനിര്‍ണയത്തിന് സംവിധാനിച്ചിരിക്കുന്നതെന്ന തെറ്റിദ്ധാരണ ഉണ്ടാകും. ഈ സൂക്തത്തില്‍തന്നെ, വീടുകളിലേക്ക് മുന്‍വശത്തുകൂടെ പ്രവേശിക്കണമെന്ന് ചന്ദ്രക്കലകളെ സംബന്ധിച്ച് അന്വേഷിച്ച ജനങ്ങളോട് ഉണര്‍ത്തുന്നു. ഇതിന്റെ പൊരുള്‍ എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഭൂമിയില്‍ ദിവസം മാറുന്നതിന് അല്ലാഹു നിശ്ചയിച്ച സ്ഥലത്തുനിന്നുതന്നെ, മാസത്തിലെ ദിവസത്തിന്റെ സ്ഥാനവും അതായത് തിയ്യതിയും കണക്കാക്കണമെന്നാണ് അതിന്റെ ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. പിന്നില്‍ വരേണ്ടവര്‍ ദിവസത്തെ മറികടക്കരുതെന്ന് അര്‍ഥം. തിയ്യതിയും ദിവസവും ഒത്തുവരേണ്ടതുണ്ട്. ഒരു ദിവസത്തിന് ഒരു തിയ്യതിയേ ഉണ്ടാകാവൂ. ചന്ദ്രക്കലകളും അവ നില്‍ക്കുന്ന സ്ഥാനങ്ങളും (മനാസില്‍) നിരീക്ഷിച്ച് തിയ്യതികള്‍ നിശ്ചയിക്കണം. ചന്ദ്രക്കലകള്‍ കാണപ്പെടുന്ന സ്ഥാനമാണ് ഇവിടെ ‘വീടുകള്‍’ എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചത്. കാരണം, ഈ സ്ഥാനങ്ങള്‍ക്ക് ഖുര്‍ആനില്‍ ‘മനാസില്‍’ എന്നാണ് പ്രയോഗിച്ചത്. മന്‍സില്‍ എന്നതിനു സ്ഥാനം എന്നും വീട് എന്നും അര്‍ഥമുണ്ട്. വീടുകള്‍ക്ക് മന്‍സില്‍ എന്ന പദം ചേര്‍ത്ത് പേര് വയ്ക്കുന്നത് അറബിഭാഷയില്‍ പതിവാണ്. ഉദാ: റഹ്മത്ത് മന്‍സില്‍. മന്‍സിലിന്റെ ബഹുവചനമാണ് മനാസില്‍. കാലഗണനയ്ക്ക് ആധാരം ചന്ദ്രനാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
ചന്ദ്രന്‍: ആകാശത്ത് തൂക്കിയിട്ട കലണ്ടര്‍
ലോകത്ത് ചന്ദ്രമാസക്കലണ്ടര്‍ പലവിധമുണ്ട്. ചൈനയുടെ ഔദ്യോഗിക കലണ്ടര്‍, ജൂതന്മാരുടെ ഹിബ്രു കലണ്ടര്‍, മലയാള കൊല്ലവര്‍ഷകലണ്ടര്‍ എന്നിവ അവയില്‍ ചിലതാണ്. പക്ഷേ, ഇവയൊന്നും കൃത്യതയുള്ളതോ ശാസ്ത്രീയമോ അല്ല. അതിന്റെ അശാസ്ത്രീയത മുസ്‌ലിംകളുടെ ഓരോ ആഘോഷാവസരങ്ങളിലും റമദാന്‍ ആരംഭത്തിലും നാം അറിയുന്നതാണ്.
