ഞാനറിഞ്ഞ ഇസ്‌ലാം

ഇസ്‌ലാം എന്നെ അന്തസ്സുള്ളവളാക്കി

നബി (സ) പറഞ്ഞു: ‘ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് അല്ലാഹു എന്നെ അയച്ചിട്ടുളളത്.’
ഇസ് ലാം സ്വീകരണത്തിനുമുമ്പ് അധികമാളുകള്‍ക്കും  വിനയശീലമില്ലാത്ത ജീവിതശൈലിയായിരുന്നു പരിചയം. എന്നാല്‍ ഇസ്‌ലാം സ്വീകരണത്തോടെ തികച്ചും പുതുമയാര്‍ന്ന ജീവിതവഴിത്താരയിലേക്ക് അവര്‍ പ്രവേശിക്കുകയായിരുന്നു. കേവലം ബാഹ്യപ്രകടമായ വസ്ത്രധാരണത്തില്‍ മാത്രം പരിമിതമായിരുന്നില്ല അവ. മറിച്ച്, അവരുടെ മനോഭാവത്തിലും പ്രവൃത്തികളിലും അവ ദൃശ്യമായിരുന്നു.
കലാലയങ്ങളിലോ ജോലിസ്ഥലത്തോ ചുറ്റുമുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുകയെന്നതാവരുത് നമ്മുടെ ജീവിതലക്ഷ്യം. ആളുകളുടെ പ്രീതിയെന്നതിനേക്കാള്‍ ദൈവപ്രീതിക്ക്  മുന്‍തൂക്കം നല്‍കണം. അങ്ങനെ വരുമ്പോള്‍ പുതിയജീവിതത്തിലേക്ക് വളരെപ്പെട്ടെന്ന് ഇഴുകിച്ചേരാന്‍ നമുക്കാവും.

അതെ, ശരിക്കും വിനീതവിധേയനായ മുസ്‌ലിം.അതിനാല്‍ ഒരു സച്ചരിതനായ വ്യക്തി ആര്‍ജ്ജിക്കേണ്ട സദ്ഗുണങ്ങളായ വിനയം, ക്ഷമ, വിട്ടുവീഴ്ച, ദയ, വിശ്വസ്തത, സത്യസന്ധത, കാരുണ്യം  എന്നിവക്കായി  കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.

വീണുപോയ ചിത്രശലഭം
ഇസ്‌ലാമാശ്ലേഷത്തിനുമുമ്പ് കൈവെച്ച മേഖലയിലെല്ലാം വിജയിച്ച ബിസിനസുകാരിയായിരുന്നു ഞാന്‍. ചെന്നിടത്തൊക്കെ ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധപിടിച്ചുപറ്റാനും ഒട്ടേറെ കൂട്ടുകാരെ നേടാനും എനിക്കുകഴിഞ്ഞു. ഇതെന്നില്‍ അഹങ്കാരം വളര്‍ത്തുകയായിരുന്നു.
പക്ഷേ, ദൈവം എന്നെ വിനയാന്വിതയാക്കാന്‍ തീരുമാനിച്ചുറച്ചു. എന്നെ അവനിലേക്കടുപ്പിക്കാന്‍ കടുത്ത പരീക്ഷണങ്ങളെ എന്റെ നേര്‍ക്കുവിട്ടു. അതോടെ എന്റെ ബിസിനസ് തകര്‍ന്നു. കൂട്ടുകാരൊക്കെ എന്നെ വിട്ടകന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആരുംതിരിഞ്ഞുനോക്കാനില്ലാതെ ഏകാന്തതയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു.

ഈ അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും എന്നെയേറെ ചിന്തിപ്പിച്ചു. ജീവിതത്തിന്റെ അര്‍ഥമെന്തെന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. അങ്ങനെ അവസാനം ഇസ്‌ലാമില്‍ ചെന്നെത്തിപ്പെട്ടു. ഇസ് ലാം ആശ്ലേഷിച്ചതോടെ എന്റെ മനസ്സ് ശാന്തമായി. എല്ലാവിധത്തിലും സാമൂഹിക-സാമ്പത്തികപുഴുക്കുത്തുകളില്‍നിന്ന് നിര്‍മലവ്യക്തിത്വമായി പുതിയ ജീവിതം ആരംഭിച്ചു.  ജീവിതത്തില്‍ വിനയം കടന്നുവന്നു.

