വിശ്വാസം-ലേഖനങ്ങള്‍

ലാ ഇലാഹ ഇല്ലല്ലാഹ്; സ്വര്‍ഗത്തിലേക്കുള്ള താക്കോല്‍

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹു. ഈ പരിശുദ്ധ വാക്യമാണ് സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ടിക്കറ്റ് ഉറപ്പാക്കുന്നത്. ഈ വിശുദ്ധ വാക്യം മരണ സമയത്ത് ഉച്ചരിക്കാന്‍ സത്യവിശ്വാസികള്‍ക്കു ഭാഗ്യമുണ്ടാകണം. അല്ലാഹു സത്യ വിശ്വാസികള്‍ക്കാണ് ആ ഭാഗ്യം നല്‍കുക. നമ്മുടെ വിശ്വാസവും നാമും തമ്മിലെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ വചനം. നമുക്കും സ്വര്‍ഗത്തിനുമിടയിലെ നിര്‍ണ്ണായക ശക്തിയാണ് കലിമത്തു ത്തൗഹീദ് അഥവാ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത്.

ഇക്കാര്യത്തില്‍ നാം അശ്രദ്ധരാവുകയാണെങ്കില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും. അത് നിങ്ങള്‍ക്ക് കിട്ടിയാല്‍ നിങ്ങള്‍ എല്ലാം കിട്ടി. നിങ്ങള്‍ക്ക് ഈമാനുണ്ടെങ്കില്‍ എല്ലാമുണ്ട്. ഇല്ലെങ്കില്‍ മറ്റെല്ലാമുണ്ടായിട്ട് എന്തുകാര്യം? 

അല്ലാഹു ആ കാര്യം നമുക്ക് ഏറ്റവും എളുപ്പമാക്കിത്തരട്ടെ. അല്ലാഹു  മരണ സമയത്ത് നമുക്ക് കലിമത്തു ത്തൗഹീദ് ഉച്ചരിച്ചു കൊണ്ട് മരിക്കാനുള്ള ഉതവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. പ്രവാചകന്‍ തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു: ‘തന്റെ ജീവിതത്തിലെ അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിച്ച് മരിക്കുന്ന ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. 

തന്റെ അവസാന നിമിഷം ലാഇലാഹ ഇല്ലല്ലാഹു എന്നുച്ചരിച്ച് ആരാണോ മരണപ്പെടുന്നത് അവന് സ്വര്‍ഗമുണ്ടെന്നാണ് ഈ ഹദീസ് നേര്‍ക്കു നേരെ നമ്മോടു പറയുന്നത്. പ്രവാചകപിതൃവ്യനായ അബൂ ത്വാലിബ് മരണാസന്നനായി കിടന്നപ്പോള്‍ പ്രവാചകന്‍ അവസാനവട്ടശ്രമം നടത്തുകയാണ്; അദ്ദേഹത്തിന്റെ മനസ്സില്‍ ഈമാനിന്റെ വെളിച്ചമെത്തിക്കുവാന്‍. മരണമടുത്ത അവസാനനാളുകളില്‍  പേരും പ്രശസ്തിയും കുടുംബ മഹിമയും എല്ലാമുണ്ട്, ഈമാനൊഴികെ. ഹൃദയത്തില്‍ വിശ്വാസം പ്രവേശിച്ചിട്ടില്ല എന്ന കുറവ് മാത്രം. പക്ഷേ അതിനേക്കാള്‍ വലിയ കുറവ് എന്താണുള്ളത് ഈ ലോകത്ത്. 

പ്രവാചകന്‍ തിരുമേനി അദ്ദേഹത്തിന്റെ അരികില്‍ ചെന്നിരുന്നു മുഖത്തേക്കു നോക്കിയിട്ടു പറഞ്ഞു:’ എന്റെ പ്രിയപ്പെട്ട പിതൃസഹോദരാ, താങ്കള്‍ ഒരു വാക്ക് (കലിമതുത്തൗഹീദ്) ഉച്ചരിക്കൂ. അതുകൊണ്ട് ഖിയാമത്ത് നാളില്‍ ഞാന്‍ അങ്ങേക്കു വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യാം’. പ്രവാചകന്റെ ആവശ്യം വളരെ നിസ്സാരമാണ്. ഒരിക്കലെങ്കിലും ഒരു പ്രാവശ്യമെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കു ഉച്ചരിക്കണം. അങ്ങനെയെങ്കില്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ എത്തുമ്പോള്‍ പ്രവാചകന്‍ പിതൃവ്യന് വേണ്ടി അല്ലാഹുവോട് ശിപാര്‍ശചെയ്യും. 

അല്ലാഹുവിന് എല്ലാ മനുഷ്യരെയും സൂക്ഷ്മമായി അറിയാം. അല്ലാഹുവിന് അറിയാം എന്നു പറയുന്നത് നാം പരസ്പരം അറിയുന്നതിനേക്കാള്‍  എത്രയോ ആഴത്തിലും പരപ്പിലും അറിയാമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരി നമ്മെ വ്യക്തിപരമായി അറിയുന്നുവെന്നുവെങ്കില്‍ നാം അത് എത്രമാത്രം വലിയ അംഗീകാരമായാണ് കരുതുന്നത്. അതിനേക്കാള്‍ എത്രയോ വലിയ അംഗീകാരമാണ് അല്ലാഹു നമ്മെ അടുത്തറിയുന്നുവെന്നത്. 

വളരെ ഉയര്‍ന്ന ഒരാള്‍ നമ്മെ പേരെടുത്ത് പറയുമ്പോള്‍, വിളിക്കുമ്പോള്‍ നാം അഭിമാനപുളകിതരാകാറുണ്ട്. അല്ലാഹുവിന് നമ്മുടെ ഊരും പേരും ബന്ധുജനങ്ങളെയും നമ്മുടെ സ്വഭാവങ്ങളും എല്ലാം അറിയാം. അല്ലാഹു നമ്മെ ഇഷ്ടപ്പെടുന്നു സ്‌നേഹിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമേതാണ്? നാം അല്ലാഹുവിന്റെ അടുക്കലേക്കു മടങ്ങുന്ന ദിവസമാണ്. നമ്മേ അയച്ചവന്റെ അടുക്കലേക്കു തന്നെ മടങ്ങുന്ന ദിവസമാണത്. ഒരു സത്യവിശ്വാസിയുടെ സമ്മാനം അവന്റെ മരണ ദിനമാണെന്ന് പൂര്‍വ സൂരികള്‍ പറഞ്ഞിട്ടുണ്ട്. അന്ന് അവന് പ്രശ്‌നങ്ങളില്ല പ്രയാസങ്ങളില്ല. അല്ലാഹു അവന് പ്രദാനം ചെയ്യാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ കണ്ടു കൊണ്ടു അവന് മരണത്തെ പുല്‍കാം. അല്ലാഹു നമ്മെ മരണ വേളയില്‍ എല്ലാ വിധ പ്രയാസങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും അകറ്റി കലിമതു ത്തൗഹീദ് ഉച്ചരിച്ചു മരിക്കാന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍.

Topics