ഇസ്‌ലാമിക് കലണ്ടര്‍
ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ നബിയും അനുയായികളും മദീനയിലേക്ക് പലായനം ചെയ്യുകയുണ്ടായി. അതാണ് ഹിജ്‌റ. മദീനയില്‍ ചന്ദ്രമാസകലണ്ടര്‍ നിലവിലുണ്ടായിരുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാതെ മാസങ്ങള്‍ക്ക് ജൂതന്മാരും ക്രിസ്ത്യാനികളും 30, 29 എന്നിങ്ങനെ ദിവസങ്ങള്‍ നിശ്ചയിച്ചിരുന്നു. ഈ കണക്കനുസരിച്ച് പ്രതിവര്‍ഷം 354 ദിവസങ്ങളേയുണ്ടാവൂ. എന്നാല്‍ 355 ദിവസങ്ങളുള്ള വര്‍ഷങ്ങളുമുണ്ടാവാം. നിലവിലുള്ള ചന്ദ്രമാസ കലണ്ടര്‍ അംഗീകരിക്കുകയും അതിലെ അപാകതകള്‍ തിരുത്തി ശാസ്ത്രീയമാക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് നബി ചെയ്തത്. ചന്ദ്രന്‍ ചലിക്കുന്നത് നിങ്ങളുടെ കണക്കുപ്രകാരമല്ലെന്നും നിങ്ങള്‍ 29 എന്ന് നിശ്ചയിച്ച ഏതു മാസവും ചിലപ്പോള്‍ 30 ആവാനിടയുണ്ടെന്നും നബി മുന്നറിയിപ്പു നല്‍കി. വിശുദ്ധ ഖുര്‍ആനിലെ ‘ചന്ദ്രന്റെ കലകള്‍ ജനങ്ങള്‍ക്ക് തിയ്യതി കാണിക്കുവാനാണ്.’ (2:189) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍, ചന്ദ്രന്റെ കലകളും (അഹില്ല) അവ നില്‍ക്കുന്ന സ്ഥാനവും തമ്മില്‍ യാതൊരു വ്യത്യാസവും പാടില്ലെന്നും അവ ഒത്തുവരുന്നതാണ് തിയ്യതിയെന്നും നബി പഠിപ്പിച്ചു.
ചന്ദ്രന്റെ വ്യത്യസ്ത കലകളും അവയുടെ സ്ഥാനവും നിര്‍ണയിച്ച് നേരത്തെ തിയ്യതി പ്രഖ്യാപിക്കുവാനുള്ള അറിവോ ശാസ്ത്രീയ പുരോഗതിയോ അന്നുണ്ടായിരുന്നില്ല. സൂര്യന്റെയും ചന്ദ്രന്റെയും ഭൂമിയുടെയുമൊന്നും ചലനനിയമങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. ഭൂമി ഉരുണ്ടതാണെന്നുപോലും വിശ്വസിക്കാത്ത ആറാം നൂറ്റാണ്ടിലായിരുന്നു പ്രവാചകന്‍ ഇതു പഠിപ്പിച്ചത്. അതുകൊണ്ട്, ഓരോ മാസവും തുടങ്ങുന്നതിനുമുമ്പ് വരാന്‍ പോവുന്ന മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കാലേക്കൂട്ടി തീരുമാനിക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ല. അതിനാല്‍ ഓരോ മാസത്തിന്റെയും ആരംഭം, ചന്ദ്രന്റെ പിറവി നിരീക്ഷിച്ച് മനസ്സിലാക്കുവാനും പിറന്ന ചന്ദ്രന്റെ കലയുടെ വലിപ്പം നോക്കി അത് എത്രാമത്തെ ദിവസത്തെ ചന്ദ്രനാണെന്ന് മനസ്സിലാക്കി, ആ മാസത്തില്‍ 29ഓ 30ഓ എന്ന് കണക്കുകൂട്ടി തീരുമാനിക്കുവാനുമാണ് നബി നിര്‍ദേശിച്ചത്. എല്ലാ മാസവും 29ന് പിറവി ഉണ്ടായോ എന്ന് നിരീക്ഷിക്കുവാനും ഉണ്ടെങ്കില്‍ അടുത്ത ദിവസം ഒന്നാം തിയ്യതി ആയി പുതിയ മാസം തുടങ്ങുവാനും 29ന് പിറവി ഉണ്ടായി എന്ന് ബോധ്യമായില്ലെങ്കില്‍ ആ മാസം 30 തികച്ചതിനു ശേഷം പുതിയമാസം ആരംഭിക്കുവാനുമാണ് പ്രവാചകന്‍ നിര്‍ദേശിച്ചത്. തിയ്യതികളുടെ പവിത്രത നഷ്ടപ്പെടുത്താതെ സൂക്ഷിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.
