മഖാസ്വിദുശ്ശരീഅഃ

ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ (മഖാസിദുശ്ശരീഅഃ)

പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യസമൂഹത്തിന് നിര്‍ണയിച്ചു തന്നിട്ടുള്ള നിയമ വ്യവസ്ഥയാണ് ഇസ്ലാമിക ശരീഅത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യ സമൂഹം ഇഹപര ജീവിതങ്ങളില്‍ നന്മ പ്രാപിക്കുന്നതിനും തിന്മകളില്‍ നിന്നു സുരക്ഷിതമാകുന്നതിനും വേണ്ടിയാണ് അല്ലാഹു ശരീഅത്ത് നിശ്ചയിച്ചിട്ടുള്ളത്. ഈ ശരീഅത്ത് ജനങ്ങളെ കേവലം ഒരു മതത്തില്‍ ചേര്‍ക്കുന്നതിനോ അതിന്റെ നിയമങ്ങള്‍ അംഗീകരിപ്പിക്കുന്നതിനോ ഉള്ള  ഒന്നല്ല. മറിച്ച് മനുഷ്യസമൂഹത്തിനാകമാനം അല്ലാഹുവിന്റെ കാരുണ്യം എന്ന നിലക്ക് ജനങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കുന്നതിനും അവരുടെ ജീവിത സുരക്ഷിതത്വത്തിനും സര്‍വോപരി അവരില്‍ നന്മ വിളയിക്കുന്നതിനുമാണ്.

ശരീഅത്തുമായി നിയോഗിതനായ പ്രവാചകനെ(സ)ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: “നബിയേ, താങ്കളെ ലോകത്തിനാകമാനം കാരുണ്യമായിട്ടാണ് നാം അയച്ചിരിക്കുന്നത്.” (അല്‍ അമ്പിയാഅ്:107). മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു: “തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്; ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാന്‍.”(അല്‍ ഹദീദ്:25).

ശരീഅത്തുവിധികളെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെല്ലാം മനുഷ്യനന്മയോടു ചേര്‍ത്താണ് പറയപ്പെട്ടിരിക്കുന്നത്. വുദുവിനെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ ഇപ്രകാരം വ്യക്തമാക്കുന്നു. “അല്ലാഹു നിങ്ങളുടെ ജീവിതം സങ്കുചിതമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനും ഉദ്ദേശിക്കുന്നു.” (മാഇദഃ:6).

നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: “നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി.” (അല്‍ ബഖറഃ:183).

നമസ്കാരത്തെ പരാമര്‍ശിച്ചുകൊണ്ട് പറയുന്നു: “നമസ്കാരം നിലനിര്‍ത്തുക. നിശ്ചയം നമസ്കാരം മ്ളേച്ഛവൃത്തികളില്‍ നിന്നും തിന്മകളില്‍ നിന്നുംതടയുന്നതാ കുന്നു.” (അല്‍ അന്‍കബൂത്ത്:45).

ജിഹാദിനെ സംബന്ധിച്ചു പറയുന്നതു നോക്കുക: “ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെട്ടിരിക്കുന്നുവോ, അവര്‍ക്കു യുദ്ധത്തിന് അനുമതി നല്‍കപ്പെട്ടിരിക്കുന്നു. കാരണം അവര്‍ മര്‍ദ്ദിതരാകുന്നു.” (അല്‍ ഹജ്ജ്:39). പ്രതിക്രിയ നടത്തുന്ന തിനെക്കുറിച്ചു പ്രഖ്യാപിക്കുന്നു: “ബുദ്ധിയുള്ളവരേ, പ്രതിക്രിയാ നിയമത്തില്‍ നിങ്ങള്‍ക്കു ജീവിതമാണുള്ളത്.” (അല്‍ ബഖറ:179)

ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: ‘ഞാന്‍ നമസ്കാരത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ദീര്‍ഘമായി നമസ്കരിക്കാന്‍ ഉദ്ദേശിക്കും. എന്നാല്‍ പിറകില്‍നിന്ന് കരയുന്ന കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ അവന്റെ മാതാവിന്റെ വിഷമത്തില്‍ പ്രയാസം തോന്നി ഞാന്‍ അതില്‍നിന്ന് പിന്മാറും.’

ഇത്തരത്തില്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിയമനിര്‍മാണത്തില്‍ ചില പ്രത്യേക താല്‍പര്യങ്ങളെ സഗൌരവം പരിഗണിക്കുന്നതായി ബോധ്യപ്പെടുന്നതിനാലാണ് ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ച ചര്‍ച്ച പ്രസക്തമാകുന്നത്.

എന്താണ് മഖാസ്വിദുശ്ശരീഅഃ(ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍)

قصد എന്ന ക്രിയയുടെ മൂലധാതുവായ القصد എന്ന പദത്തിന് വഴി നേരെയാക്കല്‍, ഒരു സംഗതി വന്നുചേരല്‍ എന്നൊക്കെയാണര്‍ഥം.

