1968 ലാണ് ഞാന്‍ മുസ്ലിമായത്. വിശുദ്ധ ഖുര്‍ആന്റെ ഏതെങ്കിലും പരിഭാഷ വായിച്ചല്ല ഞാന്‍ മുസ്ലിമായത്. ഭൂരിഭാഗം മുസ്ലിംകളും അമുസ്ലിംകള്‍ക്ക് വിശുദ്ധഖുര്‍ആന്റെ കോപി കൊടുക്കാന്‍ തയ്യാറല്ല. മുസ്ഹഫില്‍ തൊടാന്‍ പോലും മുസ്ലിംകളല്ലാത്തവര്ക്ക് അനുവാദമില്ലെന്നാണ് അവരുടെ വാദം. മുസ്ഹഫിനെ തൊടാനനുവദിക്കാതെ അമുസ്ലിംകള്‍ക്ക് എങ്ങനെയാണ് ഖുര്‍ആന്‍ വായിക്കാന്‍ കഴിയുക? അവര്‍ക്ക് എങ്ങനെയാണ് ഇസ്ലാമിന്റെ മഹത്ത്വം മനസ്സിലാക്കാനാവുക ?
വാസ്തവത്തില്‍ മുസ്ഹഫില്‍ തൊടുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ? ഖുര്ആന്സ്പര്ശനം ഏതെങ്കിലും അര്‍ഥത്തില്‍ പ്രാധാന്യമുള്ള വിഷയമല്ല. മുസ്ലിം സമുദായത്തിലെ അധികപേരും വിശുദ്ധ ഖുര്‍ആനെ വളരെ പവിത്രമായി കരുതുന്നു. ആ അര്‍ഥത്തില്‍ ആദരവോടെയാണ് അവര്‍ അതിനെ സമീപിക്കുന്നത്. അതിനെ ശുദ്ധിയുള്ളവരല്ലാതെ സ്പര്‍ശിക്കുകയില്ല എന്നാണ് മുസ്ലിം സമുദായം മനസ്സിലാക്കിയിരിക്കുന്നത്. സൂറതുല്‍ വാഖിഅയിലെ വിവരണപ്രകാരം അല്ലാഹു പറയുന്നത് ഭൂമിയിലെ കാര്യമല്ല. ലൗഹുല്‍ മഹ്ഫൂദില്‍ ഉള്ള ഖുര്‍ആനെ തൊടുന്ന കാര്യമാണ്.
ഭൂമിയില്‍ വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്ക്കുള്ളതാണെന്നാണ് വിശുദ്ധ ഖുര്‍ആന്റെ തന്നെ വാദം. ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിട്ടാണ് വിശുദ്ധ ഖുര്‍ആനെ നാം ഇറക്കിയിരിക്കുന്നത്'(അല്‍ ബഖറ: 185). മനുഷ്യര്‍ക്കാകമാനം സന്മാര്ഗദര്ശനമായാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അല്ലാഹു പറയുമ്പോള്‍ അതിന് വിരുദ്ധമായി വിശ്വാസികള്‍ മാത്രം തൊടാന്‍ പാടുള്ളൂവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും ?
ഇതുവരെ മുസ്ലിമായിട്ടില്ലാത്തവര് വിശുദ്ധ ഖുര്‍ആന്‍ തൊടരുതെന്നുപറയാന് ഏതുവ്യക്തിക്കാണ് അവകാശമുള്ളത് ? ഇനിയാരെങ്കിലും ഖുര്‍ആന്‍ അമുസ്ലിംകള്‍ക്ക് തൊടാനും വായിക്കാനും പറ്റില്ലെന്നുവാദിച്ചാല് അത് അല്ലാഹുവിന്റെ കല്പ്പനക്ക് എതിരാണ്. അല്ലാഹുവിന്റെ അന്തിമ വെളിപാടായി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ്. ജനങ്ങള്‍ ഖുര്‍ആനെ വായിക്കുന്നതും മനസ്സിലാക്കുന്നതും തടയാന്‍ നിങ്ങള്‍ക്കെന്തവകാശം?
ഞാന്‍ ഇസ്ലാം സ്വീകരിച്ചത്, ഖലീഫാ ഉമറുല്‍ ഫാറൂഖി(റ)ന്റെ ഇസ്ലാമാശ്ലേഷണ ചരിത്രം വായിച്ചാണ്. തന്റെ സഹോദരീഭര്‍ത്താവ് വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ത്വാഹാ പാരായണം ചെയ്യുന്നത് കേട്ടാണ് ഉമര്‍ (റ) ഇസ്ലാം സ്വീകരിച്ചത്. അതാണ് അതിന്റെ വ്യത്യാസം.