ഖുര്‍ആന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തീരുമാനപ്രകാരം, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ക്കേ മാസങ്ങളുടെ എണ്ണം 12 ആണ്. അവയില്‍ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളാണ്. ഇതാണ് ശരിയായ ദീന്‍.’ (9:36) അറബികളുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ചന്ദ്രമാസകലണ്ടറില്‍ ദുര്‍ല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ്, എന്നീ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളായി അവര്‍ മനസ്സിലാക്കിയിരുന്നു. ഈ പവിത്രമാസങ്ങളെ അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. ഈ നാലു മാസങ്ങള്‍ പവിത്രങ്ങളാണ് എന്ന് വ്യക്തമാക്കപ്പെട്ടതോടെ, പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പു മുതല്‍തന്നെ ചന്ദ്രന്റെ ചലനമനുസരിച്ചുള്ള 12 മാസങ്ങളാണുള്ളതെന്ന സൂചന ഈ സൂക്തത്തിലൂടെ ലഭിച്ചു.
നബിയുടെ ഹജ്ജായ ഹജ്ജത്തുല്‍ വിദാഇല്‍ ഒരു ലക്ഷത്തിലേറെ വിശ്വാസികളുടെ മുമ്പില്‍ നബി ഇക്കാര്യം വിശദീകരിച്ചതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അന്നത്തെ അറഫ ഒരു വെള്ളിയാഴ്ചയായിരുന്നു. നബി പറഞ്ഞു: ‘കാലങ്ങള്‍ കറങ്ങി ഇന്നിതാ വാനവും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു.’ ഇന്ന് ഏതു ദിവസമാണെന്ന് ചോദിച്ചതിനു ശേഷം നബി പറഞ്ഞു: ‘ഇന്ന് അതേ ദിവസമാകുന്നു. വാനവും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാള്‍.’ അന്ന് വെള്ളിയാഴ്ചയായിരുന്നു. അറഫയില്‍ നില്‍ക്കുന്ന ദിവസം ദുല്‍ഹജ്ജ് ഒമ്പതിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്നത്തെ ദുല്‍ഹജ്ജ് 9 വെള്ളിയാഴ്ചയാണെന് വ്യക്തമാക്കപ്പെട്ടതോടെ അവിടം മുതല്‍ ശരിയായ ദിവസവും തിയ്യതിയും ലഭ്യമായി. അതിനെ അടിസ്ഥാനപ്പെടുത്തി മുമ്പേ കഴിഞ്ഞുപോയ തിയ്യതികളും ദിവസങ്ങളും ഇനി വരാനിരിക്കുന്ന തിയ്യതികളും ദിവസങ്ങളുമെല്ലാം കണക്കുകൂട്ടി മനസ്സിലാക്കുവാന്‍ ചന്ദ്രന്റെ ചലനങ്ങളെ സ്ഥിരമായി നിരീക്ഷിച്ച് പഠിക്കുന്നവര്‍ക്ക് സാധിക്കും. കാരണം, ചന്ദ്രനും സൂര്യനും നേരത്തെ തീരുമാനിക്കപ്പെട്ട കണക്കുകള്‍ക്കനുസരിച്ചാണ് ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. (55:15) അറഫയില്‍ വച്ച് അന്ന് നബി പറഞ്ഞു: ‘ഈ ദിവസത്തിന്റെ പവിത്രതപോലെ, ഈ മാസത്തിന്റെ പവിത്രത പോലെ, ഈ നാടിന്റെ പവിത്രതപോലെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.’ ഈ പവിത്രത ലംഘിക്കരുതെന്നും മാസത്തിന്റെയും ദിവസത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കല്‍ പരസ്പരം രക്തവും സമ്പത്തും അഭിമാനവും കാത്തുസൂക്ഷിക്കുന്നതുപോലെയാണെന്നും ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
