നമസ്‌കാരത്തെപ്പറ്റി പറയുമ്പോള്‍ അത് മുസ്‌ലിംകളുമായി മാത്രം ബന്ധപ്പെട്ട ഒരു ആരാധനാകര്‍മമാണെന്ന ചിത്രമാണ് ഏവരുടെയും മനസ്സിലുണ്ട്. അതായത്, മുഹമ്മദ് നബി ദീന്‍ സമ്പൂര്‍ണമാക്കി കടന്നുവന്ന കാലഘട്ടംമുതലാണ് പള്ളിയും നമസ്‌കാരവുമുണ്ടായതെന്ന് പലരും തെറ്റുധരിച്ചിരിക്കുന്നു. എന്നാല്‍ മുന്‍ പ്രവാചകന്‍മാരായ ഇബ്‌റാഹീം (അ), ഇസ്മാഈല്‍ (അ), മൂസാനബി(അ), ഈസാനബി (അ) തുടങ്ങിയവരും നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്താന്‍ കല്‍പിക്കപ്പെട്ടവരും അപ്രകാരം ചെയ്തിരുന്നവരുമായിരുന്നു.
”ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്.(37) എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ’.(40-ഇബ്‌റാഹീം).
‘അദ്ദേഹം(ഇസ്മാഈല്‍) തന്റെ ആള്‍ക്കാരോട് നമസ്‌കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു.'(മര്‍യം 55)
”തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.'(ത്വാഹാ -14)
”ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു'(മര്‍യം 31)
മേല്‍സൂക്തങ്ങളില്‍നിന്ന് മുഹമ്മദ് നബിക്ക് മുമ്പ് വേദക്കാരോടും ശക്തിയായി കല്‍പിച്ചിരുന്ന ആരാധനാകര്‍മമാണ് നമസ്‌കാരമെന്ന് മനസ്സിലാകുന്നുണ്ട്. എന്നാല്‍ അക്കൂട്ടരിലെ പിന്‍തലമുറ ഇപ്പോള്‍ അതിനെ എവ്വിധം നിര്‍വഹിക്കുന്നുവെന്നത് നിരീക്ഷിച്ചാല്‍ വേദഗ്രന്ഥങ്ങളില്‍ വരുത്തിയ തിരുത്തലുകളാണ് ആ മാറ്റത്തിന് കാരണമെന്ന് നമുക്ക് തിരിച്ചറിയാനാകും. ദൈവകല്‍പനയുടെ അലകും പിടിയും മാറ്റിമറിക്കാന്‍ അത് ഇടവരുത്തിയെന്നതാണ് വസ്തുത.
മുസ്‌ലിംസമൂഹത്തെ സംബന്ധിച്ചിടത്തോളം അവന്റെ ഐഡന്റിറ്റിയാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവനെ യഥാര്‍ഥത്തില്‍ മുസ്‌ലിമായി എണ്ണാന്‍തന്നെ കഴിയില്ലെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. തനിക്കും ഒരുവ്യക്തിക്കുമിടയിലെ കരാറാണ് നമസ്‌കാരമെന്നും അതുപേക്ഷിക്കുന്നവന്‍ കാഫിറായി എന്നുമാണ് അതുസംബന്ധിച്ച അദ്ദേഹത്തിന്റെ പരാമര്‍ശം. അദ്ദേഹം മരണാസന്നനായി കിടന്നവേളയില്‍ ‘സ്വലാത്, സ്വലാത്’ എന്നുപറഞ്ഞ് ഗൗരവപൂര്‍വം നമസ്‌കാരത്തെക്കുറിച്ച് വസ്വിയത്ത് ചെയ്തതായി റിപോര്‍ട്ടുകള്‍(മുസ്‌നദ,് അഹ്മദ്)വന്നിട്ടുണ്ട്.
നാം തൗഹീദിലടിയുറച്ചുനില്‍ക്കുന്നു എന്ന് പ്രകടമായി ഓര്‍മപ്പെടുത്തുകയും അതിന് ശക്തമായി സഹായിക്കുകയുംചെയ്യുന്ന കര്‍മമാണ് നമസ്‌കാരം. ‘അല്ലാഹു അക്ബര്‍ ‘ എന്ന തക്ബീറതുല്‍ ഇഹ്‌റാം അതിന്റെ ശക്തമായ പ്രഘോഷണവും തുടര്‍ന്നുള്ള വജ്ജഹ്തു എന്നുതുടങ്ങുന്ന പ്രതിജ്ഞയും അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. നമസ്‌കാരത്തിലെ ഓരോ റുക്‌നുകളിലും വിശ്വാസി ഉരുവിടുന്ന ദിക്‌റുകള്‍ അല്ലാഹുവിനെമാത്രം മുന്‍നിര്‍ത്തിയുള്ളവയാണ്.
