ആധുനിക ഇസ്‌ലാമിക ലോകം

ഡോ.ഹസന്‍ തുറാബി

“ഇസ്ലാമിക സന്ദേശത്തെ പഴയ കാലത്തില്‍ തളച്ചിടുന്നതും പ്രമാണവാദപരമായി മാത്രം സമീപിക്കുന്നതും ഭാവനാശൂന്യമായ യാഥാസ്ഥിതികത്വം മാത്രമായിരിക്കും. ഓരോ തിരിച്ചടിക്കു ശേഷവും വിശ്വാസത്തെ പുനരുജ്ജീവിപ്പിച്ചും വിചാരമണ്ഡലത്തെ നവീകരിച്ചും (ഇജ്തിഹാദ്) ത്യാഗ പരിശ്രമങ്ങളുടെ (ജിഹാദ്) പുന:പ്രതിഷ്ഠയിലൂടെയുമാണ് അത് വീണ്ടും പുരോഗനോന്മുഖമാവുന്നത്. മതത്തെ പുരോഗമനോന്മുഖമായി സക്രിയമാക്കേണ്ട ചരിത്രപരമായ പരീക്ഷണഘട്ടങ്ങള്‍ മാറിമാറി ആവര്‍ത്തിക്കുന്നത് അസാധാരണമല്ല.”

Islam, Democracy, The state and the west എന്ന വിഷയത്തില്‍ ഫ്ളോറിഡയില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ തുറാബി അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്നാണീ വരികള്‍. ഇസ്ലാമിന്റെ സാര്‍വലൌകികതയെയും സമഗ്രതയെയും ആവര്‍ത്തിച്ചു സ്ഥാപിക്കുന്ന തുറാബി, സ്വാഭാവികമായും സാമ്രാജ്യത്വ ശക്തികള്‍ക്കു മുമ്പില്‍ ‘കൊടിയ ഭീകരവാദി’യും പിന്തിരിപ്പനുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇസ്ലാമിക നവജാഗരണത്തിന് വ്യക്തമായ ഊടും പാവും നല്‍കിയ നേതാവായാണ് പ്രമുഖ ഓറിയന്റലിസ്റായ സി.ജെ ഡോറന്‍സണ്‍ തുറാബിയെ വിശേഷിപ്പിച്ചത്. തുറാബിയുടെ അനിഷേധ്യമായ പ്രാധാന്യത്തെ മനസ്സിലാക്കിക്കൊണ്ടാണ് സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനാധിപത്യവാദി കൂടിയായ തുറാബിയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അമേരിക്കയും സില്‍ബന്ധികളും നടത്തിക്കൊണ്ടിരിക്കുന്നത്. 9/11 ന്റെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അല്‍ഖാഇദക്ക് സഹായം നല്‍കിയെന്ന ആരോപണവും തുറാബിക്കെതിരെയുണ്ട്. അതിനിടയില്‍ ഇസ്ലാമിക ലോകത്ത് തുറാബിക്കുള്ള ജനപ്രീതി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില ഫത്വകളുടെ ദുര്‍വ്യാഖ്യാനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം അപവാദങ്ങള്‍ ഇസ്ലാമിക ലോകത്ത് തുറാബിയോടുള്ള പിന്തുണക്ക് കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ഇസ്ലാമിക നവജാഗരണത്തിന്റെ മാര്‍ഗത്തില്‍ അടിസ്ഥാനപരമായി ഉറച്ചുനില്‍ക്കുന്ന ഇഖ്വാന്റെ പുത്രനായ തുറാബിയെ നവോത്ഥാന പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമല്ല.