സാങ്കേതികമായി, നിയമനിര്‍മാണം (തശ്രീഅ്) വഴി നിയമദാതാവ് (ശാരിഅ്) പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ച അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കാണ് മഖാസ്വിദുശ്ശരീഅഃ അഥവാ ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ എന്നു പറയുന്നത്. ഇവ ഒന്നുകില്‍ പ്രമാണങ്ങളില്‍ പ്രകടമായി (ളാഹിര്‍) പറയപ്പെട്ടതോ അല്ലെങ്കില്‍ അവ്യക്തമായതും ഗവേഷണപഠനങ്ങളിലൂടെ കണ്ടെത്താവുന്നതോ ആയിരിക്കും. ഉദാഹരണമായി, റമദാന്‍ മാസത്തിലെ നിര്‍ബന്ധ നോമ്പനുഷ്ഠിക്കുന്നതില്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇളവു നല്‍കിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: “അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്. പ്രയാസം ഉദ്ദേശിക്കുന്നില്ല.”(അല്‍ ബഖറ:185) ഇവിടെ ഇളവ് നല്‍കിയതിന്റെ ലക്ഷ്യം (മഖ്സ്വദ്) യാത്രക്കാരുടെയും രോഗികളുടെയും പ്രയാസം നീക്കി എളുപ്പമുണ്ടാക്കലാണെന്ന് വ്യക്തമാണ്. എന്നാല്‍ ലഹരി പദാര്‍ഥങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയത് മനുഷ്യ ബുദ്ധിയുടെ സംരക്ഷണം ലക്ഷ്യം വെച്ചാണെന്നത് ഗവേഷണനിഗമനങ്ങളിലൂടെ നിര്‍ണയിക്കപ്പെട്ട സംഗതിയാണ്.

മഖ്സ്വദും ഇല്ലത്തും.

ഖിയാസ് (ന്യായാധികരണം) നടത്തുമ്പോള്‍-ഖുര്‍ആനിലോ സുന്നത്തിലോ ഇജ്മാഇലോ വിധി വന്നിട്ടില്ലാത്ത ഒരു വിഷയത്തില്‍ സമാനമായ മറ്റൊരു പ്രശ്നത്തില്‍ വന്നിട്ടുള്ള വിധിയെ ബാധകമാക്കുമ്പോള്‍-മാനദണ്ഡമാക്കുന്ന ഇല്ലത്ത് (കാരണം) യഥാര്‍ഥത്തില്‍ മേല്‍പ്പറയപ്പെട്ട മഖ്സ്വദില്‍ നിന്നും വ്യത്യസ്തമായതാണ്. ന്യായാധികരണം നടത്തുമ്പോള്‍ രണ്ട് പ്രശ്നങ്ങളിലെയും വിധി ഒന്നാക്കാന്‍ പ്രേരിപ്പിക്കുന്ന, അവ രണ്ടിലുമുള്ള വ്യക്തവും ക്ളിപ്തവുമായ ‘കാരണം’ ആണ് ‘ഇല്ലത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതൊരിക്കലും മാറ്റത്തിനു വിധേയമാകുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ക്കും കാലദേശങ്ങള്‍ക്കുമനുസരിച്ച് മാറ്റം ഉള്‍ക്കൊള്ളുന്ന നിയമത്തിന്റെ ലക്ഷ്യങ്ങളാണ് മഖാസ്വിദുകള്‍. ഉമര്‍(റ) തന്റെ ഖിലാഫത്തിനു കീഴില്‍ മുഅല്ലഫത്തുല്‍ ഖുലൂബിനുള്ള (മുസ്ലിം സമൂഹത്തോട് ഇണക്കമുള്ള അമുസ്ലിംകള്‍) സകാത്ത് വിഹിതം നിര്‍ത്തിവെച്ചത് മഖ്സ്വദ് പരിഗണിച്ചുകൊണ്ടായിരുന്നു. സകാത്തിലെ ഈ ഓഹരി ഇസ്ലാം ദുര്‍ബലമായ അവസ്ഥയിലായിരുന്നുവെന്നും ഇസ്ലാം ശക്തിപ്പെട്ട സന്ദര്‍ഭത്തില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. മറ്റൊരുദാഹരണം: ഇസ്ലാമിക ശരീഅത്ത് മദ്യം നിഷിദ്ധമാക്കാനുള്ള ഇല്ലത്ത് (കാരണം) അതിലടങ്ങിയ ലഹരിയാണെന്നു കാണാം. ഖിയാസിന്റെ അടിസ്ഥാനത്തില്‍ ലഹരിയിലടങ്ങിയിട്ടുള്ള മയക്കുമരുന്നു പോലുള്ളവയും നിഷിദ്ധമാണ്. എന്നാല്‍ ഈയൊരു വിധിയുടെ മഖ്സ്വദ് (ലക്ഷ്യം) മനുഷ്യബുദ്ധിയുടെ സംരക്ഷണമാണ്. ഇനി, ഏതെങ്കിലും തരത്തില്‍ മനുഷ്യ ബുദ്ധിയെ ഹനിക്കാത്ത മയക്കുമരുന്ന് ഉണ്ടായാല്‍ത്തന്നെ ലഹരിയുള്ളിടത്തോളം കാലം പ്രസ്തുത നിയമം നിലനില്‍ക്കുക തന്നെ ചെയ്യും. അപ്പോള്‍ നിയമത്തിന്റെ ലക്ഷ്യം പ്രത്യേക സാഹചര്യത്തിനനുസരിച്ച് നിഗമനം നടത്തപ്പെടുകയും ചെയ്യും.

