ഞാനറിഞ്ഞ ഇസ്‌ലാം

ഡോക്ടര്‍ ഖദീജ (ആസ്‌ത്രേലിയ)

1980ല്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ മിയാന്‍തുഫൈല്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇസ്ലാം സ്വീകരിച്ച ആസ്‌ത്രേലിയന്‍ വനിതയാണ് ഡോ.ഖദീജ. ഇസ്ലാം സ്വീകരിച്ച ശേഷം അവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോയെങ്കിലും അടുത്ത വര്‍ഷം പാകിസ്താനിലേക്കു തന്നെ തിരിച്ചു പോന്നു. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയും ഇസ്ലാം സ്വീകരണത്തിന് കാരണമാകുകയും ചെയ്ത വിഖ്യാത നവ മുസ്ലിം വനിത മര്‍യം ജമീലയെപ്പോലെ പാകിസ്താനില്‍ സ്ഥിരതാമസമാക്കണമെന്നായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 1981 സെപ്റ്റംബറില്‍ പക്ഷാഘാതം മൂലം അവര്‍ മരണപ്പെട്ടു. തന്റെ ഇസ്ലാം അനുഭവങ്ങള്‍ ഒരു പാകിസ്താനി പത്രപ്രവര്‍ത്തകനുമായി അവര്‍ പങ്കുവെച്ചതിങ്ങനെ:

‘ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് എന്റെ പേര് മാറിനാ ഗാര്‍സിയാ എന്നായിരുന്നു. എന്റെ പിതാവിന്റെ ജന്മദേശം ബ്രസീല്‍ ആണ്. പ്രശസ്ത ഭിഷഗ്വരനായിരുന്ന അച്ഛന്‍ ബ്രിട്ടീഷ് സൈന്യത്തിലെ മെഡിക്കല്‍ കോറിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ബര്‍മയില്‍ സേവനം അനുഷ്ഠിക്കുമ്പോള്‍ 1929ല്‍ അവിടെയാണ് ഞാന്‍ ജനിച്ചത്. മെട്രിക് വരെ പഠിച്ചത് റങ്കൂണിലാണ്. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം പിതാവ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കി. അവിടെ അദ്ദേഹത്തിന് െ്രെപവറ്റ് പ്രാക്ടീസ് ഉണ്ടായിരുന്നു. അത് വിജയകരമായിരുന്നുങ്കിലും അധികകാലം കഴിയുന്നതിന് മുമ്പ് അദ്ദേഹം മരണത്തിന് കീഴടങ്ങി. അന്നെനിക്ക് 18 വയസ്സായിരുന്നു. പിതാവ് മരിച്ചതിന്റെ ആഘാതത്തില്‍ കിടപ്പിലായ അമ്മയും മൂന്നുവര്‍ഷത്തിനുശേഷം മരണപ്പെട്ടു.

മാതാപിതാക്കളുടെ ഏക സന്തതിയായിരുന്ന ഞാന്‍ മാതാപിതാക്കളുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ടു. എങ്കിലും എന്റെ മനോബലം നഷ്ടപ്പെട്ടില്ല. നന്നായി പഠിക്കുന്ന എന്നെയും ഡോക്ടറാക്കാനായിരുന്നു പിതാവ് ആഗ്രിച്ചിരുന്നത്. അതിനാല്‍, ഞാന്‍ പഠനം തുടര്‍ന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് മെഡിസിനില്‍ ബിരുദമെടുത്തു. എഴുത്തിലും എനിക്ക് താല്‍പര്യമുണ്ടായിരുന്നു. വിവിധ പത്രങ്ങളില്‍ പല വിഷയങ്ങളെക്കുറിച്ചും ഫീച്ചറുകളും ലേഖനങ്ങളും എഴുതി. െ്രെപവറ്റ് പ്രാക്ടീസിനോടൊപ്പം മദ്യം, പുകവലി, മറ്റു ലഹരി ഉപയോഗം എന്നിവക്കെതിരെ നിരവധി പ്രഭാഷണങ്ങളും ഞാന്‍ നടത്തി. അതിന്റെ ഭാഗമായി അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങളില്‍ പോകാന്‍ അവസരമുണ്ടായി. വേറെ പല രാജ്യങ്ങളിലും ഞാന്‍ പര്യടനം നടത്തി. ഒടുവില്‍ ആസ്‌ത്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ സ്ഥിരതാമസമാക്കി. അവിടെ ക്‌ളിനിക്ക് തുടങ്ങുകയും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം തുടരുകയും ചെയ്തു. രണ്ടില്‍ നിന്നുമായി നല്ല വരുമാനവും ലഭിച്ചു.

