ഞാനറിഞ്ഞ ഇസ്‌ലാം

പീഡനപര്‍വങ്ങള്‍ താണ്ടി ഏകയായി അല്ലാഹുവിലേക്ക്

(അമേരിക്കന്‍ സ്വദേശി അമീറയുടെ ഇസ് ലാം സ്വീകരണം)

അമേരിക്കയിലെ അര്‍ക്കന്‍സാസിലുള്ള ഒരു ക്രൈസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമേരിക്കയുടെ തെക്കന്‍സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിത്താമസിച്ചവരായിരുന്നു എന്റെ മുന്‍ഗാമികള്‍. ഒരു ഫാംഹൗസിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. രാവിലെ എഴുന്നേല്‍ക്കും. പശുക്കളെ കറന്ന്, കോഴികള്‍ക്ക് തീറ്റകൊടുത്ത്, വീട്ടുജോലികളൊക്കെ ചെയ്ത് അങ്ങനെ കഴിഞ്ഞുകൂടി. അപ്പന്‍ പ്രത്യേകക്രൈസ്തവവിഭാഗത്തിന്റെ ബാപ്റ്റിസ്റ്റ് മിനിസ്റ്ററായിരുന്നു.

വെള്ളക്കാരായ ക്രിസ്ത്യാനികള്‍ മാത്രമുള്ള പട്ടണത്തിലാണ് ഞാന്‍ കൗമാരകാലംവരെ കഴിച്ചുകൂട്ടിയത്. 300 മൈല്‍ ചുറ്റളവില്‍ ക്രിസ്ത്യാനികളല്ലാത്ത, മറ്റുവംശജരായ, ഇതരസംസ്‌കാരത്തില്‍പെട്ട ആരുംതന്നെ താമസക്കാരായി ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ദൈവം വംശ-വര്‍ഗ-വര്‍ണ-മത-ഭാഷാ-ദേശ ഭേദമില്ലാതെ എല്ലാവരെയും തുല്യരായാണ് സൃഷ്ടിച്ചതെന്ന സത്യം മാതാപിതാക്കള്‍ എനിക്ക് പകര്‍ന്നുതന്നിരുന്നു.

അര്‍ക്കന്‍സാസ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്താണ് ആദ്യമായി  മുസ്‌ലിംകളെ കാണുന്നത്. സ്ത്രീകള്‍ പ്രത്യേകം മൂടിപ്പുതച്ച വസ്ത്രം ധരിക്കുന്നതും, പുരുഷന്‍മാര്‍ തലയില്‍ തൊപ്പിധരിക്കുന്നതും തികഞ്ഞ അത്ഭുതത്തോടെ ഏറെ നേരം തുറിച്ചുനോക്കിനിന്നുവെന്നുതന്നെ പറയാം. എന്നാല്‍ ഞാന്‍ ആദ്യമായി സംസാരിച്ചത് ഒരു ഫലസ്തീനിവനിതയോടാണ്. അവരോട് പലകാര്യങ്ങളും ജിജ്ഞാസാപൂര്‍വം ചോദിച്ചതിന് സന്തോഷംപകരുംവിധമായിരുന്നു അവര്‍ മറുപടി നല്‍കിക്കൊണ്ടിരുന്നത്. ഞാനവരെ ഒരിക്കലും മറക്കില്ല.