എന്നാല്‍ ചില അവസരങ്ങളില്‍ മഖ്സ്വദും ഇല്ലത്തും ഒന്നായി വരാറുണ്ട്. ഇബാദത്തുകളുമായി ബന്ധപ്പെട്ട നിര്‍ബന്ധമായ എല്ലാ സംഗതികളുടെയും മഖ്സ്വദും ഇല്ലത്തും ഒന്നാണെന്നു പറയാം. നമസ്കാരത്തിന് നിര്‍ബന്ധമായ ‘ശുദ്ധിവരുത്തല്‍’ ഇതില്‍ പെട്ടതാണ്. അതേ സമയം, മറ്റുചില അവസരങ്ങളില്‍ മഖ്സ്വദ് ഇല്ലത്തിനെക്കാള്‍ പ്രാധാന്യം കൈവരിക്കുന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മുത്ത്വലാഖ് മൂന്നായിത്തന്നെ പരിഗണിക്കപ്പെട്ടത് ഉദാഹരണമാണ്.

മഖാസ്വിദിന്റെ ഇനങ്ങള്‍:

ശരീഅത്തിന്റ അടിസ്ഥാനങ്ങളെ മൂന്നായി തരം തിരിക്കാ വുന്നതാണ്.

ഒന്ന്: അനിവാര്യമായും നിവര്‍ത്തിക്കപ്പെടേണ്ടവ. (الضروريات)

രണ്ട്: നിവര്‍ത്തിക്കപ്പെടല്‍ ആവശ്യമായിട്ടുള്ളവ. (الحاجيات)

മൂന്ന്: പരിപൂര്‍ണതയ്ക്കായി നിവര്‍ത്തിക്കപ്പെടേണ്ടവ. (التكميلات)

1).അനിവാര്യമായും നിവര്‍ത്തിക്കപ്പെടേണ്ടവ.

മനുഷ്യരുടെ ഇഹപര ജീവിതങ്ങളില്‍ നന്മ കരസ്ഥമാക്കുന്നതിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങളാണ് ഈ ഗണത്തില്‍ പെടുന്നത്. ഇവ നിര്‍വഹിക്കപ്പെടാത്ത പക്ഷം മനുഷ്യന്റെ ഭൌതിക ജീവിതം താളം തെറ്റുമെന്നു മാത്രമല്ല, പരലോകത്ത് മഹാനഷ്ടകാരികളായിത്തീരുകയും ചെയ്യും. യഥാര്‍ഥത്തില്‍, അഞ്ചു കാര്യങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നത്. ദീന്‍, ജീവന്‍, ബുദ്ധി, തലമുറ, സമ്പത്ത് എന്നിവ. ഇവയുടെ യഥാര്‍ഥമായ സംരക്ഷണത്തിന് ശരീഅത്ത് തക്കതായ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കാണാം.

എ) ദീനിന്റെ സംരക്ഷണം:

ഇബാദത്തുകളുടെ അടിസ്ഥാനമായി ഏകദൈവ വിശ്വാസം കൈക്കൊള്ളല്‍ അല്ലാഹു നിര്‍ബന്ധമാക്കുകയും അതനുസരിച്ച് ശഹാദത്തു ചൊല്ലല്‍, നമസ്കാരം, സകാത്ത്, നോമ്പ്ഹജ്ജ് തുടങ്ങിയ ആരാധനാകാര്യങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അവിശ്വാസത്തിലേക്കും വഴികേടിലേക്കും നിര്‍ബന്ധിക്കുന്ന അവിശ്വാസിയെയും ദീനിലില്ലാത്ത കാര്യം പുതുതായി കൊണ്ടുവരുന്ന വിശ്വാസിയെയും ശിക്ഷിക്കാന്‍  അല്ലാഹു ശരീഅത്തില്‍ നിയമമാക്കിയതും ദീനീ ജീവിതം സുരക്ഷിതമാക്കുന്നതിനാണ്.

