ഞാനറിഞ്ഞ ഇസ്‌ലാം

നടാഷ പറയുന്നു, ഇസ് ലാം നിങ്ങളുടെ ജീവിതത്തെ സഫലമാക്കും

നടാഷ തന്റെ ബാല്യകാലത്തുതന്നെ ആത്മീയകാര്യങ്ങളോട് പ്രതിപത്തിയുള്ളവളായിരുന്നു.  ഖിയാമത് നാള്‍ അടുത്തതുപോലെ തികച്ചും അപരിചിതമായ സ്വപ്‌നങ്ങളായിരുന്നു താന്‍  കണ്ടിരുന്നതെന്ന കാര്യം നടാഷ ഇപ്പോഴും ഓര്‍ക്കുന്നു.

12-ാം വയസില്‍ ബൈബിള്‍ പൂര്‍ണമായും വായിക്കാന്‍ തുടങ്ങിയത് ആത്മീയപാതയിലൂടെയുള്ള സഞ്ചാരത്തിന്റെ തെളിവായിരുന്നു. ക്രൈസ്തവതയിലൂടെ ദൈവവുമായി അടുത്തബന്ധം സ്ഥാപിക്കാമെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കം നടത്തിയത്. ആദ്യത്തെ രണ്ടുമൂന്നുചാപ്റ്ററുകള്‍  വായിച്ചുകഴിഞ്ഞപ്പോള്‍ ജീവിതം മാറ്റിമറിച്ച വരികള്‍ കണ്ണിലുടക്കി. അതിങ്ങനെ വായിക്കാം: ‘സര്‍വശക്തനായ െൈദവത്തെയല്ലാതെ നീ മറ്റാരെയും വിളിച്ചുപ്രാര്‍ഥിക്കരുത് ‘

ആ വരികള്‍ വായിച്ചുകഴിഞ്ഞതോടെ ദൈവത്തിനുപകരം യേശുവിനെ വിളിച്ചുപ്രാര്‍ഥിച്ചതിലൂടെ പാപമാണ് ചെയ്തുകൊണ്ടിരുന്നതെന്ന് മനസ്സിലായി. തന്റെ അമ്മയുടെ മതമായ ക്രിസ്ത്യാനിറ്റിയെ പിന്തുടരുന്നത് അതോടെ വേണ്ടെന്നുവെച്ചു. തന്റെ പിതാവിന്റെ യഹൂദപാരമ്പര്യത്തിലേക്ക് പതുക്കെ ചുവടുവെച്ചു. സിനഗോഗിലെ പ്രാര്‍ഥനാചടങ്ങുകളില്‍ സ്ഥിരമായി പങ്കെടുക്കാന്‍ തുടങ്ങി. അതോടെ അവിടെ സ്ഥിരമായി സംബന്ധിച്ചുകൊണ്ടിരുന്നവര്‍ യഹൂദമതത്തിലേക്ക് പരിവര്‍ത്തനംചെയ്യാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു. അതനുസരിച്ച് അമ്മയുടെ അപ്രീതിവകവെയ്ക്കാതെ യഹൂദവിശ്വാസിനിയായിത്തീര്‍ന്നു അവര്‍.

തന്റെ ഇരുപതാമത്തെ വയസ്സില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ നടാഷയ്ക്ക് അവസരം കിട്ടി. ആ യാത്രയ്ക്കുശേഷം യഹൂദമതാനുസാരം ജീവിതംനയിക്കാമെന്ന തീരുമാനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ അവര്‍ സ്ഥിരതാമസമാക്കുകയായിരുന്നു. അല്‍പനാള്‍ കഴിഞ്ഞ് ഒരു യഹൂദയുവാവിനെ വിവാഹം കഴിക്കുകയുംചെയ്തു. യാഥാസ്ഥിതികയഹൂദജീവിതത്തിനിടയില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്റെ അമ്മ യഹൂദവിശ്വാസിനിയല്ലാതിരുന്നതിനാല്‍ പൂര്‍ണമായും അതിലേക്ക് ലയിക്കാന്‍ നടാഷയ്ക്ക് കഴിഞ്ഞില്ല. ആ യാഥാസ്ഥിതികജീവിതത്തില്‍ പലതും നടാഷയ്ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസംസൃഷ്ടിക്കുന്നതും ഭയംജനിപ്പിക്കുന്നതുമായിരുന്നു. എന്നിരുന്നാലും അതൊക്കെ അവഗണിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചു.