1932ല്‍ കിഴക്കന്‍ സുഡാനിലെ കസാലയില്‍ പ്രശസ്ത ഇസ്ലാമിക പണ്ഡിത കുടുംബത്തിലാണ് ഹസന്‍ അബ്ദുല്ലാ ദഫ്ഉല്ലാ തുറാബിയുടെ ജനനം. ഖാദിയായിരുന്ന പിതാവ് തുറാബിയെ ഇസ്ലാമിക വിദ്യാഭ്യാസത്തിന് പ്രേരിപ്പിച്ചു. ഖാര്‍തൂം സര്‍വകലാശാലയില്‍ നിന്നും (1951-1955) ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും (1955-1957) നിയമത്തില്‍ യഥാക്രമം ബിരുദവും ബിരുദാനന്തരബിരുദവും നേടി. പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്നാണ് (1959-1964) ഡോക്ടറേറ്റ് നേടിയത്. 1957ല്‍ നാട്ടില്‍ തിരിച്ചെത്തിയ തുറാബി ഖാര്‍ത്തൂം സര്‍വകലാശാലയില്‍ അധ്യാപകനായി ഉദ്യോഗമേറ്റെടുത്തു. 1965ലാണ് അദ്ദേഹം അധ്യാപകവൃത്തി വെടിഞ്ഞ് സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചത്. അബൂദ് ഭരണത്തിനെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിനും അതേ തുടര്‍ന്നുണ്ടായ ഒക്ടോബര്‍ വിപ്ളവത്തിനും പിന്തുണ നല്‍കിയത് അധ്യാപക ജീവിതം അവസാനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ തുറാബി തന്റെ ഇസ്ലാമിക രാഷ്ട്രീയ സാന്നിധ്യം അറിയിച്ചിരുന്നു. 1954ല്‍ സുഡാനിലെ ഇഖ്വാനുല്‍ മുസ്ലിമീന്‍ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് തുറാബിയാണ്. ഒരു വിപ്ളവകാരിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ നാടകീയ ജീവിതമാണ് തുറാബിയുടെ രാഷ്ട്രീയ കരിയര്‍. അടിയുറച്ച നിലപാടുകള്‍ നിമിത്തം ജയിലിലും വീട്ടുതടങ്കലിലും ഒരുപാടുകാലം ചെലവഴിച്ചിട്ടുണ്ട്. ശരീഅത്ത് മരവിപ്പിക്കുന്നതിനെതിരെയും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയും നിലപാടെടുത്തതിനാണ് തുറാബി കൂടുതല്‍ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്. അതേസമയം സുഡാനിലെ ഉന്നതമായ പല രാഷ്ട്രീയ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

1979ല്‍ നീതിന്യായ മന്ത്രിയും 1988ലെ അട്ടിമറിയിലൂടെ ജയില്‍ മുക്തനായ ശേഷം മഹ്ദിയുടെ കീഴില്‍ നീതിന്യായവും വിദേശകാര്യവും ഉപപ്രധാനമന്ത്രി പദവും തുറാബി കയ്യാളിയിട്ടുണ്ട്. ഉമറുല്‍ ബശീറിന്റെ അട്ടിമറി(1989)യുടെ ഭാഗമായി ജയിലിലടക്കപ്പെട്ട തുറാബിയെ മോചിപ്പിച്ചതും ബശീര്‍ തന്നെയായിരുന്നു. അങ്ങനെ ഭരണ പങ്കാളിത്തം ലഭിച്ച തുറാബി ഗള്‍ഫ് യുദ്ധകാലത്ത് രൂപപ്പെട്ട ഒ.ഐ.സിക്ക് ബദലായി Popular Arab And Islamic Conference എന്ന സംഘടനയുണ്ടാക്കി. 1996ല്‍ സ്പീക്കറായ തുറാബി രാജ്യത്തിന്റെ ഇസ്ലാമീകരണത്തിന് കഠിനമായി യത്നിച്ചു. അധികാരി ബശീറായിരുന്നെങ്കിലും തുറാബിയുടെ പാര്‍ട്ടിയായ National Islamic Front ന്റെ വരുതിയിലായിരുന്നു പ്രധാന വകുപ്പുകള്‍. ഇസ്ലാമിക അടിസ്ഥാനത്തിലുള്ള ജനാധിപത്യവല്‍കരണത്തില്‍ മുന്നേറിയ തുറാബി ഫലത്തില്‍ ബശീറിനെത്തന്നെ ചൊടിപ്പിക്കുകയായിരുന്നു. 1999ല്‍ വിപ്ളവകരമായ ഒരു ബില്‍ തുറാബി പാര്‍ലമെന്റില്‍ പാസാക്കിയെടുത്തു. അധികാരവികേന്ദ്രീകരണത്തിന്റെ ഇസ്ലാമിക പൈതൃകത്തെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ബില്‍ അധികാരമോഹിയായ ഉമര്‍ ബശീറിന് സഹിക്കുന്നതിലപ്പുറമായിരുന്നു. ഭൂരിപക്ഷം തനിക്ക് ലഭിക്കില്ലെന്ന് ബോധ്യപ്പെട്ട ബശീര്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമായിരുന്നു. തുറാബിക്കെതിരെ അമേരിക്കന്‍ സില്‍ബന്ധികളും ലിബിയയും ഈജിപ്തും ബശീറുമായി ഐക്യപ്പെട്ടു. 2000-ല്‍ നടന്ന ധാരണക്കു ശേഷവും തുറാബിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നത് തിരിച്ചറിഞ്ഞ ബശീര്‍ N.I.F നിന്ന് തുറാബിയെയും കൂട്ടരെയും പുറത്താക്കി. Popular National Congress രൂപീകരിച്ച് മുഖ്യ പ്രതിപക്ഷമായി സമരം തുടര്‍ന്ന തുറാബി പിന്നീട് ജോണ്‍ഗാരംഗിന്റെ S.P.L.A (Sudan Popular Liberation Army)യുമായി ചേര്‍ന്ന് ‘മതത്തിന്റെയും സംസ്കാരത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും ഭൂമി ശാസ്ത്രത്തിന്റെയും പേരിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള രൂപരേഖ സുഡാന്റെ രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ താല്‍പര്യമാണ്’ എന്ന ധാരണാ പത്രം പ്രഖ്യാപിച്ചു. ഇസ്ലാമിക സ്റേറ്റ് എന്ന ലക്ഷ്യം പ്രഖ്യാപിച്ച തുറാബിയുടെ ഇത്തരമൊരു നയമാണ് അദ്ദേഹം ഇസ്ലാമിക ലോകത്തിന് നല്‍കിയ ഏറ്റവും വലിയ ഫിഖ്ഹീ സംഭാവന. ഇസ്ലാമിക സ്റേറ്റ് എന്നാല്‍ ഒറ്റ വാര്‍പ്പിലുള്ള ഘടനയല്ല, വികേന്ദ്രീകൃത സംവിധാനമാണെന്ന് തുറാബി തന്റെ എഴുത്തുകളില്‍ സമര്‍ത്ഥിച്ചിരുന്നു. ധാരണാ പത്രത്തിന്റെ ഒപ്പുവെക്കലിനെ തുടര്‍ന്ന് തുറാബി സൈനിക തടവിലായി, പിന്നീട് വീട്ടുതടങ്കലിലും. യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ ജീവിതം തന്നെയാണ് ഹസന്‍തുറാബിയുടെ ഫിഖ്ഹീ ജീവിതവും.

