വിശ്വാസം-ലേഖനങ്ങള്‍

നന്‍മകളെ പതിവുശീലങ്ങളാക്കുക

കല്ല് മുകളിലേക്കു കയറാന്‍ പഠിച്ചിട്ടില്ല. നിങ്ങള്‍ അതിനെ എത്രവട്ടം ആകാശത്തേക്ക് എറിഞ്ഞാലും അത് തിരികെ വരും. തീജ്വാലകള്‍ ഒരിക്കലും താഴോട്ടു ഇറങ്ങുകയുമില്ല. അതെപ്പോഴും ജ്വലിച്ചുയരുക മേല്‍പ്പോട്ടായിരിക്കും.
ശീലങ്ങള്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും കീഴടക്കുകയും നമ്മുടെ മസ്തിഷ്‌ക്കത്തില്‍ പതിഞ്ഞു കിടക്കുകയും ചെയ്യും. കാരണം ശീലങ്ങള്‍ നാം ആര്‍ജിച്ചെടുത്ത കഴിവുകള്‍ തന്നെയാണ.് എന്നാല്‍ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി എന്നു മാത്രം.

നാം നമ്മുടെ ജീവിതത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും യാന്ത്രികമായി ചെയ്തുപോകുന്നതാണ്. അങ്ങനെ ചെയ്യണം എന്നു ചിന്തിച്ചു കൊണ്ടല്ല മിക്കവാറും കര്‍മങ്ങള്‍ നാം ചെയ്യുന്നത്. നടത്തം, ഇരുത്തം, ടൈപിംഗ്, ഭോജനം , വസ്ത്രം ധരിക്കല്‍, വാഹനമോടിക്കല്‍, ഉച്ചാരണം ഇതെല്ലാം നാം യാന്ത്രികമായി ചെയ്യുന്നതാണ്. അതേസമയം ചില കാര്യങ്ങള്‍ ബോധപൂര്‍വം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പരിഭ്രമത്താല്‍ തെറ്റിപ്പോയ എത്രയോ അവസരങ്ങളുണ്ടായിട്ടുണ്ട്. പല പ്രവൃത്തികളിലും  പ്രവാചക സുന്നതുകള്‍ ഉണ്ടെന്ന് നമുക്കറിയാമെങ്കിലും അത് പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. ഉദാഹരണത്തിന് പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാലും പള്ളിയില്‍ നിന്ന് പുറത്തേക്കു വരുമ്പോള്‍ ഇടതുകാലും ആദ്യം വെക്കണമെന്നാണ് നിര്‍ദ്ദേശം.
   
ഇതു പോലെ നാം ഉറങ്ങുമ്പോള്‍ നമ്മുടെ കൈകള്‍ എവിടെയാണ് വയ്‌ക്കേണ്ടതെന്ന് നാം ചിന്തിക്കാറില്ല. അത് മടക്കി നമ്മുടെ നെഞ്ചിലോ അതല്ല ശരീരപാര്‍ശ്വങ്ങളിലോ ചേര്‍ത്തുവെക്കേണ്ടത് എന്നൊന്നും നാം ചിന്തിക്കാറില്ല.
മനപ്പാഠമാക്കിയ സൂറകള്‍ ചൊല്ലുമ്പോള്‍ അതങ്ങനെ ചൊല്ലിപ്പോകും. എന്നാല്‍ നിര്‍ദ്ദിഷ്ട ആയതിനു ശേഷം ഇന്ന ആയതാണ് എന്ന് ഓര്‍മിച്ച് ചൊല്ലാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് അതിന് കഴിയാതെ വരുന്നു. നമസ്‌കാരത്തില്‍ നാം ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ ഓര്‍മിച്ചെടുത്ത് മറ്റൊരു സന്ദര്‍ഭത്തില്‍ ചൊല്ലാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും. എന്നാല്‍ നമസ്‌ക്കരിക്കുമ്പോള്‍ ഓരോ സ്ഥാനങ്ങളിലും അതാതിന്റെ പ്രാര്‍ത്ഥനകള്‍ നമ്മുടെ നാവില്‍ താനേ വരും. നമ്മുടെ ശീലങ്ങല്‍ നമ്മുടെ തലച്ചോറിനെ കീഴടക്കുകയും ഉപബോധ മനസ്സിലൂടെ പുറത്തു വരികയും ചെയ്യുന്നതുകൊണ്ടാണിത്.