ഇരുപതുകളുടെ മധ്യത്തില്‍ വിവാഹമോചനംനേടി നടാഷ കാലിഫോര്‍ണിയയിലേക്ക് നീങ്ങി. അവിടെയും തന്റെ  യഹൂദജീവിതം തുടരുകയായിരുന്നു അവര്‍. ഒരു കൊല്ലംകഴിഞ്ഞപ്പോള്‍ ഏതാനും ഈജിപ്ഷ്യന്‍ സുഹൃത്തുക്കളെ കണ്ടുമുട്ടി.അവരുമായി തികഞ്ഞ സൗഹൃദത്തിലായ നടാഷ അവരിലൊരാളുമായി കൂടുതല്‍ അടുത്തു.

ഉമര്‍ എന്നായിരുന്നു ആ സുഹൃത്തിന്റെ പേര്. ഒരിക്കല്‍ അവന്‍ മുഹമ്മദ് നബി(സ)യെപ്പറ്റി നടാഷയോടുപറഞ്ഞു. ഉമര്‍ അഞ്ചുനേരം നമസ്‌കരിക്കുന്നവനായിരുന്നു. തന്റെ മറ്റൊരു സുഹൃത്തായ ഇസ്‌ലാം സ്വീകരിക്കാനൊരുങ്ങുന്ന ഒരുവളെപ്പറ്റി ഉമര്‍ ഇടയ്ക്ക് തന്റെ സംസാരത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ , അപ്പോഴൊന്നും നടാഷയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. മുസ്‌ലിംകള്‍ക്ക് അന്യമതക്കാരായ ആളുകളെ വിവാഹംചെയ്യാന്‍ പാടില്ലെന്ന കാര്യമല്ലാതെ ഇസ്‌ലാമിനെപ്പറ്റി മറ്റൊന്നും അവര്‍ കേട്ടിട്ടില്ലായിരുന്നു.

എല്ലാദിവസവും ഉമറുമായി സംസാരിക്കാനും നടക്കാനും നടാഷ സമയംകണ്ടെത്തി. അങ്ങനെയിരിക്കെ, ഇനി നമ്മള്‍തമ്മില്‍ കൂടിക്കാഴ്ച വേണ്ടെന്ന് നടാഷ ഉമറിനോട് പറഞ്ഞു. അതിന് നടാഷ പറഞ്ഞ കാരണം ഇത്രമാത്രമായിരുന്നു: താന്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല.’ ‘കുട്ടികളെ  ഇസ്‌ലാമികമായി വളര്‍ത്താമെങ്കില്‍ യഹൂദസ്ത്രീകളെ വിവാഹം കഴിക്കാന്‍ മുസ്‌ലിമിന് വിലക്കില്ലെ’ന്നായിരുന്നു അതിന് ഉമറിന്റെ മറുപടി. എങ്കിലും കുട്ടികള്‍ക്ക് ഏതുമതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാം എന്ന് ഇരുവരും ഒരു ധാരണയിലെത്തിയപ്പോള്‍ മാത്രമാണ് നടാഷയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായത്.

അങ്ങനെയിരിക്കെ, ഒരിക്കല്‍  നടാഷയുടെ ആദ്യഭര്‍ത്താവിലുണ്ടായ മകന്‍ ഷെയ്ന്‍ താന്‍  ഉമറുമായി (രണ്ടാം പിതാവ്) ഒരുമിച്ചിരുന്ന് നമസ്‌കരിച്ചോട്ടെയെന്ന് നടാഷയോട് അനുവാദംചോദിച്ചു. നടാഷ സമ്മതം മൂളി. അങ്ങനെ അവര്‍ രണ്ടുപേരുംഒരുമിച്ച് നമസ്‌കരിക്കുന്നത് അവര്‍ നോക്കിനിന്നു. ആ മുറിയില്‍ എന്തോ അതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ശാന്തതയും സമാധാനവും തന്റെ ഹൃദയത്തിനകത്തേക്കും അരിച്ചിറങ്ങുന്നത് നടാഷ അനുഭവിച്ചറിഞ്ഞു.

അതിനിടയിലെപ്പോഴോ ഉമര്‍ തന്റെ ജന്‍മനാട്ടിലേക്ക് എന്തോ അത്യാവശ്യകാര്യത്തിനായി പുറപ്പെട്ടു. ഏതാണ്ട് നാലുമാസത്തോളം അവിടെത്തന്നെ കഴിച്ചുകൂട്ടി. ആയിടയക്ക് ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ തന്നെ നടാഷ തീര്‍ച്ചയാക്കി. ‘Why Islam’എന്ന വെബ്‌സൈറ്റിലൂടെ  ഇസ്‌ലാമിനെപ്പറ്റി വായിച്ചുതുടങ്ങി. അവര്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജമചെയ്ത ഖുര്‍ആന്‍  നടാഷയ്ക്ക് അയച്ചുകൊടുത്തു. 2005 ലെ റമദാനിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം.

