മനുഷ്യ മനസ്സിന്റെ മുഴുവന്‍ വികാര-വിചാരങ്ങളെയും പരിഗണിക്കുന്നതാണ് ഇസ് ലാമിന്റെ ശിക്ഷണ രീതി. പ്രകൃതി പരവും, സ്വാഭാവികവുമായി മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന മുഴുവന്‍ വികാരങ്ങളെയും എല്ലാ വശങ്ങളെയും ഇസ് ലാം പരിഗണിച്ചിട്ടുണ്ട്. മനുഷ്യ മനസ്സിന്റെ സ്വാഭാവികമായ താല്‍പര്യങ്ങളിലൊന്നാണ് രാജ്യ സ്‌നേഹവും ദേശ സ്‌നേഹവും.

പിറന്ന മണ്ണിനെ സ്‌നേഹിക്കലും അതിനെ നെഞ്ചോട് ചേര്‍ത്തു വെക്കലും മനുഷ്യ ചരിത്രത്തില്‍ അപൂര്‍വ്വമല്ല. പിറന്ന വീടും നാടും വിട്ടു പോകുകയെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അവന്റെ മനസ്സില്‍ അവന്റെ മണ്ണിനോടും നാടിനോടും നാട്ടുകാരോടും വല്ലാത്തൊരു സ്‌നേഹവും ഇഷ്ടവും ഉണ്ടായിത്തീരുന്നുണ്ട്.
സ്വതന്ത്രവും സത്യസന്ധവുമായ രാജ്യ സ്‌നേഹത്തെ ഇസ് ലാം അംഗീകരിക്കുന്നുണ്ട്. ഒരു വിശ്വാസിയുടെ ഇസ് ലാമിനോടുള്ള പ്രതിബദ്ധതയുടെ ഭാഗം തന്നെയാണ് തന്റെ രാജ്യത്തെ സ്‌നേഹിക്കുകയെന്നതും. ദീനിനെ കവച്ചു വെക്കുന്നതോ, ഇസ് ലാമിന്റെ താല്‍പര്യത്തിനു എതിരു നില്‍ക്കുന്നതോ ആയ രാജ്യ സ്‌നേഹത്തെ ഇസ് ലാം അംഗീകരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇസ് ലാമിന്റെ അധ്യാപനങ്ങള്‍ ഒരു മനുഷ്യനെ രാജ്യ സ്‌നേഹിയാക്കാന്‍ പര്യാപ്തമാണ്. പ്രവാചക തിരുമേനി മക്കയില്‍ നിന്ന് പാലായനം ചെയ്യുമ്പോള്‍ തന്റെ പ്രിയപ്പെട്ട നാടിനെ നോക്കി തിരുമേനി പറഞ്ഞ വാക്കുകള്‍ മാത്രം മതി നബി (സ)യുടെ രാജ്യ സ്‌നേഹം മനസ്സിലാക്കാന്‍. നബി (സ) പറയുകയാണ്. ‘അല്ലയോ മക്കാ പ്രദേശമേ, എത്ര സുന്ദരമായ നാടാണ് നീ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടാണ് നീ, എന്റെ നാട്ടുകാര്‍ എന്നെ ഈ നാട്ടില്‍ നിന്നും പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍, ഈ നാട്ടില്‍ നിന്ന് മറ്റൊരിടത്തും ഞാന്‍ പോകുമായിരുന്നില്ല.’
മനുഷ്യ കുലത്തിന്റെ ഗുരുവായ നബി (സ) തന്റെ നാടിനെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഇത് നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. നബി (സ) യെ മാതൃകയാക്കുന്ന മുസ് ലിം സമൂഹത്തിന് അവരുടെ പിറന്ന നാടിനെ സ്‌നേഹിക്കാന്‍ ഇതിനേക്കാള്‍ വലിയ തെളിവെന്താണ് വേണ്ടത്. നാടിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍, നാടിന്റെ യശ്ശസ്സില്‍ അഭിമാനം കൊള്ളാത്തവരായി ആരുമുണ്ടാകില്ല.
ഒരു മുസ് ലിം ജനിച്ചു വളര്‍ന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റു പാടുമായും, ആ സമൂഹവുമായും അവന് അഭേദ്യമായ ബന്ധമുണ്ട്. സാഹോദര്യത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ബാധ്യതയാണ് ആ പ്രദേശത്തോടും ജനങ്ങളോടുമുള്ളത്. തന്റെ നാട്ടകാരോടും, അയല്‍ക്കാരോടും, തന്റെ രാജ്യത്തെ ജന പ്രതിനിധികളോടും, ഭരണകൂടത്തോടും മുസ് ലിമിന് ബാധ്യതകളുണ്ട്.
ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധികളായ മനുഷ്യരെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിന്റെ മാര്‍ഗ ദര്‍ശനത്തിലൂടെയും ദീര്‍ഘ വീക്ഷണത്തിലൂടെയും വേണം ഭൂമിയെ പരിപാലിക്കാന്‍. ഈ ഭൂമിയിലെ മുഴുവന്‍ നല്ല വസ്തുക്കളും അലങ്കാരങ്ങളും ഉപയോഗപ്പെടുത്തുവാന്‍ അവന് അവകാശമുണ്ട്. രാജ്യത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കലും ഭൂമിയില്‍ അല്ലാഹു മനുഷ്യനെ ഏല്‍പ്പിച്ചിട്ടുള്ള പ്രാതിനിധ്യത്തിന്റെ ഭാഗം തന്നെയാണ്.
‘അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തുകയും അവിടെ നിങ്ങളെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു’ (സൂറ: ഹൂദ് 61)
മനുഷ്യ മനസ്സുകളില്‍ രാജ്യ സ്‌നേഹം നട്ടു പിടിപ്പിക്കുന്നതില്‍ ഇസ് ലാമിന് വലിയ പങ്കുണ്ട്. ‘നന്മക്ക് പ്രതിഫലം നന്മ തന്നെയല്ലയോ’ (റഹ് മാന്‍ 60) എന്ന സൂക്തം മുഴുവന്‍ നന്മകള്‍ക്കും തിരികെ നന്മ ചെയ്യുക എന്നതാണ് ഒരു മുസ് ലിമിന്റെ ബാധ്യതയെന്ന് പഠിപ്പിക്കുന്നു. രാജ്യത്തോടുള്ള കൂറിന്റെ കാര്യത്തിലും മുസ് ലിമിന്റെ നിലപാട് മറിച്ചല്ല. ഒരു രാജ്യത്തിലെ പൗരന്‍മാര്‍, ഒറ്റ സമൂഹം പോലെയാണ്. അവര്‍ പരസ്പരം സ്‌നേഹത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്. അവര്‍ ഒറ്റ ശരീരത്തിന്റെ വിവിധ വശങ്ങള്‍ പോലെയാണ്. രാജ്യത്തിന്റ വളര്‍ച്ചക്ക് ദേശ സ്‌നേഹത്തെ രചനാത്കമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിവേചന ചിന്തകളില്ലാതെ, പക്ഷപാതിത്വങ്ങളില്ലാതെ ഒരു സുന്ദര രാഷ്ട്ര നിര്‍മ്മിതിക്കുതകുന്നതായിരിക്കണം രാജ്യ സ്‌നേഹം.
രാജ്യസ്‌നേഹത്തില്‍ നിന്നും ഉടലെടുക്കുന്ന ചില തെറ്റായ പ്രവണതകള്‍ ഇന്ന് ദേശ സ്‌നേഹത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തോടുള്ള ഇഷ്ടം മറ്റു രാജ്യങ്ങളോടുള്ള ശത്രുതയായി വളര്‍ന്നു കൂടാ. സ്വന്തം രാജ്യത്തെ സ്‌നേഹിക്കണമെങ്കില്‍ അയല്‍ രാജ്യത്ത വെറുക്കണമെന്ന് പഠിപ്പിക്കുന്ന ദേശീയത തീവ്ര ദേശീയതയാണ്. വെറുപ്പിന്റെയും ശാത്രവത്തിന്റെയും സംശയത്തിന്റെയും കണ്ണിലൂടെ മാത്രം അയല്‍ക്കാരനെ വീക്ഷിക്കുന്നതിനു തുല്യമാണിത്. ഇത്തരം രാജ്യ സ്‌നേഹത്തെ ഇസ് ലാം ഒരിക്കലും അംഗീകരിക്കുന്നില്ല.
‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്നു വേണ്ടി നിലകൊള്ളുന്നവരും, നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്’ (സൂറ: മാഇദ 8)
രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രയത്‌നിക്കാന്‍ ഒരു മുസ് ലിം പ്രതിജ്ഞാബദ്ധനാണ്. രാജ്യത്തിലെ ഇതര ജന വിഭാഗങ്ങളുടെ അസ്ഥിത്വവും അവരുടെ അവകാശങ്ങളും വകവെച്ചു കൊടുക്കുകയും അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കണമെന്നുമാണ് ഇസ് ലാം അനുശാസിക്കുന്നത്. ‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (സൂറ: മുംതഹിന 8)
Add Comment