ദാമ്പത്യം

തള്ളിക്കളയേണ്ടതല്ല പ്രിയതമയുടെ കണ്ണുനീര്‍

വികാരവും സ്‌നേഹവും കണ്ണീരുമാണ് സ്ത്രീ. വാല്‍സല്യത്തിനും തലോടലിനും ലാളനയ്ക്കുമായി കൊതിച്ച് കൊണ്ടിരിക്കുന്ന പ്രകൃതമാണ് അവളുടേത്. പുരുഷന്റെ വാരിയെല്ലില്‍ നിന്ന് അവള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവന്റെ ഹൃദയത്തോടും ആത്മാവിനോടും ശ്വാസാച്ചോസത്തോടും ചേര്‍ന്ന് നില്‍ക്കുന്നതിന് വേണ്ടിയാണ്.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ധാരാളം കണ്ണുനീര്‍ പൊഴിക്കുന്നത് അവളുടെ രീതിയാണ്. അവളുടെ മനസ്സിലെ വികാരങ്ങളും അനുഭവങ്ങളുമാണ് പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ അവളെ കരയിപ്പിക്കുന്നത്. വല്ലാതെ കരയുന്ന അവളുടെ പതിവ് ചിലപ്പോഴൊക്കെ പുരുഷന്റെ വെറുപ്പ് സമ്പാദിക്കുന്നതിന് കാരണമാവാറുണ്ട്. പക്ഷെ, കണ്ണുനീരിന്റെ മഹാസമുദ്രത്തില്‍ വഞ്ചിയിറക്കി പുരുഷനെ അന്വേഷിക്കുകയാണ് സ്ത്രീ ചെയ്യുന്നതെന്ന് അധികപേരും അറിയുന്നില്ല.
മറ്റുള്ളവരുടെ വേദന കണ്‍മുന്നില്‍ കാണുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ അലമുറയിട്ട് കരയുകയാണ് സ്ത്രീ ചെയ്യുക. നിങ്ങളവളോട് കയര്‍ക്കുകയോ, അവള്‍ക്ക് മുന്നില്‍ ഹൃദയം തുറക്കുകയോ, അവളെ അവഗണിക്കുകയോ ചെയ്യുമ്പോഴും അവള്‍ പൊട്ടിക്കരയുന്നു. അവളെ മനസ്സിലാക്കാനും അവളുടെ കണ്ണുനീര്‍ തുടക്കാനും കൊച്ചുകുഞ്ഞിനെപ്പോലെ അവളുടെ കൈകള്‍ക്കിടയില്‍ തലവെച്ചുറങ്ങാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ? അതല്ല, അഭിമാനബോധം അതില്‍ നിന്ന് നിങ്ങളെ തടയുകയും അകറ്റുകയുമാണോ ചെയ്യാറുള്ളത്? അവളുടെ കണ്‍കളില്‍ നിങ്ങളൊരു പുരുഷന്‍ മാത്രമല്ല. അവളുടെ സ്വപ്‌നവും, ഭടനും, കാമുകനും, ആത്മാവും, രക്തസിരയുമാണ്.
അവള്‍ കരയുന്നുവെങ്കില്‍ അവള്‍ നിങ്ങളെ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ത്ഥം. ഏതൊരു മനുഷ്യന്റെയും മുമ്പ് നീയാണ് അവളുടെ അടുത്ത് ആശ്വസിപ്പിക്കാനെത്തേണ്ടത്. കാരണം നിങ്ങളുടെ വാരിയെല്ലില്‍ നിന്നാണ് അവള്‍ സൃഷ്ടിക്കപ്പെട്ടത്. നിങ്ങളുടെ വാരിയെല്ലുകള്‍ക്കിടയില്‍, നിങ്ങളുടെ സംരക്ഷണത്തിന് കീഴില്‍ തന്നെയാണ് അവശേഷിക്കുന്ന കാലം അവള്‍ക്ക് ജീവിക്കാനുള്ളത്.
ആ കണ്ണൂനീര്‍തുള്ളികള്‍ നിങ്ങളുടെ കണ്ണുകളില്‍ നിന്നാണ് അടര്‍ന്ന് വീഴുന്നതെങ്കില്‍ അതിന്റെ വേദനയില്‍ അവള്‍ ആയിരം തവണ മരിക്കുകയും, അവളുടെ എല്ലുകള്‍ നുറുങ്ങുകയും ചെയ്യുന്നു. നിങ്ങളോട് കൂടെ അവളും കരയുകയും അവളുടെ വാല്‍സല്യകരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ നിശബ്ദമായ കിടക്കുകയും ചെയ്‌തേക്കാം.
വളരെ മനോഹരമായി സ്‌നേഹം പ്രകടിപ്പിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന ചില പുരുഷന്‍മാരുണ്ട്. സ്ത്രീയുടെ കണ്ണുനീര്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നവരാണ് അവര്‍. അവ പൊഴിഞ്ഞ് ഭൂമിയിലെത്തുന്നതിന് മുമ്പ് അവളുടെ വേദന ചികിത്സിക്കാനും, ആശ്വസിപ്പിക്കാനും അവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ കണ്ണുനീര്‍ കൊണ്ട് നിറഞ്ഞ പ്രിയതമയുടെ കണ്ണുകള്‍ കാണുകയും അവ അവഗണിക്കുകയും ചെയ്യുന്ന പുരുഷന്‍മാരുമുണ്ട്.
അവളുടെ കണ്ണുനീരിന് മുമ്പില്‍ താന്‍ ദുര്‍ബലനാവുകയും, അവളുടെ കൂടെ താന്‍ കരയുകയും ചെയ്യുമോ എന്ന ആശങ്ക കാരണം അപ്രകാരം ചെയ്യാന്‍ സാധ്യതയുണ്ട്. പ്രസ്തുത കരച്ചിലും കണ്ണുനീരും തനിക്ക് പ്രശ്‌നമല്ലെന്നും, താനവ പരിഗണിച്ചു സമയം പാഴാക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന്റെ ഫലമായും അത്തരം സമീപനങ്ങളുണ്ടാവാറുണ്ട്.
തന്റെ പ്രിയതമയുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന സൂര്യതേജസ്സായി മാറാനാണ് ഓരോ പുരുഷനും ശ്രമിക്കേണ്ടത്. പുരുഷന്‍ മറഞ്ഞു നില്‍ക്കുമ്പോള്‍ അവളുടെ പ്രകാശം മങ്ങുകയും, അവള്‍ രാത്രിയുടെ ഇരുട്ടില്‍ മരണമടഞ്ഞ് പോവുകയും ചെയ്യുന്നു.

അത്വ്‌റുല്‍ ജന്നഃ

Topics