ഖുര്‍ആന്‍ വായിച്ചുതുടങ്ങിയതോടെ അതിന്റെ ആഖ്യാനശൈലി അവരെ ഹഠാദാകര്‍ഷിച്ചു. കഥാരൂപത്തിലെഴുതപ്പെട്ട ബൈബിള്‍ ശൈലിയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്. ഖുര്‍ആന്‍ താഴെവെക്കാതെ എല്ലായിടത്തും അതിനെ കൈയില്‍കൊണ്ടുനടന്നു. ചിലപ്പോള്‍ കാറിലായിരിക്കുമ്പോഴും ഉച്ചഭക്ഷണഇടവേളയിലും വീട്ടിലായിരിക്കെ രാത്രിയും അത് തുറന്നുവായിക്കുമായിരുന്നു. ഒരുവേള ഇത് തനിക്കുവേണ്ടി എഴുതപ്പെട്ടതാണോയെന്നുപോലും തോന്നിപ്പോയി.

 ഖുര്‍ആന്‍ വായിച്ചപ്പോള്‍ മനസ്സിന് കിട്ടിയ സമാധാനവും ശാന്തിയും തിരിച്ചറിഞ്ഞ നടാഷ ഉടന്‍ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് മുസ്‌ലിംപള്ളി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്ന് അഭ്യര്‍ഥിച്ചു. സൈറ്റുമായി ബന്ധപ്പെട്ട ഒരാള്‍ വിളിച്ച് ഏതാനും ചോദ്യങ്ങള്‍ അവരോടുചോദിച്ചു. അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവമുണ്ടോ, സ്വര്‍ഗവും നരകവും ഉണ്ടെന്ന് വിശ്വസിക്കുന്നുവോ, വിധിപ്രഖ്യാപനദിനത്തിലും മാലാഖമാരിലും വിശ്വസിക്കുന്നുവോ തുടങ്ങി പലതും. എല്ലാറ്റിനും നടാഷ അതെയെന്ന് ഉത്തരംനല്‍കി. 

എങ്കില്‍ താങ്കള്‍ മുസ്‌ലിമാണെന്നായിരുന്നു ഫോണിലൂടെ ആ സഹോദരന്റെ വിധിയെഴുത്ത്. പിന്നെയും തുടര്‍ന്നുസംസാരിച്ച അദ്ദേഹം നടാഷയോട് ശഹാദത്തുകലിമ എന്തുകൊണ്ട് ചൊല്ലുന്നില്ലെന്നായി ? ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കിയശേഷം  നടാഷ ശഹാദത്തുകലിമ ചൊല്ലി. വെബ്‌സൈറ്റിന്റെ ഭാഗത്തുനിന്ന് പിന്നെയും ഇസ്‌ലാമിനെക്കുറിച്ച പുസ്തകങ്ങളും ഖുര്‍ആനും ഹിജാബും ഏതാനും സിഡികളുമടങ്ങിയ കിറ്റും അയച്ചുകിട്ടുകയുംചെയ്തു.

ഉമര്‍ മടങ്ങിയെത്തിയിട്ടും നടാഷ താന്‍ ഇസ്‌ലാം സ്വീകരിച്ച വിവരം അവനോട് വെളിപ്പെടുത്തിയില്ല. അങ്ങനെയിരിക്കെ എന്തോ ഒരു കാര്യത്തിന് ഉമറിന്റെ സഹായം അവര്‍ക്ക് വേണ്ടിവന്നു. ആ ഘട്ടത്തില്‍ തന്റെ ഇസ്‌ലാംസ്വീകരണം വെളിപ്പെടുത്തേണ്ടിവന്നു. അതോടെ ഉമര്‍ അവര്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ചില അധ്യായങ്ങള്‍ സിഡിയിലാക്കി കൊടുത്തു. 

ഉമറിന്റെയും നടാഷയുടെയും ബന്ധം അതോടെ ദൃഢമായി. ഇനി വൈകിക്കേണ്ടതില്ലെന്നും വിവാഹംകഴിക്കാമെന്നും അവര്‍ തീരുമാനിച്ചു.  അപരിചിതരെന്ന നിലക്ക് എതിര്‍ലിംഗത്തില്‍പെട്ടവരോട് സ്വതന്ത്രമായി ഇടപെടാന്‍  വിവാഹം മാത്രമേ അവരുടെ മുമ്പില്‍ പോംവഴിയുണ്ടായിരുന്നുള്ളൂ. ഒരു ചെറിയ ചടങ്ങില്‍വെച്ച് അവര്‍ വിവാഹിതരായി.

