മഖാസ്വിദുശ്ശരീഅഃ

ബനൂഖുറൈളഃ ശരീഅത്തിന്റെ ലക്ഷ്യം

പ്രവാചകകല്‍പനകള്‍ക്ക് അക്ഷരത്തിലും അര്‍ഥത്തിലും പാഠഭേദങ്ങളുണ്ടാകാം എന്നതിന്റെ ഏറ്റവും പ്രബലമായ ചരിത്രസാക്ഷ്യമാണ് ബനൂഖുറൈളഃ സംഭവം. ബുഖാരിയും മുസ്‌ലിമും അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിക്കുന്ന പ്രസ്തുത സംഭവമിങ്ങനെ:

‘ അഹ്‌സാബ്(ഖന്ദഖ്)യുദ്ധത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ‘ആരും അസ്ര്‍ നമസ്‌കാരം ബനൂഖുറൈളഃയിലല്ലാതെ നമസ്‌കരിക്കരുത്.’ അങ്ങനെ വഴിക്കുവെച്ച് നമസ്‌കാര സമയമായപ്പോള്‍ ചിലര്‍ പറഞ്ഞു. ‘ അവിടെയെത്താതെ ഞങ്ങള്‍ നമസ്‌കരിക്കില്ല.’ എന്നാല്‍ വേറെ ചിലര്‍ പറഞ്ഞത്, ‘ഇല്ല ഞങ്ങള്‍ നമസ്‌കരിക്കുകയാണ്. നമ്മുടെ പോക്ക് പെട്ടെന്നാക്കണമെന്നേ നബി(സ) അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ’. ഇതറിഞ്ഞപ്പോള്‍ നബി (സ) രണ്ടുകൂട്ടരെയും കുറ്റപ്പെടുത്തിയില്ല.’

ഖണ്ഡിതവിധിയുള്ളപ്പോള്‍ ഊഹാടിസ്ഥാനത്തില്‍ അതില്‍നിന്ന് നിയമനിര്‍ധാരണം സാധ്യമാണോ എന്ന ന്യായമായും നമുക്കുണ്ടാകാനിടയുള്ള ചോദ്യത്തിന് മറുപടിയാണ് ഈ സംഭവം. പ്രവാചകകല്‍പനയെ അക്ഷരംപ്രതി പാലിച്ച ആളുകളെയും അതിന്റെ ആന്തരാര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ചവരെയും ഉള്‍ക്കൊള്ളാന്‍ നബി(സ)ക്ക് ആയെങ്കില്‍ ഈയൊരു മാനസിക വിശാലത സമുദായത്തിന് ചോര്‍ന്നുപോകുന്നതെന്തുകൊണ്ട് എന്ന് നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്.

പ്രസ്തുത സംഭവം അവലോകനം ചെയ്ത് ഇബ്‌നു തൈമിയ്യയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമും പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ ഇസ്‌ലാമികഗ്രന്ഥങ്ങളില്‍ കാണാം. രണ്ടുവിഭാഗത്തിനും അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. എന്നാല്‍ സമയത്തിന് നമസ്‌കരിച്ചവര്‍ക്ക് രണ്ടുതരത്തിലുള്ള പുണ്യമുണ്ട്. ഒന്ന്) ധൃതിപാലിക്കുക എന്ന അടിസ്ഥാന കല്‍പന ലംഘിച്ചില്ല. രണ്ട്) നമസ്‌കാരത്തിലെ സമയനിഷ്ഠ പാലിച്ചു. കല്‍പനയുടെ അക്ഷരാര്‍ഥം ഉള്‍ക്കൊണ്ട 2-ാം വിഭാഗത്തെയും അദ്ദേഹം കുറ്റപ്പെടുത്തിയില്ല.

സംഗതികളെ അതിന്റെ അക്ഷരാര്‍ഥത്തില്‍ കാണുന്നവരെന്ന് ലോകം മനസ്സിലാക്കിയ ളാഹിരികള്‍ക്ക് മാത്രമാണ് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം. ളാഹിരി ഇമാം ഇബ്‌നു ഹസം പറയുന്നു. ബനൂ ഖുറൈളഃ സംഭവദിവസം നാമെങ്ങാനുമുണ്ടായിരുന്നുവെങ്കില്‍ അവിടെ പാതിരാത്രി കഴിഞ്ഞാണെത്തുന്നതെങ്കിലും അപ്പോഴേ അസ് ര്‍ നമസ്‌കരിക്കുമായിരുന്നുള്ളൂ. കേവല ആരാധനാ(കര്‍മാനുഷ്ഠാന)വിഷയങ്ങളില്‍ അതിന്റെ ഹിക്മത് (യുക്തി) ആലോചിക്കല്‍ മുഅ്തസിലീ രീതിയാണ് എന്നാണവരുടെ വാദം. തന്റെ വിവാഹാന്വേഷണത്തിന് കന്യക വാചാസമ്മതിച്ചാല്‍ ആ ഇടപാട് നിരര്‍ഥകമാണെന്നാണവരുടെ വാദം. ശരീഅത്ത് ആദംമക്കള്‍ക്കുള്ള പരീക്ഷയാണെന്നും നല്ലതില്‍നിന്ന് ചീത്തയെ വേര്‍തിരിക്കാനുള്ള ഇലാഹീ സംവിധാനമാണതെന്നും മാത്രമല്ല, അവിടെ കാരണം പരതല്‍ (തഅ്‌ലീല്‍) പിശാചിന്റെ ശൈലിയും, വേണ്ടാത്ത ചോദ്യങ്ങള്‍ ഇസ്രായീലി പാരമ്പര്യമാണെന്നുമാണവരുടെ നിരീക്ഷണം.

എന്നാല്‍ ഇസ്‌ലാമില്‍ ബുദ്ധിക്കെതിരായ അധ്യാപനങ്ങളൊന്നുമില്ല. ചിലസംഗതികള്‍ ബുദ്ധിക്കതീതമാണെങ്കില്‍ മനുഷ്യബുദ്ധിയുടെ പരിമിതിയാണത് സൂചിപ്പിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ അത് കേവലം ആരാധനയായി കണ്ട് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയാണ് വേണ്ടത്. അതാണല്ലോ ഉമര്‍ (റ) പറഞ്ഞത്: അര്‍ഥം തിരിയാത്തതുകൊണ്ട് ഇബാദത്ത് ആവാം. അതിനെക്കുറിച്ച് ചോദ്യം വേണ്ട.

അബ്ദുല്‍ ഹഫീസ് നദ്‌വി

Topics