നമ്മുടെ പെരുമാറ്റത്തെയും ചിന്തകളെയും വിചാരങ്ങളെയും അടക്കിഭരിക്കുന്ന ശീലങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമാണ് എന്നു പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. ഇതു തന്നെയാണ് സമൂഹത്തിന്റെയും കാര്യം. ഓരോരുത്തരും ആലോചന കൂടാതെ സ്വീകരിക്കുന്ന സ്വഭാവങ്ങളാണ് സാമൂഹിക സമ്പ്രദായങ്ങള്‍. ആ സാമുഹിക സമ്പ്രദായങ്ങള്‍ സമൂഹത്തില്‍ വേരുറച്ചിട്ടുണ്ടാകും. അതു കൊണ്ട് സമൂഹം കാലാനുസൃതം ആവിഷ്‌കരിക്കുന്ന നവീനനിയമങ്ങളെക്കാള്‍ ശക്തമായി സമ്പ്രദായങ്ങള്‍ സമുഹ മധ്യത്തില്‍ നിലനില്‍കും. നമ്മുടെ വസ്ത്രധാരണ രീതി എങ്ങനെയെന്നു തീരുമാനിക്കുന്നത് അത്തരം ചില ശീലങ്ങളാണ്. അത്തരം സാമൂഹികാചാരങ്ങളാണ് ഒരു പുരുഷന്‍ പുറത്തു പോകുമ്പോള്‍ ഷര്‍ട്ടും പാന്റ്‌സും തൊപ്പിയും ധരിക്കണമോ പൈജാമയും ജൂബയും ധരിക്കണമോ ഷര്‍ട്ടും മുണ്ടും ധരിക്കണമോ എന്നു തീരുമാനിക്കുന്നത്.
നിയമങ്ങള്‍ ഇല്ലാതിരുന്ന പല സമൂഹങ്ങളും മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട്. മുന്‍ കാലങ്ങളിലെ ജിപ്‌സികളും നാടോടി സമൂഹങ്ങളും പോലെ. എന്നാല്‍ ആചാരങ്ങളും സമ്പ്രദായങ്ങളുമില്ലാത്ത ഒരു സമൂഹവും കടന്നു പോയിട്ടില്ല. ഇതു പോലെ ഏതൊരു വ്യക്തിക്കും അവന്റേതായ ചില ശീലങ്ങള്‍ ഉണ്ട്.
ജന്‍മവാസനകള്‍ നിയന്ത്രിക്കുന്ന മൃഗങ്ങളില്‍ പോലും ശീലങ്ങളും രൂപപ്പെടുന്നുണ്ട്. അവയില്‍ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നില്ലെങ്കില്‍ അവയെ മനുഷ്യന്‍ ഇണക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുകയില്ലായിരുന്നു. അല്ലാഹു പറയുന്നു:’ തങ്ങള്‍ക്ക് അനുവദനീയമായതെന്താണെന്ന് ജനം നിന്നോടു ചോദിക്കുന്നുവല്ലോ. പറയുക! നല്ല വസ്തുക്കളെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പിടിച്ചുതരുന്നതും ഭക്ഷിക്കാവുന്നതാകുന്നു. എന്നാല്‍ ഇതില്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനെ ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു’. ( അല്‍മാഇദ 4)
നായകളെ വേട്ടയാടാന്‍ മാത്രമല്ല മനുഷ്യന്‍ പരിശീലിപ്പിക്കുന്നത്.  പരിശീലനംകിട്ടിയ നായ മയക്കു മരുന്നും സ്‌ഫോടകവസ്തുക്കളും മണം പിടിച്ചു മനസ്സിലാക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്. അതൊന്നും അതിന്റെ ജന്മവാസകളല്ല. അത് പരിശീലിച്ച് ആര്‍ജ്ജിച്ചെടുത്ത കഴിവുകളാണ്.

ശീലങ്ങള്‍ കാലക്രമേണയാണ് രൂപപ്പെടുന്നത്. നല്ല തണുപ്പോ അല്ലെങ്കില്‍ ചൂടോ ഉള്ള കാലാവസ്ഥകളില്‍ നമുക്ക് ജീവിക്കാന്‍ പ്രയാസമല്ലതായിത്തീരുന്നു, അത് നാം പതിവാക്കുമ്പോള്‍. വളരെ കഠിനമായ ജോലിയും നിരന്തരം ചെയ്യുമ്പോള്‍ നമുക്കത് എളുപ്പമായിത്തീരുന്നു. സൂക്ഷ്മമായ ശ്രദ്ധയും നല്ല വൈദഗ്ധ്യവും വേണ്ട ജോലികള്‍ നമുക്ക് കാലംചെല്ലുന്തോറും അനായാസം ചെയ്യാനാകുന്നു. കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ എത്ര വേഗത്തിലാണ് അത് ചെയ്യുന്നത്. ഒരു നിമിഷംപോലും അശ്രദ്ധമാകാതെ അവര്‍ ജോലികള്‍ വേഗത്തില്‍ ചെയ്യുന്നത് നമുക്ക് അത്ഭുതമായി തോന്നാറുണ്ട്. ബൈകോടിക്കാനും സൈക്കിള്‍ ചവിട്ടാനുമുള്ള നമ്മുടെ കഴിവുകള്‍ വളര്‍ന്നതു വരുന്നതും ഇപ്രകാരം ക്രമേണ ക്രമേണയാണ്.