പരമ്പരാഗതമായി ഞാന്‍ കത്തോലിക്കാ ക്രിസ്ത്യാനിയായിരുന്നുവെങ്കിലും ആ മതം എന്നെ ഒരു നിലക്കും ആകര്‍ഷിച്ചിരുന്നില്ല. അതിന്റെ വിശ്വാസാചാരങ്ങളെക്കുറിച്ച് പല സംശയങ്ങളും ചോദ്യങ്ങളും എന്റെ മനസ്സില്‍ ഉയര്‍ന്നിരുന്നു. അതിനെക്കുറിച്ചെല്ലാം ഞാന്‍ പാതിരിമാരുമായി ചര്‍ച്ച ചെയ്‌തെങ്കിലും ആരില്‍ നിന്നും ആശ്വാസകരമായ മറുപടി ലഭിച്ചില്ല. ത്രിയേകത്വമാണ് എനിക്ക് ദഹിക്കാതിരുന്ന ഏറ്റവും വലിയ പ്രശ്‌നം.

അതോടൊപ്പം യൂറോപ്പിന്റെ സുഖലോലുപതയോടും മൂല്യരഹിതമായ ജീവിതരീതിയോടും എനിക്ക് വെറുപ്പായിരുന്നു. അതില്‍ പെടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഒരിക്കലും മദ്യപിച്ചിരുന്നില്ല. മാംസാഹാരം പോലും ഇഷ്ടപ്പെട്ടിരുന്നില്ല. യൂറോപ്യന്‍ ജീവിതരീതി പ്രകൃതിവിരുദ്ധമാണെന്നാണ് എന്റെ മനസ്സാക്ഷി പറഞ്ഞുകൊണ്ടിരുന്നത്. അതിനാല്‍ സത്യാന്വേഷണത്തിന്റെ ഭാഗമായി എന്റെ ശ്രദ്ധ മറ്റു മതങ്ങളിലേക്ക് തിരിഞ്ഞു. ജൈനമതം, കണ്‍ഫ്യൂഷ്യസ് മതം, ബുദ്ധമതം എന്നിവയെല്ലാം ഞാന്‍ പഠിച്ചു. പക്ഷേ, അവയൊന്നും എന്നെ തൃപ്തിപ്പെടുത്തിയില്ല. ഈ വായനയില്‍ ഇസ്ലാമിനെക്കുറിച്ച ചില ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിരുന്നു. അതിലെ ചില തത്ത്വങ്ങള്‍ എന്നെ ആകര്‍ഷിച്ചു. പക്ഷേ, ചിത്രം വ്യക്തമായിരുന്നില്ല. അതിനു കാരണം ആ ഗ്രന്ഥകര്‍ത്താക്കളെല്ലാം പക്ഷപാതികളായ യൂറോപ്യന്‍ ക്രിസ്ത്യാനികളായിരുന്നു. ഇസ്ലാമിനെക്കുറിച്ച് എന്റെ മനസ്സില്‍ നേരിയൊരു മമതയുള്ളതോടോപ്പം ഞാനതില്‍ നിന്ന് അകന്നുനിന്നു. ഈ അവസ്ഥയില്‍ കുറേ കാലം കൂടി കഴിഞ്ഞു.

എന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, മര്‍യം ജമീലയുടെ ഗ്രന്ഥം വായിക്കാനും 1969ല്‍ പത്രപ്രവര്‍ത്തകരുടെ ഒരു പ്രതിനിധി സംഘത്തോടോപ്പം പാകിസ്താനില്‍ പോകാനും അവസരം ലഭിച്ചു. അവിടെ വെച്ച് മര്‍യം ജമീലയെ നേരില്‍ കണ്ടപ്പോള്‍ അവരുടെ വ്യക്തിത്വവും ജീവിതത്തിലെ ലാളിത്യവും എന്നെ അഗാധമായി സ്വാധീനിച്ചു. നേരത്തെ ഭാര്യയും കുട്ടികളുമുള്ള ഒരാളെയാണ് അവര്‍ വിവാഹം ചെയ്തിരുന്നത്. വൃദ്ധയായ ഭര്‍തൃമാതാവിനെ അവര്‍ വാത്സല്യപൂര്‍വം പരിചരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

