ഞാനറിഞ്ഞ ഇസ്‌ലാം

ഇസ്ലാമികവസ്ത്രത്തില്‍ ഞാനനുഭവിക്കുന്നത് സുരക്ഷിതത്വവും അന്തസ്സും: ആസ്വിമ അന്നാ സോഫിക്

1982ല്‍ തന്റെ 27ാമത്തെ വയസ്സില്‍ ഇസ്ലാം സ്വീകരിച്ച നോര്‍വീജിയന്‍ വനിതയാണ് ആസ്വിമ. തന്റെ മുസ്ലിം സൗഹൃദവൃത്തത്തില്‍ വിളിക്കപ്പെടുന്നത് ആസ്വിമ എന്ന പേരിലാണെങ്കിലും അവരുടെ ഔദ്യോഗിക നാമം ഇപ്പോഴും അന്നാ സോഫിക് റൊണാള്‍ഡ് എന്നു തന്നെയാണ്. തന്റെ ഇസ്ലാം ആശ്‌ളേഷണത്തെക്കുറിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം.

‘1954 ആഗസ്ത് 2ന് നോര്‍വീജിയന്‍ നഗരമായ അലസാര്‍ഡിലാണ് എന്റെ ജനനം. എന്റേത് ഒരു മധ്യവര്‍ഗ കുടുംബമായിരുന്നുവെങ്കിലും മാതാമഹനും പിതാമഹനും വലിയ പ്രഭുക്കളായിരുന്നു. എന്റെ മാതാപിതാക്കള്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണ്. ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന വല്യമ്മ മതഭക്തയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും വ്യവസ്ഥാപിതമായി പള്ളിയില്‍ പോകുകയും മറ്റു മതപരമായ പരിപാടികളില്‍ ഭക്തിപൂര്‍വം പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രൊട്ടസ്‌റന്റ് വിഭാഗവുമായിട്ടായിരുന്നു അവരുടെ ബന്ധം.

അമ്മയും ഒരു പരിധിവരെ മതഭക്തയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ അവരെന്നെ സണ്‍ഡേ സ്‌കൂളില്‍ അയച്ചു. ഇപ്രകാരം മതപരമായും ഭൌതികമായും എന്റെ കുടുംബ പശ്ചാത്തലം എറക്കുറെ ഭദ്രമായിരുന്നു.

തെക്കന്‍ സ്വീഡനിലെ ലുന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മതങ്ങളുടെ ചരിത്രത്തിലും താരതമ്യപഠനത്തിലും ഡോക്ടറേറ്റ് നേടിയ ഞാന്‍ ഇപ്പോള്‍ ഒരു സെക്കന്ററി സ്‌കൂളില്‍ അധ്യാപികയാണ്.
നോര്‍വെയിലെ ഓസ്ലോ സര്‍വകലാശാലയില്‍ ഒരു മതതാരതമ്യ പരിപാടിയില്‍ പങ്കെടുക്കവെ 1981ലാണ് ഞാന്‍ ആദ്യമായി ഇസ്ലാമിനെ പരിചയപ്പെട്ടത്. ഇസ്ലാമിനെക്കുറിച്ച് ആദ്യം വായിച്ച കൃതികളെല്ലാം ഇതരമതസ്ഥര്‍ രചിച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ല പ്രതികരണമല്ല അതെന്നിലുണ്ടാക്കിയത്. പിന്നീട് ഗവേഷണത്തിന്റെ ഭാഗമായി മുസ്ലിം എഴുത്തുകാരുടെ ഏതാനും ഗ്രന്ഥങ്ങള്‍ വായിച്ചപ്പോഴാണ് ശരിയായ ചിത്രം മുമ്പില്‍ വന്നത്. ഇത്തരത്തില്‍ ഞാന്‍ വായിച്ച ആദ്യ ഗ്രന്ഥം മൌലാനാ മൌദൂദിയുടെ Towards Understanding Islamന്റെ നോര്‍വീജിയന്‍ പരിഭാഷയാണ്. അതിനുശേഷം സയ്യിദ് ഖുത്വ്ബിന്റെ The Religion of Future വായിച്ചു. ഈ രണ്ടു കൃതികളും എന്നെ അഗാധമായി സ്വാധീനിക്കുകയും ഇസ്ലാമിനെക്കുറിച്ച് എന്റെ മനസ്സില്‍ വ്യക്തത കൈവരികയും ചെയ്തു.

