വിശ്വാസം-ലേഖനങ്ങള്‍

ഉത്തമ സുഹൃത്തുക്കള്‍ എന്ന അനുഗ്രഹം

ആത്മാര്‍ത്ഥ സ്‌നേഹമുള്ള സുഹൃത്തുക്കള്‍ ജീവിതത്തില്‍ മനുഷ്യന് ലഭിക്കുന്ന ഒരു മഹാ സൗഭാഗ്യമാണ്. ഇണകള്‍ കഴിഞ്ഞാല്‍ പിന്നെ മനസ് തുറന്ന് സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ച് സാന്ത്വനം നല്‍കുന്നവരും വിഷമ ഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുന്നവരും സുഹൃത്തുക്കളാണ്. സാമൂഹിക ജീവിയുടെ പ്രകൃതിയോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ആരോടും കൂട്ടുകൂടാതെ ഏകാന്തതയുടെ തുരുത്തില്‍ കഴിഞ്ഞുകൂടുക സാധ്യമല്ല. പണവും ശക്തിയും അധികാരവും ഒന്നുംതന്നെ സുഹൃത്തുക്കള്‍ക്ക് പകരമാവുകയുമില്ല. അതുകൊണ്ടാണ് അറബി കവി ഇങ്ങനെ പാടിയത്: നിന്റെ ആയുസ്സ് തന്നെ സത്യം, യുവാവിന്റെ നിക്ഷേപം പണമല്ല, മറിച്ച് വിശ്വസ്തരായ സുഹൃത്തുക്കളാണ്.

മറ്റൊരു കവിയുടെ സങ്കല്‍പം ഇങ്ങനെ: സുഹൃത്തുക്കളില്ലാത്തവര്‍ ആയുധമില്ലാതെ പടക്കളത്തിലിറങ്ങിയ പടയാളിയോ, ചിറകില്ലാത്ത ഫാല്‍ക്കണ്‍ പക്ഷിയോ ആണ്. ദൈവപ്രീതി മാത്രം ലക്ഷ്യംവെച്ച് കളങ്കമറ്റ സ്‌നേഹത്തോടെ പരസ്പരം സുഹൃത്തുക്കളാകുന്നവര്‍ ദൈവ സ്‌നേഹത്തിന് പാത്രീഭൂതരാകുമെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു.സുഹൃത്തുക്കളുമൊത്ത് തെളിഞ്ഞ സ്‌നേഹത്തിന്റെ തണലില്‍ കഴിച്ചുകൂട്ടുന്ന നിമിഷങ്ങള്‍ എത്ര ആഹ്ലാദജന്യവും മധുരിമയാര്‍ന്നതുമാണ്. സുഹൃത്തുക്കള്‍ ഒരനുഗ്രഹമാകേണമെങ്കില്‍ പ്രവാചകന്‍ നിര്‍ദേശിച്ചപോലെ അവര്‍ കസ്തൂരിയുടെ മണം വീശുന്നവരായിരിക്കണം. ദുഷിച്ച മനസും ദുര്‍ഗന്ധം വമിക്കുന്ന സ്വഭാവവുമുള്ളവരോട് ചങ്ങാത്തം കൂടുന്നവരുടെ ദുഷ്ഫലങ്ങളെ സംബന്ധിച്ച് പ്രവാചകന്‍ താക്കീത് ചെയ്യുന്നു. ‘ഓരോ മനുഷ്യനും അവന്റെ കൂട്ടുകാരന്റെ സംസ്‌കാരത്തിലായിരിക്കും.

അതിനാല്‍ തന്റെ കൂട്ടുകാരന്‍ ആരാണെന്ന് ഓരോരുത്തരും ആദ്യം നോക്കട്ടെ’  പ്രവാചകന്‍ ഉണര്‍ത്തുന്നു. പ്രശസ്ത സ്പാനിഷ് എഴുത്തുകാരനായ സെര്‍വാന്റിന്റെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ: നിങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് പറയുക; നിങ്ങള്‍ ആരെന്ന് ഞാന്‍ പറയാം. നല്ല പാലിനോടൊപ്പം പിരിഞ്ഞ പാലും ചേര്‍ത്താല്‍ പിരിഞ്ഞ പാല്‍ നന്നാവുകയല്ല ചെയ്യുക; മറിച്ച്, നല്ല പാലും കേടാകും. കൂട്ടുകാരില്‍നിന്നല്ലേ മനുഷ്യന്‍ കുറ്റകൃത്യങ്ങള്‍ പഠിക്കുന്നത്. തെറ്റായ കൂട്ടുകെട്ടില്‍ വീണ് നശിച്ച എത്ര മനുഷ്യരുണ്ട്. ‘അയ്യോ, ഞാന്‍ അവനെ കൂട്ടുകാരനായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു.

