ആധുനിക ഇസ്‌ലാമിക ലോകം

ഇസ്‌ലാമിക ലോകം ഇന്ന്

ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ന് മുസ്‌ലിം പൗരന്‍മാരുണ്ട്. മൊത്തം മുസ്‌ലിം ജനസംഖ്യ 180 കോടിയില്‍ കവിയുമെന്നാണ് കണക്ക്. മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തില്‍ കൂടുതലുള്ള 60-ഓളം രാജ്യങ്ങളുണ്ട്. അവയില്‍ മിക്ക രാജ്യങ്ങളും ഇസ്‌ലാമിനെ ഔദ്യോഗികമതമായി അംഗീകരിച്ചവയാണ്. അവയുടെ പേരുവിവരം ചുവടെ:
അഫ്ഗാനിസ്താന്‍, അള്‍ജീരിയ, അല്‍ബേനിയ, ആദര്‍ബൈജാന്‍, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, ഉസ്ബകിസ്താന്‍, ഐവറികോസ്റ്റ്, ഉമാന്‍, കാമറൂണ്‍, കിര്‍ഗിസ്താന്‍, കുവൈത്, കൊമൊറൊസ്, ഖത്വര്‍, ഖസാകിസ്താന്‍, ഗാംബിയ, ഗിനിയ, ഗിനിയ ബിസ്സാ, ചാഡ്, ജിബൂട്ടി, ജോര്‍ദാന്‍, താജികിസ്താന്‍, തുര്‍കുമാനിസ്താന്‍, നൈജര്‍, നൈജീരിയ, പാകിസ്താന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബെനിന്‍(ദഹോമി), ബുര്‍കിനോ ഫാസോ(അപ്പര്‍ വോള്‍ട്ട), ബോസ്‌നിയ ഹെര്‍സഗോവിന, ബ്രൂണെ, ഫിലസ്ത്വീന്‍, മലാവി, മലേഷ്യ, മാലി, മാലിദ്വീപ്, മൗറിത്താനിയ, മൊറോക്കോ, മൊസാംബിക്, യമന്‍, ലബ്‌നാന്‍, ലിബിയ, സിയറലിയോണ്‍, സിറിയ, സുഡാന്‍, സഊദി അറേബ്യ, സെനഗല്‍, സോമാലിയ.
കമ്യൂണിസ്റ്റ് ചൈനയാണ് 82 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള സിന്‍ജിയാങ് ഭരിക്കുന്നത്.ഫിലസ്ത്വീന്റെ നല്ലൊരു ഭാഗം ജൂതന്‍മാര്‍ കൈയടക്കിവച്ചിരിക്കുകയാണ്. സാമ്രാജ്യ ശക്തികള്‍ക്ക് വിധേയമായ വേറെയും മുസ്‌ലിം പ്രദേശങ്ങളുണ്ട്.
ആധുനിക ലോകത്തിന്റെ ജീവല്‍ പ്രധാനമായ ഊര്‍ജം പെട്രോളിയമാണ്. ഇസ്‌ലാമികരാജ്യങ്ങളില്‍ പലതും എണ്ണസമ്പന്നമാണ്. ആഗോള ഊര്‍ജ വിതരണത്തില്‍ വിപുലമായ പങ്കാണ് അറബി മുസ്‌ലിം നാടുകള്‍ക്കുള്ളത്. ഇത് ആഗോള തലത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യം നേടിക്കൊടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയില്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് മാത്രം 50-ല്‍പരം അംഗത്വമുണ്ടെന്നതും ശ്രദ്ധേയമാണ്. അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, മുസ്‌ലിം വേള്‍ഡ് ലീഗ്, എന്നിങ്ങനെ അനേകം അന്താരാഷ്ട്ര വേദികള്‍ മുസ്‌ലിം രാജ്യങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. പരസ്പരം കൂടിയിരിക്കാനും അന്താരാഷ്ട്ര സംഭവവികാസങ്ങളിലും ആഭ്യന്തര പ്രശ്‌നങ്ങളിലും അഭിപ്രായം ഏകീകരിക്കാനും ഈ വേദികള്‍ സഹായിക്കുന്നു. ഇതെല്ലാമുണ്ടായിട്ടും ഫിലസ്ത്വീന്‍ പ്രശ്‌നം, ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖ്-കുവൈത് യുദ്ധം, അമേരിക്കകയുടെ ഇറാഖ് നശീകരണം, മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ റഷ്യ നടത്തുന്ന അക്രമതാണ്ഡവം, അറബ് വിപ്ലവാനന്തരമുണ്ടായ സിറിയ,ലിബിയ,യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ മുതലായ പല പ്രശ്‌നങ്ങളിലും ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. മുസ്‌ലിം രാജ്യങ്ങളുടെ പൊതുവായ പിന്നോക്കാവസ്ഥയാണ് ഈ നിസ്സഹായതക്ക് പ്രധാന കാരണം.
