വിശ്വാസം-ലേഖനങ്ങള്‍

‘ഒത്തൊരുമിച്ചുനിന്നില്ലെങ്കില്‍ നമ്മുടെ കാറ്റുപോകും’

(ആലുവ അസ്ഹറുല്‍ ഉലൂം ഇസ് ലാമിക് കോംപ്ലക്‌സ് സംഘടിപ്പിച്ച ഐക്യസംഗമത്തില്‍ ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിത രൂപം)

ആധുനികലോകത്തെ പല രാജ്യങ്ങളും  വിവിധപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നുവെന്ന് ഏവര്‍ക്കുമറിയാം. പടിഞ്ഞാറന്‍ നാടുകള്‍ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം സാമൂഹികപ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു. പശ്ചിമേഷ്യന്‍രാഷ്ട്രങ്ങളില്‍ പലതും സ്വന്തം ജനതയെ അടിച്ചൊതുക്കുന്ന ഏകാധിപതികളാല്‍ കണ്ണീരൊഴുക്കുകയാണ്.

മുസ് ലിം രാജ്യങ്ങളനുഭവിക്കുന്നതുപോലെത്തന്നെ സമുദായവും പ്രതിസന്ധി നേരിടുന്നു. 57 ഓളം മുസ് ലിം രാഷ്ട്രങ്ങളില്‍ പലതും അന്യോന്യം അതിര്‍ത്തിത്തര്‍ക്കങ്ങളും രാഷ്ട്രീയഭിന്നതകളും കാരണത്താല്‍ അകന്നുനില്‍ക്കുന്നു. മുസ് ലിം സമുദായത്തിലാകട്ടെ ആളുകള്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളിലും മദ്ഹബുകളിലും കടിച്ചുതൂങ്ങി പരസ്പരം തര്‍ക്കവിതര്‍ക്കങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. ഈ അവസ്ഥ സാമ്രാജ്യത്വചേരിക്ക് വളരെ ഇഷ്ടമാണ്. മുസ് ലിം നാടുകളിലെ പ്രകൃതിവിഭവങ്ങളിലും മറ്റും ആധിപത്യം ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല, മുസ് ലിംകള്‍ക്ക് കരുത്തുപകരുന്ന ഇസ് ലാമില്‍നിന്ന് അകറ്റിനിര്‍ത്താനും അവരിലെ ഭിന്നിപ്പ് വളരെ സഹായകമാണ്.
പരസ്പരം കലഹിക്കരുത്, യുദ്ധം ചെയ്യരുത് എന്നാണ് വിശ്വാസികളോടുള്ള ഇസ് ലാമിന്റെ കല്പന. പരസ്പരം ഭിന്നിച്ച് സംഘര്‍ഷത്തിലകപ്പെട്ടാല്‍ കാറ്റുപോകും എന്നുപറഞ്ഞാല്‍ നിങ്ങളുടെ നിലനില്‍പ് അവതാളത്തിലാകുമെന്നാണ് അര്‍ഥം. ശത്രുവിന്റെ കുതന്ത്രങ്ങള്‍ക്കെതിരില്‍ ഒന്നിച്ചുനില്‌ക്കേണ്ട സമുദായം സ്വയം ഭിന്നിപ്പിന്റെ വഴികള്‍ തേടുന്നത് ദുഃഖകരമാണ്. നമസ്‌കാരത്തിലെ സുന്നത്തുകളുടെയും  ഖുനൂത്തിന്റെയും പേരില്‍ വാഗ്വാദങ്ങളും കോളങ്ങളും ഖണ്ഡനമണ്ഡനങ്ങളും  നടത്തി സമുദായാംഗങ്ങള്‍ ചെന്നെത്തുന്നത് നാശത്തിലേക്കാണ്.  സാഹോദര്യം വെടിഞ്ഞ് പരസ്പരം പോരടിക്കുന്നവര്‍ തീക്കുണ്ഠത്തിന്റെ വക്കിലാണെന്ന് ഖുര്‍ആന്‍ അനുസ്മരിക്കുന്നുണ്ട്. ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള ഏകപോംവഴി എല്ലാവരും ഒത്തുചേര്‍ന്ന് അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുകയെന്നതാണ്. ഉഹ്്ദ് യുദ്ധവേളയില്‍ മുസ് ലിംമുന്നണി പരാജയപ്പെടാനുണ്ടായ കാരണം ഒറ്റക്കെട്ടായി പ്രതിരോധംതീര്‍ത്തിരുന്ന പടയാളികള്‍ തങ്ങളുടെ  താല്‍പര്യങ്ങളുമായി ചിതറിമാറിയപ്പോള്‍ ശത്രുക്കള്‍ കടന്നാക്രമണം നടത്തിയതാണ്. പക്ഷേ മുസ് ലിം സമൂഹം അപകടം മനസിലാക്കി പെട്ടെന്നുതന്നെ അണിചേര്‍ന്നു. പരസ്പരം കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ അവര്‍ ഒരുമ്പെട്ടില്ല. അതിനാല്‍ അവര്‍ക്ക് യുദ്ധം ജയിക്കാന്‍ കഴിഞ്ഞു.  തങ്ങള്‍ ഭിന്നിച്ചല്ലോ, പരാജിതരാണല്ലോ, ദുര്‍ബലരാണല്ലോ എന്ന പല്ലവി ആവര്‍ത്തിക്കുന്നതുകൊണ്ട് കാര്യമില്ല. ഭിന്നിപ്പിന്റെ കാരണങ്ങള്‍ കണ്ടെത്തി അതിന് വഴിയൊരുക്കുന്ന പക്ഷപാതമനസ് ഒഴിവാക്കുകയാണ് വേണ്ടത്. സമുദായത്തില്‍ ഇന്ന് നിലനിലക്കുന്ന അഭിപ്രായഭിന്നതകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇമാമുകളുടെ നിലപാടുകളില്‍നിന്ന് മനസിലാകും. ഇമാം ശാഫിഈ ഖുനൂത് ചൊല്ലണം എന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ കൂഫയില്‍ചെന്നപ്പോള്‍ നമസ്‌കാരത്തില്‍ ഖുനൂത് ഓതിയില്ല. ആളുകള്‍ക്ക് അദ്ഭുതമായി. ഇമാം മറന്നുപോയതായിരിക്കുമെന്ന സംശയം അവര്‍ അദ്ദേഹത്തോടുന്നയിച്ചു. താന്‍ മറന്നതല്ലെന്നും ഇമാം അബൂഹനീഫയോടുള്ള ആദരാര്‍ഥം ഖുനൂത് ഓതാതിരുന്നതാണെന്നും അതിന് അദ്ദേഹം മറുപടി. പ്രവാചകന്‍ ഓരോ ഇബാദത്തുകളും നിര്‍വഹിക്കുമ്പോഴും അതിന് സന്ദര്‍ഭാനുസാരം വ്യത്യസ്തരീതികള്‍ അവലംബിച്ചിട്ടുണ്ട്. ഇതിനെ പല ഇമാമുമാരും തങ്ങളുടേതായ രീതിയില്‍ മനസിലാക്കി അതനുസരിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ തന്നെ പറഞ്ഞിട്ടുള്ളത് ‘തെറ്റാവാന്‍ സാധ്യതയുള്ള ശരിയായ അഭിപ്രായമാണ് എന്റേത്. ശരിയാവാന്‍ സാധ്യതയുള്ള തെറ്റായ അഭിപ്രായമാണ് മറ്റുള്ളവരുടേത്’ എന്നാണ്. ഈ രീതിയിലുള്ള വിശാലവീക്ഷണം ഉണ്ടാക്കിയെടുത്താല്‍ സമുദായം ഇന്നനുഭവിക്കുന്ന പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാനാകും. അതിനാല്‍ ഐക്യത്തിനായി പരസ്പരം വിട്ടുവീഴ്ചയോടെ സഹകരിക്കണം.  അല്ലാഹുവില്‍ വിശ്വസിച്ച് സദ്കര്‍മങ്ങളനുഷ്ഠിക്കുകയും സത്യവും ക്ഷമയും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പെടുകയാണ് നാം വേണ്ടത്. അതല്ലാത്തപക്ഷം നഷ്ടകാരികളില്‍പെട്ടുപോകും.  അനീതിക്കെതിരെ, അധാര്‍മികതക്കെതിരെ, അക്രമങ്ങള്‍ക്കെതിരെ, ശിര്‍ക്കിനെതിരെ അവയെ മാറ്റിമറിക്കുവാന്‍ അവിവേകികള്‍ക്ക് വിട്ടുവീഴ്ചചെയ്തുകൊണ്ട് നന്മയുടെ ബദല്‍നിര്‍ദേശങ്ങള്‍ സമര്‍പിക്കാനാണ് ഉത്തമസമുദായമെന്ന നിലക്ക് മുസ് ലിംകള്‍ ചെയ്യേണ്ടത്.

Topics