അവനാണ് എന്നെ ദൈവ ബോധത്തില്‍നിന്ന് തെറ്റിച്ചത്’  അന്ത്യനാളില്‍ മനുഷ്യന്റെ വിലാപം ഖുര്‍ആന്‍ ചിത്രീകരിക്കുന്നു. മക്കളുടെ, യുവതീ യുവാക്കളുടെ സുഹൃദ്ബന്ധം രക്ഷിതാക്കള്‍ എത്രമാത്രം ശ്രദ്ധിക്കണം.

ഇന്ന് എല്ലാ ബന്ധങ്ങളിലും സംഭവിച്ചപോലെ സൗഹൃദത്തിലും സംശുദ്ധതയും ആത്മാര്‍ത്ഥതയും നഷ്ടപ്പെട്ട് വഞ്ചനയും പ്രകടനപരതയും വ്യാപിച്ചിരിക്കുന്നു. അറബി കവി മുതനബ്ബി പാടിയതുപോലെ ‘ജനങ്ങളുടെ സ്‌നേഹപ്രകടനമൊക്കെ വെറുമൊരു സൂത്രം മാത്രമായപ്പോള്‍ ഞാനും പുഞ്ചിരിച്ചവന് പകരം പുഞ്ചിരി നല്‍കി.’ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഇന്ന് അധിക സുഹൃദ്ബന്ധത്തിന്റെയും പിന്നില്‍. അധികാരവും സമ്പത്തുമുണ്ടാകുമ്പോള്‍ അടുത്തുകൂടുന്ന സുഹൃത്തുക്കള്‍ എത്രയുണ്ടാകും.

അത് നഷ്ടപ്പെടുമ്പോള്‍ കൂട്ടുകാരും അപ്രത്യക്ഷരാകും. ദരിദ്രാവസ്ഥയില്‍നിന്ന് സ്വന്തം അധ്വാനത്തില്‍ സാമ്പത്തിക പുരോഗതി നേടിയ ഒരു വ്യക്തിയോട് അഭിമുഖം നടത്തിയ പത്ര പ്രതിനിധി ചോദിച്ചു: നിങ്ങളുടെ പഴയ സുഹൃത്തുക്കളെ ഇപ്പോള്‍ ബന്ധപ്പെടാറുണ്ടോ?’ മറുപടി: എനിക്കന്ന് സുഹൃത്തുക്കളുണ്ടായിരുന്നില്ല.’ അറബി സാഹിത്യകാരനായ ഹരീരി മരണം അടുത്തപ്പോള്‍ മകന് നല്‍കിയ ഉപദേശം ഇങ്ങനെ: അനുഭവ പാഠത്തിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ. ആളുകളെ കണ്ട് നീ വഞ്ചിതനാകരുത്. വിഷമം വരുമ്പോള്‍ നിന്നെ സഹായിക്കാന്‍ സുഹൃത്തുക്കളുണ്ടാകുമെന്ന് വിചാരിക്കരുത്. ഈ ദുനിയാവില്‍ അല്ലാഹുവിനെ ഒഴികെ മറ്റാരെയും ആശ്രയമായി കാണരുത്!

അറബി സാഹിത്യകാരന്‍മാരുടെ ദൃഷ്ടിയില്‍ ആത്മാര്‍ത്ഥതയുള്ള ഒരു സുഹൃത്തിന് മൂന്ന് ലക്ഷണങ്ങളുണ്ട്. ഒന്ന്: നീ സ്ഥലത്തില്ലെങ്കിലും നിനക്ക് വന്നു ഭവിക്കാന്‍ സാധ്യതയുള്ള ഒരു ദോഷം തടുക്കും. രണ്ട്: നിന്നെക്കൊണ്ട് അവന് എന്തെങ്കിലും ഒരു കാര്യമുണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, എപ്പോഴും അവന്റെ സ്‌നേഹം നിനക്ക് ലഭിക്കും. മൂന്ന്: നിനക്ക് ഒരു വിഷമം നേരിടുമ്പോള്‍ അത് ദൂരീകരിക്കാന്‍ കഴിവതും ശ്രമിക്കും. ഒരാളെയും സ്ഥിരം ശത്രുവോ മിത്രമോ ആയി കാണരുതെന്ന് അറബ് താത്വിക ചിന്തകന്‍മാര്‍ ഉപദേശിക്കുന്നു. വെളിപ്പെടുത്താന്‍ പാടില്ലാത്ത ഒരു രഹസ്യം അടുത്ത സുഹൃത്താണെങ്കിലും തുറന്ന് പറയുന്നത് സൂക്ഷിച്ചുവേണം.

