ജീവിതത്തിന്റെ മുഴുമേഖലകളിലും വിജയം വരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃകകളില്‍ തീര്‍ച്ചയായും പാഠങ്ങളുണ്ട്. വ്യക്തികളെ മാത്രമല്ല, ഒരു സമൂഹത്തെ മുഴുവന്‍ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നബി (സ)യിലെ അനിതരസാധാരണയായ നേതൃപാടവമാണ് ആ സമൂഹത്തെ വിജയത്തിലേക്ക് വഴിനടത്തിയത്. ഒരു സമൂഹ നേതാവിന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളും തീര്‍ച്ചയായും തിരുമേനി(സ)യില്‍ സമ്മേളിച്ചിരുന്നു. ഒരുപക്ഷേ, നേതാവിന്റെ ആജ്ഞാശക്തിയും നയതന്ത്രജ്ഞതയും മതഭക്തിയും ആത്മീയ ഔന്നത്യവുമെല്ലാം മുഹമ്മദ് നബി (സ)യില്‍ അല്ലാതെ മറ്റാരിലും ഇത്ര കൃത്യമായി സമ്മേളിച്ചതായി നമുക്ക് കാണാന്‍ കഴിയണമെന്നില്ല.
നേതൃത്വം ആര്‍ജിക്കേണ്ട ചില ഗുണങ്ങള്‍
യാഥാര്‍ത്ഥ്യ ബോധം: താന്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സാഹചര്യങ്ങളെകുറിച്ചും കൃത്യമായ ബോധമുണ്ടായിരിക്കുക. അവയിലെ നന്മകളെയും തിന്മകളെയും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ തിരിച്ചറിഞ്ഞ ഒരാളായിരിക്കും നല്ല നേതാവ്.
ആദര്‍ശത്തില്‍ പരിപൂര്‍ണ്ണ വിശ്വാസം: ഏതൊരു ദൗത്യത്തിനു വേണ്ടിയാണോ താന്‍ എഴുന്നേറ്റ് നില്‍ക്കുന്നത്, അതിനെ കൂറിച്ച് വ്യക്തമായ ബോധ്യവും ഉത്തമ വിശ്വാസമുണ്ടായിരിക്കണം ഒരു നേതാവിന്.
ധീരത:ദൗത്യ മാര്‍ഗത്തില്‍ ഒറ്റക്കായാല്‍ പോലും, അതില്‍ ദൃഢബോധ്യത്തോടെ ഉറച്ച് നില്‍ക്കാനുള്ള ധൈര്യം ആര്‍ജിക്കണം നേതാവ്, നബി(സ)യെയും അബൂബക്കറി(റ)നെയും പോലെ. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ സൗര്‍ ഗുഹയില്‍ അഭയം പ്രാപിച്ച തിരുമേനിയെയും അബൂബക്കറിനെയും തിരഞ്ഞ് ഗുഹയുടെ അടുത്ത് വരെ ശത്രുക്കള്‍ എത്തുകയുണ്ടായി. അവരുടെ കൈയ്യിലകപ്പെട്ടെന്നു തോന്നിയ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ വല്ലാതെ പരിഭ്രമിച്ചു. തിരുമേനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നതായിരുന്നു അബൂബക്കറിനെ അസ്വസ്ഥപ്പെടുത്തിയത്. എന്നാല്‍ റസൂല്‍ (സ) അബൂബക്കറിനെ ആശ്വസിപ്പിച്ച് പറഞ്ഞു: ‘ഭയപ്പെടേണ്ട അല്ലാഹു നമ്മോടൊപ്പമുണ്ട്’ (തൗബ 40).
ഇച്ഛാശക്തിയും ശുഭാപ്തി വിശ്വാസവും: ഭാവിയെക്കുറിച്ച പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശരായി മാറരുത് നേതൃത്വം. ഏതു പ്രതികൂല സാഹചര്യത്തെയും മറികടക്കാന്‍ കഴിയുന്ന ഇച്ഛാശക്തിയുള്ളവരാവണം നേതാക്കള്‍.