ബി) ജീവന്റെ സംരക്ഷണം:

പിറന്നു വീഴുന്നതു മുതല്‍ത്തന്നെ മനുഷ്യ ജീവന്റെ സംരക്ഷണം സാധ്യമാകുന്നതിനായി അല്ലാഹു മുലയൂട്ടല്‍ നിര്‍ബന്ധമാക്കി. മുലയൂട്ടുന്നതിന്റെ ചെലവ് പിതാവിന്റെ ബാധ്യതയായി നിര്‍ണയിച്ചു. മുലകുടിപ്രായം കഴിഞ്ഞ്  സ്വയം ചെലവ് വഹിക്കാന്‍ പ്രാപ്തി നേടുന്നതുവരെ കുട്ടിയുടെ ഭക്ഷണവും മറ്റു സൌകര്യങ്ങളും കൂടി അല്ലാഹു ശരീഅത്തില്‍ വ്യവസ്ഥപ്പെടുത്തി. (അല്‍ ബഖറ:233)

ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായ ഭക്ഷണപാനീയങ്ങളുടെ വിഷയത്തില്‍ നല്ലതും ചീത്തയും കൃത്യമായി വേര്‍തിരിച്ചു തരികയും ചെയ്തു.

“നാം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള ശുദ്ധ വിഭവങ്ങള്‍ ഭക്ഷിച്ചു കൊള്ളുവിന്‍” (അഅ്റാഫ്:160)

“ശവവും രക്തവും പന്നിമാംസവും ദൈവമല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതും ശ്വാസം മുട്ടിയോ അടിയേറ്റോ ചത്തതും മുകളില്‍ നിന്നു താഴേക്കു വീണു ചത്തതും തമ്മില്‍ക്കുത്തി ചത്തതും ഹിംസ്ര ജന്തുക്കള്‍ പരിക്കേല്‍പിച്ചതും-അനന്തരം ചാകുന്നതിനു മുമ്പ് നിങ്ങള്‍ അറുത്തതൊഴികെ- പ്രതിഷ്ഠകള്‍ക്കുവേണ്ടി ബലിയറുക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”(മാഇദ:3)

മനുഷ്യജീവനു മേലുള്ള അതിക്രമം തടയുന്നതിനായി പ്രതിക്രിയ (ഖിസ്വാസ്വ്), പ്രായശ്ചിത്തം നല്‍കല്‍ (ദിയഃ), പിഴയീടാക്കല്‍ (ഉറൂശ്) മുതലായവയും നിയമമാക്കപ്പെട്ടു.

സി) ബുദ്ധിയുടെ സംരക്ഷണം:

മനുഷ്യന്റെ ബൌദ്ധികക്ഷമത നശിപ്പിക്കുന്ന സംഗതികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ശരീഅത്ത് ആവശ്യപ്പെടുന്നു. മദ്യം പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ നിഷിദ്ധമാക്കിയതിന്റെ അടിസ്ഥാന ലക്ഷ്യം ബുദ്ധിയുടെ സംരക്ഷണമാണ്.

“വിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നശാസ്ത്രങ്ങളും എല്ലാം പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യങ്ങളാകുന്നു. അവ വര്‍ജിക്കുവിന്‍. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം.” (മാഇദഃ :90)

ഡി) തലമുറയുടെ സംരക്ഷണം:

പ്രജനനപ്രക്രിയ പ്രകൃതി നിയമമാക്കിയതിനുപരിയായി മനുഷ്യ തലമുറകളുടെ ശരിയായ നിലനില്‍പിനും വംശോല്‍പാദനത്തിനും ആവശ്യമായ മറ്റു ചിട്ടകളും വ്യവസ്ഥകളും അല്ലാഹു നിയമമാക്കി. സന്താനങ്ങളുടെ ശുദ്ധമായ ജീവിതത്തിന് അനുഗുണമാകുമാറ് വിവാഹ ഉടമ്പടിയിലൂടെ സ്ത്രീ പുരുഷ ബന്ധത്തെ നിയന്ത്രിച്ചു. മറ്റ് തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളെ നിഷിദ്ധമാക്കുകയും അതിനെ സമീപിക്കുന്നതുപോലും കുറ്റമായി പഠിപ്പിക്കുകയും ചെയ്തു.

ഇനി, അഥവാ ഒരു സ്ത്രീ അവിഹിതമായി ഗര്‍ഭിണിയായാല്‍ത്തന്നെ അതിലുണ്ടാകുന്ന കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്നു. ജുഹൈന ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ വ്യഭിചരിച്ച് ഗര്‍ഭിണിയായ ശേഷം നബി(സ)യുടെ അടുത്ത് വന്ന് കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രസവിക്കുന്നതുവരെയും, ശേഷം മുലകുടി മാറുന്നതുവരെയും കാത്തിരിക്കണമെന്ന് നബി(സ) നിര്‍ദ്ദേശിക്കുകയുണ്ടായി. ഒടുവില്‍ പ്രസ്തുത കുഞ്ഞ് സ്വന്തമായി ഭക്ഷിക്കാന്‍ തക്കവിധം വളര്‍ന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ് നബി (സ) വ്യഭിചാരിണിയായ ആ മാതാവിനെ ശിക്ഷിക്കാന്‍ തയ്യാറായത്.