എല്ലാ വ്യക്തികളും ജന്മനാ തന്നെ സര്‍ക്കാര്‍ ചര്‍ച്ചില്‍ അംഗമാകുക എന്നത് നോര്‍വെയുടെ ദേശീയപാരമ്പര്യത്തിന്റെ ഭാഗമാണ്. ഇങ്ങനെ അംഗങ്ങളാകുന്നവരില്‍ ഭൂരിപക്ഷത്തിനും മതത്തിലോ ദൈവത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം. എങ്കിലും 95 ശതമാനം പേരും ഔദ്യോഗികമായി പരമ്പരാഗത ചര്‍ച്ചുകളുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ, എനിക്ക് ഈ കാപട്യത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ 1972ല്‍ 17ാം വയസ്സില്‍ ഞാന്‍ ബന്ധപ്പെട്ട ഓഫീസില്‍ ചെന്ന് ചര്‍ച്ചിലെ തന്റെ അംഗത്വം റദ്ദ് ചെയ്യിപ്പിച്ചു. 17 വയസ്സായാല്‍ അപ്രകാരം ചെയ്യാന്‍ നിയമപരമായി അനുവാദമുണ്ടായിരുന്നു. ചര്‍ച്ചിന്റെ പ്രവര്‍ത്തനം മൂന്നാംലോക രാജ്യങ്ങള്‍ക്കും അവിടത്തെ ദരിദ്ര ജനതക്കുമെതിരായ ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നതാണ് അങ്ങനെ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ചര്‍ച്ച് യഥാര്‍ഥത്തില്‍ മതത്തിന്റെ മേല്‍ക്കുപ്പായത്തില്‍ വര്‍ണപരവും വംശീയവുമായ പക്ഷപാതത്തിന്റെ വക്താക്കളായിരുന്നു. അതിനാല്‍ അതുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കലാണ് കരണീയമെന്ന് ഞാന്‍ മനസ്സിലാക്കി. അതുപോലെ ക്രിസ്തുമതത്തിന്റെ എതെങ്കിലും വിശ്വാസം ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്നതായും എനിക്ക് തോന്നിയില്ല. ബുദ്ധിയുള്ള ഒരാളും അംഗീകരിക്കാത്ത, ഊഹാപോഹങ്ങളുടെയും മിത്തുകളുടെയും ഒരു കളിക്കോപ്പ് മാത്രമാണവ.

