ഞാനറിഞ്ഞ ഇസ്‌ലാം

ഞാന്‍ സുജൂദില്‍ വീണു; എന്റെ ഇസ് ലാം പ്രഖ്യാപിച്ച് : മെലിസ്സ പെരെസ്

ഫിലിപ്പീന്‍സിലെ ഒരു പാരമ്പര്യകത്തോലിക്കാകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.  പ്രായമേറിയ എന്റെ വല്യപ്പനും വല്യമ്മയും കൊച്ചുകുട്ടികളായ പേരക്കിടാങ്ങളും ഉള്‍പ്പെട്ട വലിയ ക്രൈസ്തവകൂട്ടുകുടുംബമായിരുന്നു ഞങ്ങളുടെത്. കുടുംബമാകട്ടെ,  ബൈബിള്‍ അനുശാസിക്കുന്നതും അല്ലാത്തതുമായ എല്ലാ രീതിയിലുമുള്ള പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവര്‍ത്തിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. എല്ലാറ്റിനുമുപരി, സുഹൃത്തുക്കളും അയല്‍ക്കാരും  കത്തോലിക്കരായിരുന്നു. അങ്ങനെ ആകെക്കൂടി കത്തോലിക്കാമയമായിരുന്നു അന്തരീക്ഷം.
ഞങ്ങളുടെ കുടുംബത്തിലെ ചിലര്‍ ഏകദൈവത്തിലായിരുന്നു വിശ്വസിച്ചിരുന്നതെങ്കിലും അവരൊക്കെ പലപ്പോഴും ദൈവത്തെ യേശുവെന്നും , പിതാവെന്നും വിളിച്ചത് ഏകദൈവത്തെക്കുറിച്ച ചിത്രത്തെ സങ്കീര്‍ണമാക്കി.

ബൈബിള്‍ ഒട്ടേറെ കല്‍പനകള്‍ വിശ്വാസികള്‍ക്ക്  നല്‍കുന്നുണ്ടെങ്കിലും അത് ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ വളരെക്കുറച്ചുമാത്രമേ ഉള്ളൂ. അതിനാല്‍ തന്നെ കത്തോലിക്കാഅനുശാസനങ്ങള്‍ എല്ലാം പഠിപ്പിക്കുന്നുവെങ്കിലും  അവയെല്ലാം ജീവിതത്തില്‍ മുറുകെപിടിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതിന് കാരണമുണ്ട്, യേശു എല്ലാവരുടെയും പാപങ്ങള്‍ ഏറ്റെടുത്തതിനാല്‍ തങ്ങളുടെ സ്വര്‍ഗപ്രാപ്തിക്ക് യേശുവില്‍ വിശ്വസിച്ചാല്‍മതിയെന്നാണ് ക്രൈസ്തവതയുടെ വാദം. ഇസ്‌ലാമിലാകട്ടെ, തന്റെ പാപങ്ങളേറ്റുപറഞ്ഞ് ഒരാള്‍ പശ്ചാത്തപിച്ചുമടങ്ങിയാല്‍ ദൈവം അവന്റെ പാപം പൊറുത്തുകൊടുക്കും.  കാതലായ വിഷയം ഇവിടെയാണ്. ഇസ്‌ലാമില്‍ എല്ലാ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മങ്ങളെപ്പറ്റി കണക്കുപറയേണ്ടിവരും. ക്രൈസ്തവതയില്‍ അതിന്റെ ആവശ്യമില്ല. കാരണം യേശു എല്ലാവരുടെയും പാപം ഏറ്റെടുത്തുകഴിഞ്ഞു.
 അങ്ങനെ ചെറുപ്പത്തില്‍ കത്തോലിക്കാമതം മാത്രം ശ്വസിച്ച് ഞാന്‍ വളര്‍ന്നു. എന്റെ കുടുംബത്തിലെ ഒരാള്‍ക്കുപോലും ഇസ്‌ലാമെന്ന മതത്തെ പരിചയം പോലുമുണ്ടായിരുന്നില്ല. അതിനെ ആരുടെയെങ്കിലും വര്‍ത്തമാനങ്ങളിലൂടെ കേള്‍ക്കാന്‍  അവസരമേതുമില്ലായിരുന്നു. എന്നെങ്കിലും നല്ലതായ ഒരു വര്‍ത്തമാനവും അതെപ്പറ്റി കേട്ടിരുന്നില്ല. ഞാന്‍ കുട്ടിയായിരിക്കേ എന്റെ അമ്മ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു: ‘മുസ്‌ലിംകള്‍ കൊലയാളികളാണ്.   ദേഷ്യംവന്നാല്‍ അവര്‍ ചുറ്റുമുള്ളവരുടെ തലയെടുക്കും’.
ഞാന്‍ ജനിച്ചുവളര്‍ന്ന ഫിലിപ്പീന്‍സില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും  പരസ്പരമിടപഴകി ജീവിക്കുന്ന സാഹചര്യം തീരെയില്ലായിരുന്നു. അതിനാല്‍ ആര്‍ക്കും അന്യമതസ്ഥരായ അയല്‍ക്കാരില്ലായിരുന്നു. ഇരുകൂട്ടരും മറ്റേക്കൂട്ടരുടെ പരിപാടികളിലോ ചടങ്ങുകളിലോ വിശേഷവേളകളിലോ ഒത്തുകൂടിയിരുന്നില്ല. തുറന്നുപറയട്ടെ, ഞാനിപ്പോഴും ഫിലിപ്പീന്‍സിലായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ ഒരിക്കല്‍പോലും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അവസരംകിട്ടുമായിരുന്നില്ല.

