ഞാനറിഞ്ഞ ഇസ്‌ലാം

ജീവിതത്തിന് ദിശാബോധം നല്‍കിയത് ഇസ്‌ലാം: അസീസ(ഉമ്മുആഇശ)

അല്ലാഹുവിന് നന്ദിപറയാന്‍ വാക്കുകളില്ല എനിക്ക്. അത്രയേറെ ഞാന്‍  അവനോട് കടപ്പെട്ടിരിക്കുന്നു. നമസ്‌കാരത്തില്‍ ഞാനവനോട് സംസാരിക്കുമ്പോള്‍ എന്റെ തലമുതല്‍ കാല്‍വിരല്‍ വരെ നിര്‍വൃതിദായകമായ അനുഭൂതിയാല്‍ തുടികൊള്ളുന്നത് എനിക്കറിയാന്‍കഴിയുന്നുണ്ട്. എന്നെ മുസ്‌ലിമാക്കിയെന്നത് അവനെനിക്കുനല്‍കിയ സമ്മാനമായിരുന്നു. അതിന് അല്ലാഹുവോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.

തികച്ചും സ്വാഭാവികമായാണ് ഞാന്‍ ഇസ്‌ലാമിനെ അടുത്തറിഞ്ഞത്. എന്റെ കൗമാരകാലത്ത്  മാതാപിതാക്കളോടൊത്ത് ചുറ്റിയടിക്കുന്നതില്‍ ഞാന്‍ ഹരംകണ്ടെത്തിയിരുന്നു. അങ്ങനെ ചുറ്റിയടിച്ച നാടുകളില്‍ അധികവും മുസ്‌ലിംരാജ്യങ്ങളായിരുന്നു. അവസാനമായി പോയതാകട്ടെ ഈജിപ്തിലും. അവിടത്തെ സംസ്‌കാരവും ജനതയുടെ പെരുമാറ്റവും എന്നെ ഒട്ടേറെ ആകര്‍ഷിച്ചു. മനോഹരമായ പള്ളി കണ്ട് നിര്‍ന്നിമേഷയായിനോക്കിനില്‍ക്കവേ മിനാരത്തിലൂടെ ഉച്ചത്തിലുള്ള ബാങ്ക് കേള്‍ക്കാനിടയായി. ഏറെ ശ്രവണമധുരമായതെന്നതിനപ്പുറം അത് എന്റെ ഹൃദയത്തിലുളവാക്കിയ ഒരു  നിര്‍വൃതി  അന്നേവരെ ഞാനന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ആ ശബ്ദത്തിനുമുന്നില്‍ ഞാന്‍ കീഴടങ്ങി. അമുസ്‌ലിമായതുകൊണ്ട് പള്ളിക്കകത്തേക്ക് കയറാനാകില്ലല്ലോയെന്നോര്‍ത്ത് ഞാനവിടെത്തന്നെ അല്പസമയം നിന്നു.  ആളുകള്‍ പ്രാര്‍ഥനനിര്‍വഹിച്ച് , പരസ്പരം ആശ്ലേഷിച്ച്  ഇറങ്ങിവരുന്നതുകണ്ടപ്പോള്‍ സാഹോദര്യത്തിന്റെ അനന്യമാതൃക അവിടെക്കാണുകയായിരുന്നു. ഇന്നും അന്നത്തെ ആ കാഴ്ച എന്റെ കണ്‍മുന്നില്‍ തെളിയുമ്പോഴൊക്കെ വളരെ സന്തോഷം തോന്നാറുണ്ട്.