വിനയം കൈവരുന്ന വഴി
അധികമാളുകളും അവഗണിക്കുന്ന വിനയം എന്ന ഗുണം  പലപ്പോഴും വിസ്മൃതമാകുന്ന തലത്തിലെത്തിയിരിക്കുന്നു ഇക്കാലത്ത്. വിനയാന്വിതനായിരിക്കുമ്പോഴേ ദൈവബോധമുള്ളവനും പരജീവിസ്‌നേഹമുള്ളവനും ആയിരിക്കുകയുള്ളൂ എന്നത് യാഥാര്‍ഥ്യമാണ്. അധികപേരും വിനയശീലമില്ലാത്തവരായതുകൊണ്ട് ദൈവം അവരെ അത് പരിശീലിപ്പിക്കുന്നതിനായി അവരുടെ നേര്‍ക്ക് പരീക്ഷണങ്ങളെ അയക്കുന്നു. കാരണം അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ് താനാരെന്നും തന്റെ നിസ്സഹായാവസ്ഥയെന്തെന്നും ഏതൊരാള്‍ക്കും തിരിച്ചറിയാനാകൂ.’നാം പ്രവാചകനെ നിയോഗിച്ച ഒരു നാട്ടിലെയും നിവാസികളെ പ്രയാസവും പ്രതിസന്ധിയും കൊണ്ട് പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനീതരാവാന്‍ വേണ്ടിയാണത്.'(അല്‍ അഅ്‌റാഫ്: 94)
അതിനാല്‍ തന്റെ നേര്‍ക്കുവരുന്ന പരീക്ഷണങ്ങളെ ആത്മസംസ്‌കരണത്തിനുപയുക്തമാക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്.

ബിസിനസ് തകര്‍ന്ന് ആകെ പാപ്പരായ ഞാന്‍ പുതുജീവിതം ആരംഭിച്ചു. എല്ലാവിധത്തിലും എന്റെ അടിത്തറയിളകിയിരുന്നു. ശൂന്യമായ കൈകളുമായി വിനയത്തിന്റെ പാഠം അഭ്യസിക്കാന്‍ ശ്രമിച്ചു. ആ അവസ്ഥയിലും അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
നമുക്ക് ഇല്ലാത്ത ഒന്നിനെക്കുറിച്ചോര്‍ത്തല്ല നാം തലപുണ്ണാക്കേണ്ടത്. തന്നേക്കാള്‍ ഉയരത്തിലുള്ളവരുടെ വിഭവങ്ങളിലല്ല നമ്മുടെ കണ്ണുകള്‍ പതിയേണ്ടത്. നമ്മുടെ വിഭവങ്ങള്‍ കൊതിക്കുന്ന പാവങ്ങളുടെ കണ്ണുനീരാണ് നാം കാണേണ്ടത്.
പെരുമാറ്റത്തിലെ അന്തസ്സ്

ജീവിതത്തിന്റെ നിഖിലമേഖലകളിലും നാം വെച്ചുപുലര്‍ത്തേണ്ട അന്തസ്സ് കേവലം വസ്ത്രധാരണത്തില്‍ മാത്രം പരിമിതമെന്ന് വിചാരിക്കരുത്. എതിര്‍ലിംഗത്തില്‍ പെട്ടവരോട് പെരുമാറുമ്പോള്‍, പണംചിലവിടുമ്പോള്‍,  അങ്ങനെ തുടങ്ങി സമൂഹവുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളിലും അത്  കടന്നുവരുന്നു.