ലോകമെമ്പാടുമുള്ള ഇസ്ലാമിക നവോത്ഥാന സംഘടനകള്‍ക്ക് ഒരു രാഷ്ട്രീയ ദിശ കാണിക്കുകയാണ് മാതൃകാപരമായ ഇടപെടലുകളിലൂടെ തുറാബി. ബഹുസ്വരതയെയും ജനാധിപത്യത്തെയും സംരക്ഷിച്ചുകൊണ്ടാണ് ഇസ്ലാമിക നവോത്ഥാനം സാധ്യമാകുന്നതെന്ന് ലോകത്തോട് പറയുന്ന തുറാബി തീവ്രവാദിയായി മുദ്രകുത്തപ്പെടാനുള്ള കാരണം ഇസ്ലാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല. ഇസ്ലാമേതര സംഘടനകളോട് സഖ്യത്തിലാകുമ്പോഴും പാന്‍ ഇസ്ലാമിസവും മൌലിക വാദവും കൈവെടിയാത്ത തുറാബി ഇസ്ലാമിക ലോകത്തിന് രാഷ്ട്രീയ മാതൃക തന്നെയാണ്. ഭരണത്തിലായിരിക്കെ ‘അല്ലാഹുവിന്റെ നല്ല അടിയാളരാവുക; കാര്‍ഷിക രംഗം വികസിപ്പിക്കുക’ എന്ന മുദ്രാവാക്യത്തിലൂടെ ക്ഷാമഗ്രസ്ത സുഡാനെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നയിച്ച തുറാബി ഇസ്ലാമിന്റെ വികസനതത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഹസന്‍ തുറാബിയെക്കുറിച്ച തന്റെ ലേഖനം സി.ജെ സോറന്‍സണ്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘…….അങ്ങനെ ഇസ്ലാമിക നവജാഗരണത്തിന് ഇരുപതാം നൂറ്റാണ്ടില്‍ വ്യക്തമായ ഊടും പാവും നല്‍കുകയും അതിന്റെ പ്രായോഗികതയെക്കുറിച്ച് പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഹസന്‍ തുറാബി ആ പരീക്ഷണത്തിന്റെ മറ്റൊരു ഘട്ടത്തെ തരണം ചെയ്യുകയാണിപ്പോള്‍’.

Topics