ഇ) സമ്പത്തിന്റെ സംരക്ഷണം:

മനുഷ്യര്‍ക്കിടയില്‍ സമ്പത്തിന്റെ വിതരണവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ശരീഅത്ത് സമ്പത്തിന്റെ ഉടമസ്ഥാവകാശം വ്യവസ്ഥപ്പെടുത്തി. ഒന്നുകില്‍ കച്ചവടം പോലെ ഇടപാടുകളില്‍ സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ പകരമായി സമ്പത്ത് ഉടമസ്ഥപ്പെടുന്നു. അല്ലെങ്കില്‍ അനന്തരവാകാശത്തിലൂടെയോ ദാനം, വസ്വിയ്യത്ത് തുടങ്ങിയവ വഴിയോ സമ്പത്ത് ഒരുവന്റെ ഉടമസ്ഥതയിലാവുന്നു. ഇതല്ലാത്ത മറ്റൊരു മാര്‍ഗത്തിലൂടെയും സമ്പത്തിന്റെ ഉടമസ്ഥത മറ്റൊരാളിലേക്ക് നീങ്ങിപ്പോകുകയില്ല.

അതിക്രമത്തിലൂടെ സമ്പത്ത് അപഹരിക്കുന്നത് ശരീഅത്ത് വിലക്കിയിരിക്കുന്നു. മോഷണക്കുറ്റത്തിന് ശിക്ഷാനടപടി കൈക്കൊള്ളുകയും മോഷണമുതല്‍ തിരിച്ചേല്‍പിക്കല്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളില്‍ അതിക്രമം കാണിക്കുന്നത് ശരീഅത്ത് വിരോധിച്ചു. അനര്‍ഹമായ മുതല്‍ സ്വന്തമാക്കുന്നതിനാലാണ് പലിശയിടപാട് നിഷിദ്ധമാക്കിയിട്ടുള്ളത്.

2).നിവര്‍ത്തിക്കപ്പെടല്‍ ആവശ്യമായിട്ടുള്ളവ:

മനുഷ്യ ജീവിതത്തില്‍ ഇടുക്കവും പ്രയാസവും നീങ്ങി വിശാലത കൈവരാന്‍ ആവശ്യമായിട്ടുള്ളതെന്തോ അവയാണ് ആവശ്യങ്ങളെന്ന ഈ ഗണത്തില്‍ പെടുന്നത്. ഇവ പരിഗണിക്കപ്പെടാത്ത പക്ഷം അല്‍പം ഞെരുക്കവും ബുദ്ധിമുട്ടും നിലനില്‍ക്കുമെന്നതല്ലാതെ ദുരിതങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കപ്പെടുകയില്ല. ഇവ ആരാധനകളിലും ശീലങ്ങളിലും(ആദത്ത്)  ഇടപാടുകളിലും ശിക്ഷാനടപടികളിലും കാണാവുന്നതാണ്.

ആരാധനകളില്‍:

യാത്ര കാരണമോ രോഗം കാരണമോ നമസ്കാരം ലഘൂകരിക്കാനുള്ള അല്ലാഹുവിന്റെ നിയമം, രോഗിക്കും യാത്രക്കാരനും റമദാന്‍ മാസം നോമ്പനുഷ്ഠിക്കുന്നതില്‍ ഇളവ്, ഇത്തരം അവസ്ഥകളില്‍ ഇളവ് കൈക്കൊള്ളുന്ന പക്ഷം പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു.

ശീലങ്ങളില്‍:

ഭക്ഷിക്കല്‍ അനുവദനീയമായിട്ടുള്ള ജീവികളെ വേട്ടയാടി കൈവശപ്പെടുത്താന്‍ ശരീഅത്ത് അനുവദിക്കുന്നുണ്ട്. ഇത് എല്ലായ്പ്പോഴും അനിവാര്യമാകുകയില്ല, എന്നാല്‍ മനുഷ്യ പ്രകൃതിയുടെ ആവശ്യമായിത്തീരാറുണ്ട്.

ഇടപാടുകളില്‍:

അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടിയല്ലാതെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടിയും കടം വാങ്ങുന്നത് ശരീഅത്ത് അനുവദിച്ചിട്ടുള്ളത് മനുഷ്യന്റെ ആവശ്യങ്ങളെ പരിഗണിച്ചാണ്. വലിയ്യിന് തന്റെ അധികാരത്തിലുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിച്ചു കൊടുക്കാവുന്നതാണ്-അനുയോജ്യമായ ഒരു വരനെ കണ്ടെത്തുകയും ശേഷം ഇപ്പോള്‍ വിവാഹം നടന്നില്ലെങ്കില്‍ അയാളെ നഷ്ടപ്പെടുമെന്ന് ഭയക്കുകയും ചെയ്താല്‍-എന്ന നിയമവും ഇത്തരുണത്തില്‍ പ്രസക്തമാണ്.