മാസത്തിന്റെയും ദിവസത്തിന്റെയും പവിത്രത എന്നാല്‍ തിയ്യതിയുടെ പവിത്രതയാണല്ലോ. ഓരോ ചന്ദ്രമാസത്തിലുംപെട്ട തിയ്യതി മറ്റു മാസങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് തിയ്യതികളുടെ പവിത്രതയെ ലംഘിക്കലാണ്. അല്ലാഹു ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനിലൂടെ മുന്നറിയിപ്പു നല്‍കുന്നതു ശ്രദ്ധിക്കുക: ‘…അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. പവിത്രമാസങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സത്യനിഷേധത്തിന്റെ വര്‍ധനവാകുന്നു.’ (9:37) ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് നബി പറഞ്ഞു: ‘തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയും ജമാദുല്‍ ആഖിറിന്നും ശഅ്ബാനും ഇടയ്ക്കുള്ള റജബ് മാസവുമാണ് പവിത്ര മാസങ്ങള്‍.’ 12 മാസങ്ങളില്‍ മാസത്തിന്റെ പേര്‍ നബി വ്യക്തമാക്കി. നബി പറഞ്ഞ ഈ ആറു മാസങ്ങളുടെയും ബാക്കി ആറു മാസങ്ങളുടെയും പേരുകള്‍ അവര്‍ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അറബി മാസപേരുകള്‍ തന്നെയായിരുന്നു. ഈ കലണ്ടറിനെപ്പറ്റിയാണ് ‘ഇതാണ് വക്രതയില്ലാത്ത മതമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത്. (9:36)
മദീന തല്സ്ഥാനമാക്കിക്കൊണ്ട് മുഹമ്മദ് നബിയും അനുയായികളും രൂപീകരിച്ച ഇസ്‌ലാമിക രാഷ്ട്രത്തില്‍, അപാകതകള്‍ പരിഹരിച്ച വക്രതയില്ലാത്ത ചന്ദ്രമാസകലണ്ടറാണ് കാലഗണനയ്ക്കായി അവലംബിച്ചത്. പക്ഷേ, മുമ്പ് അവിടെ പ്രചാരത്തിലുണ്ടായിരുന്ന കലണ്ടറിലെ പേരുകള്‍ക്കോ ക്രമത്തിനോ നബി മാറ്റം വരുത്തിയില്ല. നബിയുടെ ജനനവും മദീനയിലേക്കുള്ള പലായനവും റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നെങ്കിലും അവിടെ നിലവില്‍ ഉണ്ടായിരുന്നതുപോലെ ആദ്യത്തെ മാസമായി മുഹര്‍റം തന്നെയാണ് നിശ്ചയിച്ചത്.
ഖുര്‍ആന്റെ നിര്‍ദേശാനുസാരം ചന്ദ്രന്റെ കലകള്‍ക്കും സ്ഥാനങ്ങള്‍ക്കും അടിസ്ഥാനത്തില്‍ മാസനിര്‍ണയം നടത്തുന്ന കാലഗണനാ സമ്പ്രദായത്തിന് ഒരു പുതിയ പേരിനെപറ്റി അവര്‍ ആലോചിക്കുകയും ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായ ഹിജ്‌റതന്നെയാവട്ടെ പുതിയ കലണ്ടര്‍ സമ്പ്രദായത്തിന്റെ പേര്‍ എന്ന് നിശ്ചയിക്കുകയും ചെയ്തു. ഇതാണ് ഹിജ്‌റ വര്‍ഷ കലണ്ടര്‍. തെറ്റായ കാലഗണനാരീതിയില്‍നിന്നും ശരിയായ സമ്പ്രദായത്തിലേക്കുള്ള മാറ്റംകൂടിയായിത്തീര്‍ന്നു ഹിജ്‌റ. ഈ ഹിജ്‌റ വര്‍ഷ കലണ്ടര്‍തന്നെയാണ് ഇസ്‌ലാമിക കലണ്ടര്‍.