എണ്ണ സമ്പന്നമല്ലാത്ത മിക്ക മുസ്‌ലിം രാജ്യങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്. വിദ്യാഭ്യാസത്തിലും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും അവര്‍ ഏറെ പിന്നിലുമാണ്. അതിനാല്‍, മിക്ക കാര്യങ്ങളിലും മുസ്‌ലിം രാജ്യങ്ങള്‍ക്ക് യൂറോപ്പ്, അമേരിക്ക്, ജപ്പാന്‍ തുടങ്ങിയ വന്‍കിട രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് പോലുള്ള അന്താരാഷ്ട്ര ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളുടെ ഉദയം ഈ രംഗത്ത് ശുഭ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. മുസ്‌ലിം രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനും വിവിധ മുസ്‌ലിം രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വങ്ങള്‍ ദൂരീകരിക്കുന്നതിനും അവ വിലപ്പെട്ട സേവനങ്ങള്‍ ചെയ്തുവരുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ അവസ്ഥയാണ് മുകളില്‍ സൂചിപ്പിച്ചത്. മുസ്‌ലിംകള്‍ പ്രബല ന്യൂനപക്ഷമായ അനേകം രാജ്യങ്ങളുണ്ട്. അവിടങ്ങളിലെ ഇസ്‌ലാമിക സമൂഹങ്ങളും നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ്.
ഇസ്‌ലാമിക ലോകം അഭിമുഖീകരിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് ചരിത്രപരമായ ഒട്ടേറെ കാരണങ്ങളുണ്ട്.
പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്തായിരുന്നു മുസ്‌ലിം കള്‍ ഏറ്റവും പുരോഗമനോന്‍മുഖവും ഭദ്രവും മാതൃകാപരവുമായ സമുദായമായിരുന്നത്. ഖുലഫാഉര്‍റാശിദുകള്‍ക്ക് ശേഷം ഖിലാഫതു വ്യവസ്ഥിതി രാജാധിപത്യത്തിലെക്ക് വഴിമാറിയതായിരുന്നു ആദ്യത്തെ വ്യതിയാനം. എങ്കിലും ഇസ്‌ലാമിന്റെ നാഗരിക-സാംസ്‌കാരിക വളര്‍ച്ച അതിനുശേഷവും അനസ്യൂതം തുടര്‍ന്നു പോന്നു.
