ദാമ്പത്യം

കല്യാണപ്പെണ്ണിന്റെ സൗന്ദര്യം അളക്കണോ ?

‘ഉമ്മാ, എന്റെ മുടി വല്ലാതെ കൊഴിഞ്ഞുപോകുന്നുണ്ട്. ഇങ്ങനെപോയാല്‍ കഷണ്ടിത്തലച്ചിയെന്ന് ആളുകള്‍ പരിഹസിക്കും’ ഐ.ടി സ്ഥാപനത്തില്‍ ജോലിയുള്ള എഞ്ചിനീയര്‍ 21 കാരിയായ റോശ്‌നി ഉമ്മയോട് സങ്കടംപറഞ്ഞു.

രോശ്‌നിയോട് എന്താണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുക? ഉമ്മ എന്തായിരിക്കാം മകളോട് പറഞ്ഞിട്ടുണ്ടാവുകയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ, ‘നീ വിഷമിക്കേണ്ട, നമുക്ക് ഇന്ന് ഡോക്ടറെ പോയിക്കാണാം’ എന്നാശ്വസിപ്പിക്കുകയോ അല്ലെങ്കില്‍ തനിക്കറിയാവുന്ന പൊടിക്കൈപ്രയോഗത്തെപ്പറ്റി വിവരിച്ചുകൊടുക്കുകയോ ചെയ്തിരിക്കാം.
ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ ഊഹിച്ചതെങ്കില്‍ തെറ്റുപറ്റി. യഥാര്‍ഥത്തില്‍ ആ ഉമ്മ പറഞ്ഞത് ‘റബ്ബേ, നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ. ഇനിയെന്തായാലും ചെക്കനെ കണ്ടെത്തണം. ‘ ‘ മുടിയില്ലാത്ത പെണ്‍കുട്ടികളെ ആരുംകെട്ടുകയില്ല’. പെണ്‍കുട്ടികളെ സുന്ദരികളാക്കുന്നതില്‍ മുടിക്ക് പങ്കുണ്ട്’…. ഇതൊക്കെയാണ് റോശ്‌നി കേള്‍ക്കേണ്ടിവന്നത്. ഇത് വായിച്ച് നിങ്ങളില്‍ പലര്‍ക്കും ചിരി വന്നിട്ടുണ്ടാകും. ചിലരെങ്കിലും ‘ ഇതുതന്നെയാണ് എനിക്കും ഉണ്ടായത്’ എന്നും വേറെ ചിലര്‍ ‘അതെ, തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യം സമ്മാനിക്കുന്നതില്‍ മുടിക്ക് ഏറെ പങ്കുണ്ട്’ എന്ന് ഉമ്മയെ പിന്തുണച്ചും അഭിപ്രായംപറഞ്ഞ് തലകുലുക്കുന്നുണ്ടാകും.

യഥാര്‍ഥത്തില്‍, പത്തില്‍ എട്ടുപേര്‍ക്കും ഇത്തരത്തിലുള്ള വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ് ഉള്ളത്. ഏറെക്കാലമായി നമ്മുടെ സമൂഹം വെച്ചുപുലര്‍ത്തുന്ന മനഃസ്ഥിതിയാണിത്.’ വെളുത്ത നിറം, മീന്‍ കണ്ണുകള്‍, നീണ്ട പുരികങ്ങള്‍, അഗ്രം വളഞ്ഞ മൂക്ക്, ചുവന്ന അധരങ്ങള്‍’ ഇതൊക്കെയുണ്ടെങ്കിലേ നമ്മെ സംബന്ധിച്ചിടത്തോളം ഒരു പെണ്ണ് സുന്ദരിയാകൂ.

ടി വി സീരിയലുകളും സിനിമകളും തുടങ്ങി എവിടെയും സുന്ദരികള്‍ അങ്ങനെയാണ്. തീര്‍ന്നില്ല, ഫെയര്‍നെസ് ക്രീമിന്റെ പരസ്യബോര്‍ഡുകള്‍ വെളുത്ത തൊലിയോടുള്ള അമിതഭ്രമത്തെയാണ് സൂചിപ്പിക്കുന്നത്. ‘തിര നിറയും ചുരുള്‍ മുടിയില്‍ സാഗര സൌന്ദര്യം തിരി തെളിയും മണി മിഴിയില്‍ സുരഭില സൂര്യകണം’ എന്ന മലയാളം പാട്ടും ‘ഗോരെ ഗോരെ മുഖ്‌ഡെ പെ കാല കാല ചശ്മ’ എന്ന ബോളിവുഡ് പാട്ടും സ്ത്രീ സൗന്ദര്യത്തിന്റെ വാര്‍പ്പുമാതൃകകളെയാണ് നിരന്തരം പറയുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോഴും ആ സങ്കല്‍പത്തില്‍ നിന്ന് മുക്തിയില്ല. സിന്‍ഡറല്ല അതിന് ഉദാഹരണം. കറുത്ത പാവക്കുട്ടിയെ നമുക്ക് ഊഹിക്കാനേ കഴിയില്ല. തടിച്ച ലോകസുന്ദരിയില്ല. കളിപ്പാട്ടമായ പാവക്കുട്ടിയില്‍ പോലും നമ്മുടെ വാര്‍പ്പുസങ്കല്‍പത്തെ സന്നിവേശിപ്പിച്ചാല്‍ മാത്രമേ അതിനും വിപണിയുണ്ടാകൂ എന്നാണെങ്കില്‍ ജീവനുള്ള പെണ്‍കുട്ടിയും കാഴ്ചയില്‍ സുന്ദരിയായിരിക്കണമെന്ന് വാശിപിടിക്കുന്ന ഇന്നത്തെ സാമൂഹികഘടന എത്രമാത്രം അധഃപതിച്ചുവെന്നേ പറയാനാകൂ.

