വിശ്വാസം-ലേഖനങ്ങള്‍

വസന്ത കാലത്തിന് ഹിജ്‌റ നല്‍കുന്ന പാഠം

അറബ് വസന്തത്തിന്റെ അനുരണനങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മുസ്ലിം ലോകം 1434 ാം ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഹിജ്‌റയും അറബ് വസന്തവും പ്രത്യക്ഷ ബന്ധമില്ലെങ്കിലും, വസന്ത കാലത്തിന് ഹിജ്‌റ നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. വസന്തത്തിനു ശേഷമുള്ള കാലഘട്ടത്തെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഉതകുന്നതാണ് ഹിജ്‌റ നല്‍കുന്ന പാഠങ്ങള്‍.

ചരിത്രത്തിലെ നാഴിക കല്ലുകള്‍
ഇസ് ലാമിക ചരിത്രത്തിലെ പ്രധാന വഴിത്തിരിവും നാഴിക കല്ലുമായിരുന്നു ഹിജ്‌റ.

ഹിജ്‌റക്കു ശേഷം മദീനയില്‍ മുസ്ലിംകള്‍ സ്വതന്ത്ര ഇസ് ലാമിക രാഷ്ട്രം സ്ഥാപിക്കുകയും, മത-ഗോത്ര- ലിംഗ ഭിന്നതകളില്ലാതെ നീതിയും സമത്വവും സ്വാതന്ത്ര്യവും നിറഞ്ഞ ഒരു ഇസ് ലാമിക രാഷ്ടമായി മദീന മാറുകയും ചെയ്തു. ഇസ് ലാമിക അധ്യാപനങ്ങള്‍ പൂര്‍ണമായും ജീവിതത്തിലേക്ക് പകര്‍ത്താന്‍ വിശ്വാസികള്‍ക്ക് മദീനയിലേക്കുള്ള ഹിജ്‌റയിലൂടെ സാധിച്ചു. അതോടൊപ്പം മദീനയിലെ അയല്‍ രാജ്യങ്ങളുമായും ഗോത്രങ്ങളുമായും ഇസ് ലാമിക രാഷ്ട്രം സമാധാന കരാറിലേര്‍പ്പെടുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഏകാധിപത്യ ഭരണകൂടങ്ങളെ മറിച്ചിട്ട അറബ് വസന്തം, അറേബ്യന്‍ ചരിത്രത്തിലെ പുതിയ വഴിത്തിരിവാണ്. വര്‍ഷങ്ങളായി നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനതക്ക് സ്വാതന്ത്ര്യവും നീതിയും സമത്വവും വകവെച്ചു കൊടുക്കാന്‍ വസന്ത കാലത്തെ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്. അറബ് വസന്തത്തിന് ഹിജ്‌റ നല്‍കുന്ന ഒന്നാമത്തെ പാഠവും അതാണ്. മദീനയില്‍ പ്രവാചകന്‍ സ്ഥാപിച്ച പോലെ നീതിയിലും സമത്വത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഒരു ഭരണമാണ് വസന്താനന്തര അറേബ്യയില്‍ നിലവില്‍ വരേണ്ടത്.

പ്രതീക്ഷ കൈവിടരുത്
നേടിയെടുക്കേണ്ട ലക്ഷ്യത്തെ കുറിച്ച് നിരാശ പാടില്ലായെന്നതാണ് ഹിജ്‌റ നല്‍കുന്ന മറ്റൊരു പാഠം. ഉന്നതമായ ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ശുഭാപ്തി വിശ്വാസം അനിവാര്യമാണ്. പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം എളുപ്പവും വിജയവുമുണ്ടെന്നത് അല്ലാഹു നല്‍കിയ വാഗ്ദാനമാണ്. ‘എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും’ (ശര്‍ഹ് 5,6). പ്രവാചകനും അനുചരന്‍മാരും ദൈവിക വാഗ്ദാനത്തില്‍ അടിയുറച്ച ബോധ്യമുള്ളവരും, പ്രയാസ ഘട്ടങ്ങളില്‍ പ്രതീക്ഷയോടെ മുന്നേറിയവരുമായിരുന്നു. ഹിജ്‌റയുടെ വേളയില്‍, സൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കുമ്പോള്‍ ശത്രുക്കള്‍ വളരെ അടുത്തെത്തിയ സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ സഹായത്തില്‍ ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തിയ പ്രവാചകന്‍ നമുക്ക് ഉത്തമ മാതൃകയാകുന്നു: ‘അവര്‍ രണ്ടു പേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട് ‘ദുഃഖിക്കേണ്ട തീര്‍ച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)’ (തൗബ 40).
ഖുറൈശികളുടെ പീഡനത്തില്‍ നിന്നും അക്രമ മര്‍ദനങ്ങളില്‍ നിന്നും അല്ലാഹു പ്രവാചകനെയും അനുയായികളെയും രക്ഷപ്പെടുത്തി. ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ അവര്‍ സ്വതന്ത്രരും സുരക്ഷിതരുമായിരുന്നു. സ്വതന്ത്രവും സുരക്ഷിതവുമായ മദീനാ ജീവിതം അവര്‍ ഉപയോഗപ്പെടുത്തിയത് നീതിയുടെയും സമാധാനത്തിന്റെയും ഉന്നതമായ മാനവിക മൂല്യങ്ങളുടെയും വ്യാപനത്തിനു വേണ്ടിയായിരുന്നു.
അക്രമ- മര്‍ദ്ദക ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും, ജനകീയ വിപ്ലവങ്ങള്‍ക്ക് ഏകാധിപത്യ ഭരണങ്ങളെ അട്ടിമറിക്കാനാകുമെന്ന് അറബ് വസന്തം തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ നീതിയിലും മാനവിക മൂല്യങ്ങളിലുമുള്ള പ്രതീക്ഷ കൈവെടിയരുത്. സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യം എല്ലാകാലത്തുമുണ്ടാവുകയില്ലെന്ന ചരിത്രം അറബ് വസന്തത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