ഫലസ്തീനില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകളും പ്രയാസങ്ങളും അവര്‍ പറഞ്ഞെങ്കിലും അവരുടെ ആദര്‍ശമായ ഇസ് ലാമിനെക്കുറിച്ച് പറഞ്ഞത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. സംഘര്‍ഷഭൂമിയില്‍നിന്നുള്ളവളാണെങ്കിലും അവര്‍ ആരെയും അസൂയപ്പെടുത്തുമാറ് മനശാന്തി ആസ്വദിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. അത്തരം സ്ത്രീകളെ ഞാന്‍ ജീവിതത്തില്‍ തന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. യേശുവിനെയും മോശയെയും അടക്കമുള്ള പ്രവാചകന്‍മാരെപ്പറ്റി എന്നോട് പറഞ്ഞിട്ടുള്ളത് ഇന്നും എനിക്കോര്‍മയുണ്ട്. ക്രിസ്ത്യാനിയായിരുന്നിട്ടുപോലും, ഒട്ടും തന്നെ ദഹിക്കാത്ത ത്രിത്വസങ്കല്‍പം എന്നെ കുഴക്കിയിരുന്നു. ദൈവത്തെ വിളിക്കാതെ യേശുവിനെത്തന്നെ വിളിച്ചുപ്രാര്‍ഥിക്കുന്നതിന്റെ യുക്തി എനിക്കൊട്ടും പിടികിട്ടിയില്ല.

ഇതരമതങ്ങളുടെ കാഴ്ചപ്പാടുകളില്‍നിന്ന് വ്യത്യസ്തമായി മരണാനന്തരം ജീവിതവിജയംനല്‍കി സ്വര്‍ഗപ്രാപ്തി ഉറപ്പുതരുന്നത് ഇസ് ലാം മാത്രമാണെന്ന് അവരെന്നെ ബോധ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. ബിരുദപഠനത്തിനുശേഷം എന്റെ കൂട്ടുകാരി ഫലസ്തീനിലേക്ക് തിരിച്ചുപോയി. അതോടെ ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. എന്റെ ഒരു ഭാഗം അവരോടൊപ്പം മരിച്ചുപോയതുപോലെ തോന്നി. അവര്‍ നാട്ടിലേക്കുപോയാല്‍ തിരിച്ചുവരില്ലെന്നറിയാമെന്ന കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍ നമുക്കെന്തായാലും കണ്ടുമുട്ടാമല്ലോയെന്നായിരുന്നു മറുപടി. പിന്നീട് കുറച്ചുകാലത്തേക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ മുസ്‌ലിംകള്‍ എന്റെ സുഹൃത്തുക്കളായി വന്നു. ആദ്യസുഹൃത്തിന്റെ വിരഹവേദനയ്ക്ക് ആശ്വാസം കിട്ടിയത് അങ്ങനെയാണ്. അറബിഭാഷയോട് പ്രത്യേകം സ്‌നേഹമുണ്ടാകാനും പ്രസ്തുതസൗഹൃദങ്ങള്‍ കാരണമായി.

അവരുടെ അടുത്തായിരിക്കുമ്പോള്‍ ഇടയ്ക്ക് ഖുര്‍ആന്‍ പ്ലേചെയ്ത് കേള്‍ക്കും. അതിന്റെ ആശയമെന്തെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഇന്നും അതിന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ എനിക്ക് കഴിയാറില്ല. ആരെങ്കിലും അത് പറഞ്ഞുതന്നിരുന്നെങ്കിലെന്ന് ആശിക്കാറുണ്ട്. എന്നിട്ടും ആ ഖുര്‍ആന്‍ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. ഇപ്പോള്‍ അറബി പഠിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.

കോളേജ് പഠനം പൂര്‍ത്തിയാക്കിയശേഷം ക്രൈസ്തവകുടുംബത്തിലേക്ക് ഞാന്‍ തിരികെച്ചെന്നു. മുസ്‌ലിംകള്‍ ചുറ്റുമുണ്ടാകണം എന്ന ചിന്തയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,  അറബിഭാഷയോടുള്ള പ്രണയം തീവ്രമായി നിലനിന്നു. എന്റെ ഈ മാറ്റംകണ്ട് അപ്പനും അമ്മയും കൂട്ടുകാരും ദേഷ്യപ്പെട്ടു. ഇതെന്നെ വിഷമത്തിലാക്കി. ജാതിമതവര്‍ഗവര്‍ണഭാഷാഭേദമില്ലാതെ ദൈവത്തിന്റെ മുമ്പില്‍ മനുഷ്യരെല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടിന് വിരുദ്ധമാണല്ലോ അവരുടെ സമീപനം. എന്റെ ബന്ധുക്കളിലും കൂട്ടുകാരിലും ചിലര്‍ അത് വിശ്വസിക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി.