ഗാര്‍ഹിക ജീവിതത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ നിരവധി വൈജ്ഞാനിക, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ഒരു യൂറോപ്യന്‍ സ്ത്രീക്ക് സങ്കല്‍പിക്കാനാവാത്തതാണല്ലോ ഇത്. മര്‍യം ജമീല എനിക്ക് മൌലാനാ മൌദൂദിയെ പരിചയപ്പെടുത്തിത്തരികയും അദ്ദേഹത്തിന്റെ Towards Understanding Islam വായിക്കാന്‍ തരികയും ചെയ്തു. ആ ഗ്രന്ഥത്തില്‍ നിന്നാണ് ഞാന്‍ ഇസ്ലാമിനെ പൂര്‍ണമായി പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മറ്റുചില പുസ്തകങ്ങളും വായിച്ചു. ഇസ്ലാം വിശാലവും പ്രകൃതിപരവുമായ ഒരു മതമാണ്. പ്രപഞ്ചത്തിലെ പരമമായ സത്യം തൌഹീദ് അല്ലാഹുവിന്റെ ഏകത്വമാണെന്നും പ്രകൃതിയിലെ ഓരോ വസ്തുവും ദൈവത്തിന്റെ ഏകത്വത്തിന്റെ ദൃഷ്ടാന്തമാണെന്നും ഞാന്‍ മനസ്സിലാക്കി.

ആസ്‌ത്രേലിയയില്‍ മടങ്ങിയെത്തി ഞാന്‍ ഇസ്ലാം സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഒരു വീഴ്ചയില്‍ എല്ലുപൊട്ടി കുറേക്കാലം ഞാന്‍ ആശുപത്രിയിലായി. ദൈവത്തെക്കുറിച്ച ഓര്‍മയും പ്രാര്‍ഥനയും മാത്രമായിരുന്നു ആശുപത്രിയില്‍ എന്റെ ഏക ആശ്രയം. അസുഖം ഭേദമായപ്പോള്‍ ഞാന്‍ വീണ്ടും പാകിസ്താനിലേക്ക് വരികയും മര്‍യം ജമീലയെ കണ്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ ഉപദേശപ്രകാരം പാക് ജമാഅത്തിന്റെ ആസ്ഥാനമായ മന്‍സ്വൂറയില്‍ വന്ന് മിയാന്‍ തുഫൈല്‍ സാഹിബിന്റെ സാന്നിധ്യത്തില്‍ ഇസ്ലാം സ്വീകരിച്ചു. ഈ ഭാഗ്യത്തിന് ദൈവത്തോട് എത്ര നന്ദി ചെയ്താലും മതിയാകുകയില്ല.

ഇസ്ലാമിക പ്രബോധനത്തിനുള്ള ശരിയായ ഒരേയൊരു രീതി എന്റെ അഭിപ്രായത്തില്‍ മുസ്ലിംകള്‍ അവരുടെ സ്വഭാവശീലങ്ങളെയും പ്രായോഗിക ജീവിതത്തെയും ഇസ്ലാമിന്റെ മൂശയില്‍ വാര്‍ത്തെടുക്കുക മാത്രമാണ്. യൂറോപ്പിലെ മനുഷ്യര്‍ ഇന്ന് അന്ധകാരങ്ങളുടെ താഴ്വരയിലാണ് അലഞ്ഞുകൊണ്ടിരിക്കുന്നത്. അവരെ ശരിയായ വഴിയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാന്‍ മാത്രം അവരുടെ മതത്തിന് ശക്തിയില്ല. അവിടത്തെ സംസ്‌കാരം ജീവിതത്തെ ഒന്നാകെ നരകമാക്കി മാറ്റിയിരിക്കുകയാണ്. അവരുടെ ആത്മാവ് മോഹിക്കുന്ന ദാഹം ശമിപ്പിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുസ്ലിം പൊതുജനം ഇസ്ലാമിക ജീവിതത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. എന്നാല്‍, യൂറോപ്പിലെ അഭ്യസ്തവിദ്യര്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ചാല്‍ അതിന്റെ സത്യസന്ധതയുടെ വക്താക്കളായി മാറുമെന്നെനിക്കുറപ്പുണ്ട്. പക്ഷേ, ഇസ്ലാമിക ലോകത്തിന്റെ ദയനീയാവസ്ഥ കണ്ട് നിരാശപ്പെട്ട് അവര്‍ ഇസ്ലാമില്‍ നിന്ന് അകലം പാലിക്കുകയാണ്. മുസ്ലിംകള്‍ ശരിയായ അര്‍ഥത്തില്‍ ഇസ്ലാമിനെ പ്രയോഗവത്കരിക്കുക മാത്രമാണ് അതിനുള്ള പരിഹാരം. അപ്പോള്‍ യൂറോപ്പും അമേരിക്കയും ആസ്‌ത്രേലിയയും ജപ്പാനുമെല്ലാം ഇസ്ലാമിലേക്ക് വരും, തീര്‍ച്ച.”

Topics