വിശ്വാസം-ലേഖനങ്ങള്‍

ദൈവികസന്ദേശം ലഭിക്കാത്തവര്‍ അവിശ്വാസികളാകുമെന്നോ ?

ദൈവനിഷേധിയായ ഒരു സുഹൃത്ത് എന്റെയടുത്ത് വന്നു. എന്നെ പ്രഹരിക്കാന്‍ പറ്റിയ ഒരു വടിയന്വേഷിച്ച് നടക്കുന്നയാളായിരുന്നു അദ്ദേഹം. ഇത്തവണ അയാളുടെ മുഖത്ത് അല്‍പം നിഗൂഢമായ സന്തോഷം പ്രകടമായിരുന്നു. അച്ചടിഭാഷയിലെന്നോണം നന്നായി പദങ്ങള്‍ ചേര്‍ത്തുവെച്ച് അദ്ദേഹം ശാന്തമായി എന്നോട് പറഞ്ഞു: ‘വിശുദ്ധ ഖുര്‍ആന്‍ കണ്ടിട്ടില്ലാത്ത, വേദഗ്രന്ഥം അവതരിക്കപ്പെട്ടിട്ടില്ലാത്ത, പ്രവാചക സന്ദേശം ലഭിച്ചിട്ടില്ലാത്ത വ്യക്തിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ? അയാള്‍ എന്ത് തെറ്റാണ് ചെയ്തത് ? നിങ്ങളുടെ അഭിപ്രായത്തില്‍ വിചാരണ വേളയില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ പരിണിതി ? കാടുകളില്‍ ജീവിക്കുന്ന ആദിവാസികള്‍, സമൂഹത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന എസ്‌കിമോകള്‍…. നിങ്ങളുടെ ദൈവത്തിന്റെ അടുത്ത് എന്തായിരിക്കും അവരുടെ അവസ്ഥ?

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ താങ്കള്‍ എന്നെ അനുവദിച്ചാലും. തെറ്റായി ചില മുന്‍ധാരണകളിലാണ് താങ്കളുടെ ചോദ്യം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. തന്റെ കാരുണ്യത്തില്‍ നിന്നും ദിവ്യബോധനത്തില്‍ നിന്നും വചനത്തില്‍ നിന്നും ഒരാളെയും തടഞ്ഞിട്ടില്ല എന്നാണ് അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നത്. ‘ഒരു മുന്നറിയിപ്പുകാരനും വരാത്ത യാതൊരു സമൂഹവും ഇല്ല’ (ഫാത്വിര്‍ 24), ‘തീര്‍ച്ചയായും നാം എല്ലാ സമൂഹത്തിലേക്കും ദൂതനെ നിയോഗിച്ചിരിക്കുന്നു’ (അന്നഹ്ല്‍ 36) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഇതുസംബന്ധിച്ച് പരാമര്‍ശിക്കുന്നത്. 

ലോകത്ത് നിയുക്തരായ എല്ലാ ദൂതന്മാരുടെയും നാമങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞിട്ടില്ല. നാം അറിയാത്ത ആയിരക്കണക്കിന് ദൂതന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. മുഹമ്മദ്(സ) പ്രവാചകനോട് അല്ലാഹു പറയുന്നത് ഇപ്രകാരമാണ് :’നാം നിനക്ക് മുമ്പ് നിരവധി ദൂതന്മാരെ അയച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നാം വിവരിച്ച് തന്നിരിക്കുന്നു. വിവരിച്ചു തരാത്ത ചിലരുമുണ്ട്’. (അല്‍ഗാഫിര്‍ 78)

അല്ലാഹു എല്ലാറ്റിനും ദിവ്യബോധനം നല്‍കുന്നു. തേനീച്ചക്ക് വരെ ദിവ്യബോധനം നല്‍കിയതായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ‘നിന്റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി.  ‘മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും നിങ്ങള്‍ കൂടുണ്ടാക്കുക’. (അന്നഹ്ല്‍ 68). ചിലപ്പോള്‍ ജിബ്‌രീല്‍ കൊണ്ട് വരുന്ന ലിഖിത രൂപത്തിലുള്ളവയായിരിക്കും വഹ്‌യ്. മറ്റ് ചിലപ്പോള്‍ അടിമയുടെ ഹൃദയത്തില്‍ അല്ലാഹു നിക്ഷേപിക്കുന്ന പ്രകാശമായിരിക്കും അത്. ചിലപ്പോള്‍ ഹൃദയ വിശാലതയുടെ രൂപത്തിലായിരിക്കും ദിവ്യബോധനം കടന്നുവരിക. ചിലപ്പോള്‍ ഭക്തിയുടെയോ, വിജ്ഞാനത്തിന്റെയോ, തത്ത്വത്തിന്റെയോ മറ്റോ രൂപങ്ങളില്‍ ദിവ്യബോധനം അവതരിക്കാവുന്നതാണ്. 