ശിക്ഷാനടപടികള്‍:

ശിക്ഷാനടപടികളിലെ പൊതു നിയമങ്ങള്‍ക്ക് അപവാദമായി ആവശ്യങ്ങള്‍ പരിഗണിച്ച് ശിക്ഷാനടപടി സ്വീകരിക്കാറുണ്ട്. മനഃപൂര്‍വമല്ലാതെ കൊലനടത്തിയതിന് നഷ്ടപരിഹാരം (ദിയ) ചുമത്തല്‍ ഉദാഹരണം. പൊതുനിയമത്തിലാകട്ടെ, മനഃപൂര്‍വമുള്ള കൊല മാത്രമേ ശിക്ഷയ്ക്കു കാരണമാകൂ.

3).പരിപൂര്‍ണതയ്ക്കായി നിവര്‍ത്തിക്കപ്പെടേണ്ടവ:

ആവശ്യങ്ങളുടെ കൂട്ടത്തിലും അനിവാര്യതകളുടെ കൂട്ടത്തിലും പെടാത്ത, എന്നാല്‍ അവയെല്ലാം ഭംഗിയായും പരിപൂര്‍ണമായും നിര്‍വഹിക്കുന്നതിനു വേണ്ടിവരുന്ന സംഗതികളാണ്  ഈ ഗണത്തില്‍ പെടുന്നത്. ആരാധനകളിലും ശീലങ്ങളിലും (ആദത്ത്) ഇടപാടുകളിലും ശിക്ഷാനടപടികളിലും ഇവ പരിഗണിക്കപ്പെട്ടിട്ടുണ്ട്.

ആരാധനകളില്‍:

നജസ് (മാലിന്യം) നീക്കം ചെയ്യല്‍, നിര്‍ബന്ധമായ എല്ലാ ശുദ്ധികളും, ഔറത്ത് മറക്കല്‍, ദാനധര്‍മങ്ങള്‍, ഐച്ഛിക നമസ്കാരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

ശീലങ്ങളില്‍:

ഭക്ഷണപാനീയ മര്യാദകള്‍ പാലിക്കല്‍ പോലുള്ള സത്സ്വഭാവങ്ങള്‍ ഇതില്‍ പെടുന്നു.

ഇടപാടുകളില്‍:

അടിമയുടെ സാക്ഷ്യം ദുര്‍ബലപ്പെടുത്തിയുള്ള ശരീഅത്തുനിയമം ഏറ്റവും മുന്‍ഗണന ലഭിക്കുന്ന സാക്ഷ്യമാകുക എന്നത് പരിഗണിച്ചാണ്. സ്ത്രീകള്‍ക്ക് വിലായത്തി (രക്ഷാകര്‍തൃത്വം) നുള്ള അധികാരം നല്‍കാതിരുന്നത് വിവാഹത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടാത്തതു കൊണ്ടല്ല. ഏറ്റവും കാര്യക്ഷമമായി അതു നിര്‍വഹിക്കാന്‍ പുരുഷനേ കഴിയൂ എന്നതിനാലാണ്.

ശിക്ഷാനടപടികളില്‍:

യുദ്ധത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, പുരോഹിതന്മാ എന്നിവരെ വധിക്കരുതെന്ന് ശരീഅത്ത് അനുശാസിക്കുന്നു. ശത്രുതയുള്ളവരാണെങ്കില്‍പ്പോലും മാനുഷിക മൂല്യങ്ങളില്‍ ഊന്നി നില്‍ക്കുന്ന സഹവര്‍ത്തിത്ത്വമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.

ഇജ്തിഹാദുല്‍ മഖാസ്വിദ്:

കര്‍മശാസ്ത്ര ഗവേഷണത്തില്‍ ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ പ്രയോഗവല്‍ക്കരിക്കുന്നതിനാണ് ഇജ്തിഹാദുല്‍ മഖാസ്വിദ് എന്നു പറയുന്നത്. അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിക്കുന്ന പൊതുതത്വങ്ങളാണ് ഇവ്വിഷയകമായി അവലംബിക്കാറുള്ളത്. ഈ പൊതുതത്വങ്ങള്‍ അല്‍ ഖവാഇദുല്‍ കുല്ലിയ്യഃ എന്നറിയപ്പെടുന്നു. الضرر يزال (ഉപദ്രവം നീക്കപ്പെടേണ്ടതാണ്), الضرورات تبيح المحظورات  (നിര്‍ബന്ധിതാവസ്ഥ നിരോധത്തെ അനുവദനീയമാക്കുന്നു) തുടങ്ങിയവ പൊതുതത്വങ്ങള്‍ക്കുദാഹരണങ്ങളാണ്. പൊതുതത്വങ്ങളെല്ലാം തന്നെ ഖണ്ഡിതമായ പ്രമാണങ്ങളില്‍ വന്നിട്ടുള്ള ശരീഅത്തു വിധികളില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്തെടുത്തവയാണ്.