ഈജിപ്തില്‍നിന്ന് ടൂറൊക്കെ കഴിഞ്ഞ് പോരുമ്പോള്‍ എന്തോ നഷ്ടബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അന്ന് ഇസ്‌ലാമിനെപ്പറ്റി യാതൊരുവിധത്തിലുള്ള ധാരണയും എനിക്കുണ്ടായിരുന്നില്ല. നാട്ടിലെത്തിയപ്പോള്‍ അറബി പഠിക്കണമെന്ന മോഹം എന്നില്‍ കലശലായി. പക്ഷേ, ഞങ്ങളുടെ ടൗണിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍  ഇംഗ്ലീഷും ജര്‍മനും മാത്രമേ പഠിക്കാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ.
ക്രമേണ ഇന്റെര്‍നെറ്റിലൂടെ ഇസ്‌ലാമിനെക്കുറിച്ച അന്വേഷണമാരംഭിച്ചു. ഇസ്‌ലാമിനെയും മുസ് ലിംകളെയും കുറിച്ച് ചര്‍ച്ചചെയ്യുന്ന ടിവിപരിപാടികള്‍ കാണുക പതിവാക്കി. മുസ്‌ലിംസ്ത്രീകളുടെ ഡയലോഗ് ഫോറങ്ങളെ പിന്തുടര്‍ന്ന് ചര്‍ചകളില്‍ പങ്കെടുത്തു. ചില സ്ലൊവാക്യന്‍ സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു.അവരിലൊരാള്‍ എനിക്ക് അറബിഭാഷയും ഖുര്‍ആനും പഠിപ്പിക്കുന്ന വെബ്‌സൈറ്റിനെപ്പറ്റി വിവരംതന്നു. അവരുടെ പേര് എനിക്ക് നല്ല പരിചയമുള്ളതുപോലെ തോന്നി. ഇ-മെയിലില്‍ അവരുമായി ബന്ധപ്പെട്ടപ്പോള്‍ അവരെനിക്ക് ഇസ് ലാമിനെപരിചയപ്പെടുത്തുന്ന ക്ലാസിലേക്ക് ക്ഷണിച്ചു. അങ്ങനെ ഒരാഴ്ചക്കുള്ളില്‍ അവരുമായി കൂടിക്കാഴ്ച നടത്തി. അവര്‍ ഏവരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. അവരോടൊപ്പമായിരിക്കുമ്പോള്‍ മനസ്സ് ശാന്തിയും സമാധാനവും കൈവരിച്ചിരുന്നു. ഇക്കാലത്തിനിടക്ക് അവിടെ പങ്കെടുക്കാറുണ്ടായിരുന്ന മറ്റുപെണ്‍കുട്ടികളെയും സ്ത്രീകളെയും പരിചയപ്പെട്ടു. ഞാന്‍ മുസ്‌ലിം അല്ലാതിരുന്നിട്ടും  ഖുര്‍ആനിലെ ചെറിയ ചെറിയ അധ്യായങ്ങള്‍ ഹൃദിസ്ഥമാക്കി. അന്നവിടെ ഉണ്ടായിരുന്നവര്‍ക്ക് തികച്ചും ആശ്ചര്യകരമായിരുന്നു അത്. ഖുര്‍ആന്‍ ക്ലാസില്‍ ഞാന്‍ പങ്കെടുക്കുന്നത് എന്നോടുള്ള അവരുടെ ആദരവ് കൂട്ടിയതേയുള്ളൂ. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ അറബിക്ലാസുകള്‍ കഴിഞ്ഞു. എങ്കില്‍ പോലും പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങളെല്ലാവരും പരസ്പരം കാണാറുണ്ടായിരുന്നു.

ഒരു മുസ്‌ലിമാകാനുള്ള  പുറപ്പാടാണ് എന്റേതെന്ന് അന്നും എനിക്കുറപ്പുണ്ടായിരുന്നില്ല. അതിലേക്കുള്ള വഴിയേതെന്നും അത്ര നിശ്ചയം പോരാ. എന്റെ വിശ്വാസഗതിയില്‍ മാറ്റമുണ്ടാക്കാന്‍ അതനിവാര്യമാണെന്ന് ഞാന്‍ കണക്കാക്കിയിരുന്നുമില്ല. ശരിയായ ദൈവസങ്കല്‍പത്തെക്കുറിച്ചുപഠിക്കുക, അവനെ സ്‌നേഹിക്കുക എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. ദൈവത്തിലേക്കടുക്കണം എന്ന എന്റെ ആഗ്രഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ഒരുദിനം വന്നെത്തുമെന്ന് പറഞ്ഞ് അവര്‍ സമാധാനിപ്പിക്കുമായിരുന്നു. അതിനാല്‍ ഞാനാ ദിവസത്തിനായി കാത്തിരുന്നു.