യൗവനകാലം
ചെറുപ്പംതൊട്ടേ സ്വന്തംകാലില്‍ നില്‍ക്കണമെന്ന്  ജീവിതാനുഭവങ്ങളില്‍നിന്ന് ഞാന്‍ പഠിച്ചു. എന്റെ ചെറുപ്പത്തില്‍ കലഹത്തെത്തുടര്‍ന്ന് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് ബന്ധുക്കളോടൊപ്പമായിരുന്നു താമസം. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിനങ്ങളായിരുന്നു അവ. ജീവിതത്തിലെ എല്ലാ ബാധ്യതകളും എന്റെ ചുമലില്‍ വന്നുവീണതുപോലെ എനിക്കുതോന്നി. ഈ പ്രശ്‌നങ്ങളും പ്രതിസന്ധികളും  പറയാനോ പങ്കിടാനോ എനിക്കാരുമില്ലായിരുന്നു. പിന്നീട്, ഫിലിപ്പീന്‍സില്‍ സ്വന്തമായൊരുവീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി പതിനെട്ടാംവയസ്സില്‍ അമ്മയോടൊപ്പം വിദേശത്ത് ജോലിചെയ്തു. അമ്മയുടെയും സഹോദരന്റെയും സഹായത്താല്‍ 23-ാം വയസില്‍ വീട് സ്വന്തമാക്കി. വിദേശത്ത് എല്ലാ അര്‍ഥത്തിലും വ്യത്യസ്തമായ സംസ്‌കാരങ്ങളും ആചാരരീതികളും പരിചയപ്പെടാന്‍ ഒട്ടേറെ അവസരങ്ങളുണ്ടായി. അവിടെ എനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഞാന്‍ പലരീതിയിലും ദുരുപയോഗപ്പെടുത്തുകയും ചെയ്തു. അതിനൊക്കെ അല്ലാഹുവോട് ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയാണ് ഞാന്‍.

