ബഗ്ദാദ്: കഴിഞ്ഞ 20 വര്‍ഷമായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഖുദ്‌സ് വിഭാഗം തലവനായിരുന്ന മേജര്‍ ജനറല്‍ ഖാസ്സിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് പ്രഭാതത്തിന് മുമ്പ് ബാഗ്ദാദ് എയര്‍പോര്‍ട്ടിനടുത്ത് നടന്ന ആക്രമണത്തില്‍ ഹിസ്ബുല്ല പിന്തുണയുള്ള ഹശ്ദുശ്ശഅബ് മിലിഷ്യ വൈസ്പ്രസിഡന്റ് അബൂ മഹ്ദി അല്‍ മുഹന്‍ദിസുള്‍പ്പെടെ 7പേരും കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഇറാഖി നാഷണല്‍ ടെലിവിഷനാണ് പുറത്തുവിട്ടത്.
ഇറാന്റെ മര്‍മ്മത്ത് ഏല്‍പിച്ച പ്രഹരമെന്ന് അമേരിക്കയിലെ രാഷ്ട്രീയവക്താക്കള്‍ വിശേഷിപ്പിച്ച ആക്രമണം പക്ഷേ ഇറാഖുമായി അമേരിക്കയുടെ ബന്ധം വഷളാക്കുമെന്ന ആശങ്കയേറ്റിയിരിക്കുകയാണ്. അമേരിക്കന്‍ പ്രതിരോധസെക്രട്ടറിയെ വധിച്ചതിന് തുല്യമാണ് ഡ്രോണ്‍ ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് തലവന്‍ ഹിലാരി മാന്‍ ലെവറെറ്റ് അഭിപ്രായപ്പെട്ടു.
ഇറാന്റെ ദേശീയഅഭിമാനമായി കരുതപ്പെടുന്ന സുലൈമാനിയുടെ മരണം മാതൃരാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ബാഗ്ദാദിലെ അമേരിക്കന്‍ എമ്പസിക്കുനേരെ ഇറാനിയന്‍ പിന്തുണയുള്ള മിലീഷ്യകള്‍ കയ്യേറ്റത്തിന് മുതിര്‍ന്നതാണ് റെവല്യൂഷണറി ഗാര്‍ഡ് തലവന്റെ നേര്‍ക്കുള്ള ഡ്രോണ്‍ ആക്രമണത്തിന് കാരണമെന്നാണ് അമേരിക്കന്‍ ഭാഷ്യം.
ഇറാന്‍ -ഇറാഖ് യുദ്ധവേളയില്‍ ഇറാഖിലെ കുര്‍ദുകളുമായി ചേര്‍ന്ന് സദ്ദാമിനെതിരെ യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ സമര്‍ഥനായിരുന്നു ഖാസിം സുലൈമാനി. രാജ്യത്തിന് പുറത്ത് ലബനാനിലും സിറിയയിലും മറ്റും രാജ്യതാല്‍പര്യങ്ങളും സ്വാധീനവും ശക്തിപ്പെടുത്തുന്നതിന് സുലൈമാനിയുടെ നേതൃത്വം സഹായകരമായിരുന്നു. അറബ് വിപ്ലവത്തെ പരാജയപ്പെടുത്തി സിറിയയിലെ ബശ്ശാറുല്‍ അസദിന്റെ കസേര ഭദ്രമാക്കുന്നതില്‍ ലോകം തിരിച്ചറിഞ്ഞതാണ് സുലൈമാനിയുടെ സാമര്‍ഥ്യം. ലബനാനിലെ യുഎസ് താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതായിരുന്നു റെവല്യൂഷണറി ഗാര്‍ഡിന്റെ നീക്കങ്ങളെല്ലാം തന്നെ. ഐഎസ് വിരുദ്ധപോരാട്ടത്തിലൂടെ റഷ്യയുമായി ചേര്‍ന്ന് പശ്ചിമേഷ്യയില്‍ നിര്‍ണായ ശക്തിയായി തുടരുമ്പോഴാണ് ഇറാനെ പ്രഹരിച്ചുകൊണ്ട് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം.
അതേസമയം, ഇറാനെ പ്രകോപിപ്പിച്ച ആക്രമണം പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Add Comment