അബ്ബാസീ വംശം ക്ഷയോന്‍മുഖമായതോടെ സമൂഹത്തില്‍ വ്യാപകമായി ജീര്‍ണത പടര്‍ന്നു. താതാരികളുടെ ആക്രമണങ്ങളും കുരിശുയുദ്ധങ്ങളും മുസ്്‌ലിം ലോകത്തിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ആകെ താറുമാറാക്കി. വൈജ്ഞാനിക രംഗത്ത് മുന്നോട്ടു പോകുന്നതിന് പകരം പിന്നോട്ടു നടക്കാനാണ് പില്‍ക്കാല പണ്ഡിതന്‍മാര്‍ ഇഷ്ടപ്പെട്ടത്. ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളെ അവര്‍ അപ്രസക്തവും അനാവശ്യവുമായ വിജ്ഞാന ശാഖകളായി അവഗണിച്ചു. ശരീഅതു വിജ്ഞാനീയത്തില്‍ തന്നെ പുതിയ പഠനങ്ങളും ഗവേഷണങ്ങളും നിരോധിക്കപ്പെട്ടു. നാലു മദ്ഹബുകളില്‍ ഏതെങ്കിലുമൊന്നിനെ അനുകരിക്കല്‍ വിശ്വാസിയുടെ അനിവാര്യ ബാധ്യതയായി പ്രചരിപ്പിക്കപ്പെട്ടു. ഖുര്‍ആന്റെയും സുന്നതിന്റെയും സ്ഥാനത്ത് കര്‍മശാസ്ത്ര ആചാര്യന്‍മാരുടെ വീക്ഷണങ്ങളും വചനങ്ങളുമായിത്തീര്‍ന്നു മുഖ്യ പ്രമാണങ്ങള്‍. ഇസ്‌ലാമിക നിയമങ്ങള്‍ സാഹചര്യങ്ങള്‍ക്കു നിരക്കാത്തതും അപ്രായോഗികവുമായിത്തീരുകയായിരുന്നു അതിന്റെ ഫലം. ക്രമേണ മുസ്‌ലിം ജീവിതത്തിന്റെ വൈജ്ഞാനിക-സാമ്പത്തിക തലങ്ങളിലഖിലം ഇസ്‌ലാമിക ദര്‍ശനത്തില്‍നിന്ന് വ്യതിചലിച്ചു. മുസ്‌ലിം സമൂഹം ഒരു ആചാര മത സമൂഹമായി മാറി.
14-16 നൂറ്റാണ്ടുകളിലുണ്ടായ നവോത്ഥാനത്തോടെ സാമ്രാജ്യ ശക്തികളായി ഉയര്‍ന്നുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എല്ലാ തലങ്ങളിലും അധ8സ്ഥിതമായിക്കഴിഞ്ഞിരുന്ന മുസ്‌ലിം സമൂഹത്തെ ഭൗതികമായും വൈജ്ഞാനികമായും കീഴടക്കാന്‍ എളുപ്പത്തില്‍ സാധിച്ചു. മുസ്‌ലിം സമൂഹത്തെ പാശ്ചാത്യ സംസ്‌കാരവും അവരുടെ കേവല ഭൗതിക ദര്‍ശനങ്ങളും നന്നായി സ്വാധീനിച്ചു. മതത്തെ പൊതു ജീവിതത്തില്‍നിന്ന് നിരാകരിച്ചതുകൊണ്ടാണ് യൂറോപ്പ് പുരോഗമിച്ചതെന്നും അതുകൊണ്ട് പൗരസ്ത്യ രാജ്യങ്ങള്‍ക്കും വികസിക്കുവാനുള്ള ഏകമാര്‍ഗം മത നിരാസമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. എല്ലാ ഇസ്‌ലാം വി രുദ്ധ പാശ്ചാത്യ ദര്‍ശനങ്ങള്‍ക്കും മുസ്‌ലിം ലോകത്ത് വക്താക്കളും പ്രയോക്താക്കളുമുണ്ടായി. മതം പൊതു ജീവിത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടണമെന്ന് വാദിക്കുന്നവര്‍ കൊളോണിയല്‍ ശക്തികളുടെ സഹായത്തോടെ മിക്ക രാജ്യങ്ങളിലും അധികാരത്തില്‍ വന്നു. മുസ്‌ലിം ലോകത്തെ പല രാജ്യങ്ങളും ഇന്ന് സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അറിയപ്പെടുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ താല്‍പര്യങ്ങള്‍ക്കപ്പുറം പോകാന്‍ കഴിയുന്നവയുടെ എണ്ണം വിരളമാണ്. അമേരിക്കയുടെയും യൂറോപ്പിന്റെയും താല്‍പര്യങ്ങളുമായി ഇടയാത്ത വിഷയങ്ങളില്‍ പരിമിതമാകുന്നു അവരുടെ പരമാധികാരം.
