വിശ്വാസം-ലേഖനങ്ങള്‍

വഞ്ചകന്‍ അപമാനിക്കപ്പെടും

നെപ്പോളിയന്റെ നേതൃത്വത്തില്‍ ഓസ്ട്രിയക്കെതിരെ യുദ്ധം നടക്കുകയാണ്. അതിനിടെ ഒരു ഓസ്ട്രിയന്‍ ഓഫീസര്‍ വന്ന് നെപ്പോളിയന് സൈനിക രഹസ്യങ്ങള്‍ കൈമാറി. ഓസ്ട്രിയക്കുമേല്‍ വളരെ എളുപ്പത്തില്‍ വിജയം നേടാന്‍ ഫ്രഞ്ച് സൈന്യാധിപനായ നെപ്പോളിയനെ അവ സഹായിച്ചു. ഓസ്ട്രിയന്‍സുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം തന്റെ സഹായത്തിന്റെ പ്രതിഫലം സ്വീകരിക്കാന്‍ ആ ഓഫീസര്‍ നെപ്പോളിയന്റെ മുന്നിലെത്തി. ഒരു കീസ് നിറയെ സ്വര്‍ണം നിലത്തിട്ടതിന് ശേഷം അതെടുത്ത് സ്ഥലംവിട്ടുകൊള്ളാന്‍  നെപ്പോളിയന്‍ അയാളോട് പറഞ്ഞു. പക്ഷേ ഓസ്ട്രിയന്‍ ഓഫീസര്‍ അതുകൊണ്ടുമാത്രം സംതൃപ്തനായില്ല. അദ്ദേഹം നെപ്പോളിയനോട് പറഞ്ഞുവത്രെ ‘ചക്രവര്‍ത്തിയുമായി ഹസ്തദാനം നടത്താനുള്ള ഭാഗ്യമാണ് എനിക്ക് വേണ്ടത്’. നെപ്പോളിന്‍ അയാള്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘താങ്കളെപ്പോലുള്ളവര്‍ക്ക് സ്വര്‍ണമാണ് യോജിച്ചത്. സ്വന്തം രാഷ്ട്രത്തെ വഞ്ചിച്ച ഒരാള്‍ക്ക് ഞാന്‍ കൈ കൊടുക്കുകയില്ല’.

  എല്ലാ സംസ്‌കാരങ്ങളും, ജനതകളും ഒരുപോലെ വെറുക്കുന്ന മോശപ്പെട്ട സ്വഭാവമാണ് വഞ്ചനയെന്നത്. എന്നാല്‍ അവയ്‌ക്കെല്ലാം മുകളില്‍ ‘അല്ലാഹു വഞ്ചകന്മാരെ ഇഷ്ടപ്പെടുകയില്ല’ എന്ന് പ്രഖ്യാപിച്ചു. വിപ്ലവനായകന്‍ ചെഗുവേരയിലേക്ക് ചേര്‍ത്തുപറയാറുള്ള ഒരു വചനമുണ്ട് ‘സ്വന്തം നാട് വില്‍ക്കുകയോ, രാഷ്ട്രത്തെ വഞ്ചിക്കുകയോ ചെയ്തവന്‍, പിതാവിന്റെ സമ്പത്ത് മോഷ്ടിച്ച കള്ളന് കഞ്ഞി വെച്ചവന് തുല്യമാണ്. പിതാവ് അവന് വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയോ, കള്ളന്‍ അവന് പ്രത്യുപകാരം ചെയ്യുകയോ ഇല്ല’. 

ലാറ്റിന്‍ ജനത സാധാരണയായി പറയാറുള്ള ഒരു കാര്യമുണ്ട്; ‘വഞ്ചകന്മാര്‍ എന്നും അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കും. അവരെ വാടകക്കെടുത്ത് മുതലെടുക്കുന്നവര്‍ ഇല്ലാത്തിടത്തോളം കാലം’. വഞ്ചനയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറുന്നതിന് അനുസരിച്ച് നിന്ദ്യതയിലേക്ക് ആണ്ടുപോവുകയാണ് വഞ്ചകന്‍ ചെയ്യുന്നത്.

