Global

ഏഷ്യയില്‍ ഇസ്‌ലാമിക് ടി.വി.ചാനലുമായി പാക്-തുര്‍ക്കി-മലേഷ്യ ത്രയങ്ങള്‍.

ന്യൂയോര്‍ക്ക്: പാക്കിസ്താനും മലേഷ്യയും തുര്‍ക്കിയും സംയുക്തമായി ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമിക് ചാനല്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഇംറാന്‍ ഖാന്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പൊതുസഭാ സമ്മേളനത്തിനായി എത്തിച്ചേര്‍ന്ന ത്രിരാഷ്ട്രനേതാക്കള്‍ തമ്മില്‍ നടന്ന കൂടിയാലോചനയില്‍ അക്കാര്യം തീരുമാനമായെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് വെളിപ്പെടുത്തി.

‘ഇസ്‌ലാമിനെക്കുറിച്ച തെറ്റുധാരണകള്‍ നീക്കുന്നതിനും ഇസ്‌ലാമികലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച അവബോധം സൃഷ്ടിക്കുന്നതിനും മുസ്‌ലിംലോകത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുതകുന്ന സീരിയലുകളും സിനിമകളും സംപ്രേഷണം ചെയ്യുന്നതിനും ചാനല്‍ അത്യാവശ്യമായി വന്നിരിക്കുന്നു. മുസ്‌ലിംസമൂഹത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് സമുദായത്തിനും ലോകജനതയ്ക്കും ഒരേസമയം അറിവ് പകരുകയെന്നതും അതിന്റെ ലക്ഷ്യമായിരിക്കും’ ഇംറാന്‍ വ്യക്തമാക്കി.
വിദ്വേഷരാഷ്ട്രീയവും ഇസ്‌ലാമോഫോബിയയും മാനവരാശിക്കുനേരെയുള്ള കൊടുംപാതകമാണെന്നും , ദേശരാഷ്ട്രങ്ങള്‍ ഏതെങ്കിലും ജനതയെ അരികുവത്കരിക്കുന്നത് തീവ്രവാദം വളര്‍ത്താനേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Topics