മുഹര്‍റം, സഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖിര്‍, റജബ്, ശഅബാന്‍, റമദാന്‍, ശവ്വാല്‍, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ എന്നിവയാണ് ചന്ദ്രമാസ ഹിജ്‌റ വര്‍ഷ കലണ്ടറിലെ 12 മാസങ്ങള്‍. ഇവ വര്‍ഷത്തില്‍, ഭൂമിയെ ചന്ദ്രന്‍ 12 പ്രാവശ്യം ചുറ്റാന്‍ എടുക്കുന്ന സമയത്തിനനുസരിച്ച് 354ഓ 355ഓ ദിവസങ്ങളാവാം. 30ന്റെ മാസങ്ങള്‍ ആറും 29ന്റെ മാസങ്ങള്‍ ആറും ഉണ്ടാവുന്ന വര്‍ഷം 354 ദിവസങ്ങളായിരിക്കും. 30ന്റെ മാസങ്ങള്‍ ഏഴും 29ന്റെ മാസങ്ങള്‍ അഞ്ചും ഉണ്ടാവുന്ന വര്‍ഷമാണെങ്കില്‍ 355 ദിവസങ്ങളുണ്ടാവും. തുടര്‍ച്ചയായി 30 മൂന്ന് മാസങ്ങളില്‍ കൂടുതല്‍ വരികയില്ലെന്നും 29 തുടര്‍ച്ചയായി രണ്ടു മാസങ്ങളില്‍ കൂടുതല്‍ ഉണ്ടാവുകയില്ലെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.
അതു ശാസ്ത്രമാണ്. ‘സൂര്യനും ചന്ദ്രനും ഒരു കണക്കിനു വിധേയമായാണു സഞ്ചരിക്കുന്നത്.’ (55:15) എന്ന ഖുര്‍ആന്‍ വാക്യത്തെ ചന്ദ്രന്റെ ചലനവുമായി ബന്ധിപ്പിച്ച് നബി നല്‍കുന്ന സൂചനകളാണവ.
സൂര്യനില്‍നിന്നുള്ള അകലത്തിനനുസരിച്ചാണ് ചന്ദ്രന്റെ കലകള്‍ നാം കാണുന്നതും ചന്ദ്രന്റെ കലകള്‍ക്ക് വലുപ്പവ്യത്യാസം വരുന്നതും. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതോടെ, ചന്ദ്രന്‍ സൂര്യനോട് അടുത്ത് വരുംതോറും ചന്ദ്രന്റെ കലകള്‍ ചെറുതായി വരുന്നു. സൂര്യനില്‍നിന്ന് അകലുംതോറും ചന്ദ്രന്റെ കലകള്‍ വലുതായി കാണുന്നു. ഏറ്റവും കൂടുതല്‍ അകലുന്നത് 15ാം നാളാണ്. അന്നുനാം പൂര്‍ണ ചന്ദ്രനെ ദര്‍ശിക്കുന്നു. ഭൂമിക്കും സൂര്യനുമിടയില്‍ ഒരേ നേര്‍രേഖയില്‍ ചന്ദ്രന്‍ വരുന്ന നിമിഷം ചന്ദ്രനെ കാണാതാവുന്നു. ഇതാണ് അമാവാസി എന്നു നമ്മള്‍ പറയുന്ന പ്രതിഭാസം. കറുത്തവാവ് എന്നും ഇതിനു പേരുണ്ട്. സൂര്യഗ്രഹണം ഉണ്ടാവാറ് അമാവാസിയിലാണ്. സൂര്യനും ചന്ദ്രനുമിടയില്‍ ഒരേ നേര്‍രേഖയില്‍ ഭൂമി വരുമ്പോഴാണ് പൗര്‍ണമി.