പത്തുവര്‍ഷത്തോളം മതമില്ലാതെ ജീവിച്ചിട്ടും എന്റെ ദൈവ വിശ്വാസത്തിന് ഇളക്കം തട്ടിയിരുന്നില്ല. എങ്കിലും 1982ല്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ മാത്രമാണ് ദൈവത്തെക്കുറിച്ച യഥാര്‍ഥ ജ്ഞാനം എനിക്ക് സിദ്ധിച്ചത്. ഇസ്ലാം സ്വീകരണവുമായി ബന്ധപ്പെട്ട് മൌലാനാ മൌദൂദിക്കും സയ്യിദ ഖുത്വ്ബിന്നും പുറമെ ഇമാം ഹസനുല്‍ ബന്ന, അല്ലാമാ ഇഖ്ബാല്‍, മുഹമ്മദ് ഗസ്സാലി തുടങ്ങിയവരും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഇസ്ലാം ആശ്‌ളേഷത്തിന്റെ പേരില്‍ എന്റെ മാതാപിതാക്കള്‍ ഒരിക്കലും എന്നെ പ്രയാസപ്പെടുത്തിയില്ല. അവര്‍ക്ക് എന്റെ നിലപാട് നന്നായറിയാമായിരുന്നു. എന്റെ സുഹൃദ്‌വൃന്ദം വളരെ വിശാലമായിരുന്നു. ഞാന്‍ മുസ്ലിമായ വിവരം അറിഞ്ഞപ്പോള്‍ അവര്‍ക്കത് വലിയ ആഘാതമായി. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തവും അബദ്ധവുമാണ് കാണിച്ചതെന്ന് അവരോരുത്തരും എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അവരുമായുള്ള സൗഹൃദം എന്റെ വിശ്വാസത്തിനും ജീവിതരീതിക്കും ഹാനികരമായിത്തീരുമെന്ന് മനസ്സിലായപ്പോള്‍ ഒരു നിമിഷം പോലും അറച്ചു നില്‍ക്കാതെ അവരുമായുള്ള ബന്ധം ഞാന്‍ വിച്ഛേദിച്ചു. ഇപ്രകാരം കുറച്ച് കാലത്തിനകം ഞാന്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു. എല്ലാ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ഒറ്റപ്പെടലും എതിര്‍പ്പും എന്നെ തളര്‍ത്തുകയോ നിലപാടുകളില്‍ നിന്ന് പിറകോട്ടടിപ്പിക്കുകയോ ചെയ്തില്ല. തദ്ഫലമായി അല്‍പകാലത്തിനകം വീടിന് പുറത്തുള്ള എല്ലാ എതിര്‍പ്പുകളും കെട്ടടങ്ങി.

പര്‍ദ ധരിക്കാന്‍ തുടങ്ങിയെന്നതാണ് ഇസ്ലാം എന്റെ ജീവിതത്തിലുണ്ടാക്കിയ ആദ്യത്തെ മാറ്റം. സ്വന്തം നാട്ടിലും സമൂഹത്തിലും ഞാന്‍ അന്യയാകാന്‍ അത് കാരണമായി. പലരും എന്നെ ഏതോ വിചിത്ര ജീവിയെപ്പോലെയാണ് നോക്കിയത്. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഈ സ്ഥിതിയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഞാനെന്റെ ഇസ്ലാമിക വസ്ത്രത്തില്‍ കൂടുതല്‍ സുരക്ഷിതത്വവും അന്തസ്സുമാണ് അനുഭവിക്കുന്നത്. പൊതുജനങ്ങളും എന്നെ വളരെയധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഈ മാറ്റം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും സഹായവുമാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അല്ലാഹുവുമായുള്ള ബന്ധവും അവനുള്ള ആരാധനയും ജീവിതത്തെ ശുഭകരവും വിപഌകരവുമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു. ഇസ്ലാം ആശ്‌ളേഷം ജീവിതത്തിലുണ്ടാക്കിയ ശാന്തിയും ലക്ഷ്യബോധവും പൂര്‍വകാല ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും പുതിയതായിരുന്നു.

ക്രിസ്തുമതം യഥാര്‍ഥത്തില്‍ ഒരു ഞായറാഴ്ചമതമാണ്. അത് മതത്തെ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നേരിയ തോതില്‍ പോലും സ്പര്‍ശിക്കാത്ത വിധം ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കയാണ്. നേരെ മറിച്ച് ഇസ്ലാമിന്റെ ബന്ധം 24 മണിക്കൂറിലേറെയും മനുഷ്യജീവിതവുമായാണ്. എല്ലാ ജീവിതമണ്ഡലത്തിനു വേണ്ടിയും അത് മാര്‍ഗനിര്‍ദേശകതത്ത്വം അവതരിപ്പിച്ചിട്ടുണ്ട്.