ജീവിതത്തിലേക്ക്
29 വയസ്സായപ്പോഴേക്കും കുടുംബജീവിതം ആരംഭിക്കണമെന്നെനിക്കുതോന്നി. സ്വാതന്ത്ര്യം അനുഭവിച്ചതൊക്കെ മതിയെന്നു തിരിച്ചറിയുകയായിരുന്നു. എന്റെ ഭര്‍ത്താവിനെ ഇന്റര്‍നെറ്റിലൂടെയാണ് ഞാന്‍ കണ്ടെത്തിയത്. ആദ്യത്തെ രണ്ടുമാസത്തോളം സംസാരംമാത്രമായിരുന്നു. പിന്നീട് ആ വ്യക്തിയെ കാണാന്‍ ഈജിപ്തിലേക്ക് യാത്രതിരിച്ചു. എന്നോടുള്ള താല്‍പര്യം ആത്മാര്‍ഥമാണോ അതല്ല കളിതമാശയാണോ എന്ന് തിരിച്ചറിയേണ്ടതുണ്ടായിരുന്നു എനിക്ക്. എന്തായാലും അവിടെവെച്ച് ഞങ്ങള്‍ വിവാഹിതരായി.
 വിവാഹത്തിന്റെ ആദ്യദിനങ്ങള്‍ തികഞ്ഞ ആശയക്കുഴപ്പമായിരുന്നു എനിക്ക്. അയാള്‍ മുസ്‌ലിമും ഞാന്‍ ക്രിസ്ത്യാനിയും. മതകീയവിഷയങ്ങള്‍ കടന്നുവരുമ്പോള്‍ എങ്ങനെ മുന്നോട്ടുപോകുംഎന്നതായിരുന്നു ആശങ്ക. കാനേഷുമാരിമുസ്‌ലിമായ എന്റെ ഭര്‍ത്താവ് പക്ഷേ ഇസ്‌ലാം ഒരു പ്രശ്‌നമാകില്ലെന്ന് എനിക്ക് ഉറപ്പുതന്നു. ഇസ്‌ലാമില്‍ ക്രൈസ്തവസ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. അതെനിക്ക് പുതിയ അറിവായിരുന്നു. രണ്ടുമാസത്തെ മാത്രം പരിചയമുള്ള  ഒരു വിദേശിയായ യുവാവിനെ; അതും മുസ്‌ലിമായ ചെറുപ്പക്കാരനെ വിവാഹംകഴിക്കുന്ന കാര്യം വീട്ടുകാരെ എങ്ങനെ അറിയിക്കും എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍.  എനിക്ക് എന്റേതായ വഴിയുണ്ടായിരുന്നു. ദൈവം എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നവളായിരുന്നു ഞാന്‍ . ഈജിപ്തിലേക്കുള്ള എന്റെ വിമാനയാത്രയില്‍ ഞാന്‍ ദൈവത്തോട്  മാര്‍ഗദര്‍ശനത്തിനായി പ്രാര്‍ഥിച്ചു. എന്റെ ഭാവിജീവിതം, ഭാവിഭര്‍ത്താവ് എന്നതിനെസംബന്ധിച്ച് യുക്തിഭദ്രമായ തെരഞ്ഞെടുപ്പിന് എന്നെ അനുഗ്രഹിക്കേണമേ എന്നായിരുന്നു ആത്മാര്‍ഥമായ പ്രാര്‍ഥന. ദൈവം ആ വിളികേട്ടു എന്നെനിക്കിപ്പോള്‍ ബോധ്യമായി.
കല്യാണംകഴിഞ്ഞ് ഭര്‍ത്താവുമൊത്ത് ഹോങ്കോങിലേക്ക് തിരികെപോയി. തന്റെ നാടിന്റേതില്‍നിന്ന് തികച്ചുംവ്യത്യസ്തമായ സംസ്‌കാരവും ആചാരങ്ങളും കണ്ടപ്പോള്‍ എന്റെ  ഭര്‍ത്താവിന്  മനംപുരട്ടലുണ്ടായി. ആ ഭാവപ്പകര്‍ച്ച കണ്ടെങ്കിലും ഞാന്‍ മൈന്‍ഡുചെയ്തില്ല. മാതൃരാജ്യത്തുനിന്ന് ആദ്യമായി വിട്ടകന്നുനില്‍ക്കുന്ന അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ഞാനിഷ്ടപ്പെട്ടില്ല.
ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുകയെന്നത് എന്റെ കുഞ്ഞുന്നാളിലേ ഉള്ള ശീലമായിരുന്നു. അതിനാല്‍ എന്റെ ഭര്‍ത്താവിനെ ചര്‍ച്ചിലേക്ക് ക്ഷണിച്ചു. പ്രത്യേകിച്ചൊരു വിസമ്മതവും കാട്ടാതെ എന്റെകൂടെ അദ്ദേഹം വന്നു.

