വിശ്വാസം-ലേഖനങ്ങള്‍

പാപസങ്കല്‍പം: ഒരു താരതമ്യവീക്ഷണം

പാപത്തെക്കുറിച്ചുള്ള ഇസ്‌ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന്  വ്യത്യസ്തമാണ്. ഇസ്‌ലാമികദൃഷ്ട്യാ പാപമെന്താണ് ? ദൈവകല്‍പനയുടെയോ മനുഷ്യന്റെ മൗലികമായ നന്‍മയുടെയോ ലംഘനമാണത്. അഥവാ ഒരു മനുഷ്യന്‍ ദൈവാനുസരണത്തിന്റെ മാര്‍ഗത്തിനെതിരെ,അല്ലെങ്കില്‍ സഹജീവിയുടെ അവകാശത്തിനെതിരെ അറിഞ്ഞുകൊണ്ട് സ്വമേധയാ ചെയ്യുന്ന പ്രവൃത്തിയാണ് പാപം. അത് സ്വന്തം ആത്മാവിനെ കളങ്കപ്പെടുത്തുന്നതും, എന്നാല്‍ ഒഴിവാക്കാന്‍ കഴിയുന്നതുമായ ഒരു പ്രവൃത്തിയാണ്.

ആദിപാപം -ജന്‍മപാപം (Original Sin) ഒരു ക്രൈസ്തവ സങ്കല്പമാണ്. ആദിപിതാവായ ആദാം (ആദംനബി) ഏദന്‍തോട്ടത്തില്‍വെച്ച് ദൈവകല്‍പനലംഘിച്ച് ‘വിലക്കപ്പെട്ട പഴം’ തിന്നതാണ് ആദ്യത്തെ പാപം. തലമുറതലമുറയായി ആ പാപം ആദമിന്റെ സന്തതികള്‍ അനന്തരമെടുക്കുന്നുവെന്ന വിശ്വാസമാണ് ജന്‍മപാപസങ്കല്‍പം(The Concept of Original Sin). ദൈവകല്‍പനക്കെതിരായി പ്രവര്‍ത്തിക്കാനുള്ള അന്തര്‍പ്രേരണ മനുഷ്യനില്‍ പ്രകൃതാഉള്ളതും  ആദിപിതാവില്‍നിന്നും ജനിതകഘടകമെന്നോണം അനിവാര്യമായി സിദ്ധിക്കുന്നതുമാണെന്ന വീക്ഷണം ഇസ്‌ലാം നിരാകരിക്കുന്നു.

നന്‍മചെയ്യാനുള്ള ചോദന, തെറ്റുചെയ്യാനുള്ള പ്രവണതയെക്കാള്‍ ശക്തമോ കുറഞ്ഞപക്ഷം അതേ അളവില്‍തന്നെയോ മനുഷ്യനിലുണ്ടെന്നും, അതുവഴി സ്വന്തം തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും മനുഷ്യന്‍ ഉത്തരവാദിയാണെന്നതുമാണ് ഇസ്‌ലാമികകാഴ്ചപ്പാട്. അതിനാല്‍ ഒഴിവാക്കാനാകാത്തതും സ്വയം തടയാന്‍ കഴിയാത്തതുമായ ഒരു കാര്യത്തിന് മനുഷ്യന്‍ ഉത്തരം പറയേണ്ടതില്ല: ‘ഒരാത്മാവിനും അതിന്റെ കഴിവനുസരിച്ചല്ലാതെ ദൈവം (ഭാരം) ചുമത്തുന്നില്ല'(വിശുദ്ധഖുര്‍ആന്‍ അല്‍ബഖറ :286)

ജന്‍മപാപമോ നിഷ്‌കളങ്കതയോ ?

മേല്‍പ്രസ്താവിച്ചതുപോലെ ജന്‍മപാപമോ അതിന് സദൃശമായ മറ്റെന്തെങ്കിലുമൊരു ആശയമോ ഇസ്‌ലാമിലില്ല. ഇക്കാരണത്താല്‍ ആദിമാതാപിതാക്കള്‍ ചെയ്ത പാപം ഓരോമനുഷ്യനും ജന്‍മനാ ലഭിക്കുന്നു എന്ന ആശയം ഇസ്‌ലാമിന് അന്യമാണ്. മനുഷ്യന്‍ ശുദ്ധപ്രകൃതിയോടെ ജനിക്കുന്നു എന്നത് ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഒരു ആശയമാണ്. ആദവും ഹവ്വയും ചെയ്ത പാപത്തെക്കുറിച്ച് ബോധം വന്നയുടനെ അവര്‍ ദൈവത്തോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ദൈവം അവര്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ ക്രൈസ്തവദൃഷ്ട്യാ ഓരോ മനുഷ്യശിശുവും പാപിയായി പിറക്കുന്നു. ജന്മപാപത്തില്‍നിന്നും ആ ശിശുകരകയറണമെങ്കില്‍ അതിനെ മാമോദീസ മുക്കി ക്രിസ്തുമതത്തില്‍ ചേര്‍ക്കണം. മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യനായി അവതരിച്ച ദൈവം കുരിശുമരണത്തിലൂടെയുള്ള  പീഡാനുഭവം ‘മറുവില’യായി കൊടുത്തുകൊണ്ട് തങ്ങളെ  ജന്‍മപാപത്തില്‍നിന്നുവീണ്ടെടുത്തുവെന്ന് വിശ്വസിക്കാന്‍ പ്രായപൂര്‍ത്തിയെത്തിയ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ്. ഇതാണ് ക്രൈസ്തവവീക്ഷണത്തിലുള്ള ‘രക്ഷ'(Salvation).

