ഞാനറിഞ്ഞ ഇസ്‌ലാം

എനിക്ക് മരിക്കാനാവില്ല, ഒരു അമുസ് ലിമായി : ഗബ്രീലെ സ്ട്രാസര്‍

ഞാന്‍ ഗബ്രീലേ സ്ട്രാസര്‍. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗാണ് സ്വദേശം. പാരമ്പര്യ റോമന്‍കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. എട്ട് വയസായപ്പോള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. പതിനൊന്നാമത്തെ വയസില്‍ പള്ളിയംഗത്വം സ്ഥിരീകരിച്ചു.

കത്തോലിക്കന്‍ വിശ്വാസപ്രമാണങ്ങളില്‍ എനിക്ക് പലപ്പോഴും ആത്മാര്‍ത്ഥമായി വിശ്വസിക്കാനായിരുന്നില്ല. മതവുമായി ബന്ധപെട്ട കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, കത്തോലിക്കാ വിശ്വാസപ്രമാണങ്ങള്‍ യുക്തിയില്ലാത്തതാണെന്ന് കൂട്ടുകാരോട് ഞാന്‍ പറഞ്ഞിരുന്നു. എങ്കിലും വിശ്വാസ കാര്യങ്ങള്‍ അനുഷ്ഠിച്ചിരുന്നുഅതും മാതാപിതാക്കളെ തൃപ്തിപെടുത്താനായി. ദൈവിക നിയമത്തിന് തെളിവില്ലെന്ന എന്റെ വിശ്വാസം കപട ക്രിസ്തുമതവിശ്വാസിയായി ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

പിന്നീട് കൂട്ടുകാര്‍ വഴിയാണ് ഇസ്‌ലാമിനെക്കുറിച്ച് കേട്ടത്. കത്തോലിക്കാ വംശപാരമ്പര്യം നിലനിര്‍ത്തുകയും കത്തോലിക്കന്‍ സ്‌കൂളില്‍ പഠിക്കുകയും ചെയ്ത എനിക്ക് മറ്റു മതവിശ്വാസങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.
പഠന ജീവിതം കഴിഞ്ഞ ശേഷം ലോകം ചുറ്റാനും നാട് വിട്ട് യാത്രചെയ്യാനുമായിരുന്നു എനിക്ക് കൂടുതലിഷ്ടം. പക്ഷേ, മാതാപിതാക്കള്‍ അതിന് സമ്മതിച്ചില്ല. വീട്ടില്‍ ഒന്നിനും ഒരു കുറവുമില്ലല്ലോ. സ്വന്തം കാര്‍, നന്നായി സജ്ജീകരിച്ച മുറി, പിന്നെന്തിന് ലോകം ചുറ്റണം എന്നായിരുന്നു മാതാപിതാക്കളുടെ ചോദ്യം. ഇവയെല്ലാം ഉപേക്ഷിച്ച് ഒരു ലോകപര്യടനം എന്തിനെന്ന് സത്യത്തില്‍ എനിക്കും അറിയില്ല. മാതാവ് എന്നെ പലതവണ തടയാന്‍ ശ്രമിച്ചു. സ്‌നേഹം നല്‍കി വീര്‍പ്പുമുട്ടിച്ചു.
എന്നാല്‍ അവസാനം എന്റെ തീരുമാനത്തിന് മുമ്പില്‍ അവര്‍ വഴങ്ങി. അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെയെത്തി ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായാണ് ആദ്യം താമസിച്ചത്. ഇംഗ്ലീഷ് ഭാഷ നൈപുണ്യം കുറവായതിനാല്‍ ഒരു ജോലി കണ്ടെത്താന്‍ വലിയ പ്രയാസമായി.
കുറച്ചു കാലത്തിന് ശേഷം അവിടെനിന്ന് ന്യൂജേര്‍സിയിലേക്ക് താമസം മാറ്റി. കാലിഫോര്‍ണിയ, അരിസോണ എന്നിവിടങ്ങളില്‍ നിരവധി ജോലികളേര്‍പെട്ടു. കാലിഫോര്‍ണിയയില്‍ തന്നെ സ്ഥിരമായി ജോലി ലഭിച്ചപ്പോള്‍ ഞാന്‍ നാട്ടില്‍ പോയെങ്കിലും ദൈവവിധിയെന്നോണം വീണ്ടും അവിടേക്ക് തന്നെ തിരിച്ചെത്തി.
ഇതിനിടയില്‍ എന്റെ ഒരു കൂട്ടുകാരി എനിക്കൊരു ജോലി ശരിയാക്കി തന്നു. അവിടെവെച്ച് ഒരു അള്‍ജീരിയന്‍ മുസ്‌ലിം യുവാവിനെ പരിചയപ്പെടുകയും അദ്ദേഹവുമായി പ്രണയത്തിലാവുകയും ചെയ്തു.
പക്ഷേ, ഇത് വീട്ടിലറിഞ്ഞപ്പോള്‍ ഉടനെ നാട്ടിലേക്ക് തിരിച്ച് വരേണ്ടി വന്നു. വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. അവസാനം അദ്ദേഹവുമായി തന്നെ എന്റെ വിവാഹം നടന്നു.
അതിന് ശേഷമാണ് ഇസ് ലാമിനെക്കുറിച്ച് ശരിക്കും പഠിക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ച് പൊതുവെ തെറ്റായ ധാരണകള്‍ പരന്നിരുന്ന അക്കാലത്ത് ഭര്‍ത്താവ് ഇസ് ലാമിനെക്കുറിച്ച പുസ്തകങ്ങളും പാംഫ്‌ലെറ്റുകളും എനിക്ക് കൊണ്ടുതരുമായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച ബാലപാഠങ്ങള്‍ അങ്ങനെ മനസ്സിലാക്കി. എങ്കിലും ആ മതത്തെക്കുറിച്ച മോശമായ ചിത്രമാണ് എന്റെ മനസിലുണ്ടായിരുന്നത്. അത് ഭര്‍ത്താവിനോട് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
ഇസ് ലാമിനെ ശാസ്ത്രീയമായി പരിചയപ്പെടുത്തുന്ന ആധുനിക പുസ്തകങ്ങളും അദ്ദേഹം എനിക്ക് സമ്മാനിച്ചു. അവ സത്യം കണ്ടെത്താന്‍ പര്യാപ്തമായിരുന്നു. ഇസ്ലാമിനെ എത്ര വിമര്‍ശനാത്മകമായി ചോദ്യംചെയ്താലും അദ്ദേഹം അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു. അടിസ്ഥാനവിശ്വാസമായ പരലോകത്തെകുറിച്ചു കൂടി പഠിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ പ്രാര്‍ഥിച്ചു, ഇനി വിശ്വസിയായിട്ടല്ലാതെ, മുസ് ലിമായിട്ടല്ലാതെ മരിക്കാനിട വരരുതേ എന്ന്. വിശ്വസിയാകാന്‍ തീരുമാനിച്ച കാര്യം ഭര്‍ത്താവിനെ അറിയിക്കാന്‍ പിന്നെ ഞാന്‍ വൈകിച്ചില്ല. അദ്ദേഹം അതീവസന്തോഷവാനായി. പള്ളിയില്‍ പോയി ഖാദിയുടെ സാന്നിധ്യത്തില്‍ വിശ്വാസപ്രഖ്യാപനം നടത്തിയ ഞാന്‍ ഇപ്പോള്‍ ഓസ്ത്രിയയില്‍ സന്തുഷ്ട കുടുബ ജീവിതം നയിക്കുന്നു.

Topics