എതിര്‍ലിംഗത്തിലുള്ളവരുമായുള്ള ഇടപെടല്‍ രീതി
എതിര്‍ലിംഗത്തില്‍ പെട്ടവരുമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുകയെന്നത് ഒരു പുതുമുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായ ഒന്നാണ്.   സ്ത്രീയും പുരുഷനും ഇഴുകിയിടപെടുന്ന സമൂഹത്തിലായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ പെരുമാറ്റരീതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പുതുമുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം  കഠിനതരമാണ്.
ഉദാഹരണത്തിന്, അമുസ്‌ലിംആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ സുഹൃത്തുക്കളുടെ അടുത്തേക്ക് നിങ്ങള്‍ ചെല്ലുകയാണെന്നുകരുതുക. വിശേഷിച്ചും നിങ്ങളവരുടെ പ്രിയപ്പെട്ട സുഹൃത്തായിരിക്കെ. അത്തരം ഘട്ടത്തില്‍ തന്റെ വരവിനെ അറിയിക്കാന്‍ ഹലോ എന്നുപറഞ്ഞ് ഓരോരുത്തരെയായി കെട്ടിപ്പിടിക്കുകയും ചിലപ്പോള്‍ കവിളില്‍ മുത്തംനല്‍കുകയും ചെയ്യും. മുസ്‌ലിമാകുന്നതോടെ ഇത്തരത്തില്‍ പെരുമാറാനാകില്ലല്ലോ. ആശ്ലേഷവും മുത്തംനല്‍കലും  ഒഴിവാക്കുന്നത് കൂട്ടുകാരെ വേദനിപ്പിക്കില്ലേ? അതെങ്ങനെ തരണംചെയ്യും? ഒന്നാമതായി,  നിങ്ങള്‍ വളരെ ആത്മാര്‍ഥമായി നിങ്ങളുടെ നിലപാട് പരിശോധിക്കുക.
– ഏതെങ്കിലും ഒരുദിവസം കിടപ്പറപങ്കിടാന്‍ ലഭിക്കും എന്ന ആഗ്രഹത്തോടെയാണോ പുരുഷന്‍മാരായ സുഹൃത്തുക്കള്‍ എന്റെ സൗഹൃദം കൊതിക്കുന്നത്? ഇതിന് അതെയെന്നാണുത്തരമെങ്കില്‍ ആ സൗഹൃദം നിഷ്‌കളങ്കമല്ലെന്നുറപ്പായി. കാരണം സൗഹൃദം സ്വാര്‍ഥതാല്‍പര്യങ്ങളിലധിഷ്ഠിതമായിരിക്കുന്നു.നമുക്കൊരിക്കലും മറ്റുള്ളവരുടെ ഗൂഢതാല്‍പര്യങ്ങളെ അറിയാനാകില്ല. അതിനാല്‍ പാപകൃത്യങ്ങളില്‍നിന്ന് രക്ഷ നേടാന്‍ അത്തരക്കാരുടെ സൗഹൃദം പതുക്കെ ഒഴിവാക്കുകയാണ് നല്ലത്. ഹൃദയം വിമലമാക്കുക ഇല്ലെങ്കില്‍ നാമറിയാതെ ശൃംഗാരഭാവങ്ങള്‍ അതിലേക്ക് കടന്നുകയറും. അത് എതിര്‍ലിംഗത്തില്‍പെട്ടവര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക.
എതിര്‍ലിംഗത്തില്‍പെട്ടസുഹൃത്തുക്കളോടൊപ്പമായിരിക്കുമ്പോള്‍ അധികം ഉച്ചത്തില്‍ സംസാരിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. അനാവശ്യമായി കൊഞ്ചിക്കുഴഞ്ഞ് വര്‍ത്തമാനം പറയരുത്.നോട്ടം താഴ്ത്തുക. അവരുടെ നോട്ടത്തില്‍ താങ്കള്‍ പ്രചോദിതയായിയെന്നസന്ദേശം നല്‍കരുത്.പുതുമുസ്‌ലിമെന്ന നിലയ്ക്ക് ഇത്തരത്തില്‍ പെരുമാറ്റരീതി അഭ്യസിക്കുക ശ്രമകരമായിരിക്കാം. ഒട്ടേറെ കൂട്ടുകാരുമുണ്ടായിരിക്കാം നിങ്ങള്‍ക്ക്. പക്ഷേ , സാഹചര്യത്തെ വളരെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുക.
-കൂട്ടുകാര്‍ക്ക് ആണുംപെണ്ണും കൂടിക്കലര്‍ന്ന സൗഹൃദങ്ങളെ സംബന്ധിച്ച ഇസ്‌ലാമികവീക്ഷണത്തെ പരിചയപ്പെടുത്തുക. എന്തുകൊണ്ട് ഇസ്‌ലാം അപ്രകാരം കല്‍പിക്കുന്നു എന്നതിന് ഊന്നല്‍കൊടുക്കുക. അതുവഴി താങ്കള്‍ വ്യക്തിപരമായി അവരോടെതിരല്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ. ഒരുവേള അവരില്‍നിന്ന് അല്‍പം അകലെയായിരിക്കാം താങ്കള്‍ . പക്ഷേ, താങ്കള്‍ അതിലൂടെ സ്വയം വിശുദ്ധിയാര്‍ജ്ജിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ഇനി അവര്‍ അകന്നുനില്‍ക്കുകയാണെങ്കില്‍ മനസ്സിലാക്കുക അവരുടെ സൗഹൃദത്തിന്റെ മൂല്യം അത്രയ്‌ക്കേ ഉണ്ടായിരുന്നുള്ളുവെന്ന്. ഇസ്‌ലാം സൗഹൃദങ്ങളെ വിലക്കുന്നില്ല. പക്ഷേ അതിന് അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിരിക്കുന്നു. സഭ്യതയുടെയും അന്തസ്സിന്റെയും പെരുമാറ്റചട്ടങ്ങള്‍ വരച്ചുകാട്ടിയിരിക്കുന്നു. ഇതില്‍ വസ്ത്രധാരണവും മുഖ്യമാണ്.