മനുഷ്യന്‍ ജന്‍മനാ നിഷ്‌കളങ്കനും ദൈവം പൂര്‍ണാര്‍ഥത്തില്‍ നീതിമാനുമാണെന്ന്  ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മനുഷ്യര്‍ കുറ്റക്കാരാവുന്നില്ല. പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ക്ക് സന്താനങ്ങള്‍ ശിക്ഷാര്‍ഹരാകുന്നുമില്ല. ദൈവകല്‍പനക്ക് നിരക്കാത്തത് എന്നറിഞ്ഞുകൊണ്ട് ഒരാള്‍ സ്വമനസ്സാലെ ചെയ്യുന്ന പ്രവൃത്തിയാണ് പാപം. അതിന് അയാള്‍ ഉത്തരവാദിയുമാണ്. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: 

‘തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗത്തോപുകള്‍ സല്‍ക്കാരമായി ലഭിക്കുന്നതാണ്.'(അല്‍കഹ്ഫ്: 107)

(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ യഹൂദരോ, ക്രൈസ്തവരോ ‘സാബി’മതക്കാരോ ആരുമാകട്ടെ-ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട് . അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടിവരികയുമില്ല.(അല്‍ബഖറ: 62)

‘അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയുംചെയ്യുന്നവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്'(അല്‍ഹജ്ജ്:57)

വിശ്വാസവും പ്രവൃത്തിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് . വിശ്വാസത്തിന്റെ പിന്‍ബലമില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയിലൂടെ വെളിവാകാത്ത വിശ്വാസവും നിഷ്ഫലമാണ്. ഈ ഇസ്‌ലാമികാശയം ക്രിസ്തുവിന്റെ സഹോദരനും യരുശലേം സഭയുടെ ആദ്യനേതാവുമായിരുന്ന യാക്കോബ്(Jasmes)തന്റെ ലേഖനത്തില്‍ അടിവരയിട്ടുപറയുന്നുണ്ട്(യാക്കോബിന്റെ ലേഖനം 2: 14-26). എന്നാല്‍ ഇന്നത്തെ ക്രൈസ്തവസഭ വ്യത്യസ്തമായ ഒരു ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നത് ഇവിടെ പ്രസക്തമാണ്: ‘അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍ തന്നെ നീതികരിക്കപ്പെടുന്നു'(റോമര്‍ 3: 28)

നാമറിയാത്ത പാപത്തിന്(ജന്‍മപാപം) നീതിമാനായ ദൈവം നമ്മെ ശിക്ഷിക്കുമോ? നമ്മുടെ പാപത്തിന്റെ ചതിക്കുഴിയില്‍ നിന്നും നമ്മെകരകയറ്റാന്‍ നിഷ്‌കളങ്കനായ മനുഷ്യപുത്രനെ(അതോ ദൈവപുത്രനോ?) പരമകാരുണികനായ ദൈവം ബലിയര്‍പിച്ചു എന്ന് വിശ്വസിക്കുക പ്രയാസമാണ്. അത്തരമൊരാശയം ക്രിസ്തുപഠിപ്പിച്ചതായി സുവിശേഷങ്ങളിലൊന്നിലും കാണുന്നുമില്ല. മറിച്ച്, ‘നിത്യജീവനി’ലേക്കുള്ള വഴി, കല്‍പനകള്‍ പ്രമാണിച്ചുള്ള ജീവിതമാണെന്നേ്രത അദ്ദേഹം പഠിപ്പിച്ചത് (മത്തായി 19:16-22).

ചുരുക്കത്തില്‍, ശരിയായ വിശ്വാസത്തിലധിഷ്ഠിതവും സല്‍ക്കര്‍മനിരതവുമായ ഒരു ജീവിതം നാം സ്വയംതെരഞ്ഞെടുക്കുകയാണ് ‘നിത്യജീവനെ’ പ്രാപിക്കാനുള്ള (അഥവാ സ്വര്‍ഗപ്രാപ്തിക്കുള്ള) വഴിയെന്ന് നാം തിരിച്ചറിയുക.

Topics