ഇപ്പറഞ്ഞ അധ8സ്ഥിതികളും അടിച്ചമര്‍ത്തലുകളുമൊക്കെ ഉള്ളതോടൊപ്പം തന്നെ ഭാവിയെ സംബന്ധിച്ച പ്രത്യാശാ നിര്‍ഭരമായ വശവും നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആഗോള തലത്തിലുള്ള സ്വയം പ്രചാരണമാണ് അതില്‍ മുഖ്യമായത്. മറ്റൊന്ന് മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ചലനങ്ങളാണ്. ഇറാനില്‍ നടന്ന ഇസ്‌ലാ മിക വിപ്ലവം അതില്‍ പ്രധാനമാണ്. മുതലാളിത്തത്തെയും കമ്യൂണിസത്തെയും തള്ളിക്കളഞ്ഞ് ഇസ്‌ലാമിക സാമൂഹികക്രമവും ഭരണരീതിയും അംഗീകരിച്ച ഗവണ്‍മെന്റാണ് ഇപ്പോള്‍ ഇറാന്‍ ഭരിക്കുന്നത്. രണ്ട് ദശകക്കാലത്തോളമായി മുതലാളിത്ത രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പുകളോടും ഉപരോധങ്ങളോടും മല്ലിട്ടുകൊണ്ട് മുന്നോട്ടു പോകുന്ന ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ലോകമെങ്ങുമുള്ള ഇസ്‌ലാമിക ചലനങ്ങള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. പടിഞ്ഞാറിന്റെ എതിര്‍പ്പു വകവെക്കാതെ ഇസ്‌ലാമിക സാമൂഹിക നീതി അംഗീകരിച്ച മറ്റൊരു രാജ്യമാണ് സുഡാന്‍. വമ്പിച്ച പ്രതീക്ഷകളുണര്‍ത്തിയെങ്കിലും ഇപ്പോള്‍ അവിടെ നടക്കുന്ന അധികാര വടംവലി സുഡാന്റെ ഇസ്‌ലാമിക വല്‍ക്കരണത്തിനു മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഇസ്‌ലാം കാലോചിതമായ ഒരു പ്രത്യയ ശാസ്ത്രമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ രണ്ടു രാഷ്ട്രങ്ങള്‍ക്കും കഴിഞ്ഞിരുക്കുന്നു- ഇസ്‌ലാം വിരുദ്ധ ശക്തികള്‍ അതംഗീകരിക്കില്ലെങ്കിലും.
ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളെ തീവ്രവാദമെന്ന് പറഞ്ഞു തള്ളിപ്പറയുകയും അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍ തന്നെ അവ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെ കുറച്ചൊക്കെ അംഗീകരിക്കുവാന്‍ മുസ്‌ലിം സര്‍ക്കാറുകള്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാകുന്നു. കുവൈതിലും സഊദി അറേബ്യയിലും അടുത്ത കാലത്തായി പരിമിതമായ തോതിലുള്ള ശൂറാ സമ്പ്രദായം അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുവൈതില്‍ അത് കുറേയൊക്കെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സ്വഭാവം സ്വീകരിച്ചിട്ടുണ്ട്. ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുലും ഇസ്‌ലാമിസ്റ്റുകള്‍ക്ക് അവഗണിക്കാനാവാത്ത രാഷ്ട്രീയ സ്വാധീനമുണ്ട്. ഇതൊക്കെയും സാമ്രാജ്യത്വ ശക്തികളുടെയും അനിസ്‌ലാമിക പ്രത്യയ ശാസ്ത്രങ്ങളുടെയും ആധിപത്യത്തില്‍നിന്ന് മോചനം നേടാന്‍ മുസ്‌ലിം സമൂഹം നടത്തിക്കൊണ്ടിരിക്കുന്ന ക്രിയാത്മക ശ്രമങ്ങളുടെ ഭാഗമാണ്. ഇന്നല്ലങ്കില്‍ നാളെ ഇസ്‌ലാമിക പ്രത്യയ ശാസ്ത്രം അതിന്റെ മണ്ണിലെങ്കിലും നിര്‍ണായക ശക്തിയാകുമെന്ന് തന്നെയാണ് കരുതേണ്ടത്.