ഇജ്തിഹാദുല്‍ മഖാസ്വിദിന്റെ പ്രാമാണികത:

ഇസ്ലാമിക ശരീഅത്തിന്റെ പ്രഥമ അടിസ്ഥാനമായ പരിശുദ്ധ ഖുര്‍ആന്‍, ഏറ്റവും ഉത്കൃഷ്ടമായ ലക്ഷ്യവും ഉത്തമമായ ഉദ്ദേശ്യവും പൂര്‍ത്തീകരിക്കുന്നതിനാണ് നിയമമാക്കപ്പെട്ടിട്ടുള്ളത്. അതാവട്ടെ, ആദ്യാവസാനം നിയമനിര്‍മാണത്തില്‍ മനുഷ്യനന്മയെയും അവയ്ക്കുള്ള ഗുണഫലത്തെയുമാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. വേദഗ്രന്ഥം അവതരിച്ചതിന്റെയും പ്രവാചകന്‍ നിയോഗിതനായി ആദര്‍ശവിശ്വാസങ്ങള്‍ വിശദീകരിച്ചതിന്റെയും പ്രതിഫലം വാഗ്ദാനം  ചെയ്തതിന്റെയുമൊക്കെ സാക്ഷാല്‍ ലക്ഷ്യം മനുഷ്യനന്മയുടെ ഉച്ഛസ്ഥായിയായ, അല്ലാഹുവിനുള്ള ഇബാദത്തിലേക്ക് അവരെ എത്തിക്കുക എന്നതായിരുന്നു.

ശരീഅത്തിന്റെ രണ്ടാമത്തെ അടിസ്ഥാനമായ തിരുസുന്നത്ത് മനുഷ്യര്‍ക്കുള്ള ഗുണഫലമാണ് നിയമനിര്‍മാണത്തില്‍ പരിഗണിച്ചതെന്ന് കാണാന്‍ കഴിയും. “സ്വയം പീഡനമോ പരപീഡനമോ പാടില്ല” എന്ന പ്രവാചക വചനം ഇവിടെ സ്മരണീയമാണ്. ആയിശ (റ)യില്‍ നിന്നുള്ള മറ്റൊരു നിവേദനം ഇങ്ങനെ: “രണ്ട് കാര്യങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ അതില്‍ ഏറ്റവും എളുപ്പമുള്ളതായിരുന്നു റസൂല്‍(സ) തെരഞ്ഞെടുക്കാറുണ്ടായിരുന്നത്”.

സ്വഹാബികള്‍ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ അറിയുകയും അവരുടെ ഖിലാഫത്തിന്റെ കാലഘട്ടത്തില്‍ നിയമനിര്‍മാണത്തില്‍ അവ പരിഗണിക്കുകയും ചെയ്തിരുന്നു. സ്വഹാബികള്‍ പലപ്പോഴും നബി(സ) ആവശ്യപ്പെടുന്ന കാര്യങ്ങള്‍ വഹ്യ് ആണോ അതോ നബി(സ) സ്വന്തം നിലക്ക് പറയുന്നതാണോ എന്ന് അന്വേഷിക്കാറുണ്ടായിരുന്നു. വഹ്യ് ആണെങ്കില്‍ അതേപടി പകര്‍ത്തുകയും നബിയുടെ സ്വന്തം അഭിപ്രായമാണെങ്കില്‍ ആ വിഷയത്തില്‍ തങ്ങളുടെ കൂടി അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നത് കാര്യങ്ങളുടെ അടിസ്ഥാനലക്ഷ്യം പരിഗണിച്ചായിരുന്നു. സാഹചര്യങ്ങളുടെ മാറ്റമനുസരിച്ച് ഈ ലക്ഷ്യങ്ങളുടെയും മാറ്റം അവര്‍ ഉള്‍ക്കൊണ്ടു. മുര്‍തദ്ദുകളോടുള്ള യുദ്ധം, മുത്ത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ ഒന്നാം ഖലീഫ അബൂബക്റി(റ)ന്റെയും രണ്ടാം ഖലീഫ ഉമറി(റ)ന്റെയും തീരുമാനങ്ങള്‍ ഇവ്വിധം മനസ്സിലാക്കാവുന്നതാണ്.

ഇജ്തിഹാദുല്‍ മഖാസ്വിദും ആധുനിക പണ്ഡിതരും

ഇബ്നു ആശൂര്‍, മുഹമ്മദ് ത്വാഹിര്‍ തുടങ്ങിയ ആധുനിക പണ്ഡിതന്മാര്‍ ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ അവയുടെ പ്രാധാന്യം പരിഗണിച്ച് ‘പൊതുവായ ലക്ഷ്യങ്ങള്‍’, ‘സവിശേഷ ലക്ഷ്യങ്ങള്‍’, ‘ഭാഗിക ലക്ഷ്യങ്ങള്‍’ എന്നിങ്ങനെ വര്‍ഗീകരിച്ചിട്ടുണ്ട്. മാനവിക മൂല്യങ്ങളായ സ്വാതന്ത്യ്രം, നീതി തുടങ്ങി നിയമനിര്‍മാണത്തിന്റെ എല്ലാ വശങ്ങളിലും പരിഗണിക്കേണ്ടുന്നവയാണ് പൊതുവായ ലക്ഷ്യങ്ങള്‍. പൂര്‍വിക പണ്ഡിതര്‍ അനിവാര്യതകളായി എണ്ണിയ ദീന്‍, ജീവന്‍, ബുദ്ധി, തലമുറ, സമ്പത്ത് എന്നിവയുടെ സംരക്ഷണവും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

