വിശ്വാസം-ലേഖനങ്ങള്‍

തെറ്റുസമ്മതിക്കാന്‍ ധൈര്യംകാട്ടൂ

സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യംകാണിക്കുന്നവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം. സത്യത്തിന്റെ നേതൃത്വം തങ്ങള്‍ക്കായിരിക്കണമെന്നും, തങ്ങളില്‍ നിന്ന് സംഭവിക്കുന്നതെല്ലാം സത്യമായിരിക്കണമെന്നും നാം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു. 

പൂര്‍വകാല അബദ്ധങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയെന്നതാണ് ചരിത്രം പഠിക്കുന്നതിനു പിന്നിലുള്ള യുക്തി. മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകളും വീഴ്ചകളും ഇന്നും നാം ആവര്‍ത്തിക്കുകയും അതില്‍ തന്നെ തുടരുകയുമാണ് ചെയ്യുന്നതെങ്കില്‍ ചരിത്രവായന കൊണ്ട് പ്രത്യേകിച്ച് ഫലമുണ്ടാവുകയില്ല. സംഭവിക്കുന്ന തെറ്റുകളെക്കുറിച്ച് ബോധമുണ്ടായിരിക്കണമെന്നതാണ് ഇതോടൊപ്പമുണ്ടാകേണ്ട മറ്റൊരു ഗുണം. ഓരോ വ്യക്തിയും അവനവന്റെ വീഴ്ചകള്‍ പരിശോധിക്കാനും, കണ്ടെത്താനും, ചികിത്സിക്കാനും ശ്രമിക്കുമ്പോഴാണ് ആരോഗ്യകരമായ സമൂഹം രൂപപ്പെടുന്നത്.

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ഇതേക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ് ‘നമ്മില്‍ ചിലര്‍ക്ക് സംഭവിച്ച അബദ്ധങ്ങളുടെ ചരിത്രം വായിക്കാന്‍ പോലും നാം തയ്യാറാവുന്നില്ലെന്നത് ദുഖകരമാണ്. തല്‍ഫലമായ വമ്പിച്ച നഷ്ടമാണ് നമുക്കുണ്ടായത്. അബദ്ധങ്ങളും, വീഴ്ചകളും ദൈവഭക്തിക്ക് പോറലേല്‍പിക്കുകയില്ല. മനുഷ്യന്‍ പാപസുരക്ഷിതനായി സൃഷ്ടിക്കപ്പെട്ടതല്ല. എന്നാല്‍ സംഭവിക്കുന്ന വീഴ്ചകള്‍ അവഗണിക്കുകയും പിന്നെയും അവ ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ദൈവഭക്തി ശുഷ്‌കിക്കുകയും ഹൃദയം നശിക്കുകയും ചെയ്യുന്നത്’. 

നമ്മുടെ സ്ഥാപനങ്ങളിലും മറ്റും കാണപ്പെടുന്ന പ്രശ്‌നങ്ങളുടെ മര്‍മമാണ് ഇത്. നേതൃസ്ഥാനങ്ങളിലും ഉദ്യോഗങ്ങളിലും ഉള്ളവര്‍ സ്വന്തം വീഴ്ചകള്‍ സമ്മതിക്കാന്‍ തയ്യാറാവുകയില്ല. തങ്ങളുടെ വീഴ്ചകള്‍ എത്ര തന്നെ വ്യക്തമാണെങ്കിലും ഇത് തന്നെയായിരിക്കും അവരുടെ സമീപനം. തെറ്റ് അംഗീകരിക്കുന്നതിന് പകരം അവസാന നിമിഷം വരെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച്, സ്വയം പ്രതിരോധിച്ച് നിലകൊള്ളുകയാണ് അവര്‍ ചെയ്യുക. തന്റെ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി സംസാരിക്കുകയും ശക്തമായി തര്‍ക്കിക്കുകയും വാഗ്വാദത്തില്‍ ഏര്‍പെടുകയും ഒടുവില്‍ ധിക്കാരത്തില്‍ ചെന്നവസാനിക്കുന്നിടത്തോളം പ്രസ്തുത സമീപനം തുടരുന്നു. 

നമ്മുടെ കാഴ്ചപ്പാടും, വളര്‍ത്തപ്പെട്ട സാഹചര്യവുമാണ് ഇത്തരം നിലപാടുകളിലേക്ക് നയിക്കുന്നത്. തെറ്റുകളോടുള്ള സമീപനമായി സമൂഹവും, പൊതുബോധവും നമുക്ക് പകര്‍ന്നു തന്നിരിക്കുന്നത് അവയെ അകറ്റി നിര്‍ത്തുകയെന്നതാണ്. അതിനാല്‍ തന്നെ തെറ്റുകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുകയോ(അങ്ങനയുണ്ടായിട്ടില്ലെന്ന് വാദിച്ച്), സംഭവിച്ച വീഴ്ചകളെ തന്നില്‍നിന്ന് മാറ്റി നിര്‍ത്തുകയോ ആണ് ചെയ്യാറ്. പടിപടിയായുള്ള സംസ്‌കരണത്തിലൂടെ മാത്രമെ ഈ മാനസികാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. തെറ്റുകള്‍ അംഗീകരിക്കുന്നിതിലെ മഹത്ത്വം ബോധ്യപ്പെടുത്തുകയും, അത് മനസ്സില്‍ സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ പ്രഥമപടി. ന്യായീകരണ നിലപാടുവിട്ട് വീഴ്ചകള്‍ അന്വേഷിക്കാനും കണ്ടെത്താനും കൈകാര്യം ചെയ്യാനുമുള്ള മാനസികാവസ്ഥയിലേക്കുള്ള ഈ മാറ്റം വളരെ ശ്രമകരവും, അതേസമയം പ്രശംസനാര്‍ഹവുമാണ്. 

തെറ്റുകളെക്കുറിച്ച് തെറ്റായ സങ്കല്‍പമാണ് നമ്മുടെ കര്‍മങ്ങള്‍ പരാജയപ്പെടാനുള്ള മുഖ്യകാരണം . നാം ആഗ്രഹിക്കുന്ന സമയത്ത് ഉദ്ദേശിക്കുംവിധം കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് അതിലേക്കുള്ള ചവിട്ടുപടികള്‍ കൃത്യമായി സ്വീകരിക്കാത്തതിനാലാണ്. എന്നല്ല, വിജയത്തിലേക്കുള്ള പടവുകള്‍ കയറുന്നതിനിടെ സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കാനും, അവയുടെ നഷ്ടം നികത്താനുമാണ് ഏറിയസമയമത്രയും നമുക്ക് പാഴാക്കേണ്ടി വരുന്നത്. അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് അതിന്റെ നഷ്ടം പരിഹരിക്കാന്‍ സമയം കളയുന്നതിന് പകരം അവ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടിയിരുന്നത്. 

ഉപരിപ്ലവമായ സമീപനങ്ങള്‍ക്ക് പകരം പ്രശ്‌നത്തിന്റെ മര്‍മ്മത്തിലേക്ക് കടന്നുചെന്ന് പരിഹാരം കാണുകയാണ്  വേണ്ടത്. നാം അവയെക്കുറിച്ച ബോധവരായി അതിനെ ചികിത്സിക്കുമ്പോഴാണ് കാലിടറാതെ മുന്നേറാന്‍ കഴിയുന്നത്.  

Topics