‘നമസ്‌കാരം അതിന്റെ കൃത്യസമയത്ത് തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് എന്നെ അദ്ദേഹം ശകാരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.’
അവരുടെ ഈ വാക്കുകള്‍ എന്നെ കൂടുതല്‍ ആശ്ചര്യപ്പെടുത്തി. ആ സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടാണ് എന്റെയടുക്കല്‍ വന്നത്. ഭര്‍ത്താവിന്റെ ദീനിനിഷ്ഠയെ കുറിച്ചു ചോദിച്ചപ്പോഴാണ് അവര്‍ തന്റെ ഭര്‍ത്താവ് ആരാധനാകാര്യങ്ങളില്‍ നല്ല നിഷ്ഠയുള്ള ആളാണെന്നും അതിന് തന്നെയും നിര്‍ബന്ധിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയത്.
കുറേനേരത്തേക്ക് അവരുടെ പ്രസ്താവന എന്റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിരുന്നു. പൊതുവെ ദീനീനിഷ്ഠയുള്ളതെന്ന് ഗണിക്കപ്പെടുന്ന ഭര്‍ത്താവ് പക്ഷേ തന്റെ ഭാര്യയെ മനസ്സിലാക്കുന്നില്ല. ഭാര്യയാകട്ടെ ഒരു സ്ത്രീയെന്ന നിലയിലോ മാതാവെന്ന നിലയിലോ പരിഗണിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്നില്ല.
ഒരാളെ നമസ്‌കാരത്തില്‍ കൃത്യനിഷ്ഠപുലര്‍ത്താന്‍ കല്‍പിക്കുമ്പോള്‍തന്നെ അയാളെ മാനസികോപദ്രവമേല്‍പിക്കുന്നതെങ്ങനെയെന്ന്് ഞാന്‍ പലവട്ടം ആലോചിച്ചു ? ഏറ്റവും അടുത്ത ആളോടാണ് അയാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. സത്യത്തില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് മനഷ്യന്റെ അകവും പുറവും നന്നാവാന്‍ വേണ്ടിയാണ്. സ്വയം ജീവിതത്തില്‍ സംസ്‌ക്കരിക്കപ്പെടാനും സദ്‌സ്വഭാവിയാകാനും വേണ്ടിയാണ്.
ഇസ്‌ലാമില്‍ ഓരോ വ്യക്തിയും നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്ന വിഷയത്തില്‍ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം അര്‍പ്പിക്കപ്പെട്ടവനാണ.് ‘വഅ്മുര്‍ അഹ്‌ലക ബിസ്സ്വലാത്’ എന്ന ഖുര്‍ആനിക കല്‍പ്പനയിലൂടെ ശ്രോതാവ് താന്‍ മാത്രമല്ല, തന്റെ കുടുംബവും നമസ്‌കാരവിഷയത്തില്‍ കൃത്യനിഷ്ഠയുള്ളവരാകണമെന്ന സന്ദേശം ഏറ്റെടുക്കുന്നു. തന്റെ കുടുംബത്തിന്റെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുത്തവന്‍ അവരുടെ പരലോകം നഷ്ടപ്പെടുത്തുന്ന യാതൊന്നിനും ഇടവരുത്തില്ല. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കും വേണ്ട ഭൗതിക വിഭവങ്ങള്‍ ഒരുക്കുന്നതു പോലെ തന്നെ അവരുടെ പരലോകവിജയം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
പലപ്പോഴും ദീനീനിഷ്ഠരെന്നും ദീനിന്റെ ആളുകള്‍ എന്നും പറയുന്നവരാണ് അതിന്റെ ശത്രുക്കളായി ഭവിക്കുന്നത്. സ്ത്രീകളുടെമേല്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍ അവര്‍ ദീനിനെ മറയാക്കുന്നു. തങ്ങളുടെ ജാഹിലിയ്യ പെരുമാറ്റങ്ങളാല്‍ ഈ ദീനിനെ ചീത്ത കേള്‍പ്പിക്കുന്നു. ഇത്തരക്കാരുടെ തെറ്റുകള്‍ വ്യക്തിതലത്തില്‍ മാത്രമൊതുങ്ങുകയില്ല. സമൂഹത്തെയും അത്തരം സ്വഭാവങ്ങള്‍ ഗുരുതരമായി ബാധിക്കുന്നു. അത്തരക്കാരുടെ ദീന്‍ പ്രകടനാത്മകസ്വഭാവത്തിലുള്ളതായിരിക്കും. എന്നാല്‍ അവരുടെ അനുഷ്ഠാനകര്‍മങ്ങള്‍ക്ക് അകക്കാമ്പുണ്ടായിരിക്കുകയില്ല. അവര്‍ തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളെയും വീട്ടുകാരെയും വേണ്ടത്ര പരിഗണിക്കുകയില്ല. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുകയുമില്ല.