ഞായറാഴ്ചകളിലെ ദീനീക്ലാസുകളില്‍ നടാഷ പതിവായി പോകാന്‍തുടങ്ങി. തന്റെ ഭര്‍ത്താവിനോടൊപ്പം സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് മറ്റുസമുദായാംഗങ്ങളുമായി ആശയവിനിമയത്തിന്റെ മറ്റൊരു ലോകത്തേക്ക് കടന്നു അവര്‍. അതോടെ ഇസ് ലാമുമായി നടാഷ കൂടുതല്‍ അടുത്തു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹിജാബ് ധരിക്കണമെന്ന് മോഹമുദിച്ചു. പക്ഷേ, തന്റെ സഹപ്രവര്‍ത്തകരുടെയും മറ്റുതൊഴിലാളികളുടെയും മുമ്പില്‍ ഹിജാബ് ധാരിണിയായി വരാന്‍ ചെറിയൊരു വൈകബ്ല്യമുള്ളതുപോലെ. തന്റെ കുട്ടികളെ ഇസ് ലാമിക്‌സ്‌കൂളില്‍കൊണ്ടുചെന്നുവിടുമ്പോള്‍ നടാഷമാത്രമാണ് ഹിജാബില്ലാതെ വന്നിരുന്ന ഏക രക്ഷിതാവ്. അങ്ങനെ പോകുന്നതില്‍ കുറ്റബോധം വര്‍ധിച്ചതോടെ ഒരു ദിവസം ബിസ്മിചൊല്ലി ഹിജാബ് ധരിക്കുകയായിരുന്നു.

ഇസ് ലാം തന്റെ ജീവിതത്തെ അടിമുടിമാറ്റിമറിച്ചെന്ന് നടാഷ പറയുന്നു: ‘ഇസ് ലാമിന് ഞാന്‍ മൂലം ചീത്തപ്പേര് വന്നുചേരുന്നതിനെപ്പറ്റി ബോധവതിയാണിപ്പോള്‍. എന്തുചെയ്യുമ്പോഴും വളരെ കരുതലോടെമാത്രമേ ചെയ്യാറുള്ളൂ. ആക്ഷേപിച്ചോ പരിഹസിച്ചോ ആരെങ്കിലും എന്നോടു സംസാരിച്ചാല്‍ വളരെ സമാധാനപൂര്‍ണമാണ് എന്റെ പ്രതികരണം. പരുക്കനായി പ്രതികരിച്ചാല്‍ ഇസ് ലാം ആക്രമണോത്സുകമാണെന്ന് അവര്‍ തെറ്റുധരിച്ചെങ്കിലോ എന്നാണെന്റെ പേടി. മാതാപിതാക്കളോടുള്ള എന്റെ പെരുമാറ്റം വളരെ കരുതലോടെയാണ്. പ്രത്യേകിച്ചും അമ്മയോടുള്ള പെരുമാറ്റം. വളരെ വിനയാന്വിതമായേ അവരോട് സംസാരിക്കാറും പെരുമാറാറും ഉള്ളൂ. ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തങ്ങളെ കാണാന്‍ പരിശീലിച്ചുകഴിഞ്ഞു. എന്തുസംഭവിച്ചാലും അതെന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നോര്‍ത്ത് ദുഃഖിക്കാറില്ല. കാരണം അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍. എന്റെ ജീവിതത്തിലെ ഏതുപ്രയാസങ്ങളും പരീക്ഷണങ്ങളും അല്ലാഹുവിങ്കല്‍നിന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. മറ്റുള്ളവരെ മുന്‍വിധിയോടെ സമീപിക്കാറില്ല. അവരെപ്പറ്റി പരദൂഷണം പറയാറില്ല.ഇസ്‌ലാമിനെക്കുറിച്ച് അറിയാനും അത് സ്വീകരിക്കാനും അവസരം ലഭിച്ചതില്‍ വളരെ സന്തോഷവതിയാണ്. എന്റെ സന്താനങ്ങളെ ഇസ്‌ലാമികമര്യാദകളും സ്വഭാവരീതികളും പരിശീലിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഞാന്‍മനസ്സിലാക്കുന്നു. അതുവഴി നാളെ സമൂഹത്തിനും ലോകത്തിനും സേവനംചെയ്യുന്ന സത്കര്‍മികളും മാതൃകാപുരുഷന്‍മാരുമായി അവര്‍ വളരണം. അതിലേക്കായി ഇനിയും എനിക്ക് ഇസ് ലാമിനെപ്പറ്റി ഒട്ടേറെ പഠിക്കാനുണ്ടെന്നറിയാം.’

നടാഷയ്ക്ക് സുഹൃത്തുക്കളെ നഷ്ടപ്പെട്ടെങ്കിലും  ഇസ്‌ലാം അവര്‍ക്ക് കരുത്തും തണലും പകര്‍ന്നുനല്‍കി. തന്റെ ഭര്‍ത്താവിനും നാലുകുട്ടികള്‍ക്കുമൊപ്പം ഇന്ന് വളരെ സന്തോഷവതിയാണവര്‍.

Topics