വിശ്വാസം-ലേഖനങ്ങള്‍

ക്ഷമ യൂസുഫ് നബിയുടെ ജീവിതത്തില്‍

ഒരു മനുഷ്യന് പരീക്ഷണവും, പ്രയാസവും അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് ക്ഷമ അര്‍ഥവത്താകുന്നത്. യൂസുഫ് പ്രവാചകന്റെ ചരിത്രകഥനത്തിലൂടെ ക്ഷമയുടെ വളരെ പ്രായോഗികമായ ചിത്രം വിശുദ്ധ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്. കുഞ്ഞുനാളില്‍ തന്നെ പരീക്ഷണങ്ങളുടെ വഴിയില്‍ സഞ്ചരിക്കാനായിരുന്നു യൂസുഫ് പ്രവാചകന്റെ വിധി. സഹോദരന്മാര്‍ ഗുഢാലോചന നടത്തി അവനെ വനത്തിലെ പൊട്ടക്കിണറ്റില്‍ എറിയുകയുണ്ടായി.

അവിടെ നിന്ന് യാത്രാസംഘം കണ്ടെടുത്ത് അദ്ദേഹത്തെ വളരെ കുറഞ്ഞ വിലക്ക് ചന്തയില്‍ അടിമയാക്കി വില്‍ക്കുകയും അങ്ങനെ രാജാവിന്റെ കൊട്ടാരത്തില്‍ എത്തുകയും ചെയ്തു. പക്ഷെ, അവിടെയും അദ്ദേഹത്തിന്റെ പരീക്ഷണം അവസാനിക്കുന്നില്ല. മറിച്ച് മുമ്പുള്ളതിനേക്കാള്‍ പ്രയാസകരമായ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ അവിടെ കാത്തിരിക്കുകയായിരുന്നു. 

തനിക്ക് മേല്‍ നിരന്തരമായി വന്നുപതിച്ച പരീക്ഷണമാരിയെ തീര്‍ത്തും ഹൃദയശാന്തതയോടെ നേരിട്ടുവെന്നതാണ് യൂസുഫ് പ്രവാചകന്റെ മഹത്ത്വം. തന്റെ പിതാവ് അദ്ദേഹത്തിന് പകര്‍ന്നുനല്‍കിയ ഏകദൈവവിശ്വാസവും, ദൈവികവിധേയത്വവും അദ്ദേഹം മുറുകെ പിടിച്ചു. അല്ലാഹു തന്നെ രക്ഷപ്പെടുത്തുമെന്നും, തന്റെ പിതാവിന്റെ അടുത്തെത്തിക്കുമെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. തന്നെ ആപത്തില്‍ പെടുത്തിയ സഹോദരന്മാരെയോ, പ്രതീക്ഷകള്‍ അറ്റ് കിണറ്റില്‍ കിടന്ന തന്നെ രക്ഷപ്പെടുത്തിയ നാഥനെയോ അദ്ദേഹം വിസ്മരിച്ചില്ല. 

ദൈവികവിധികള്‍ക്കുവഴങ്ങി ജീവിച്ചുവെന്നതാണ് തനിക്കുണ്ടായ എല്ലാ  ദുരിതങ്ങളെയും എളുപ്പത്തില്‍ നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചത്. കയ്പുറ്റ നിമിഷങ്ങളില്‍ അദ്ദേഹം സഹനമവലംബിക്കുകയും യാതൊരു ചാഞ്ചല്യവും കൂടാതെ തന്റെ റബ്ബിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തു. സൂറ യൂസുഫിലെ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ‘അല്ലാഹുവില്‍ ശരണം, അവനാണ് എന്റെ നാഥന്‍’, ‘അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കല്‍ നമുക്ക് യോജിച്ചതല്ല’, ‘വിധികല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്’, ‘ഇഹ-പര ലോകങ്ങളില്‍ നീ തന്നെയാണ് എന്റെ രക്ഷകന്‍’ എന്നിങ്ങനെയുള്ള  അദ്ദേഹത്തിന്റെ ആത്മഗതങ്ങള്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തെയും, അല്ലാഹുവിലുള്ള ദൃഢബോധ്യത്തെയുമാണ് അടയാളപ്പെടുത്തുന്നത്. 

