വിശ്വാസം-ലേഖനങ്ങള്‍

വഴിത്തിരിവുകളുണ്ടാക്കുന്ന തീരുമാനങ്ങള്‍

ഏതാനും ആദ്യകാലസുഹൃത്തുക്കളോടൊപ്പം ഒരു മനോഹരമായ സദസ്സില്‍ ഇരിക്കുകയായിരുന്നു ഞാന്‍. പഴയകാല സ്മരണകളായിരുന്നു ഞങ്ങളുടെ സംസാരവിഷയം.  കൂട്ടുകാരില്‍ രണ്ടാളുകളുടെ നിലവിലുള്ള അവസ്ഥയില്‍ തീര്‍ത്തും അല്‍ഭൂതം കൂറി ഞങ്ങളില്‍ ഒരുവന്‍ സംസാരിച്ചു. അവരില്‍ ആദ്യത്തെയാള്‍ അങ്ങേയറ്റം ബുദ്ധിശക്തിയും കഴിവുമുള്ള വ്യക്തിയായിരുന്നു. പക്ഷെ തന്റെ കഴിവിനും ബുദ്ധിസാമര്‍ഥ്യത്തിനും യോജിച്ച, അര്‍ഹമായ അവസ്ഥയിലല്ല അദ്ദേഹമിന്നുള്ളത്. ശരാശരിയിലും താഴെ മാത്രം ബൗദ്ധികനിലവാരം പുലര്‍ത്തിയിരുന്ന, എന്നാല്‍ അസാമാന്യമായ വിജയവും നേട്ടവും കൊയ്‌തെടുത്തുകൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു രണ്ടാമന്‍. ഞാന്‍ വളരെ വേഗത്തില്‍ ഇടപെട്ടു കൊണ്ട് എന്റെ അഭിപ്രായം കൂട്ടിച്ചേര്‍ത്തു. ‘ആദ്യത്തെയാളുടെ കൈവശമില്ലാത്ത ഒരു കീ രണ്ടാമത്തെയാളുടെ കയ്യിലുണ്ട്. ഇതുകേട്ട സുഹൃത്തുക്കളെല്ലാവരും ഏകസ്വരത്തില്‍ എന്നോട് ചോദിച്ചു ‘ഏതാണ് ആ കീ?’. ഞാന്‍ പറഞ്ഞു ‘തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്’.

നമ്മുടെ തീരുമാനങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തെ മുന്നോട്ടുവരക്കുന്നത്. വരാനിരിക്കുന്ന വിഷയങ്ങളിലെ നമ്മുടെ തീരുമാനമാണ് നമ്മുടെ നാളെയെ നിര്‍ണയിക്കുക. നമ്മുടെ ജീവചരിത്രം ഒരു ഗ്രന്ഥമാണെങ്കില്‍ അതിന്റെ പുറം ചട്ടയില്‍ നല്‍കാവുന്ന ഏറ്റവും അനുയോജ്യമായ പേര് ‘തീരുമാനത്തിന്റെ കഥ’ എന്ന് തന്നെയാണ്. മറ്റുള്ളവരുടെ ജീവിത അനുഭവങ്ങളല്ല നമ്മുടെ ജീവിതം. അവര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ അതുപോലെ നമുക്ക് ഒരിക്കലും ആവര്‍ത്തിക്കപ്പെടുകയില്ല. 

ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി ബദല്‍ തെരഞ്ഞെടുക്കുക എന്നാണ് ഏകദേശം മിക്ക പരിശീലകരും തീരുമാനത്തെ നിര്‍വചിച്ചിരിക്കുന്നത്. പക്ഷെ ഈ നിര്‍വചനത്തോട് എനിക്ക് വിയോജിപ്പുണ്ട്. കാരണം തെരഞ്ഞെടുപ്പിനേക്കാള്‍ വിശാലമായ പ്രയോഗമാണ് തീരുമാനം എന്നത്. ചില സന്ദര്‍ഭത്തില്‍ ബദല്‍ ഇല്ലാതിരിക്കുകയും അവയെ സൃഷ്ടിക്കേണ്ട, കണ്ടെത്തേണ്ട ചുമതല നമ്മുടെ മേല്‍ അര്‍പ്പിതമാവുകയും ചെയ്യാറുണ്ട്. ലഭ്യമായ ബദലുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും അത്. മുന്നിലുള്ള ബദലുകളെ നാം അവലംബിക്കുന്നതോടെ പല അബദ്ധങ്ങളും നമുക്ക് സംഭവിക്കാന്‍ സാധ്യതയുണ്ട്. ഉദാഹണമായി ഞാന്‍ താങ്കളോട് ചോദിക്കുന്നു ‘ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. അയല്‍വീട്ടിലെ അംഗങ്ങള്‍ അഞ്ചോ മൂന്നോ? ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തെരെഞ്ഞെടുക്കാന്‍ നല്‍കിയ ഉത്തരങ്ങള്‍ തെറ്റാണ്. കാരണം ശരിയായ ഉത്തരം ഒമ്പത് എന്നതാണ്. അതിനാല്‍ തന്നെ തന്നിരിക്കുന്നവയില്‍നിന്ന് തെരഞ്ഞെടുക്കാന്‍ തുനിഞ്ഞാല്‍ താങ്കള്‍ക്ക്  അബദ്ധംപിണഞ്ഞേക്കാം. 

നിര്‍ബന്ധമായും ചെയ്യേണ്ട, ഒഴിവാക്കേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ് തീരുമാനം. അതിനാല്‍ തന്നെ അടിസ്ഥാനപരമായി രണ്ട് ഘടകങ്ങളാണ് തീരുമാനത്തെ രൂപപ്പെടുത്തുന്നത്. തീരുമാനം പാകപ്പെടുത്തുന്ന, അതിന്റെ രൂപം നിര്‍ണയിക്കുന്ന അടുക്കളയാണ് അവയില്‍ ആദ്യത്തേത്. രണ്ടാമത്തേത് അവ നടപ്പാക്കുന്ന രീതിയും, പ്രായോഗികതയുമാണ്. കൂടുതല്‍ ജനങ്ങളും സ്വന്തമായി തീരുമാനമെടുക്കുകയും അവ നടപ്പാക്കുന്നതില്‍ മറ്റുള്ളവരെ അനുകരിക്കുകയുമാണ് ചെയ്യുന്നത്. തങ്ങളുടെ കാര്യത്തില്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ച് അശ്രദ്ധരാണ് അവര്‍. തന്റെ തീരുമാനത്തില്‍ വീഴ്ച വരുത്തുന്നവന് സ്വയം നിയന്ത്രിക്കാന്‍ സാധിക്കില്ല. പരിചിതമായ മാര്‍ഗങ്ങളിലൂടെയല്ലാതെ തീരുമാനം നടപ്പിലാക്കുക എന്നതായിരിക്കണം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം. നമ്മുടെ തീരുമാനങ്ങളില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തുന്ന  ഘടകമാണ് ഭയം. ഭയം തീരുമാനത്തെ ബാധിച്ചാല്‍ ആ തീരുമാനം കൊല്ലപ്പെട്ടുവെന്നാണ് അര്‍ത്ഥം. ഒന്നിനെയും ഭയപ്പെടാതെ പ്രത്യാശയോടെ തീരുമാനമെടുക്കാന്‍ മുന്നോട്ടുവരികയാണ് നാം ചെയ്യേണ്ടത്. 

Topics