ഇന്ന് നമ്മുടെ സമൂഹത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ വ്യാകുലപ്പെടുന്ന പ്രശ്‌നമാണ് പ്രത്യക്ഷസൗന്ദര്യം. കാമറയ്ക്കുമുന്നില്‍ വരാന്‍ മടിക്കുന്ന, സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ചിത്രം പ്രൊഫൈലാക്കാന്‍ മടിക്കുന്ന പെണ്‍കുട്ടികള്‍ ഏറെയാണ്(ദുരുപയോഗം ഭയന്ന് പ്രൊഫൈലില്‍നിന്ന് ഒഴിവാക്കുന്നതല്ല ഉദ്ദേശിച്ചത്). തനിക്ക് സൗന്ദര്യമില്ലെന്നും, ഇരുണ്ടമുഖമാണെന്നും തടിച്ചിയാണെന്നും ‘ഓ, ഈ ഫോട്ടോ കൊള്ളില്ല ഞാന്‍ …..യുടെയത്ര കറുത്തിട്ടാണോ’ (… കറുത്ത പെണ്‍കുട്ടിയുടെ പേരാണ്) തുടങ്ങിയ വിചാരങ്ങളാല്‍ അത്തരക്കാര്‍ അന്തര്‍മുഖരായി കഴിയുന്നു. ദയവായി അത്തരം ചിന്തകളും ധാരണകളും മനസ്സില്‍നിന്ന് മായ്ച്ചുകളയൂ എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം പരാമര്‍ശങ്ങളും പ്രസ്താവനകളും സമൂഹത്തിന്റെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നവയാണ്.

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോട്ടോ എഡിറ്റിങിന് സഹായിക്കുന്ന ഒരുപാട് ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഒരു ക്ലിക്കില്‍ കറുപ്പ് വെളുപ്പാകും. വീണ്ടും ഒന്നുക്ലിക്കിയാല്‍ ഇരട്ടിവെളുപ്പാകും. ഇപ്പോള്‍ കാഴ്ചയില്‍ സുന്ദരിയായി. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അവരെ തൃപ്തിപ്പെടുത്താന്‍ വഴിയൊരുങ്ങി. എന്നാല്‍ പ്രശ്‌നം ഇവിടെ പരിഹരിക്കപ്പെടുമോ?

ഫേഷ്യലും അതുപോലെയുള്ള കൃത്രിമങ്ങളും ഫോട്ടോ എഡിറ്റിങും വേണ്ടെന്ന് വെച്ചിട്ടുള്ള ദശലക്ഷക്കണക്കായ യുവതികളുണ്ട്. തങ്ങളുടെ സ്വാഭാവികതനിമയെ മറച്ചുവെക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ തടിച്ച, ഇരുണ്ട, ഇരുനിറ ശരീരത്തെ ഇഷ്ടപ്പെടുന്നു. അതിലൊന്നും യാതൊരു പ്രശ്‌നമില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. പ്രശ്‌നം സമൂഹമാണല്ലോ. വെളുപ്പിക്കാനുള്ള ക്രീമും ഫോട്ടോ എഡിറ്റിങും നിര്‍ദേശിക്കാനല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാനില്ലല്ലോ.

പെണ്‍വര്‍ഗത്തെ പരസ്യങ്ങളിലൂടെയും സിനിമകളിലൂടെയും ടിവിസീരിയലുകളിലുടെയും കാഴ്ചപ്പണ്ടാരമാക്കിയതാണ് യഥാര്‍ഥപ്രശ്‌നമെന്ന് എനിക്കുതോന്നുന്നു. ആരും സ്ത്രീകളുടെ ബുദ്ധിയെക്കുറിച്ച് സംസാരിക്കുന്നേയില്ല. നമ്മുടെ സമൂഹം ഇന്നത്തെ നിലയില്‍ നാഗരികപുരോഗതി നേടിയത് ബുദ്ധിശക്തികൊണ്ടല്ലേ. പക്ഷേ, സമൂഹം വളര്‍ന്നതും ധരിപ്പിച്ചതും തൊലിവെളുപ്പും നീണ്ടമൂക്കും, അവയവഭംഗിയും മാത്രമാണ് സ്ത്രീയെന്ന നിലക്കാണ്. സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ ഇതിനപ്പുറത്ത് നമുക്ക് സ്ത്രീകളെ സങ്കല്‍പിക്കാനാകുന്നില്ല.
ഇവിടെ ‘ഞാന്‍’ ‘നമ്മളെ’യൊക്കെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ ‘ഞാനെ’ന്നത് സമൂഹത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ഹൃദയങ്ങളിലും തലച്ചോറിലും സൗന്ദര്യസങ്കല്‍പവും തൊലിവെളുപ്പും ഒഴിയാബാധയായി കുടിയേറിയിരിക്കുന്നു. സുന്ദരിയായി പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും ക്രീമുകളും ജിംനേഷ്യവും വേണമെന്നായിരിക്കുന്നു. ഇനി അങ്ങനെയൊന്നും ചെയ്യാറില്ലെന്നാണെങ്കിലും ഉള്ളിന്റെയുള്ളില്‍ സുന്ദരിയായിരുന്നെങ്കിലെന്ന ചിന്ത വെച്ചുപുലര്‍ത്തുന്നു.