ഉമര്‍ (റ) ഇസ്ലാം സ്വീകരിച്ചത്, ഉമറിന്റെ സഹോദരി ഭര്‍ത്താവിന്റെ ഖുര്‍ആന്‍ പാരായണം കേട്ടാണ്. ത്വാഹാ അധ്യായം പാരായണംചെയ്യുന്നത് കേട്ടപാടെ അല്ലാഹൂ അദ്ദേഹത്തിന്റെ മനസ്സില്‍ ഹിദായത്ത് ഇട്ടുകൊടുക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ കയ്യില്തന്നാല്തന്നെയും എനിക്കത് വായിക്കാന്‍ കഴിയില്ലെന്നാണ് മുസ്ലിംകള് ധരിച്ചുവെച്ചിരിക്കുന്നത്. ‘നിങ്ങള്‍ ചൈനക്കാരനാണ്. നിങ്ങള്‍ ഖുര്‍ആന്‍ കിട്ടിയാല്‍ എന്താണ് ചെയ്യുക?’.
ഖുര്‍ആന്‍ മുസ്ലിംകള്ക്കുള്ളതാണ്. മറ്റുള്ളവര്‍ക്കുള്ളതല്ല. അതാണ് മുസ്ലിംകളുടെ വിശ്വാസം. ഞങ്ങളുടെ നാട്ടില്‍ ഖുര്‍ആന്‍ മലയക്കാര്ക്കുള്ളതാണ്. (അഥവാ മലയ് മുസ്ലിംകള്ക്കുള്ളതാണ്) അതു കൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം നാട്ടില്‍ ഖുര്‍ആന്‍ വായിക്കാനുള്ള ഒരു സാഹചര്യവുമില്ല. അല്‍ഹംദുലില്ലാഹ്! എനിക്ക് മഹാനായ ഉമര്‍ (റ) വിന്റെ ജീവിത കഥ വായിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന് ഖുര്‍ആനില്‍ നിന്ന് നേരിട്ട് ഹിദായത് ലഭിച്ചുവെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്.
അതിനാല്‍ പ്രിയപ്പെട്ടവരേ, നമ്മുടെ കൈവശമുള്ള ഖുര്‍ആന്‍ മറ്റുള്ളവര്‍ക്ക് കാണിക്കുക എന്നത് എത്രമാത്രം പ്രധാനപ്പെട്ട കാര്യമാണെന്ന് നാം മനസ്സിലാക്കണം. പരമാവധി അവരിലേക്ക് ഖുര്‍ആന്‍ നിങ്ങള്‍ ഷെയര്‍ ചെയ്യണം. കാരണം, അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമാണ്. സത്യാസത്യവിവേചനത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് അതില്‍. വളരെ വ്യക്തമാണ് അതിലെ കാര്യങ്ങള്‍. ഹറാം ഹറാമാണ്. ശിര്‍ക് ശിര്കാണ്, തൗഹീദ് തൗഹീദാണ്. എല്ലാം വ്യക്തമാണ്. അക്കാര്യങ്ങളില്‍ ഒരു നീക്കു പോക്കുമില്ല.
മുസ്ലിം എന്ന നിലക്ക് നിങ്ങള്‍ ഇസ്ലാമും ഖുര്ആനികനിര്ദ്ദേശങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും വ്യാകുലപ്പെടേണ്ടിവരില്ല. നിങ്ങളുടെ ജീവിതം ആശങ്കാകുലമാകുന്നത് ഖുര്‍ആനും സുന്നതും അനുധാവനം ചെയ്യാത്തതിനാലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ഒരുപാട് ആകുലതകളും ഉത്കണ്ഠകളുമുണ്ടാകുന്നു.
ഖുര്‍ആനെ കുറിച്ച അല്ലാഹുവിന്റെ ഒരു വിശേഷണം അത് പ്രകാശമാണെന്നാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് ഖുര്‍ആനെ സ്വാംശീകരിക്കാന്‍ അനുവദിക്കുക. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍ നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കും. ഖുര്‍ആനു വേണ്ടി നിങ്ങള്‍ നിങ്ങളെത്തന്നെ തുറന്നുവെക്കുന്നതായിരിക്കും ഏറ്റവും കരണീയം. ഖുര്‍ആന്‍ നിങ്ങള്‍ക്ക് സമാധാനം തരും. അതൊരു സ്മരണയും ഓര്‍മ്മപ്പെടുത്തലുമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്:’ഏറ്റവും നല്ല സ്മരണ അല്ലാഹുവില്‍ നിന്നുള്ള സ്മരണയാണ്’. അല്ലാഹു നമ്മുടെ ഹൃദയത്തിന് വിശുദ്ധ ഖുര്‍ആനിലൂടെ സമാധാനം തരും.
Add Comment