വഴികാട്ടാനുറച്ച് ദൈവം
അങ്ങനെയിരിക്കെ എന്റെ ഭര്‍ത്താവ് ഇസ്‌ലാമിനെക്കുറിച്ച് ഗൗരവസ്വഭാവത്തില്‍ പഠിക്കാനാരംഭിച്ചു. നമസ്‌കാരം , നോമ്പ് എല്ലാം അനുഷ്ഠിക്കാന്‍ തുടങ്ങി. മുസ് ലിംകള്‍ നമസ്‌കരിക്കുന്നത് ആദ്യമായിട്ടുകാണുന്നത് അപ്പോഴാണ്. അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ വായിക്കാനാരംഭിച്ചതോടൊപ്പം എനിക്ക് പ്രബോധനംചെയ്യാനും താല്‍പര്യംകാട്ടി.
ആദ്യഘട്ടത്തില്‍ എനിക്കതില്‍ കല്ലുകടി അനുഭവപ്പെട്ടു. കാരണം ഞാന്‍ യേശുവിനെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ മുസ്‌ലിംകളും യേശുവിനെ ഇഷ്ടപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ ആശ്ചര്യമായി. ഞാനും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനാരംഭിച്ചു.
ഇസ്‌ലാമില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് നമസ്‌കാരമായിരുന്നു; പ്രത്യേകിച്ചും അതിലെ സുജൂദ്. ശരിയായ പ്രാര്‍ഥനാ രീതിയിതാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചു-ദൈവത്തിനുമുമ്പില്‍ കുനിയുകയും സാഷ്ടാംഗം വീഴുകയും ചെയ്യുന്നതില്‍പരം മറ്റെന്തുണ്ട്!. അതേപോലെ പ്രാര്‍ഥിക്കണമെന്ന് എന്റെ ഹൃദയം കല്‍പിക്കുന്നതുപോലെതോന്നി. എന്റെ വിശ്വാസം അപ്പോഴും ഞാന്‍ പ്രഖ്യാപിച്ചിരുന്നില്ല. ഞാനെങ്ങോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് എനിക്കപ്പോഴും നിശ്ചയമുണ്ടായിരുന്നില്ല. ഫിലിപ്പീന്‍സിലായിരിക്കെ, മുസ്‌ലിമാകാതെതന്നെ നമസ്‌കാരം നിര്‍വഹിക്കാനാകുമോ എന്ന് ഭര്‍ത്താവിനോട് ചോദിച്ചിരുന്നു. അതിന് ഭര്‍ത്താവുനല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:’എല്ലാം കുറേശ്ശെ പഠിച്ചെടുക്കാം. എല്ലാം ഒരൊറ്റദിവസംകൊണ്ടുപഠിക്കണമെന്നില്ല. ഹിജാബ് ധരിക്കുന്നതിന്റെ യുക്തി ബോധ്യമാകാതെ അത് ധരിക്കാന്‍ മിനക്കെടേണ്ട. ദൈവം കല്‍പിച്ചത് എല്ലാം ചെയ്യാന്‍ സന്നദ്ധയാണെന്ന് തോന്നുമ്പോള്‍ മാത്രം നമുക്കാലോചിക്കാം.’ സത്യസാക്ഷ്യം പ്രഖ്യാപിക്കാന്‍ ഭര്‍ത്താവ് എന്നോട് പറഞ്ഞു. അതുപക്ഷേ നിര്‍ബന്ധിതാവസ്ഥയുടെ ചിലവില്‍വേണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പക്ഷേ നാളെ ജീവിച്ചിരിക്കുമോ എന്ന അനിശ്ചിതത്വത്തെപ്പറ്റി  എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ട് തീരുമാനം വൈകിക്കരുതെന്ന് ധരിപ്പിച്ചു.

