പണ്ടുകാലത്ത് പറഞ്ഞ് കേട്ട കഥയാണ്. ഒരു കുഞ്ഞ് തന്റെ പിതാവ് തോട്ടത്തില്‍ ഒരു ചെടി നടുന്നത് കണ്ടുവത്രെ. ഏതാനും മാസങ്ങള്‍ക്ക് ശേഷം ആ ചെടി പടര്‍ന്ന് പന്തലിച്ച് അവയില്‍ മധുരമൂറുന്ന മുന്തിരി കുലച്ചു. ഇതു കണ്ട കുഞ്ഞ് ഭൂമിയില്‍ എന്ത് കുഴിച്ചിട്ടാലും മുന്തിരി ലഭിക്കുമെന്ന് ധരിച്ചു. ഒരു ദിവസം വീടിന് അടുത്ത് ഒരു മുള്‍ചെടി കണ്ട അവന്‍ അത് പിഴുതെടുത്ത് പിതാവിന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്തി. കുറേക്കാലം കാത്തിരുന്ന ശേഷം അതിന്റെ കൊമ്പുകളില്‍ മുള്ള് വളരുന്നത് അവന്‍ കണ്ടു. മകന്റെ നിരാശ കണ്ട പിതാവ് അവനോട് പറഞ്ഞു ‘മുള്ളില്‍ നിന്ന് മുന്തിരി പറിക്കാനാവില്ല’.
അനര്‍ഹമായ മേഖലയില്‍നിന്ന് നന്മ പ്രതീക്ഷിക്കുന്നവരെക്കുറിച്ചാണ് ഈ ഉപമ സാധാരണയായി ഉപയോഗിക്കപ്പെടാറുള്ളത്. തിന്മ പ്രവര്‍ത്തിച്ചശേഷം നന്മ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നവരെയും ഇത് കൊണ്ടുദ്ദേശിക്കുന്നു. മോശമായ രീതിയില്‍ വളര്‍ത്തിയതിന് ശേഷം നല്ല ഫലം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരെ കൈകാര്യം ചെയ്യാനും ഈ ചൊല്ല് ഉപയോഗിക്കാറുണ്ട്.
രാഷ്ട്രത്തിലെ അക്രമപ്രവര്‍ത്തനങ്ങളോട് സമരസപ്പെടുകയും, സൈനിക ഭരണത്തെ പിന്തുണക്കുകയും ചെയ്യുന്നവരെയാണ് ഞാന്‍ ഈ ചൊല്ല് കൊണ്ട് അഭിസംബോധന ചെയ്യുന്നത്. അക്രമഭരണത്തിന്റെ കൂടെ നില്‍ക്കുന്നവരും, പല പ്രലോഭനങ്ങളാലും വാഗ്ദാനങ്ങളാലും വഞ്ചിക്കപ്പെട്ടവരും, സത്യം ബോധ്യപ്പെട്ടതിന് ശേഷവും തിന്മയില്‍ ഉറച്ച് നില്‍ക്കുന്നവരും അവരിലുണ്ട്. അക്രമിയുടെ നേതൃത്വത്തില്‍ വിശ്വസിക്കുകയും സത്യത്തിന്റെ വക്താക്കളെ പുറംതള്ളുകയും ചെയ്യുന്നതിന് അവര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
ജനുവരിയിലെ വസന്ത വിപ്ലവം അപഹരിക്കുന്നതിനായി സൈനികഭരണം രംഗത്തുവന്നതിന് ശേഷമാണ് ഇവരിത് ചെയ്യുന്നത് എന്നതാണ് ഏറെ ദുഖകരം. വിപ്ലവത്തിന്റെ മധുരഫലങ്ങളെ തങ്ങള്‍ക്ക് ലഭിച്ച ദുരന്തമായാണ് അവര്‍ വിലയിരുത്തുന്നത്. രാഷ്ട്രത്തിലെ പൗരന്മാര്‍ ആഗ്രഹിക്കുന്ന സുഖകരമായ ജീവിതവും, സ്വാതന്ത്ര്യവും, ആദരവും പ്രദാനം ചെയ്യേണ്ട ഉപകരണം ഭരണകൂടമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിരിക്കുകയാണ് ഇവര്‍.
അറുപത് കൊല്ലം വൃത്തികെട്ട സ്വേഛാധിപത്യ ഭരണത്തിന് കീഴില്‍ സഹിച്ച ദുരിതങ്ങളൊന്നും അവര്‍ക്ക് വിഷയമേയല്ല. ഇത്രയും കാലം സമൂഹത്തിന് നഷ്ടപ്പെട്ട അവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ട മഹത്വങ്ങളും പരിഗണനീയവുമല്ല. പൊതുസമ്പത്ത് എത്രയാണ് അവര്‍ കൊള്ളയടിച്ചത്! എത്രയെത്ര നിരപരാധികളെയാണ് കൊന്നൊടുക്കിയത്! രാഷ്ട്രത്തിന്റെ സന്തതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി അവര്‍ നടത്തിയ ഹീനശ്രമങ്ങളാണ് അവയേക്കാള്‍ അപകടകരം. വ്യക്തികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തി, രാഷ്ട്രീയവും, സാമൂഹികവുമായ വേര്‍തിരിവ് സൃഷ്ടിച്ച്, ജനങ്ങളുടെ പ്രതികരണ ശേഷി മരവിപ്പിച്ച് സുഖകരമായ ജീവിതം നയിക്കുകയായിരുന്നു അവര്‍. തല്‍ഫലമായി ധാര്‍മികാധപതനവും, ഛിദ്രതയും, തോന്നിവാസങ്ങളും സമൂഹത്തില്‍ തഴച്ചുവളര്‍ന്നു.
നമ്മുടെ തെറ്റുകളെക്കുറിച്ച് നാം ബോധവാന്മാരായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. അക്രമികള്‍ക്കെതിരെ ശബ്ദിക്കാനുള്ള ആര്‍ജ്ജവം നാം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ നമുക്കീ ദുരവസ്ഥയുണ്ടാകുമായിരുന്നില്ല. അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് പുലര്‍ത്താമായിരുന്നു. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയെന്നതാണ് ബുദ്ധിമാന്‍മാരുടെ സമീപനം. അക്രമത്തെ ജനങ്ങള്‍ വെറുക്കുകയും, അതില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നത് സ്വാഭാവിക പ്രകൃതം മാത്രമാണ്.
നമ്മുടെ സമൂഹം ഇത്തരം പുനരാലോചനകള്‍ നടത്തുകയാണ് വേണ്ടത്. സകലമാന അക്രമങ്ങളെയും പിന്തുണക്കുകയും, അവക്ക് തഴച്ച് വളരാനുള്ള നിലമൊരുക്കുകയും ചെയ്തശേഷം അതെക്കുറിച്ച് വേവലാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല. മുള്ളില്‍ നിന്ന് നമുക്കൊരിക്കലും മുന്തിരി പറിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം.
Add Comment