രാജാവിന്റെ പത്‌നിയില്‍ നിന്നുണ്ടായ പ്രലോഭനമാണ് അദ്ദേഹം നേരിട്ട ഏറ്റവും പ്രയാസകരമായ പരീക്ഷണം. ഒരു വ്യക്തിയെ വഴിതെറ്റിക്കാന്‍ സാധിക്കുന്ന എല്ലാ സാഹചര്യവും യൂസുഫിന്റെ മുന്നില്‍ ഒത്തുവന്നിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദനത്തില്‍ നിന്ന് വ്യക്തമാണ്. ആ സ്ത്രീയുടെ കൂടെ അദ്ദേഹം ഒറ്റക്കായിരുന്നു. അവളാകട്ടെ കതകടച്ച്, മറകള്‍ താഴ്ത്തി, പൂര്‍ണ സുരക്ഷിതമായ അവസ്ഥയിലുമായിരുന്നു. അവള്‍ രാജ്ഞിയായിരിക്കെ അവരുടെ അടുത്തേക്ക് ആരും തന്നെ കടന്നുവരികയുമില്ല. ഈ ശക്തമായ കാരണങ്ങളെയും ന്യായങ്ങളെയും അതിജയിക്കാന്‍ ഉതകുന്ന ഒരു പിന്തുണയും യൂസുഫിന് ഉണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ അടിയുറച്ച ഏകദൈവവിശ്വാസവും, ദൈവബോധവുമാണ് അദ്ദേഹത്തിന് തുണയായത്. ഹൃദയത്തില്‍ നിറഞ്ഞ ദൈവികസ്നേഹത്തെ പരിചയാക്കിയാണ്  ആ നിര്‍ണയാക യുദ്ധത്തില്‍ യൂസുഫ് സ്വയം പ്രതിരോധിച്ചതെന്ന് വ്യക്തം. 

യൂസുഫ് അഭിമുഖീകരിച്ച ഈ സന്ദര്‍ഭത്തെ അല്ലാമാ ത്വബ്ത്വബാഇ വളരെ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു. 

‘ഒരു പര്‍വതമാണ് ഈ ഭീകരമായ പ്രതിസന്ധി നേരിട്ടതെങ്കില്‍ അത് കുലുങ്ങുമായിരുന്നു. ഉറച്ച് നില്‍ക്കുന്ന പാറക്കെട്ടിനെ ഉരുക്കാന്‍ അവക്ക് സാധിക്കുമായിരുന്നു. അത്രമാത്രം ഭയാനകമായ സാഹചര്യമായിരുന്നു അത്. എന്നാല്‍ എത്ര തന്നെ പ്രതിലോമകരമായ സാഹചര്യവും ദൈവികസ്‌നേഹത്തിന് മുന്നില്‍ ശോഷിക്കുകയും ദുര്‍ബലമാവുകയും ചെയ്യുന്നു. അല്ലാഹുവിന്റെ നിസ്വാര്‍ത്ഥരായ വലിയ്യുകള്‍ക്ക് മാത്രമെ അതിന് സാധിക്കുകയുള്ളൂ. 

അത് വ്യക്തിയെന്ന നിലയിലുള്ള പരീക്ഷണമായിരുന്നു. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ ഭരണചക്രം കയ്യിലേല്‍പിച്ച് അല്ലാഹു സാമൂഹിക തലത്തില്‍ നിന്ന് അദ്ദേഹത്തെ പരീക്ഷിച്ചു. രാഷ്ട്രത്തിന്റെ സാമ്പത്തിക വകുപ്പ് അദ്ദേഹത്തില്‍ വന്നുചേര്‍ന്നു. കൂടുതല്‍ പേരും വഴിതെറ്റിയ, മുട്ടുമടക്കിയ സ്ഥാനമാണ് അത്. രാഷ്ട്ര ഖജനാവിലേക്ക് ചെന്നുചേരുന്ന ഭീമമായ സമ്പത്തിന് മുന്നില്‍ ഒട്ടേറെ പേരുടെ കണ്ണ് മഞ്ഞളിച്ചിട്ടുണ്ട്. എന്നാല്‍ യൂസുഫ് പ്രവാചകന്‍ അപ്രകാരമായിരുന്നില്ല. അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന ഹൃദയത്തില്‍ പണത്തിന് സ്ഥാനമില്ലായിരുന്നു. എന്നല്ല, ജനങ്ങളുടെ വിഭവം ശേഖരിച്ച് വരാനിരിക്കുന്ന ക്ഷാമകാലത്തേക്ക് നീക്കിവെക്കുകയാണ് അദ്ദേഹം ചെയ്തത്. അതുമുഖേനെ വരള്‍ച്ചയെയും, ക്ഷാമത്തെയും നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓരോരുത്തര്‍ക്കും അര്‍ഹമായ റേഷന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അപകടകരമായ പ്രസ്തുത സാഹചര്യത്തെ നേരിടാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു.’ഖജനാവിന്റെ ചുമതല എന്നെ ഏല്‍പിച്ചാലും, ഞാന്‍ നന്നായി സംരക്ഷിക്കുന്നവനും സൂക്ഷ്മമായി കാര്യങ്ങള്‍ അറിയുന്നവനുമാണ്’ എന്ന യൂസുഫ് പ്രവാചകന്റെ പരാമര്‍ശം അതിനെയാണ് കുറിക്കുന്നത്. 

Topics