സത്യസാക്ഷ്യവിളംബരം
എന്തായാലും ഒരിക്കല്‍ ശൈഖ് ഖാലിദ് യാസീന്റെ  ‘ജീവിതലക്ഷ്യം’ എന്ന പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ  അതിലെ ഒരു പ്രസ്താവന എന്നെ കൊളുത്തിവലിച്ചു.’നിങ്ങള്‍ക്കെന്തുകൊണ്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നുകൂടാ? ദൈവം ഏകനാണെന്നും മുഹമ്മദ്(സ) അവന്റെ ദൂതനാണെന്നും അംഗീകരിച്ചുകൂടാ..!? നിങ്ങള്‍ മര്‍ക്കടമുഷ്ടിക്കാരനാണോ?’
ഇതുകേട്ടതോടെ എന്റെ പിടിവാശി ഉപേക്ഷിക്കണമെന്നെനിക്കുതോന്നി. ആ നിമിഷംതന്നെ ഞാന്‍ ശഹാദത്തുകലിമചൊല്ലി. എനിക്കതുചൊല്ലാന്‍ കഴിഞ്ഞു എന്നതില്‍ അത്ഭുതം തോന്നുന്നു. എന്റെ ഭര്‍ത്താവായിരുന്നു  അതിന് സാക്ഷ്യം വഹിച്ച ആദ്യവ്യക്തി. തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടേയിരുന്നു. വിജ്ഞാനസമ്പാദനം തൊട്ടില്‍ മുതല്‍ ചുടലവരെ എന്നാണല്ലോ. ഇസ്‌ലാം സ്വീകരണത്തിന്റെ ഏതാനുംദിവസങ്ങള്‍ക്കുശേഷം അബ്ദുല്‍ മലിക് ലെ ബ്ലാന്‍കിന്റെ ‘ബൈബിള്‍ എന്നെ ഇസ്‌ലാമിലേക്കുനയിച്ചു ‘ എന്ന പുസ്തകം വായിക്കാനിടയായി. ദൈവത്തെക്കുറിച്ച സങ്കല്‍പനത്തില്‍ എനിക്കൊട്ടേറെ പ്രചോദനമേകുകയുണ്ടായി ഈ പുസ്തകം. യേശു ദൈവത്തിന്റെ പ്രവാചകന്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ഗിഫ്റ്റ് ഓഫ് മുഹമ്മദ് ‘എന്ന പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ഹദീസുകള്‍ പ്രതിപാദിക്കുന്ന  മറ്റൊരു പുസ്തകവും വായിച്ചു. മുഹമ്മദ് നബിയെക്കുറിച്ച്  അറിയുന്നത് അന്നായിരുന്നു. ദൈവം പറഞ്ഞിട്ടുണ്ടല്ലോ, ‘നീ എന്നിലേക്ക് നടന്നാല്‍ ഞാന്‍ നിന്നിലേക്ക് ഓടിയെത്തു’മെന്ന്(ബുഖാരി). അതോര്‍ത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് പലപ്പോഴും.

ഹിജാബ്
ഞാന്‍ ഹിജാബ് അണിയാന്‍ തീരുമാനിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷമായി തികച്ചും അമാന്യമായ രീതിയില്‍ വസ്ത്രംധരിച്ചുനടന്ന എന്നെ സംബന്ധിച്ചിടത്തോളം അത്രയെളുപ്പമായിരുന്നില്ല അത്. എന്നെ അറിയുന്നവരൊക്കെ ‘സൗന്ദര്യം വെളിപെടുത്തുന്ന’ എന്റെ വസ്ത്രങ്ങളെ പരിചയമുള്ളവരായിരിക്കും. അതിനാല്‍ ഹിജാബ് ധരിച്ച എന്നെക്കാണുമ്പോള്‍ പരിചയക്കാര്‍ എന്തുവിചാരിക്കുമെന്ന ചിന്ത മനസ്സിലേക്ക് കടന്നുവന്നു.  അപ്പോള്‍ മനസ്സാക്ഷി തിരിച്ചൊരു ചോദ്യം എന്റെമുമ്പിലിട്ടു:’ആളുകളെയാണോ ദൈവത്തെയാണോ കൂടുതല്‍ മാനിക്കുന്നത് ?’ ഉത്തരം പൊടുന്നനെയുണ്ടായി. ‘ഞാന്‍ ചോദിച്ചതും അല്ലാത്തതുമായ ഒട്ടേറെ സംഗതികള്‍ എനിക്കുസമ്മാനിച്ച ദൈവമല്ലാതെ മറ്റാരെയാണ് ഞാന്‍ മാനിക്കുക?’ അങ്ങനെ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ഹിജാബ് ഞാന്‍ ധരിക്കാന്‍ തുടങ്ങി.