ഉത്തരവാദിത്ത ബോധം: തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ നേതാവ് സദാ ബദ്ധശ്രദ്ധനാവണം. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ആവശ്യമായതെല്ലാം സജ്ജമാക്കുന്നതില്‍ നേതൃപരവും മികച്ചതുമായ പങ്ക് നിര്‍വഹിക്കും ഒരു നല്ല നേതാവ്. ഭൗതിക ലോകത്തിന്റെ മോഹന വലയത്തില്‍ ഒരിക്കലും അയാള്‍ ആകൃഷ്ടനാകുകയില്ല.
ദീര്‍ഘ വീക്ഷണം: ദീര്‍ഘവീക്ഷണത്തോടെ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാനും അത് എത്തിപ്പിടിക്കാനും നേതാവ് കഴിവ് ആര്‍ജിക്കണം. ഭൂത വര്‍ത്തമാനങ്ങളെ വിശകലനവിധേയമാക്കി, ഭാവിയെ എങ്ങനെ തങ്ങള്‍ക്കനുകൂലമാക്കമെന്ന് മുന്‍കൂട്ടി കണ്ടെത്തി മുന്നേറുന്നവനാണ് ഒരു നല്ല നേതാവ്.
അനുയായികളെ അറിയുന്നവന്‍: നല്ല ഒരു നേതാവ് തന്റെ അനുയായികളെ എല്ലാവരെയും വ്യക്തിപരമായി അറിയുന്നവരായിരിക്കും. അവരുടെ സ്വഭാവം, കഴിവുകള്‍, ബലഹീനതകള്‍ തുടങ്ങിയവ മനസ്സിലാക്കി അനുയായികളെ അടുത്തറിയുന്നവനായിരിക്കും വിജയിയായ നേതാവ്.
നിശ്ചയദാര്‍ഢ്യം: സ്വീകരിച്ച നിലപാടുകളിലും തീരുമാനങ്ങളിലും നേതാവിന് സ്ഥിരതയുണ്ടായിരിക്കണം. അതേസമയം തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ഉദാരത കാണിക്കണം. കാരണം, തന്റെ പ്രസ്ഥാനത്തിന്റെ കാര്യങ്ങള്‍ നടപ്പിലാക്കപ്പെടുക അനുയായികളുടെ പ്രയത്‌നങ്ങളിലൂടെയാണ്. അനുയായികളോട് നേതാവ് തീരുമാനങ്ങളില്‍ മിതസമീപനം സ്വീകരിക്കുമ്പോഴേ പ്രസ്ഥാനത്തിന്റെ വിജയമാര്‍ഗത്തില്‍ അവര്‍ക്ക് മുന്നേറാനാവൂ. ഒപ്പം അവരിലെ നന്മകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം.
ഭൗതിക വിരക്തി: നേതാക്കള്‍ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരില്‍ ഒരാളായി ജീവിക്കണം. അണികള്‍ക്കിടയില്‍ വിവേചനമരുത്. അവരെ സ്വന്തത്തെ പോലെ സ്‌നേഹിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. അനുയായികള്‍ ആത്മാര്‍ത്ഥമായ സ്‌നേഹം അത്തരം നേതാക്കള്‍ക്ക് നേതാക്കള്‍ക്ക് ലഭിക്കും.
നേതൃത്വത്തിന്റെ ഇത്തരം ഗുണങ്ങളെല്ലാം തുല്യമായ രീതിയില്‍ തിരുമേനി (സ) യില്‍ സമ്മേളിച്ചിരുന്നു. കഠിനമായ പ്രതികൂല സാഹചര്യത്തിലും തന്റെ ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ നബി (സ) തയ്യാറായില്ല. ശത്രുക്കളുടെ പീഡനമുറകളെ കുറിച്ച് പരാതി പറഞ്ഞ അനുയായികളോട് ഉറച്ച ശബ്ദത്തില്‍ ശുഭപ്രതീക്ഷ നല്‍കുന്ന മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വഹാബാക്കളോട് റസൂല്‍ (സ) പറഞ്ഞു: ‘അല്ലാഹു ഈ ദൗത്യത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. സന്‍ആ മുതല്‍ ഹദറ മൗത് വരെ ആടിനെ വേട്ടയാടുന്ന ചെന്നായയെയും അല്ലാഹുവിനെയും അല്ലാതെ മറ്റൊന്നിനെയും പേടിക്കാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു നാള്‍ വരിക തന്നെ ചെയ്യും. എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടുകയാണ്’.
Add Comment