ദൈവത്തില്‍ നിന്ന് കാരുണ്യം ലഭിക്കാത്ത, ദിശ നിര്‍ണയിക്കപ്പെടാത്ത ഒരു ഹൃദയവുമില്ല. പക്ഷെ ചെവിയടച്ച, ഹൃദയം താഴിട്ടുപൂട്ടിയ വ്യക്തികള്‍ക്ക് വേദവും, ദിവ്യബോധനവും, ദിവ്യപ്രകാശവും, അമാനുഷിക അടയാളങ്ങളും പ്രയോജനപ്പെടില്ലെന്ന് മാത്രം. താനിഛിക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെയിടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഒരാളിലേക്ക് പ്രവാചകനെ അയക്കാനും മറ്റൊരാരുടെ സന്മാര്‍ഗലബ്ദിക്കായി മറ്റൊരു മാര്‍ഗം അവലംബിക്കാനും അവന് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തം. 

ആദിവാസിയായ മനുഷ്യന്‍ ആകാശത്തേക്ക് കണ്ണുകളയച്ച് നടത്തുന്ന പ്രണാമം ഒരു പക്ഷെ അല്ലാഹുവിന്റെ അടുത്ത് നമ്മുടെ നമസ്‌കാരത്തേക്കാള്‍ സ്വീകാര്യമായിരിക്കാം. എന്നല്ല മതങ്ങളെക്കുറിച്ച ഗൗരവതരമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇവരിലേക്കെല്ലാം ദൈവിക ദൂതന്മാരും വേദവും നിയോഗിക്കപ്പെട്ടിരുന്നു എന്നു തന്നെയാണ്. ഉദാഹരണമായി ആദിവാസി ഗോത്രമായ അല്‍മാവ് മാവ് ‘മോജായ്’ എന്ന ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. ഏകന്‍, ജനിച്ചിട്ടില്ലാത്തവന്‍, സമന്മാരില്ലാത്തവന്‍, സാദൃശ്യമില്ലാത്തവന്‍ തുടങ്ങിയ വിശേഷണങ്ങളാണ് അവര്‍ തങ്ങളുടെ ദൈവത്തിന് നല്‍കുന്നത്. അവനാണ് സ്രഷ്ടാവ്, അന്നദാതാവ്, കാരുണ്യവാന്‍, രോഗം ശമിപ്പിക്കുന്നവന്‍, പ്രയാസപ്പെടുന്നവനെ സഹായിക്കുന്നവന്‍, മഴയിറക്കുന്നവന്‍, പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ എന്നൊക്കെ അവര്‍ വിശദീകരിക്കുന്നതായി കാണാവുന്നതാണ്. 

ഈ ‘മോജായ്’ തന്നെയല്ലെ നമ്മുടെ ദൈവവും ? അവര്‍ക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത് ? അവരുടെ ചരിത്രത്തിലും പ്രവാചകന്‍മാരും സന്ദേശവാഹകരും ഉണ്ടെന്ന് യാഥാര്‍ത്ഥ്യം. പിന്നീട് കാലം കഴിഞ്ഞ് പോയപ്പോള്‍ അവരിലും അന്ധവിശ്വാസവും, ആചാരങ്ങളും കടന്നുവരികയും യഥാര്‍ത്ഥ ദീന്‍ കളങ്കപ്പെടുത്തുകയും ചെയ്‌തെന്നു മാത്രം. 