നമസ്‌കാരത്തിന്റെ ലക്ഷ്യം അല്ലാഹുവിനുള്ള നന്ദിപ്രകടനവും(ശുക്ര്‍), ദൈവസ്മരണ(ദിക്ര്‍)യുമാണ്. രാത്രി ദീര്‍ഘമായി നിന്നുനമസ്‌കരിക്കുന്നതെന്തിനെന്ന പ്രിയപത്‌നി ആഇശ(റ)യുടെ ചോദ്യത്തിന് നബിതിരുമേനിയുടെ മറുപടി ‘ഞാന്‍ നന്ദിയുള്ള ഒരു അടിമ ആകേണ്ടതില്ലേ’ എന്നായിരുന്നു. മൂസാനബിയോട് അല്ലാഹു നമസ്‌കരിക്കാന്‍ കല്‍പിച്ചപ്പോള്‍ അതിന്റെ ലക്ഷ്യമായി പറഞ്ഞത് ‘എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.'(ത്വാഹാ -14)എന്നാണ്. ‘ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം(അല്‍ അന്‍കബൂത് 45) നമസ്‌കാരത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. ദൈവസ്മരണ മനുഷ്യനെ മ്ലേച്ഛകാര്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നതാണ് വാസ്തവം.
നമസ്‌കാരം മനുഷ്യന്റെ ജീവിതത്തെ അടിമുടി മാറ്റിപ്പണിയാന്‍ സഹായിക്കുമെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവ് നഷ്ടപ്പെടുന്ന ഘട്ടത്തില്‍ അത് നോക്കുകുത്തിയെപ്പോലെ നമ്മെ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയാണ് ചെയ്യുക. നമസ്‌കരിക്കുന്ന അവനേക്കാള്‍ അതൊന്നുംചെയ്യാത്ത ഇവനാണ് ഭേദമെന്ന് ചിലര്‍ക്ക് പറയാന്‍ അവസരം ഒരുക്കുകയാണ് അത്തരം നമസ്‌കാരക്കാര്‍ ചെയ്യുന്നത്.
– നമസ്‌കാരം സാമ്പത്തികകുറ്റകൃത്യങ്ങളില്‍നിന്ന് നമ്മെ തടയുന്നു: അവര്‍ പറഞ്ഞു: ”ശുഐബേ, നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചുപോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടംപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നീ വല്ലാത്തൊരു വിവേകശാലിയും സന്മാര്‍ഗിയും തന്നെ!”(ഹൂദ് 87)
– എല്ലാ തെറ്റുകുറ്റങ്ങളില്‍നിന്നും മനുഷ്യനെ ശുദ്ധീകരിക്കാന്‍ നമസ്‌കാരം ഉപകാരപ്പെടേണ്ടതുണ്ട്. ‘ പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്‌ബോധനമാണിത്.’ (ഹൂദ് 114)
-സത്യവിശ്വാസിക്ക് കരുത്തുപകരേണ്ട ഒന്നാണ് നമസ്‌കാരം.’ വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.'(അല്‍ ബഖറ 153). നമസ്‌കാരം നിര്‍ഭയനും കരുത്തനുമായ വിശ്വാസിക്ക് ജന്‍മംനല്‍കുന്നു.
– വിശ്വാസിയില്‍ സാമൂഹികഅവബോധം ഉണര്‍ത്താനും അവനെ പരക്ഷേമതല്‍പരനാക്കാനും നമസ്‌കാരം സഹായിക്കുന്നു. അനാഥകളെ ആട്ടിയകറ്റുന്നവരും അഗതികള്‍ക്ക് ഭക്ഷണത്തിന് പ്രേരിപ്പിക്കാത്തവരും ജനങ്ങള്‍ക്ക് ഉപകാരംചെയ്യാന്‍ പിശുക്കുകാട്ടുന്നവരും ദീനിനെ നിഷേധിക്കുന്ന, നമസ്‌കാരം പാഴായിപ്പോയ കൂട്ടര്‍ ആണെന്ന് അല്‍ മാഊന്‍ അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Add Comment