ജീവനില്ലാത്ത ആത്മീയത ആന്തരവത്കരിച്ച ഒരു മതമാണ് ക്രിസ്തുമതം. എന്നാല്‍, ഇസ്ലാമിന്റെ ഓരോ അധ്യാപനങ്ങളും ബുദ്ധിക്കും സാമാന്യബോധത്തിനും അനുഗുണവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാണ്. എത് ചുറ്റുപാടിലും സാഹചര്യത്തിലും അത് പ്രയോഗക്ഷമവുമാണ്.

പാശ്ചാത്യലോകത്തിന്റെ ഏറ്റവും വലിയ ദുരന്തം ലൈംഗിക രംഗത്തെ മൂല്യരാഹിത്യമാണ്. രാഷ്ട്രീയസാമൂഹിക മണ്ഡലങ്ങളിലും ധാര്‍മിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കപ്പെടുന്നില്ല. മൂന്നാംലോക രാജ്യങ്ങളുമായുള്ള പാശ്ചാത്യ സമീപനം ഈ മൂല്യരാഹിത്യത്തിന്റെ പ്രകടമായ തെളിവാണ്. പാശ്ചാത്യ ലോകത്തിന്റെ മറ്റൊരു പ്രധാന പോരായ്മ സ്വാര്‍ഥപരമായ അവരുടെ പ്രവര്‍ത്തന രീതിയാണ്. കുടുംബം മുതല്‍ അന്തര്‍ദേശീയ തലത്തില്‍ വരെ എല്ലായിടത്തും സ്വാര്‍ഥത പ്രകടമാണ്. ഇന്ന് മൂന്നാം ലോകത്തെ ജനത അഭിമുഖീകരിക്കുന്ന മിക്കവാറും പ്രശ്‌നങ്ങളുടെ ഉത്തരവാദി പാശ്ചാത്യലോകത്തിന്റെ ഈ സ്വാര്‍ഥതയാണെന്ന് കാണാം. സാമ്പത്തികവും രാഷ്ട്രീയവും ധാര്‍മികവുമായ പ്രശ്‌നങ്ങളില്‍ യൂറോപ്പിന്റെ സ്വാര്‍ഥപരവും ദയാശൂന്യവുമായ നിലപാടുകളാണ് ഇന്ന് മൂന്നാം ലോക രാജ്യത്തെ പിന്നോക്കാവസ്ഥയില്‍ തള്ളിയിരിക്കുന്നത്.

യൂറോപ്പിന്റെ ധൈഷണികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ പോരായ്മകളിലൊന്ന് ശക്തവും ഭദ്രവുമായ ഒരു തത്ത്വശാസ്ത്രത്തിന്റെ അഭാവമാണ്. ഒരു ദര്‍ശനം പരിചയപ്പെട്ടാല്‍ പത്തിരുപത് വര്‍ഷം അതിന് നല്ല സ്വീകാര്യത ലഭിക്കുന്നു. പക്ഷേ, പിന്നീട് അഗണ്യകോടിയില്‍ തള്ളപ്പെടുന്നു. തല്‍സ്ഥാനത്ത് മറ്റെന്തെങ്കിലും പുതിയ ദര്‍ശനങ്ങള്‍ക്ക് പ്രഭാവം ലഭിക്കുന്നു. യൂറോപ്പ് കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിലായി സംശയങ്ങളുടെയും സന്ദേഹങ്ങളുടെയും ഇരുട്ടിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ഇതിന് വിരുദ്ധമായി ഇസ്ലാമിന്റെ സാമൂഹികസാമ്പത്തിക നൈതികരാഷ്ട്രീയസാംസ്‌കാരിക വ്യവസ്ഥയുടെ അടിത്തറ സ്ഥിതി ചെയ്യുന്നത് നീതിയിലും പരക്ഷേമ തല്‍പരതയിലുമാണ്. ശാശ്വതവും സാര്‍വലൗകികവുമാണത്. എല്ലാ കാലഘട്ടത്തിന്റെയും ചരിത്രാവസ്ഥകളുടെയും താല്‍പര്യങ്ങള്‍ക്ക് അനുഗുണവുമാണത്. ദൗര്‍ഭാഗ്യവശാല്‍ ഇസ്ലാമിക ലോകത്ത് ഇന്ന് സാമൂഹിക നീതിയുടെ നില വളരെ പരിതാപകരമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നിരുന്നാലും ഇസ്ലാമിന്റെ അനുഗ്രഹങ്ങളുടെ മിന്നലാട്ടങ്ങള്‍ ഇസ്ലാമിക ലോകത്തുടനീളം ഇന്നും പ്രകടമാണ്.