എന്റേത് ഒരു ക്രൈസ്തവകുടുംബമായിരുന്നു. പക്ഷേ, മതപരമായ കാര്യങ്ങള്‍ ആരും സംസാരിക്കുകയോ പരസ്പരം ഉപദേശിക്കുകയോ ചെയ്തിരുന്നില്ല. നിനക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാമെന്നാണ് മമ്മി എപ്പോഴും എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ചര്‍ചില്‍ പോകാനോ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ അങ്ങനെ യാതൊന്നിനും അവര്‍ പ്രേരിപ്പിച്ചില്ല. എല്ലാവരും ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഞാനായിരുന്നു അക്കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ മുമ്പില്‍ എന്നെനിക്കുറപ്പായിരുന്നു.

അങ്ങനെയിരിക്കെ, സ്‌കൂള്‍ വേനലവധിക്കാലത്ത് അമ്മൂമ്മയുടെ വീട്ടിലായിരുന്നു ഞാന്‍ കഴിച്ചുകൂട്ടിയത്. തിരികെ എന്റെ വീട്ടിലെത്തുമ്പോല്‍ എന്റെ ഹൃദയത്തില്‍ എന്തെന്നില്ലാത്ത ഒരു വികാരാവേശം. മുമ്പ് ഖുര്‍ആന്‍ക്ലാസില്‍ പങ്കെടുത്തിരുന്ന ഘട്ടത്തില്‍ അവിടത്തെ സഹോദരിമാര്‍ പറയാറുണ്ടായിരുന്ന ഒരു പ്രത്യേകതരം സ്വഭാവവിശേഷമായിരുന്നു അത്. എന്തോ ഒന്നിനായി ആഗ്രഹിക്കുന്ന കൊച്ചുകുട്ടിയുടെ മാനസികാവസ്ഥ പോലെ. ദൈവം എന്നെ സമീപിച്ചുവെന്ന ഒരു തോന്നല്‍ എന്നിലുണ്ടായി. എന്റെ എല്ലാ കാര്യത്തിലും ദൈവിക ഇടപെടലുള്ളതുപോലെ. അവനോട് കൂടുതല്‍ അടുക്കണമെന്ന് എനിക്ക് ആഗ്രഹം ജനിച്ചു. എനിക്കപ്പോള്‍ ബോധ്യമായി എന്റെ ശരിയായ വഴി ഏതാണെന്ന്. അതെങ്ങനെ മനസ്സിലായി എന്നുചോദിച്ചാല്‍   ഇപ്പോഴും അതിന് മറുപടിയില്ല.

അന്ന് എന്നെ ക്ലാസിലേക്ക് ക്ഷണിച്ച സഹോദരിക്ക് ഞാന്‍ ഇ-മെയില്‍ചെയ്തു. അന്നുതന്നെ അവരുടെ സാന്നിധ്യത്തില്‍ ശഹാദത്ത ്കലിമചൊല്ലി മുസ്‌ലിമായി. അന്നവിടെ കൂടിയിരുന്നവരൊക്കെ എന്നെ ആലിംഗനംചെയ്തു. തികച്ചും പുതിയ പെണ്‍കുട്ടിയെപ്പോലെയായി എന്നാണ് എന്റെ സ്വയമുള്ള വിലയിരുത്തല്‍. എല്ലാ പാപങ്ങളും കഴുകിശുദ്ധമാക്കിയ ഹൃദയത്തോടെ പുതിയൊരു മനുഷ്യന്‍. ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കും പ്രകാരം ജീവിക്കാന്‍ സ്വയംസന്നദ്ധയായ ഒരു ദൈവദാസി.