നമ്മുടെ ജീവിതത്തില്‍ അത്യാവശ്യങ്ങളുടെ ഭാഗമായാണ് നമ്മില്‍ പല ശീലങ്ങളും ഉണ്ടാകുന്നത്. ഉദാഹരണത്തിന് തീനും കുടിയും ഉറക്കവും. സാമൂഹികബന്ധങ്ങളിലും ഇതു പോലെ ഒരു പാട് ശീലങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വന്നിട്ടുണ്ടാകും. വിവാഹം, മുതിര്‍ന്നവരെ ബഹുമാനിക്കല്‍, പൊതുവ്യവഹാരങ്ങള്‍ ഇവയിലെല്ലാം കടന്നുവരുന്നത് ഇത്തരം സാമൂഹിക ശീലങ്ങളാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ പൊതുവായ പ്രവര്‍ത്തനങ്ങളിലെ വിട്ട ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുക ശീലങ്ങളിലൂടെയും സമ്പ്രദായങ്ങളിലൂടെയുമായിരിക്കും.
ശീലം എന്നത് കാട്ടില്‍ മനുഷ്യര്‍ നടന്നു നടന്ന് രൂപപ്പെട്ട ഒരു വഴിച്ചാല്‍ പോലെയാണ്. ഒരിക്കല്‍ ഒരു വഴിച്ചാല്‍ രൂപപ്പെട്ടാല്‍ പിന്നെ അതിലൂടെ മാത്രമേ ഏവരും സഞ്ചരിക്കൂ. ഇതിനേക്കാള്‍ സുഖകരവും എളുപ്പവുമായ ഒരു വഴി എന്നു നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാലല്ലാതെ മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാവുകയില്ല.

ആവര്‍ത്തനം നമ്മില്‍ ഭൗതികമായ പ്രതിഫനമുണ്ടാക്കുന്നുണ്ട്. മാത്രമല്ല അത് നമ്മുടെ മസ്തിഷ്്ക്കത്തിലെ നാഡികളിലും പ്രതികരണമുണ്ടാക്കുന്നുണ്ട്. നിങ്ങള്‍ ഒരു കര്‍മ്മം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ മസ്തിഷ്‌ക്കത്തില്‍ വൈദ്യുത രാസ പ്രതിപ്രവര്‍ത്തനങ്ങള്‍ കൊണ്ടു വരുന്നു. നിങ്ങള്‍ അത് എത്രവട്ടം ആവര്‍ത്തിക്കുന്നുവോ ആ ജോലി നിങ്ങള്‍ക്ക് അനായാസമായിത്തീരുകയും അവസാനം അത് യാന്ത്രികമായി ചെയ്യുന്ന ഒരു രീതിയിലേക്കു എത്തിച്ചേരുകയും ചെയ്യും.
ശീലം എന്നൊന്ന് ഇല്ലായിരുന്നുവെങ്കില്‍ ജീവിതം വളരെ ദുസ്സഹമായേനെ. അങ്ങനെവന്നാല്‍ നമുക്ക് വസ്ത്രം ധരിക്കാന്‍ ഒരു ദിവസം മുഴുവനും വേണ്ടി വന്നേനെ. കാരണം ഓരോ പ്രാവശ്യവും നാം അത് ചെയ്യുക നവ്യാനുഭവമായിരിക്കും. പുതിയ പരിതസ്ഥിതികളുമായി താദാത്മ്യം പ്രാപിക്കാന്‍ നമുക്ക് ഒരിക്കലും കഴിയാതെ വന്നേനെ. പതിവാക്കല്‍ നമുക്ക് ഒരു പിടി കഴിവുകളും നൈപുണിയും കൂടി നല്‍കുന്നുണ്ട്. ഒരു ഫുട്ബാള്‍ കളിക്കാരന്, ബാസ്‌കറ്റ് ബോളും വോളിബോളും, ഇതൊന്നും തീരെ കളിക്കാത്ത ഒരാളേക്കാള്‍ നന്നായി കളിക്കാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്.

Topics