ചന്ദ്രഗ്രഹണം ഉണ്ടാവാറ് പൗര്‍ണമി ദിനങ്ങളിലാണ്. ഇതു മാസത്തിന്റെ മധ്യത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അമാവാസിയും പൗര്‍ണമിയും കണക്കുകൂട്ടി മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. മാസാവസാനിത്തിന്റെ അടയാളമാണ് അമാവാസി എന്ന കറുത്തവാവ്. അമാവാസിക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കലയാണ് പുതുചന്ദ്രന്‍. പുതുചന്ദ്രന്റെ പിറവി പ്രഭാതത്തിലോ ഉച്ചസമയത്തോ വൈകുന്നേരമോ ഉണ്ടാവാം. പക്ഷേ, പിറവി ഉണ്ടായ ചന്ദ്രനെ സൂര്യാസ്തമയത്തിനു ശേഷമേ കാണാന്‍ സാധിക്കുകയുള്ളൂ. പകലില്‍ സൂര്യന്റെ ശക്തമായ പ്രകാശത്തില്‍ നമുക്കു ചന്ദ്രനെ കാണാന്‍ സാധിക്കുകയില്ല. ചന്ദ്രന്‍ അസ്തമിക്കുന്നതിനുമുമ്പ് സൂര്യന്‍ അസ്തമിച്ചെങ്കിലേ പുതുചന്ദ്രനെ കാണാന്‍ സാധിക്കുകയുള്ളൂ. സൂര്യാസ്തമയശേഷം ചന്ദ്രന്‍ അസ്തമിക്കാന്‍ 45 മിനിട്ടെങ്കിലും സമയമുണ്ടെങ്കിലേ പിറവിചന്ദ്രനെ കാണാനാവൂ എന്നാണ് ശാസ്ത്രം പറയുന്നത്.
പിറവിക്കുശേഷം ഓരോ ദിവസവും സൂര്യനുമായി അകലുന്നതിനനുസരിച്ച് കലകള്‍ വലുതായി കാണപ്പെടുകയും ചന്ദ്രന്റെ അസ്തമയം വൈകുകയും ചെയ്യുന്നു. ഏഴാം ദിവസം സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറേ ചക്രവാളത്തില്‍ ചന്ദ്രന്‍ ഉച്ചിയില്‍ എത്തുന്നു. അപ്പോള്‍ അര്‍ധചന്ദ്രനായാണ് ഭൂമിയില്‍ ദൃശ്യമാവുക. 15ാം ദിവസം സൂര്യാസ്തമയത്തോടെ പൂര്‍ണചന്ദ്രന്‍ ദൃശ്യമാവുന്നു. പിന്നീട് പഴയ രീതിയിലേക്ക് മടങ്ങാന്‍ ആരംഭിക്കുന്നു. കിഴക്കെ ചക്രവാളത്തില്‍ സൂര്യോദയത്തിനുമുമ്പ് ദൃശ്യമാവുന്നു. 21ാം ദിവസം വീണ്ടും അര്‍ധചന്ദ്രാവസ്ഥയില്‍ കാണപ്പെടുന്നു. ക്രമേണ കലകള്‍ വലിപ്പംകുറഞ്ഞുവരികയും ഖുര്‍ആന്റെ ഭാഷയില്‍ പഴയ ഈത്തപ്പനക്കുല ചില്ലപോലെ വളഞ്ഞുനേരിയ കുലയായി (ഉര്‍ജൂനുല്‍ ഖദീം) കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമാവുകയും ചെയ്യുന്നു. ചന്ദ്രന്റെ കറക്കം ഒരു ചുറ്റ് പൂര്‍ത്തിയാവുന്നത് ലോകദിവസത്തിന്റെ തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ആയാലും ഈ ദിവസം ആ മാസത്തിലെ അവസാന ദിവസമായിരിക്കും. അടുത്തദിവസം ചന്ദ്രമാസം ഒന്നാം തിയ്യതിയുമായിരിക്കും.
ചന്ദ്രന്‍ ഭൂമിക്കു ചുറ്റും ഒരു പ്രാവശ്യം കറങ്ങാന്‍ എടുക്കുന്ന സമയമാണ് ഒരു മാസം. 360 ഡിഗ്രി കറങ്ങാന്‍ 30 ദിവസമെടുക്കുകയാണെങ്കില്‍ ഒരു ദിവസം 12 ഡിഗ്രിയായിരിക്കും ചന്ദ്രന്റെ ഏകദേശ സഞ്ചാരം. 12 ഡിഗ്രി കൃത്യമായ കണക്കല്ല. ഓരോ മാസവും അളവില്‍ നേരിയ വ്യത്യാസമുണ്ടാവും.
സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ മറികടക്കുന്ന അമാവാസി പൂജ്യം ഡിഗ്രിയിലാണ് സംഭവിക്കുന്നത്. തുടര്‍ന്ന് ചന്ദ്രന്‍ 12 ഡിഗ്രി സഞ്ചരിച്ചാല്‍ ചന്ദ്രന്റെ അടുത്ത സ്ഥാനത്തെത്തും (മനാസില്‍). ഓരോ ദിവസവും ഏകദേശം 12 ഡിഗ്രി സഞ്ചരിക്കും ചന്ദ്രന്‍. ഈ കണക്കുപ്രകാരം ചന്ദ്രന്റെ സ്ഥാനങ്ങള്‍ മനസ്സിലാക്കി, തിയ്യതികള്‍ കണക്കൂകൂട്ടി എടുക്കാമെന്നാണ് ഖുര്‍ആന്റെ അധ്യാപനം. മന്‍സിലുകള്‍ അളന്നു മനസ്സിലാക്കുകയല്ലാതെ തിയ്യതി മനസ്സിലാക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. ചന്ദ്രന്റെ സ്ഥാനങ്ങള്‍ (മന്‍സിലുകള്‍)പരിഗണിക്കാതെ, പിറവി ചന്ദ്രന്റെ ദൃശ്യതയെ മാനദണ്ഡമാക്കിയാല്‍ കലണ്ടറുകള്‍ പ്രായോഗികമാവുകയില്ല. ഒരേ ദിവസത്തിന് വ്യത്യസ്ത തിയ്യതികള്‍ സംഭവിക്കുന്നതിനാല്‍, അതനുസരിച്ച് ഒരു കാര്യവും നിര്‍വഹിക്കാന്‍ പറ്റുകയില്ല. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ‘അല്ലാഹു ചന്ദ്രക്കലകളെ തിയ്യതികള്‍ക്കടിസ്ഥാനമാക്കി നിശ്ചയിച്ചിരിക്കുന്നു.’ എന്ന് നബി വിശദീകരിക്കുകയുണ്ടായി.
എല്ലാ കാര്യങ്ങള്‍ക്കും തിയ്യതികള്‍ കണ്ടെത്താന്‍ അടിസ്ഥാനമാക്കേണ്ട ചന്ദ്രന്റെ കലകളും സ്ഥാനങ്ങളും (അഹില്ലകളും മനാസിലുകളും) മനസ്സിലാക്കാന്‍ നബി തിരുമേനി പഠിപ്പിച്ചതുപോലെ എല്ലാ മാസത്തിലും ചന്ദ്രനിരീക്ഷണം ഒരു ശീലമാക്കാനോ ശാസ്ത്രീയ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താനോ മുസ്‌ലിം ലോകം ഇനിയും തയ്യാറായിട്ടില്ല. എല്ലാ ഭൗതിക കാര്യങ്ങള്‍ക്കും നമസ്‌കാരംപോലെയുള്ള മതകര്‍മ്മങ്ങള്‍ക്കും ശാസ്ത്രീയ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്ന മുസ്‌ലിംകള്‍, വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമായ നിര്‍ദേശങ്ങള്‍ തരികയും പ്രവാചകന്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുതരികയും ചെയ്ത വക്രതയില്ലാത്ത കാലഗണനാ സമ്പ്രദായം പ്രയോഗവല്‍ക്കരിക്കുവാന്‍ ശാസ്ത്രീയ പുരോഗതികള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ അശ്രദ്ധയും അലംഭാവവും കാണിക്കുകയാണ്. ഇസ്‌ലാമിന്റെ കലണ്ടര്‍ സംവിധാനം നിസ്സാരമായി കാണുകയാണ്. പവിത്ര മാസങ്ങളുടെ ലംഘനം സത്യനിഷേധത്തിലുള്ള വര്‍ധനവാണെന്ന് വിശുദ്ധ ഖുര്‍ആന്റെ താക്കീത് അവര്‍ അവഗണിക്കുന്നു.