നവോത്ഥാന രംഗത്ത് നടന്നുവരുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നു. ആറേഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിലച്ചുപോയ ഇജ്തിഹാദും സൈദ്ധാന്തിക ചിന്തകളും ഇന്ന് സജീവമായുരിക്കുന്നു. ലോക ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ഒത്തുചേര്‍ന്ന് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും ചര്‍ച്ചകളും ധാരാളം നടക്കുന്നുണ്ട്. ആധുനിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെ വിലയിരുത്തുന്ന നിരവധി ഗ്രന്ഥങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ലോകമെങ്ങും പ്രചരിച്ചിട്ടുണ്ട്. രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള ആധുനിക ഇസ്‌ലാമിക പഠനങ്ങള്‍ ഇസ്‌ലാമിനെ മുതലാളിത്തത്തെക്കാളും കമ്യൂണിസത്തെക്കാളും ഉത്തമമായ ഒരു ബദല്‍ വ്യവസ്ഥയായി അവതരിപ്പിക്കുന്നതില്‍ ഒട്ടേറെ വിജയിച്ചിരുക്കുന്നു. മറുവശത്ത് പുതിയ കാഴ്ച്ചപ്പാടുകളനുസരിച്ചുള്ള പ്രായോഗിക പരീക്ഷണങ്ങളും വിജയകരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇറാനിലേയും സുഡാനിലേയും ഭരണകൂടങ്ങള്‍ തന്നെ അതിനുദാഹരണമാണ്. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കും പലിശരഹിത ബാങ്കിംഗ് സംമ്പ്രദായവുമാണ് സാമ്പത്തിക രംഗത്തെ മുഖ്യ പരീക്ഷണങ്ങള്‍. പലിശാധിഷ്ഠിത ബാങ്കികളെ കവച്ചുവെക്കുന്ന വളര്‍ച്ചയാണ് പല പലിശ രഹിത ബാങ്കികളും നേടിയിട്ടുള്ളത്.