‘നിയാം നിയാം’ ഗോത്രവാസികള്‍ ‘മബൂലി’ എന്ന ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. കാട്ടിലുള്ള എല്ലാം മബൂലിയുടെ ഉദ്ദേശമനുസരിച്ച് മാത്രമാണ് ചലിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. മനുഷ്യരില്‍ മോശപ്പെട്ടവരെ ശിക്ഷ അയച്ച് നശിപ്പിക്കുന്നതും, നന്മേഛുക്കള്‍ക്ക് അന്നവും, അനുഗ്രഹവും നല്‍കി ആദരിക്കുന്നതും മബൂലിയാണെന്നും അവര്‍ പറയുന്നു. ‘ജോക്’ എന്ന ദൈവത്തിലാണ് ഷൈലോക് ഗോത്രവിഭാഗക്കാര്‍ വിശ്വസിക്കുന്നത്. മറഞ്ഞവനും പ്രകടമായവനുമാണ് തങ്ങളുടെ ദൈവമെന്ന് അവര്‍ പറയുന്നു. ആകാശത്തും എല്ലായിടത്തുമുണ്ട് ഞങ്ങളുടെ ദൈവം, അവനാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്നിങ്ങനെ നീളുന്നു അവരുടെ വിശ്വാസം. 

ഇവയെല്ലാം ദൈവിക സന്ദേശങ്ങള്‍ അല്ലെങ്കില്‍ മറ്റെന്താണ്? തീര്‍ച്ചയായും യഥാര്‍ത്ഥ മതം ഒന്നേയുള്ളൂ. ‘ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ, യഹൂദരോ, ക്രൈസ്തവരോ, സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഖിക്കേണ്ടതില്ല'(അല്‍ബഖറ 62)

അല്ലാഹുവിന്റെ കാരുണ്യം എല്ലാവര്‍ക്കും ഒരുപോലെയല്ല, ഏറ്റക്കുറച്ചിലോടെയാണ് ലഭിക്കുക. അന്ധനായി ജനിക്കുന്നവരും കാഴ്ചയുള്ളവരായി ജനിക്കുന്നവരും നമുക്കിടയിലുണ്ട്. മൂസാ പ്രവാചകന്റെ കാലത്ത് ജീവിച്ച്, അദ്ദേഹം കടല്‍ പിളര്‍ത്തുന്നത് നേരിട്ട് കണ്ടവരും, ഈസാ പ്രവാചകന്റെ കാലത്ത് ജീവിച്ച് അദ്ദേഹം മരിച്ചവരെ ജീവിപ്പിക്കുന്നത് കണ്ടവരുമുണ്ട്. എന്നാല്‍ നമുക്കാവട്ടെ ഇവയെക്കുറിച്ച ദൈവിക പരാമര്‍ശങ്ങള്‍ മാത്രമെ അറിയൂ. കാണുന്നത് പോലെയല്ല കേള്‍ക്കുന്നത്. കേട്ടവനെപ്പോലെയല്ലല്ലോ കണ്ടവന്‍. 

എന്നാല്‍ അമാനുഷികതകള്‍ കണ്ടവരൊക്കെയും വിശ്വസിക്കണമെന്നില്ല. പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ കണ്ടതിന് ശേഷം ധിക്കാരപൂര്‍വം നിഷേധിച്ചവരെ വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ടല്ലോ. ഉദാഹരണമായി എന്റെ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സില്‍ നിന്ന് വന്ന താങ്കള്‍. തൗറാത്ത്, ഇഞ്ചീല്‍, ഖുര്‍ആന്‍ എന്നിങ്ങനെ മൂന്നുവേദങ്ങള്‍ താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നു. പക്ഷെ അവയെല്ലാം താങ്കളുടെ നിഷേധത്തെ അധികരിപ്പിക്കാന്‍ മാത്രമാണ് ഉതകിയത്. അവയില്‍ നിന്നെല്ലാം ഓടിയൊളിച്ച് ഒന്നും ലഭിക്കാത്ത കാട്ടുവാസിയെക്കുറിച്ചാണ് താങ്കളിപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്! വേദം ലഭിക്കാത്തവനെ ശിക്ഷിക്കുന്ന ദൈവികനീതികേട് പരതാനുള്ള വ്യഗ്രതയിലാണ് താങ്കള്‍! വിശുദ്ധ ഖുര്‍ആന്‍ ലഭിക്കാത്ത ‘ദരിദ്രനായ’ ആദിവാസിയോടുള്ള കരുണയും ദൈവവിശ്വാസവും പുറമേക്ക് പ്രകടിപ്പിക്കുന്നതാണ് താങ്കളുടെ ചോദ്യമെന്നത് വല്ലാത്ത അല്‍ഭുതം തന്നെ!

Topics