മാറ്റം ഏറ്റവും മികച്ചതിലേക്ക്
തെറ്റുകളില്‍ നിന്ന് അകന്ന് നില്‍ക്കാനും ഏറ്റവും മികച്ചതിനെ പിന്തുടരാനുമാണ് ഹിജ്‌റ പഠിപ്പിക്കുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു: ‘അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവനാണ് മുഹാജിര്‍’. ദുഷ്‌ചെയ്തികളെ തൊട്ട് അകന്ന് നില്‍ക്കാനും ഉന്നതമായ ധാര്‍മ്മികവും മാനുഷികവുമായ ഗുണങ്ങള്‍ മുറുകെ പിടിക്കുകുയും ചെയ്യുമ്പോഴേ യഥാര്‍ത്ഥ മൂഹാജിര്‍ ആകാന്‍ സാധ്യമാകൂ.
ഏകാധിപതികള്‍ നടപ്പിലാക്കിയ, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പരിഗണനയില്ലാതിരുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യഭ്യാസ നിലപാടുകളില്‍ സമൂലമായ മാറ്റം വിപ്ലവാനന്തര ജനത ആഗ്രഹിക്കുന്നുണ്ട്. പക്ഷപാതിത്വങ്ങളില്ലാതെ, ജനങ്ങള്‍ക്കെല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും ലഭ്യമാകുന്ന ഏറ്റവും മികച്ച ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ജനകീയ ഭരണം
ഹിജ്‌റക്ക് ശേഷം പ്രവാചകന്‍ (സ) മദീനയില്‍ ഇസ് ലാമിക രാഷ്ട്രം സ്ഥാപിക്കുമ്പോള്‍, മദീന വ്യത്യസ്ത മത വിഭാഗങ്ങളും സംസ്‌കാരങ്ങളും അടങ്ങിയതായിരുന്നു. മുസ്ലിംകള്‍ മാത്രമായിരുന്നില്ല മദീനയിലുണ്ടായിരുന്നത്. ജൂതരും ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത അറബികളും അവിടെ താമിസിച്ചിരുന്നു. എന്നാല്‍, എല്ലാ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും തുല്യമായ പരിഗണനയും സ്വാതന്ത്ര്യവും നല്‍കിക്കൊണ്ടുള്ള ഭരണക്രമമായിരുന്നു പ്രവാചകന്‍ മദീനയില്‍ അനുവര്‍ത്തിച്ചത്. ആശയാദര്‍ശങ്ങളിലുള്ള വൈജാത്യത്തോടൊപ്പം പരസ്പരം സഹകരണത്തിന്റെ പുതിയ മാതൃക പ്രവാചകന്‍ (സ) ലോകത്തിനു പരിചയപ്പെടുത്തി. വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന മദീനയില്‍ ഐക്യം നിലനിര്‍ത്താനും, മത സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനും പ്രവാചകന്റെ നേതൃത്വത്തില്‍ ഉടമ്പടിയുണ്ടാക്കുകയും ചെയ്്തു.
്ഏകാധിപത്യവും അനീതിയും അവസാനിപ്പിച്ച് സ്വാതന്ത്ര്യവും സമത്വവും നീതിയും പൂത്തുലയുന്ന പുതിയ കാലം കെട്ടിപ്പടുക്കുവാനുള്ള ഏറ്റവും മികച്ച അവസരമാണ് അറബ് വസന്തം അറേബ്യന്‍ ലോകത്തിനു നല്‍കിയിരിക്കുന്നത്. ഏതെങ്കിലും മതത്തോടോ പ്രത്യേക വിഭാഗങ്ങളോടോ പക്ഷപാതിത്വങ്ങളൊന്നുമില്ലാതെ, സ്വതന്ത്രവും നീതി പൂര്‍വ്വവുമായ പൂതിയ രാജ്യത്തെ കെട്ടിപ്പടുക്കാന്‍ വസന്തം വിരിഞ്ഞ രാജ്യങ്ങളില്‍ ശക്തമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുവെന്നത് ശുഭസൂചകമാണ്. ഈജിപ്തും ലിബിയയും തുണീഷ്യയും ഈ മേഖലയില്‍ കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. അറബ് വസന്തം അറബ് ജനതക്കും ലോക ചരിത്രത്തിനും ഒരു പുതിയ വഴിത്തിരിവായി മാറിക്കൊണ്ടിരിക്കുന്നു. ഹിജ്‌റയെ ലോകം സ്മരിക്കുമ്പോള്‍, പുതിയ കാലത്ത് വസന്തം വിരിഞ്ഞ അറബ് രാഷ്ട്രങ്ങളും ഹിജ്‌റയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങിയാല്‍ ലോക ജനതക്ക് മാതൃകയായിരിക്കുമത്.

Topics