മുസ്‌ലിം സമുദായത്തിന്റെ മതസങ്കല്‍പം അതിന്റെ യഥാര്‍ഥ ചൈതന്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. വിശുദ്ധ ഖുര്‍ആന്‍ പ്രചോദിപ്പിക്കുന്ന സവിശേഷമായ സാംസ്‌കാരികാനുഭൂതിയും ജീവിത വീക്ഷണവും രാഷ്ട്രീയ ബോധവുമാണവരില്‍ ഉണര്‍ന്നു വരുന്നത്. ആധുനിക വിദ്യാഭ്യാസത്തിലും സാമ്പത്തിക പ്രവര്‍ത്തനത്തിലും പുതുതായി മുസ്‌ലിം സമുദായത്തിലെങ്ങും വളര്‍ന്നുകൊണ്ടിരിക്കുന്ന ആഭിമുഖ്യം ഈ ഉണര്‍വിനു ശക്തിപകരുകയാണ്. ഗള്‍ഫ് നാടുകളിലെ പലിശ രഹിത ബാങ്കുകള്‍ മുതല്‍ കോഴിക്കോട്ടെയും പാരീസിലെയും ന്യൂയോര്‍ക്കിലെയും മുസ്‌ലിം വനിതകളുടെ പര്‍ദകള്‍ വരെ ചൂണ്ടിക്കാണിക്കുന്നത് അതാണ്. ഇസ്‌ലാമിന്റെ വര്‍ധിച്ചുവരുന്ന ഈ ശക്തിയെപ്പറ്റി പാശ്ചാത്യ ശക്തികള്‍ ഏറെ ബോധവാന്‍മാരാണ്. സോഷ്യലിസ്റ്റ് സാമ്രാജ്യത്വത്തിന്റെ പതനത്തിന് ശേഷം മുതലാളിത്ത ശക്തികള്‍ ഏറ്റവും ഭയപ്പെടുന്നത് ഇസ്‌ലാമിനെയാണ്. ‘ വരും നൂറ്റാണ്ടില്‍ പാശ്ചാത്യ നാഗരികതക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമിന്റെ ഭാഗത്തുനിന്നായിരിക്കു’മെന്ന സാമുവല്‍ ഹണ്ടിംഗ്ടന്റെ പ്രസിദ്ധമായ തിസീസും അതിന് പാശ്ചാത്യലോകത്ത് ലഭിച്ച വിപുലമായ അംഗീകാരവും ഈ പാശ്ചാത്യന്‍ ഭയത്തിന്റെ തെളിഞ്ഞ ദൃഷ്ടാന്തമാകുന്നു. പ്രസ്തുത ഭയം ഇസ് ലാമോഫോബിയ പടര്‍ത്തുന്ന തീവ്രവലതുപക്ഷങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ സ്വാധീനംചെലുത്തുമാറ് തെരഞ്ഞെടുപ്പ് സഖ്യങ്ങളിലേര്‍പ്പടാന്‍ അവസരംനല്‍കിയിട്ടുണ്ട്. ഒരുവേള ഇറ്റലി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമികചിഹ്നങ്ങളെ വിലക്കുന്നതിലേക്ക് അത് വളര്‍ന്നിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയിലും ഇന്ത്യയിലും ശക്തമായ മുസ് ലിംവിരുദ്ധനിലപാടുകള്‍ക്ക് മേല്‍ക്കൈ ഉണ്ടായിട്ടുള്ള അവസ്ഥയാണിന്നുള്ളത്.
ലോകമെങ്ങും ശക്തമായ ഇസ്‌ലാംവിരുദ്ധ രാഷ്ട്രീയനീക്കങ്ങളും സൈനികനീക്കങ്ങളും കൊടുമ്പിരികൊണ്ട ഘട്ടത്തിലാണ് മഹാമാരിയെന്നോണം ചൈനയില്‍ കോവിഡ് -19 കടന്നുവന്നത്. അതോടെ ലോകമൊട്ടാകെ സ്തംഭനാവസ്ഥയിലായി. ആഗോളതലത്തില്‍ സാമ്പത്തിക-രാഷ്ട്രീയ സമവാക്യങ്ങളെയും ഭരണകൂടങ്ങളെയും തിരുത്തിയാണ് ആ മഹാമാരി ഇന്ന് നിലകൊള്ളുന്നത്. പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലിനെ തിരുത്തുന്നതോടൊപ്പം ദുര്‍ബല-പാര്‍ശ്വവത്കൃതസമൂഹങ്ങളോടും ജനതകളോടുമുള്ള അവന്റെ നിലപാടിനെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ഇത് നിമിത്തമാകുമെന്ന വീക്ഷണവും സാമൂഹികശാസ്ത്രകാരന്‍മാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരനെ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ ആഗോളസമൂഹത്തിന്റെ പ്രതിഷേധത്തെ ഒരു സൂചകമായി കാണുന്നതും അതുകൊണ്ടുതന്നെ.

Topics