ഹജ്ജ് തീര്‍ഥാടനം
ഇസ്‌ലാമാശേഷത്തിന്റെ ഏതാനും മാസങ്ങള്‍ക്കുശേഷം ദൈവം എനിക്ക് വീണ്ടും അനുഗ്രഹം ചൊരിഞ്ഞു. ഹജ്ജിലൂടെ മക്ക സന്ദര്‍ശിക്കാനുള്ള അവസരം എനിക്കേകി. ഇത് ഇസ്‌ലാമിലുള്ള എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ ഒട്ടേറെ സഹായിച്ചു. മക്കാപുണ്യഭൂമി ഞാന്‍ ശരിയായ പാതയിലാണെന്ന് എന്നെ ബോധ്യപ്പെടുത്തി. കഅ്ബയില്‍ ആദ്യമായി കാലെടുത്തുവെച്ചപ്പോള്‍ എന്റെ കണ്ണില്‍നിന്ന് നീര്‍മണിമുത്തുകള്‍ ഉതിര്‍ന്നുവീഴുകയായിരുന്നു. എന്റെയും എന്റെ ചുറ്റുമുള്ളവരുടെയും മനസ്സുകളിലെ സമാധാനമെന്തെന്ന് അപ്പോള്‍ ഞാനറിഞ്ഞു.
 ഇസ്‌ലാമാശ്ലേഷത്തിനുശേഷം
 മുസ് ലിമായതിനുശേഷം എന്റെ ജീവിതം എന്തിനുള്ളതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവം സദാ എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ഞാനുള്‍ക്കൊണ്ടു. ഇഹപരലോകങ്ങളിലെ ജീവിതവിജയം എന്റെ ലക്ഷ്യമായപ്പോള്‍ മനസ്സ് സമാധാനം കൈവരിച്ചു. സ്വര്‍ഗത്തില്‍ മഹോന്നതമായ ഇടം പിടിക്കണമെന്നാണെന്റെ ആഗ്രഹം. ഇന്‍ശാ അല്ലാഹ്! ഈ ദിനംവരേക്കും ഞാന്‍ ഇസ്‌ലാമിനെ കൂടുതല്‍ കൂടുതല്‍ പഠിക്കുകയും സത്കര്‍മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമാണ്.

വീട്ടുകാരുടെ പ്രതികരണം
ഞാന്‍ മുസ്‌ലിമായതറിഞ്ഞ് എന്റെ അമ്മ ഞെട്ടിത്തെറിച്ചില്ല.എന്നെ ആട്ടിയകറ്റിയില്ല. പക്ഷേ യേശുവിനെയും കന്യാമര്‍യത്തെയും കുരിശിനെയും സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകള്‍ കീഴ്‌മേല്‍ മറിഞ്ഞു. അവയ്ക്ക് നല്‍കിയിരുന്ന ദിവ്യത്വം ഉപേക്ഷിച്ചു. അവര്‍ ഇതുവരെ സത്യസാക്ഷ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തീര്‍ച്ചയായും കരുണാമയനായ ദൈവം ഹൃദയത്തില്‍ സന്‍മാര്‍ഗത്തിന്റെ തിരികൊളുത്തുമെന്നുതന്നെയാണ് പ്രതീക്ഷ. എന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച സന്ദേശം പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്, അല്‍ഹംദുലില്ലാഹ്! അവരില്‍ ചിലര്‍ പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുമുണ്ടായി.

Topics