ആദ്യഘട്ടത്തില്‍ ഇസ് ലാമിനെപ്പറ്റി എനിക്കൊന്നുമറിയില്ല എന്നായിരുന്നു കരുതിയിരുന്നത്. അതിനുകാരണം എന്റെ ചുറ്റും ജീവിച്ചിരുന്ന മുസ്‌ലിംസമുദായമായിരുന്നു. അവര്‍ക്കെല്ലാം അറിയാം എന്നാണ് ഞാന്‍ ധരിച്ചുവശായിരുന്നത്. അവര്‍ക്കെത്രത്തോളം അറിവുണ്ടായിരുന്നു എന്നതിനെപ്പറ്റി അത്ര ഗ്രാഹ്യമില്ലായിരുന്നുവല്ലോ എനിക്ക്. പിന്നീടാണ് യാഥാര്‍ഥ്യം മനസ്സിലായത്. എന്റെ പരിവര്‍ത്തനത്തിനുശേഷം ഇസ്‌ലാമിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങള്‍ എന്നിലുയര്‍ന്നുവന്നു. എല്ലാം അതിന്റെ മൂലസ്രോതസ്സില്‍നിന്ന് പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കണമെന്ന ആഗ്രഹം എന്നില്‍ ഉയര്‍ന്നുവന്നു. കൂടുതല്‍ പഠിക്കാന്‍ എന്റെ മനസ്സ് വെമ്പല്‍കൊണ്ടു.
എന്റെ നമസ്‌കാരരീതിയും മറ്റും അപരിഷ്‌കൃതമായിരുന്നു. എന്നിരുന്നാലും തികഞ്ഞ ആത്മാര്‍ഥതയോടെയായിരുന്നു അതെല്ലാം ചെയ്തിരുന്നത്. നമസ്‌കാരത്തിലെ ഓരോ പ്രാര്‍ഥനകളും ഓതേണ്ട അധ്യായങ്ങളും  ഒരു കടലാസില്‍ കുറിച്ചിട്ടാണ് അതുനോക്കി പാരായണംചെയ്യുകയായിരുന്നു. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അതെല്ലാം മനഃപാഠമാക്കി.

ജീവിതത്തിന്റെ അര്‍ഥമെന്തെന്ന് നമ്മെ പഠിപ്പിക്കുന്നത് ഇസ്‌ലാമാണ് എന്നത് അതിനെ ഏറ്റവും മനോഹരമാക്കുന്നു. സത്താസമ്പൂര്‍ണനായ ദൈവത്തിന്റെ ഗുണവിശേഷങ്ങളുടെ സദൃശസ്വഭാവഗുണങ്ങള്‍ മനുഷ്യനിലേക്ക് അത് സന്നിവേശിപ്പിക്കുന്നുവെന്നതാണ് ഇസ്‌ലാമിന്റെ സവിശേഷതയായി എനിക്ക് തോന്നിയത്. ഖലീഫയെന്ന് മനുഷ്യനെ വിളിക്കാന്‍ അതായിരിക്കാം കാരണം. അതിനാല്‍ തന്നെ ദൈവത്തിലേക്ക് അടുക്കുകയെന്നതിന് നാം പ്രാമുഖ്യം നല്‍കണം. അതിന് അവന്‍ കല്‍പിച്ചതും നിരോധിച്ചതും പൂര്‍ണാര്‍ഥത്തില്‍ പാലിക്കുകമാത്രമാണ് ഏകപോംവഴി. അതോടൊപ്പം നമുക്കുചുറ്റുമുള്ളവരെ ആകര്‍ഷിക്കുംവിധം മാതൃകയായി മാറാന്‍ നമുക്ക് കഴിയേണ്ടതുമുണ്ട്. അതിലൂടെ മാത്രമേ അവനോടുള്ള അതിരറ്റ സ്‌നേഹം പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.

Topics