ആദരണീയമായ കരാര്‍ പിച്ചിച്ചീന്തുന്ന പ്രവര്‍ത്തനമാണ് വഞ്ചന. ഈ കരാറുകള്‍ പലവിധത്തിലാണ്. അല്ലാഹു പറയുന്നു: ‘അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും പ്രവാചകനെയും അറിഞ്ഞുകൊണ്ട് വഞ്ചിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പിച്ചവയിലും നിങ്ങള്‍ വഞ്ചന കാണിക്കരുത്’. ഇത് ഏതെങ്കിലും ഒരു അമാനത്ത് അല്ല, ഒട്ടേറെ അമാനത്തുകളാണ്. സ്വഭാവത്തിലെ ന്യൂനതയും ചിന്തകളിലെ അപഭ്രംശവുമാണ് വഞ്ചന. അതിനാലാണ് അബ്ബാസ് മഹ്മൂദ് അഖ്ഖാദ് ഇപ്രകാരം പറഞ്ഞത് ‘മനസ്സാക്ഷിയുടെ വഞ്ചനയും, യഥാര്‍ത്ഥ ലോകത്തെ വഞ്ചനയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടാമത്തെത് പ്രായോഗിക ലോകത്ത് തെളിഞ്ഞുവെന്ന് മാത്രം’.

ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഞൊണ്ടിന്യായങ്ങള്‍ ഉന്നയിച്ച് രക്ഷപ്പെടാന്‍ കഴിവുള്ളവരാണ് വഞ്ചകന്മാര്‍. പക്ഷെ മനോഹര ന്യായങ്ങള്‍ ഒരിക്കലും വൃത്തികെട്ട ശരീരത്തെ പുതക്കാന്‍ പര്യാപ്തമല്ല. ഇത്തരം വഞ്ചകന്മാര്‍ക്ക് പൊതുസമൂഹത്തില്‍ സ്വാധീനവും, സ്ഥാനവുമുണ്ടെങ്കില്‍ അപകടത്തിന്റെ തോത് ഒന്നുകൂടി വര്‍ധിക്കുന്നു. വഌഡ്മിര്‍ ലെനിന്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു ‘സംസ്‌കാര സമ്പന്നരാണ് ഏറ്റവും കൂടുതല്‍ വഞ്ചന കാണിക്കുന്നത്’. കാരണം തങ്ങളുടെ വഞ്ചനയെ ന്യായീകരിക്കാനും പാകപ്പെടുത്തിയെടുക്കാനും കഴിവുള്ളവരാണ് അവര്‍.

എല്ലാ പവിത്രമായ ബന്ധങ്ങളിലും കടന്നുകയറി അവയെ തുരന്നുതീര്‍ക്കുന്ന  കീടമാണ് വഞ്ചന. ദാമ്പത്യവും, കുടുംബബന്ധവും, സുഹൃത് ബന്ധവുമൊന്നും ഇതില്‍ നിന്ന് രക്ഷപ്പെടുകയുണ്ടായില്ല. ആഗ്രഹം പുരുഷനെ വഞ്ചനയില്‍ വീഴ്ത്തുന്നു. പ്രതികാരം സ്ത്രീയെ വഞ്ചനയിലേക്ക് നയിക്കുന്നു.

ഐറിഷുകാര്‍ പറയാറുണ്ട് ‘പിന്നില്‍ വഞ്ചകനായ നായയുണ്ടാവുന്നതിനേക്കാള്‍ ഭേദം മുന്നില്‍ വേട്ടക്കിറങ്ങിയ സിംഹമുണ്ടാവുന്നതാണ്’. അറബ് ലോകത്ത് പ്രസിദ്ധമായ രണ്ട് വരി കവിതകളുണ്ട്.

‘ഞാന്‍ എല്ലാ ദിവസവും അവന് അമ്പെയ്ത്ത് പഠിപ്പിച്ചു കൊടുത്തു. അവനത് പഠിച്ച് കഴിഞ്ഞപ്പോള്‍ എനിക്കെതിരെ അമ്പെറിഞ്ഞു. അവന് ഞാന്‍ വൃത്തവും ഖാഫിയയും പഠിപ്പിച്ചുകൊടുത്തു. അവന്‍ കവിതയെഴുത്ത് പഠിച്ചപ്പോള്‍ എന്നെ ആക്ഷേപിക്കുകയും ചെയ്തു’.

നാം ആദരിക്കുന്ന ഉറ്റമിത്രങ്ങളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ വഞ്ചനയേല്‍ക്കേണ്ടി വരുന്നതാണ് ഏറ്റവും വേദനാജനകം. അവന്റെ വഞ്ചനയുടെ സകല ഭാരവും നിന്റെ മുതുകില്‍ ചേര്‍ത്ത് വെച്ച് തടിയൂരുകയാണ് അവന്‍ ചെയ്യുക. വഞ്ചനയുടെ കറുത്ത ഇലകള്‍ നമ്മുടെ മരത്തില്‍ നിന്ന് കൊഴിച്ചുകളയാന്‍ കരാര്‍ പാലനത്തിന്റെ വേരുകള്‍ വെള്ളമൊഴിച്ച് ഉറപ്പിക്കുകയാണ് നാം ചെയ്യേണ്ടത്.

Topics