വസ്ത്രധാരണത്തിലെ അന്തസ്സ്
അന്തസ്സാര്‍ന്ന വസ്ത്രവും പെരുമാറ്റരീതിയും ദൈവഭക്തരായ രണ്ടുവ്യക്തികള്‍ക്കിടയില്‍ പരസ്പരാദരവും ബഹുമാനവും ഉണ്ടാക്കാന്‍ സഹായിക്കുന്നു.  അതേപോലെത്തന്നെ ശരിയാം വിധം വസ്ത്രധാരണം നടത്തിയിട്ടില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെപ്പറ്റി മോശം നിഗമനത്തിലെത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇസ് ലാമിലെത്തുംമുമ്പ് ഒരുപക്ഷേ നിങ്ങള്‍ മിനിസ്‌കര്‍ട്ടും, ഹൈഹീല്‍പാദരക്ഷകളും,  മാറിടംകാണുംവിധംവെട്ടിത്തയിച്ച ബ്ലൗസും, മേക്കപും ഉപയോഗിച്ചിട്ടുണ്ടായിരിക്കും.ഇത്തരം വേഷവിധാനങ്ങളോടെ നടന്ന കാലത്ത് അതൊന്നും മോശമായി എനിക്ക് തോന്നിയിരുന്നില്ല. മറ്റുള്ളവര്‍ എന്നെ മോശമായിവിലയിരുത്തുന്നുവെന്നും ഞാന്‍ കരുതിയിട്ടില്ല.