ആധുനിക നാഗരിക സമൂഹം സ്തീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയുമെല്ലാം സംരക്ഷണത്തിനു വേണ്ടി പ്രത്യേക നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു. അവരെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പല സ്ഥാപനങ്ങളും നിയമ നിര്‍മാണവുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തിലെ എല്ലാ മനുഷ്യാവകാശ പ്രഖ്യാപനങ്ങളേക്കാളും എല്ലാവിധ സുരക്ഷാനിയമങ്ങളേക്കാളും കരാറുകളേക്കാളും ഇസ്‌ലാം സ്ത്രീയെ പരിഗണിക്കുകയും അവള്‍ക്ക് ഉന്നത പതവി നല്‍കുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമാണ് സ്വര്‍ഗ പ്രവേശത്തിനുള്ള ഉപാധിയായ നന്‍മയെ സൂചിപ്പിച്ചത്. ഇസ്‌ലാം സ്ത്രീക്ക് സ്വതന്ത്ര അസ്തിത്വം വകവെച്ചു നല്‍കുകയും ആത്മീയതലത്തില്‍ അവള്‍ക്ക് ആദരവ് കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവള്‍ക്ക് സ്വതന്ത്രമായി ബുദ്ധി പ്രയോഗിക്കാനും അഭിപ്രായം പറയുന്നതിനും അവകാശമുണ്ട്. പ്രവാചകന്റെയും സ്വഹാബാക്കളുടെയും ചരിത്രം പഠിപ്പിക്കുന്നത് അതാണ്. ഡോ അഹ്മദ് ഖൈരി ഉമര്‍ (റ) ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവത്തെ മുന്‍നിര്‍ത്തി പറയുന്നത്, ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായ ഉമര്‍ എന്ന ഭരണാധികാരി ഒരു പെണ്ണിന്റെ വൈകാരികമായ അവസ്ഥ പരിഗണിച്ചുകൊണ്ട് രാജ്യത്തിന്റെ നിയമം തന്നെ മാറ്റി കുറിച്ചുവെന്നതാണ്. ഭര്‍ത്താവിനെ വിട്ടു പിരിഞ്ഞ് ഒരു പെണ്ണിന് നില്‍ക്കാന്‍ കഴിയുന്ന ഏറ്റവും കൂടുതല്‍ കാലം നാലു മാസമാണെന്ന് മനസ്സിലാക്കിയ ഉമര്‍ പട്ടാളക്കാര്‍ എത്ര ദൂരെ യുദ്ധത്തിനു പോയാലും നാലുമാസം കൂടുബോള്‍ തന്റെ കുടുംബത്തിന്റെ അരികില്‍ തിരികെയെത്തണം എന്ന നിയമം. ജനങ്ങള്‍ ദീനിനെ എന്ന പലപ്പോഴും മനസ്സിലാക്കുന്നത് അധികരിപ്പിച്ച നമസ്‌കാരവും നോമ്പും പ്രാര്‍ത്ഥനകളും ദീന്‍ ഒരു ജീവിതവ്യവസ്ഥയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
ഒരു മനുഷ്യന്‍ തന്റെ ജീവിതപങ്കാളിയുടെ ആരാധനാദി കാര്യങ്ങളില്‍ അതീവശ്രദ്ധാലുവാണ്. എന്നാല്‍ അവള്‍ക്കൊരു ഹൃദയമുണ്ടെന്നും അതിന് വേദനയുണ്ടെന്നും മനസ്സിലാക്കാതെ അവളെ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് ഇകഴ്ത്തുകയും താഴ്ത്തുകയും ചെയ്യുക. ആരാധനാ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് തങ്ങളുടെ പരലോകം രക്ഷപ്പെടുത്താമെന്നു കരുതുന്ന അത്തരക്കാര്‍ വിഡ്ഢികളാണ്. ആത്മാവില്ലാത്ത കര്‍മ്മങ്ങള്‍ കൊണ്ട് കാര്യമില്ല.
പല ആളുകളും അല്ലാഹു പറഞ്ഞതു പോലെ പലതും ചെയ്തു കൊണ്ടിരിക്കുന്നു. തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ നന്‍മയാണെന്ന് അവര്‍ ധരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ അന്തിമ തുലാസ്സില്‍ അവര്‍ നഷ്ടകാരികളായിരിക്കും. അവരുടെ കര്‍മ്മങ്ങളില്‍ ചിലതിനെ മറ്റു ചില കര്‍മ്മങ്ങള്‍ നശിപ്പിച്ചു കളയും. അവരുടെ ഹൃദയങ്ങളില്‍ നിന്നുള്ള കാരുണ്യത്തിന്റെ ഉറവ വറ്റിപ്പോകും. തന്റെ ഭാര്യയോടും കരുണയും ദയയും അനുകമ്പയുമില്ലാത്തവന് അവന്റെ ആരാധനാകാര്യങ്ങളില്‍ അല്ലാഹുവിനെ കണ്ടെത്താനാകില്ല. തന്റെ കുടുംബത്തെ അപഹസിക്കുന്ന വിലകുറച്ചു കാണുന്ന ഒരുവന്റെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും വിലകുറഞ്ഞതായിരിക്കും എന്ന ഹസനുല്‍ ബസ്വരിയുടെ പ്രസ്താവന എത്ര ശരിയാണ്.
Add Comment