സുഹൃത്തുക്കള്‍ വഞ്ചിച്ചതിന് അനുഭവങ്ങള്‍ പലര്‍ക്കും ഉദ്ധരിക്കാനുണ്ടാകും.

പഞ്ചതന്ത്ര കഥകള്‍ ‘കലീല വദിംന’ എന്ന പേരില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത ഇബ്‌നുല്‍ മുഖഫ്ഫഅ് വിവരിച്ച ഒരു സംഭവം: ഒരു കച്ചവടക്കാരന്‍ ദൂരയാത്രക്ക് പുറപ്പെട്ടപ്പോള്‍ അയാളുടെ ഇരുമ്പ് സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു സുഹൃത്തിനെ ഏല്‍പിച്ചു. കുറച്ച് കാലത്തിനുശേഷം മടങ്ങിയെത്തി സൂക്ഷിപ്പ് മുതല്‍ തിരിച്ചുവാങ്ങാന്‍ കച്ചവടക്കാരന്‍ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി വളരെ വിചിത്രമായിരുന്നു. ‘ഇരുമ്പ് മുഴുവന്‍ എലികള്‍ തിന്നു!’ ‘ഹോ, ഇവിടുത്തെ എലിയുടെ പല്ലുകള്‍ക്ക് ഇത്രമാത്രം മൂര്‍ച്ചയോ?’  കച്ചവടക്കാരന്‍ ഇത് പറഞ്ഞപ്പോള്‍ തന്റെ സൂത്രം ഫലിച്ചു എന്ന് സുഹൃത്ത് സമാധാനിച്ചു. കച്ചവടക്കാരന്‍ നിരാശനായി സ്വന്തം വീട്ടിലേക്ക് തിരിക്കുമ്പോള്‍ സുഹൃത്തിന്റെ കുഞ്ഞ് വഴിയില്‍ കളിക്കുന്നു. അവനെ തന്ത്രത്തില്‍ വീട്ടിലേക്കെടുത്തു. പിറ്റേ ദിവസമുണ്ട് സുഹൃത്ത് പരിഭ്രമിച്ച് ഓടിവരുന്നു. ‘എന്റെ കുഞ്ഞിനെ ഇന്നലെ മുതല്‍ കാണാനില്ല. നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ?’

‘ഇന്നലെ ഒരു പരുന്ത് ഒരു കുട്ടിയെ റാഞ്ചിക്കൊണ്ട് പോകുന്നത് കണ്ടു. അത് നിങ്ങളുടെ കുഞ്ഞായിരിക്കുമോ?’

‘പരുന്ത് എങ്ങനെ കുട്ടികളെ റാഞ്ചിയെടുക്കും?’

‘എലികള്‍ ഇരുമ്പ് തിന്നുന്ന ഈ നാട്ടില്‍ കുട്ടിയെ എന്നല്ല, പരുന്ത് ആനയേയും റാഞ്ചും’.

ഇത്രയുമായപ്പോഴേക്കും സുഹൃത്തിന് സംഗതി പിടികിട്ടി.

അയാള്‍ മാപ്പിരന്നുകൊണ്ട് ഇരുമ്പ് വിറ്റുകിട്ടിയ പണം നല്‍കാന്‍ തയാറായി. കച്ചവടക്കാരന്‍ പറഞ്ഞു: ‘വഞ്ചനയുടെ അനന്തരഫലം നീ അറിയാന്‍ വേണ്ടിയാണ് ഞാന്‍ ഈ പണി ചെയ്തത്. ഇതാ നിന്റെ കുഞ്ഞ്!

സുഹൃത്തുകള്‍ ഉപദ്രവമേല്‍പിക്കുകയോ വഞ്ചന നടത്തുകയോ ചെയ്തതിന്റെ എത്ര അനുഭവ കഥകളാണ് ഈ കാലഘട്ടത്തില്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാവുക. സമക്ശരീ പാടിയതുപോലെ ‘വല്ലാത്ത കാലം! സ്‌നേഹം വഞ്ചന മാത്രം. സൗഹൃദത്തിന് കെട്ട കള്ളിന്റെ രുചി!’

 കടപ്പാട്: chandrikadaily.com

Topics