ഏതൊരു കാര്യത്തിനും നേരത്തെ കണക്കുകൂട്ടി നിശ്ചയിക്കുന്ന ശാസ്ത്രീയമായ കലണ്ടര്‍ അനിവാര്യമാണ്. അത് സൂര്യവര്‍ഷ കലണ്ടറല്ല. ചന്ദ്രമാസ കലണ്ടറാണ് മാസങ്ങളും വര്‍ഷങ്ങളുമടങ്ങുന്ന തിയ്യതികള്‍ ഗ്രഹിക്കാന്‍ അവലംബിക്കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങളില്‍നിന്നും പ്രവാചകാധ്യാപനങ്ങളില്‍നിന്നും നാം മനസ്സിലാക്കി. ചന്ദ്രക്കലകള്‍ കണ്ണുകൊണ്ട് കണ്ടശേഷം മാസം ആരംഭിക്കുകയാണെങ്കില്‍ കലണ്ടര്‍ ഉണ്ടാക്കാനോ പ്രായോഗികമാക്കാനോ സാധിക്കുകയില്ലല്ലോ.
കാലഗണന നടത്താന്‍ സാധിക്കുന്നതായിരിക്കണം കലണ്ടറുകള്‍. എല്ലാ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പ്രത്യേകിച്ച് സൂര്യന്റെയും ചന്ദ്രന്റെയും ഭൂമിയുടെയും സ്ഥാനം ഓരോ നിമിഷത്തിലും കൃത്യമായി കണക്കുകൂട്ടുന്നതില്‍ ശാസ്ത്രം വിജയിച്ചിരിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചന്ദ്രമാസക്കണക്കുകള്‍, അതായത് കലകളും സ്ഥാനങ്ങളും (അഹില്ലകളും മനാസിലുകളും) ‘നോട്ടിക്കല്‍ അല്‍മനാക്കു’കളില്‍ ഇന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. അമേരിക്കയിലെ ‘നാസ’ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്, കൃത്യമായ കണക്കുകളിലാവാന്‍ വേണ്ടി, ചന്ദ്രമാസ തിയ്യതികളെയാണ് അവലംബിക്കുന്നത്. മുഗള്‍ഭരണകാലത്ത് ഇന്ത്യയില്‍ ചന്ദ്രമാസകലണ്ടറാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഗ്രിഗേറിയന്‍ കലണ്ടര്‍ നടപ്പിലാക്കിയത്.
എല്ലാ മുസ്‌ലിംകളും ഗോളശാസ്ത്രം പഠിക്കണമെന്നില്ല. ഗോളശാസ്ത്രപണ്ഡിതന്മാര്‍ ആരായാലും അവരുടെ കണ്ടെത്തലുകള്‍ മുസ്‌ലിംകള്‍ അംഗീകരിക്കണം. ശാസ്ത്രീയ കണ്ടെത്തലുകള്‍ മനുഷ്യകുലത്തിന് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളാണ്. നബി നടപ്പിലാക്കിയ കാലഗണനാസമ്പ്രദായം കുറ്റമറ്റതും മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതുമാണ്. ഹിജ്‌റ വര്‍ഷ ചന്ദ്രമാസക്കലണ്ടറിന്റെ പ്രായോഗികത ലോകത്തെ ബോധ്യപ്പെടുത്താന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അനുഷ്ഠാനങ്ങളും ആഘോഷാവസരങ്ങളും വിവാഹം, യാത്ര തുടങ്ങി തിയ്യതിയെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാര്യങ്ങളും ഈ പ്രകൃതി കലണ്ടറിനനുസൃതമായി നിര്‍വ്വഹിക്കാനും മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണ്.
കടപ്പാട്: thejasnews.com
Add Comment