1995 ലെ ഒരു വസന്തകാലത്ത് തികച്ചും അത്ഭുതപ്പെടുത്തുന്ന സ്വഭാവവൈശിഷ്ട്യങ്ങളോടെ ഒരു മുസ്‌ലിമിനെ അല്ലാഹു എനിക്ക് കാട്ടിത്തന്നു. വീണ്ടും ഇസ്‌ലാമിനെപ്പറ്റി ഒട്ടേറെ സംശയങ്ങള്‍ അയാളോട് ചോദിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ പള്ളിയില്‍ പോകുകയുംചെയ്തു. എന്റെ ഓര്‍മകളില്‍ എന്നെന്നും ഹര്‍ഷപുളകം വാരിവിതറി ആ നാളുകള്‍ നിലനില്‍ക്കും. തുടര്‍ന്നുള്ള 8 മാസങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച നിരന്തരഅന്വേഷണങ്ങള്‍ക്കും ശേഷം ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.

ഒരു ഫെബ്രുവരിയില്‍ എന്റെ ജീവിതത്തിന് പുതിയ വര്‍ണങ്ങള്‍ പടര്‍ന്നു. പശ്ചിമേഷ്യയിലെ ചെറുപ്പക്കാരനുമായി സ്‌നേഹത്തിലാണെന്നറിഞ്ഞ് എന്റെ വീട്ടുകാര്‍ ഇടിവെട്ടേറ്റതുപോലെ തരിച്ചുനിന്നു.അവര്‍  ഞാനുമായുള്ള ആശയവിനിമയം കുറച്ചു. അമേരിക്കക്കാരായ സുഹൃത്തുക്കളും എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ വീട്ടുകാരെന്നെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. അത് വിഫലമായപ്പോള്‍ എന്നെ ഉപേക്ഷിച്ചു. ഞാന്‍ നരകത്തില്‍ വെന്തെരിഞ്ഞുതീരുമെന്ന് പറയാന്‍ വേണ്ടി മാത്രം എനിക്ക് ഇടക്കിടക്ക് ഫോണ്‍ചെയ്യും. എന്റെ കൂട്ടുകാരും തഥൈവ. ഇതെന്നെ വല്ലാതെ മുറിവേല്‍പ്പിച്ചുവെങ്കിലും ഇന്നും ഞാനവരെ സ്‌നേഹിക്കുന്നു.

അങ്ങനെയിരിക്കെ സൗദി അറേബ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എന്റെ അമ്മാവനും കസിനും മരണപ്പെട്ടു. എന്റെ അപ്പനും അമ്മയും ഫോണില്‍വിളിച്ച ് കുടുംബബന്ധുക്കള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെന്നും എന്നാല്‍ അമ്മാവന്റെ മരണത്തിന് ഞാനടക്കമുള്ള മുസ്‌ലിംകള്‍ ഉത്തരവാദികളാണെന്നും പറഞ്ഞു. അതുകേട്ട് ഞാന്‍ ദിവസങ്ങളോളം കരഞ്ഞു. എന്നാല്‍ എന്റെ ഈമാന്‍ വര്‍ധിച്ചതേയുള്ളൂ. 