ഇസ്‌ലാമില്‍വന്നശേഷം മുസ്‌ലിംവനിതകള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പഠിച്ചപ്പോള്‍ എന്റെ ഭൂതകാലത്ത് ഞാന്‍ ധരിച്ച വസ്ത്രങ്ങള്‍ എന്റെ സ്വഭാവത്തെ ഗുരുതരമായി ബാധിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ പ്രകടനങ്ങളും പെരുമാറ്റങ്ങളും ശരീരകേന്ദ്രീകൃതമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആളുകളുടെ ശ്രദ്ധയും പരിഗണനയും നേടുകയെന്നതുമാത്രമായിരുന്നു അക്കാലത്തെ എന്റെ ഏകലക്ഷ്യം.
പാന്റ്‌സും ബ്ലൗസും അതിനുമേല്‍ മഫ്തയും എന്നതായിരുന്നു ആദ്യം എന്റെ വേഷം . ക്രമേണ ഞാന്‍ പര്‍ദയിലേക്ക് കൂടുമാറി. എന്റെ വേഷവിധാനം എത്രകണ്ട് കൂടുതല്‍ മാന്യമാകുന്നുവോ അത്രകണ്ട് ആളുകള്‍ പ്രത്യേകിച്ചും പുരുഷന്‍മാര്‍ മാന്യമായി പെരുമാറുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. എന്റെ ജാഹിലിയ്യാകാലത്ത് ആളുകള്‍ എന്റെ ബുദ്ധികൂര്‍മതയിലല്ല ആകൃഷ്ടരായിരുന്നത്;മറിച്ച് എന്റെ ശരീരസൗകുമാര്യത്തിലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഈ വേഷത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. ആളുകള്‍ മനസ്സില്‍ ദുര്‍ചിന്തകള്‍ കൊണ്ടുനടക്കാതെ ഏറ്റവും നിര്‍മലമായ ആദരവ് എന്റെ നേര്‍ക്ക് പ്രകടിപ്പിക്കുന്നു.
നീ സത്യവിശ്വാസികളോട് പറയുക:  അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്…. നീ സത്യവിശ്വാസിനികളോട് പറയുക. അവരും തങ്ങളുടെ ദൃഷ്ടികള്‍  നിയന്ത്രിക്കണം…. (അന്നൂര്‍ 30-31)

കര്‍മങ്ങളില്‍ അന്തസ്സുപുലര്‍ത്തുക
ഒരാള്‍ തന്റെ കര്‍മങ്ങളിലും പെരുമാറ്റങ്ങളിലും അന്തസ്സുപുലര്‍ത്തേണ്ടതുണ്ട്. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍, അവര്‍ നമ്മോട് സംസാരിക്കുമ്പോള്‍, തുടങ്ങി അവര്‍ നമുക്കറിയാത്ത  പുതിയപുതിയ സംഗതികളെപ്പറ്റി പറയുമ്പോള്‍ അതെല്ലാം സാകൂതം കേള്‍ക്കാന്‍ നാം തയ്യാറാകണം. ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിക്കുകയെന്നതാണ് വിശ്വാസിയുടെ മാന്യത. അനാവശ്യസംസാരം ആള്‍ക്കൂട്ടത്തില്‍ നമ്മെ വഷളാക്കുകയേയുള്ളൂ. മറ്റുള്ളവര്‍ നമ്മെ ആക്ഷേപിച്ചോ പരിഹസിച്ചോ സംസാരിക്കുമ്പോള്‍ ക്ഷമയോടെ അതിനോട് പ്രതികരിക്കുകയെന്നതും അന്തസ്സിനെയാണ് സൂചിപ്പിക്കുന്നത്.