നിയമനിര്‍മാണത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ മാത്രം ബാധകമാക്കേണ്ടുന്നവയാണ് സവിശേഷ ലക്ഷ്യങ്ങള്‍. കുടുംബ നിയമങ്ങളുടെ രൂപീകരണത്തില്‍ സ്ത്രീകളുടെ പ്രയാസങ്ങള്‍ ദുരീകരിക്കലും ശിക്ഷാവിധികളുടെ കാര്യത്തില്‍ ഭയപ്പെടുത്തലും സാമ്പത്തിക ഇടപാടുകളില്‍ വഞ്ചന തടയലും സവിശേഷ ലക്ഷ്യങ്ങളില്‍ പെടുന്നു. സാക്ഷ്യം സ്വീകരിക്കുമ്പോള്‍ സാക്ഷികളുടെ സത്യസന്ധത, സ്വഭാവം ഇത്യാദി ഭാഗികമായ പരിഗണനകളാണ് ഭാഗിക ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ എണ്ണുന്നത്.

ശരീഅത്തിന്റെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങള്‍:

ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ത്തന്നെ അതിലേക്കുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ടതുണ്ട്. കാരണം പ്രസ്തുത മാര്‍ഗങ്ങളും ശരീഅത്തിന്റെ ഭാഗം തന്നെയാണ്. അതിനാല്‍ ലക്ഷ്യങ്ങളെ മാത്രം മുന്‍നിര്‍ത്തി തോന്നിയതു പോലുള്ള നിയമനിര്‍മാണം സാധ്യമല്ല. ശരീഅത്തിന്റെ ലക്ഷ്യം സാക്ഷാല്‍കരിക്കാനുള്ള മാര്‍ഗങ്ങളെ രണ്ടായി തിരിക്കാം.

ഒന്ന്; മാറ്റത്തിന് വിധേയമല്ലാത്ത മാര്‍ഗം:

നിയമദാതാവ് (ശാരിഅ്) ഒരു നിശ്ചിത ലക്ഷ്യത്തിനുവേണ്ടി ക്ളിപ്തമായി നിര്‍ണയിച്ചിട്ടുള്ള മാര്‍ഗമാണിത്. ഈ ലക്ഷ്യത്തിനായി മറ്റൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ ആര്‍ക്കും സ്വാതന്ത്യ്രം ഉണ്ടായിരിക്കില്ല. അഥവാ, മറ്റൊരു മാര്‍ഗം സ്വീകരിച്ചാല്‍ത്തന്നെ പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയില്ല. ഉദാ: ഇബാദത്തുകളുടെ രീതിയും വിശദാംശങ്ങളും, ശുദ്ധി മുതലായവ.

രണ്ട്; മാറ്റത്തിനു വിധേയമാകുന്ന മാര്‍ഗം:

അടിസ്ഥാനപ്രമാണങ്ങളില്‍ ഖണ്ഡിതമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലാത്തതും വ്യാഖ്യാനത്തിന് സാധുത നല്‍കി പരാമര്‍ശിക്കപ്പെട്ടിട്ടുമുള്ള മാര്‍ഗങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇവ സാഹചര്യങ്ങളും മറ്റു ഭൌതിക അവസ്ഥകളും അനുസരിച്ച് മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതായിരിക്കും. ലഘു ശിക്ഷാനടപടികള്‍ ഉദാഹരണമാണ്.

ഇസ്ലാമിക ശരീഅത്തിന്റെ വികാസക്ഷമതയാണ് അതിന്റെ സാര്‍വലൌകികതയ്ക്ക് നിദാനം. യഥാര്‍ഥലക്ഷ്യങ്ങള്‍ക്കൊത്ത് ശരീഅത്തിനെ വികസിപ്പിക്കാന്‍ ഓരോ കാലഘട്ടത്തിലേയും മുജ്തഹിദുകള്‍ക്ക് സാധിക്കുമ്പോള്‍ മാത്രമേ അതതു കാലത്ത് ഇസ്ലാമിക ശരീഅത്ത് പൂര്‍ണത കൈവരിക്കൂ.

അവലംബം:

1) അല്‍ മഖാസ്വിദുശ്ശറഇയ്യഃ വല്‍ ഖവാഇദുല്‍ ഫിഖ്ഹിയ്യഃ

2) അല്‍ മുവാഫഖാത്ത്-ഇമാം ശാത്വിബി

3) ഫിഖ്ഹുല്‍ മഖാസ്വിദ്-ജാസിര്‍ ഔദ

4) നള്രിയ്യത്തുല്‍ ഇമാം അശ്ശാത്വിബി

Topics