തൊലിവെളുക്കണമെന്നും മെലിഞ്ഞിരിക്കണമെന്നുമുള്ള വംശീയതയുടെയും ലൈംഗികാകര്‍ഷണത്തിന്റെയും പ്രവണതകളെ എങ്ങനെ ചെറുക്കാനാകും എന്നതാണ് പ്രധാനപ്രശ്‌നം. ബുദ്ധിയുടെയും വിവേകത്തിന്റെയും സവിശേഷത എന്നാണ് മാനിക്കപ്പെടുക ? ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ എന്തെങ്കിലും ആപ്ലിക്കേഷനുകളോ സോഫ്റ്റ് വെയറുകളോ നമുക്കു വേണമെന്ന് തോന്നിയിട്ടുണ്ടോ ? ബുദ്ധിയുണ്ടാകാന്‍ വിദ്യാഭ്യാസം വേണമെന്നതാണ് അതിനുകാരണമെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിലും വിദ്യാഭ്യാസം എന്നത് അക്കാദമികയോഗ്യതകളല്ലല്ലോ. അടിസ്ഥാനധാര്‍മികഗുണങ്ങളാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാവരെയും തുല്യരായി കാണുക, ഓരോ വ്യക്തികളെയും ആദരിക്കാനും അവരുടെ നേട്ടങ്ങളില്‍ പ്രോത്സാഹനംനല്‍കാനും സന്‍മനസ്സ് വെച്ചുപുലര്‍ത്തുക.
സത്യത്തില്‍ ഞാന്‍ ഈ ലേഖനം വിവാഹവും സൗന്ദര്യസങ്കല്‍പവും തമ്മിലുള്ള ബന്ധത്തെ അധികരിച്ചാണ് എഴുതിത്തുടങ്ങിയത്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായെന്നുമനസ്സിലാക്കുന്നു. സിനിമയും ഫാഷന്‍ ലോകവും കാട്ടിക്കൂട്ടുന്നത് അപ്പടി വിഴുങ്ങുന്ന സമൂഹം കണ്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കൊത്ത് സുന്ദരിയല്ല നിങ്ങളെങ്കില്‍ ചെറുക്കനെ കിട്ടില്ല. ഇത് ഒരു രോശ്‌നിയുടെമാത്രം കഥയല്ല. ഇത്തരത്തില്‍ ദിനേന സംഭാഷണങ്ങള്‍ കേള്‍ക്കുന്ന പെണ്‍കുട്ടികളുള്ളഎത്രയോ കുടുംബങ്ങളുടെ അവസ്ഥയാണിത്. സൗന്ദര്യത്തിന്റെ അളവുകോലുകള്‍ക്ക് പുറത്ത് അന്യയായി മാറ്റിനിര്‍ത്തപ്പെട്ട എന്നാല്‍ സ്വഭാവഗുണങ്ങളിലും സര്‍ഗശേഷിയിലും മികവുപുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ സ്വയം മനസ്സിലാക്കാനായി ഒരു കാര്യം പറയട്ടെ. പഴമക്കാരുടെ ഒരു ചൊല്ല് ഉറുദുവില്‍ ഇങ്ങനെയാണ്:’സീറത് പെ ധ്യാന്‍ ദേനാ ചാഹിയേ, സൂറത് പെ നഹി(കഴിവിലും സ്വഭാവഗുണത്തിലുമാണ് അല്ലാതെ പുറംപൂച്ചിലല്ല(അഴക്) ശ്രദ്ധിക്കേണ്ടത്.’

ഒരു ദിനംവരും. അന്ന് പിതാക്കന്‍മാരും മാതാക്കളും സഹോദരങ്ങളും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്യസംവിധായകരും സിനിമാക്കാരും സീരിയല്‍സംവിധായകരും സൗന്ദര്യത്തേക്കാള്‍ കഴിവിന്റെയും സ്വഭാവമഹിമയുടെയും പേരില്‍ പെണ്‍കുട്ടികളെയും പെണ്‍മക്കളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യും.

ഇറം ഇക്ബാല്‍

Topics