കുടുംബം-ലേഖനങ്ങള്‍

വിജയികളുടെ ജീവിതചര്യ

1.വിജയശ്രീലാളിതരുടെ ദിനാരംഭം
വിജയത്തിന്റെ നെറുകയെത്തിയ ആളുകള്‍ സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കുന്നവരായിരിക്കും. നേരത്തേ എഴുന്നേറ്റാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയും എന്നതുതന്നെ കാര്യം. പുലര്‍ക്കാലവേളയില്‍ എഴുന്നേല്‍ക്കുന്ന കിളികള്‍ വയറുനിറച്ച് സായന്തനത്തില്‍ മടങ്ങുന്നത് നാം കാണാറില്ലേ!. അതെത്തുടര്‍ന്ന് ആ കിളികള്‍ക്ക് രാത്രി നല്ല ഉറക്കം ലഭിക്കുകയുംചെയ്യുന്നു.
പ്രഭാതനമസ്‌കാരസമയത്ത് എഴുന്നേല്‍ക്കാന്‍ പ്രയാസംതോന്നുന്നുവെങ്കില്‍ അലോസരപ്പെടുത്തുന്ന ശബ്ദമുള്ള അലാറം സെറ്റ് ചെയ്യുക. അത് ബെഡില്‍നിന്ന് ദൂരെ വെക്കുക. അങ്ങനെയാകുമ്പോള്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനെളുപ്പമാണ്.

2. വായിക്കുക, വായിക്കുക
ശകലങ്ങളായും സകലങ്ങളായും ഒട്ടേറെ വിവരങ്ങളും കര്‍മമാര്‍ഗങ്ങളും വായിച്ച് ഗ്രഹിക്കുക. അതെല്ലാം ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ തീര്‍ത്തും ഉപകാരപ്രദമായ കാര്യങ്ങളായിരിക്കും.
എത്രമാത്രം അറിവുണ്ടായിരിക്കുന്നുവോ അത്രമാത്രം ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാനാകും. എത്രമാത്രം വായിക്കുന്നുവോ അത്രയും ലോകത്തെ നിങ്ങള്‍ പരിചയപ്പെടും. അത് നിങ്ങളുടെ ആശയവിനിമയസിദ്ധിയെ പരിപോഷിപ്പിക്കും. ഏത് ജോലിയിലും അഭിവൃദ്ധി നേടാന്‍ അത് വളരെ സഹായിക്കും.
ഒരു പുസ്തകം വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍, അവരുടെ ജീവിതസാഹചര്യങ്ങള്‍, ആഗ്രഹങ്ങള്‍, കഥയിലെ ഉള്‍ത്തിരിവുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഓര്‍ത്തുവെക്കണം. നമ്മുടെ തലച്ചോര്‍ എത്രവേണമെങ്കിലും കാര്യങ്ങളെ ഓര്‍ത്തുവെക്കാന്‍ ശേഷിയുള്ളതാണെന്നത് വിസ്മരിക്കരുത്. നാം പുതുതായി അറിയുന്ന കാര്യങ്ങള്‍ സ്മൃതിയില്‍ സൂക്ഷിക്കാനായി തലച്ചോര്‍ പ്രത്യേകപഥങ്ങള്‍ രൂപപ്പെടുത്തുന്നു. അത് നിലവില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള വിവരങ്ങളെ എളുപ്പം ഓര്‍ത്തെടുക്കാന്‍ പൂര്‍ണമായും സഹായിക്കുംവിധമാണ് സൃഷ്ടിക്കപ്പെടുന്നത്.
വായനയ്ക്കായി എത്രസമയം നീക്കിവെക്കണം എന്നത് വ്യക്തിഗതമാണ്. എന്നാല്‍ അത് ദിനചര്യയുടെ ഭാഗമായിരിക്കണം. അത് അല്ലാഹുവിലേക്കെത്തിക്കുന്നതും ജീവിതത്തെ സംസ്‌കരിക്കുന്നതും ആയിരിക്കണം.

3. ആരോഗ്യത്തിന് മുന്തിയപരിഗണന
മൂല്യവത്തും ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതുമായ ഭക്ഷണശൈലി, വ്യായാമം, ആസക്തിസൃഷ്ടിക്കുന്നവയുടെ വര്‍ജനം തുടങ്ങിയവ വിജയത്തിലേക്ക് നയിക്കുന്ന സ്വഭാവശീലങ്ങളാണ്. പൊതുവില്‍ പറഞ്ഞാല്‍, നമ്മുടെ ശരീരത്തിനും വികാരങ്ങള്‍ക്കും മനസ്സിനും ഗുണപ്രദമായ കാര്യങ്ങളാണ് അവ. അത്തരത്തിലുള്ള ശീലങ്ങള്‍ സദാ സന്തോഷവാനും സംതൃപ്തനുമായിരിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളെ സഹായിക്കും.

ഗുണകരമായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അല്‍പം പ്രയാസം തോന്നാം. അടിയുറച്ച ഇച്ഛാശക്തിയും ആരോഗ്യചിന്തകള്‍ക്ക് മുന്‍ഗണനയര്‍പ്പിക്കുന്ന മനോഗതിയും ഉണ്ടെങ്കില്‍മാത്രമേ അത് മുറുകെപ്പിടിക്കാനാവുകയുള്ളൂ. ആരോഗ്യത്തിനുവേണ്ടി പ്രിയപ്പെട്ടതും ആസ്വാദ്യകരവുമായ പലതും ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ അത് പ്രായ-ലിംഗ-ശാരീരിക പ്രത്യേകതകളെ മറികടന്നും ഒട്ടേറെ സദ്ഫലങ്ങള്‍ നേടിത്തരും.

4. മറ്റുള്ളവരുടെ നേട്ടങ്ങളല്ല നമ്മുടെ വിജയത്തിന്റെ അളവുകോല്‍
മറ്റുള്ള ആളുകളുടെ വിജയപഥങ്ങള്‍ നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു. എന്നല്ല, അവരുടെ പരാജയങ്ങളില്‍നിന്ന് ഗുണപാഠങ്ങളേറെ പകര്‍ന്നുകിട്ടും. അവരെ വിജയികളാക്കാന്‍ എന്തൊക്കെയാണ് സഹായിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാനാകും. പക്ഷേ, അവരുടെയും നമ്മുടെയും വിജയങ്ങളെ താരതമ്യം ചെയ്യുന്നത് നമ്മില്‍ അസൂയ, സമ്മര്‍ദ്ദം, അപകര്‍ഷാബോധം എന്നിവ ഉണ്ടാക്കാനേ ഉപകരിക്കൂ എന്നതും നാം മറന്നുപോകരുത്.

പൊതുവെ ആളുകള്‍ സ്വജീവിതത്തിന്റെ ജയ-പരാജയങ്ങളെ വിലയിരുത്തുന്നത് മറ്റുള്ള ആളുകളെ അളവുകോലാക്കിയാണ്. അതാകട്ടെ, വിജയികളായ ആളുകളെ മുന്‍നിര്‍ത്തി മാത്രമാണുതാനും.മറ്റുള്ള ആളുകള്‍ എന്തെല്ലാം നേടിയെന്നതല്ല, നമുക്ക് എന്ത് ചെയ്യാനാകുമെന്നതാണ് നാം ചിന്തിക്കേണ്ടത്. മറിച്ചായാല്‍ നമ്മുടെ മാനദണ്ഡം തെറ്റിപ്പോകുകയും നമ്മില്‍ അസൂയയും മാനസികസമ്മര്‍ദ്ദവും വര്‍ധിച്ചുവരികയുംചെയ്യും. അതിനാല്‍ അസൂയക്ക് കാരണമാകുന്ന ചിന്തകളെ തിരിച്ചറിയുകയും അത് വളര്‍ന്നുവലുതാകാതെ മുളയിലേ നുള്ളിക്കളയുകയും ചെയ്യുക.

ജേതാക്കള്‍ തങ്ങളുടെ യാത്ര അനുപമവും പ്രത്യേകതകളുള്ളതും താരതമ്യങ്ങളില്ലാത്തതാണെന്നും തിരിച്ചറിയുന്നു. അതിനാല്‍ അവര്‍ തങ്ങളുടെ ലക്ഷ്യബോധത്തില്‍ ശ്രദ്ധയുള്ളവരും അശ്വസമാന ചടുലതയോടെ മുന്നോട്ടുകുതിക്കുന്നവരുമായിരിക്കും.

5. സമയബോധം
ജീവിതത്തിലെ ഓരോ നിമിഷവും അവസാനത്തേതാണെന്ന ചിന്തയില്‍ ഫലപ്രദമായി വിനിയോഗിക്കുന്നവരാണ് വിജയികള്‍. തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് അവര്‍ കഠിനപ്രയത്‌നം നടത്തും. അങ്ങനെ അവര്‍ ചരിത്രം സൃഷ്ടിക്കും. ജീവിതത്തിലെ വിവിധഘട്ടങ്ങളില്‍ അറിയുന്ന പാഠങ്ങളെ പരിപോഷിപ്പിച്ചും മാറ്റിത്തിരുത്തിയും നടത്തുന്ന യാത്രയാണ് വിജയം.
വിജയികള്‍ ജീവിതത്തിലെ ഓരോ പാഠങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചുതന്നെ മുന്നോട്ടുനീങ്ങുകയും ഉയരങ്ങള്‍ കീഴടക്കുകയുംചെയ്യും.

Topics