മേല്‍പറഞ്ഞ ബോംബുസ്‌ഫോടനംകഴിഞ്ഞ്   നാലുനാള്‍ പിന്നിട്ടപ്പോള്‍ ആരോ ഞാന്‍ താമസിച്ചിരുന്ന വീടിന്റെ ഭിത്തിയില്‍ ‘ഭീകരവാദിയെ പ്രേമിക്കുന്നവള്‍’ എന്ന് സ്േ്രപ ചെയ്ത് വെച്ചു. അതുപോലെ എന്റെ വണ്ടിയിലും അപ്രകാരം ചെയ്തു. പോലീസ് എനിക്കൊട്ടും സഹായമായി തോന്നിയില്ല. അന്നുരാത്രി നെറ്റില്‍ മുസ്‌ലിംചാറ്റില്‍ കയറി ചാറ്റുചെയ്തുകൊണ്ടിരിക്കെ പുറത്ത് ആരോ വെടിവെക്കുന്ന ശബ്ദം കേട്ടു. വീടിന്റെ എല്ലാ ജനല്‍ചില്ലുകളും തകര്‍ക്കുകയായിരുന്നു അവര്‍. അന്ന് ഞാന്‍ വളര്‍ത്തിയിരുന്ന ഓമനജീവികളെയും അവര്‍ കൊന്നു. പിന്നീട് പോലീസെത്തി കാര്യങ്ങള്‍ തിരക്കി. ആരാണ്, അവര്‍ ഏതുവണ്ടിയിലാണ് വന്നത് തുടങ്ങി അറിയാവുന്ന വിവരങ്ങള്‍ നല്‍കിയാല്‍ കുറ്റവാളികളെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു. എന്റെ വണ്ടിക്ക് കുഴപ്പമില്ലെങ്കില്‍ ഞാന്‍ അടുത്തുള്ള ഏതെങ്കിലും ഹോട്ടലില്‍ താമസിച്ചുകൊള്ളാമെന്ന് പോലീസിനോട് പറഞ്ഞു. ‘ഭീകരവാദികളായ’ എന്റെ കൂട്ടുകാര്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും പുറത്തേക്ക് പോകാനാകില്ലെന്നും പറഞ്ഞ് അവരെന്നെ തടഞ്ഞു. അല്ലാഹുവിനെ വിളിച്ചുപ്രാര്‍ഥിക്കുകയല്ലാതെ എനിക്കൊന്നുംചെയ്യാനില്ലായിരുന്നു.

അല്ലാഹു എനിക്ക് മറുപടി നല്‍കി. കാര്‍പാര്‍ക്കിങ് ഏരിയയില്‍വെച്ച് ഒരു രാത്രിയില്‍ അജ്ഞാതനായ ആള്‍ എന്നെ അടിക്കുകയും കുത്തുകയും കൈത്തണ്ട പിരിച്ചൊടിക്കുകയുംചെയ്തു. ആളുകള്‍ അയാളെ പിടികൂടി പോലീസിലേല്‍പിച്ചു. കോടതി വിചാരണക്കൊടുവില്‍ നിര്‍ബന്ധിതസാമൂഹികസേവനത്തിന്  പ്രതിയെ ശിക്ഷിച്ചു. ഞാന്‍ താമസിച്ചിരുന്ന പട്ടണം വളരെ ചെറുതും മുസ്‌ലിംകളോ അറബികളോ താമസക്കാരായി ഇല്ലാത്തതുമായിരുന്നു. അടുത്തുള്ള പള്ളിയാണെങ്കില്‍ 120 മൈല്‍ ദൂരെയും.  ഞാനൊറ്റക്കാണെങ്കിലും മുസ്‌ലിംസഹോദരങ്ങള്‍ ഇല്ലെങ്കിലും അല്ലാഹു സദാ എന്നോടൊപ്പമുണ്ടല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു.ഇത്രയുമെഴുതിയത് സഹതാപം പിടിച്ചുപറ്റാനല്ല. മുസ്‌ലിംകള്‍ ലോകമെമ്പാടും അനുഭവിക്കുന്ന കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും പീഡനങ്ങളും വംശീയഉന്‍മൂലനവും എത്രയോ ശക്തിയാര്‍ജിച്ചിരിക്കുന്ന അനീതിയുടെ ലോകത്താണ് ജീവിക്കുന്നതെന്ന് ഓര്‍മപ്പെടുത്താനാണ്.

Topics