വിവേകവും നിഷ്‌കളങ്കതയും വീണ്ടെടുക്കുക
പലയാളുകളും ഇക്കാലത്ത് വിവിധതരത്തിലുള്ള ലഹരികളും ഭ്രാന്തുകളുമുള്ള(ലൈംഗികത, മയക്കുമരുന്ന്,മദ്യം,കുറ്റകൃത്യങ്ങള്‍, മറ്റുഅധാര്‍മികവൃത്തികള്‍)വരാണ്.മേല്‍പറഞ്ഞ  വൈകൃതങ്ങള്‍ക്കും അധാര്‍മികവൃത്തികള്‍ക്കും കീഴ്‌പെട്ടാല്‍ മനസ്സിന്റെ സംശുദ്ധി വിനഷ്ടമാകുകയും വ്യക്തിത്വം അപഹസിക്കപ്പെടുകയുംചെയ്യുമെന്നത് മറക്കരുത്.
ആരും മയക്കുമരുന്നിനടിമയായോ വേശ്യയായോ വളരാന്‍ ഇഷ്ടപ്പെടുന്നില്ലയെന്നത് ഏവരുമംഗീകരിക്കുന്ന സംഗതിയാണ്. സ്വതവേതന്നെ മോശമെന്ന് നാം മനസ്സിലാക്കുന്ന സംഗതികളെ  ഏതെങ്കിലുംഘട്ടത്തില്‍ സമീപിക്കുമ്പോള്‍ മനസ്സ് നമ്മോടുമന്ത്രിക്കുക ഇപ്രകാരമായിരിക്കും: ‘ ഇതത്ര മോശമൊന്നുമല്ല, അതുമല്ല ഞാനിതെപ്പോഴും ചെയ്യുകയൊന്നുമില്ലല്ലോ’. അതോടെ  തിന്‍മയുടെ ലോകത്തേക്കുള്ള കവാടം തുറന്ന് നാം  അകത്തുകയറുകയായി. ക്രമേണ  ‘ഇതുവരെ കുഴപ്പമൊന്നുമില്ലല്ലോ അല്‍പംകൂടി ആകാം’ എന്ന് ആത്മഗതംചെയ്ത് തിന്‍മയുടെ അഗാധഗര്‍ത്തത്തിലേക്ക് ആപതിക്കുകയായിരിക്കും ചെയ്യുക. എല്ലാം തിരിച്ചറിയുമ്പോഴേക്ക് ഒരിക്കലും തിരിച്ചുവരാനാകാത്തവിധം, ലൈംഗികത വിറ്റ് പൈസ സമ്പാദിക്കുന്ന ഒരു കുലടയുടെ അവസ്ഥയിലേക്ക് അവള്‍ മാറിക്കഴിഞ്ഞിരിക്കും.
നമ്മുടെജീവിതത്തിലെ സമസ്തമേഖലയിലും ഇത്തരത്തില്‍ അപചയം നമുക്ക് സംഭവിക്കാം. വസ്ത്രധാരണത്തില്‍, സംഭാഷണത്തില്‍, മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍, വ്യാപാരത്തില്‍, ഭക്ഷണക്രമത്തില്‍ തുടങ്ങി എല്ലാത്തിലും ഇത് ദൃശ്യമാകും. അതിനാല്‍ എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരിക്കണം നാംകാഴ്ചവെക്കേണ്ടത്. നാം അവനെകാണുന്നില്ലെങ്കിലും അവന്‍ നമ്മെ സദാസമയവും കണ്ടുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവ് നാം വെച്ചുപുലര്‍ത്തണം. പള്ളിയിലെ ഇമാമിന്റെ കണ്‍വെട്ടത്തുവെച്ച് മോശം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നാം ഇഷ്ടപ്പെടുമോ? അദ്ദേഹം നമ്മെപ്പറ്റി എന്തുവിചാരിക്കും എന്ന ചിന്തയാലാണ് നാം അതിന് മുതിരാത്തത്. അപ്പോള്‍ നമ്മുടെ ഉടമസ്ഥനായ പ്രപഞ്ചനാഥന്റെ മുമ്പില്‍ നാമത് ചെയ്യാമോ?  അതിനുള്ള ഈമാന്‍ നാംകരഗതമാക്കിയേ തീരൂ. അതിനാല്‍ മറ്റുള്ളവരുടെ മുമ്പില്‍ ചെയ്യാന്‍ നാമിഷ്ടപ്പെടാത്തവ അല്ലാഹുവിന്റെ കണ്‍മുമ്പില്‍ നിസ്സങ്കോചംചെയ്യാന്‍ നമുക്കെങ്ങനെ കഴിയുന്നുവെന്നത് ആലോചിക്കേണ്ടതല്ലേ?

(2006 ല്‍ ഇസ് ലാം സ്വീകരിച്ച അമേരിക്കന്‍ വനിതയാണ് ഷാനന്‍. നിലവില്‍ പുതുമുസ് ലിംകള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്ന രംഗത്ത് സജീവമായി രംഗത്തുള്ള ഷാനന്‍ ifoundislam.net എന്ന പേരില്‍ ഒരു വെബ്‌സൈറ്റും നടത്തുന്നുണ്ട്.)

Topics