സ്വേച്ഛാധിപത്യത്തെയും ബലാല്‍ക്കാരത്തെയും വെറുക്കുന്ന ഇസ്ലാമിക പാഠവും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാത്ത ഇസ്ലാം സൃഷ്ടിച്ച മാനസികാവസ്ഥയും എന്നെ ഏറെ സ്വാധീനിച്ചു. അല്ലാഹുവിനെ മാത്രം ഭയപ്പെടാനാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. ഏതവസ്ഥയിലും ദൈവിക നിയമങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിന്റെ ഈ അധ്യാപനങ്ങള്‍ യഥാര്‍ഥ മനുഷ്യസ്വാതന്ത്യ്രത്തിന്റെ ശോഭനമായ ഒരു ചാര്‍ട്ടറാണ്. ഇസ്ലാമിക ലോകം ഈ തത്ത്വത്തെ മുറുകെ പിടിച്ചിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായേനെ.

എന്റെ അഭിപ്രായത്തില്‍ ലോകത്ത് ഇസ്ലാമിക പ്രബോധനം നടത്തേണ്ടത് ധാര്‍മികവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഉദാഹരണത്തിന് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രൂപ്പുകളുണ്ടാക്കി അവരെ പിന്നാക്ക പ്രദേശങ്ങളിലേക്ക് നിയോഗിക്കുകയും അവിടെ പ്രയോഗതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക. ആളൂകളെ വൃത്തിയുടെയും ശുചിത്വത്തിത്തിയും തത്ത്വങ്ങള്‍ പഠിപ്പിക്കുകയും അവരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും. വിദ്യാസമ്പന്നരും മതഭക്തരുമായ സ്തീകള്‍ക്ക് ദരിദ്ര സ്തീകളെ പല തരത്തില്‍ സമുദ്ധരിക്കാന്‍ കഴിയും.

പ്രബോധന പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക സഹകരണത്തിലൂടെയാണ്. അതിലൂടെ സാധാരണ മനുഷ്യരുടെ മനസ്സുകള്‍ വിശാലമാകുകയും അജ്ഞതയില്‍ നിന്നും സങ്കുചിതത്വത്തില്‍ നിന്നും മോചനം നേടാനുള്ള വഴി അവര്‍ക്ക് മുമ്പില്‍ തെളിഞ്ഞ് കിട്ടുകയും ചെയ്യും. സാധാരണക്കാര്‍ ദാരിദ്ര്യത്തിലും മലിനമായ ചുറ്റുപാടിലും നിസ്സഹായ ജീവിതം നയിക്കുയാണെങ്കില്‍ ഇസ്ലാമിന്റെ സൌന്ദര്യം പൂര്‍ണമായും അവര്‍ക്കെങ്ങനെ മനസ്സിലാക്കാനാകും!

അഭ്യസ്തവിദ്യര്‍ക്കിടയിലെ പ്രബോധന ശൈലി ഇതില്‍നിന്ന് വ്യത്യസ്തവും ആകര്‍ഷകവുമായിരിക്കണം. അവര്‍ക്ക് മുമ്പില്‍ വിലക്കുകളുടെ പട്ടിക മാത്രം അവതരിപ്പിക്കരുത്. തീവ്രതയില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രയാസത്തിനു പകരം എളുപ്പത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ പരിഗണന നല്‍കണം. ഇസ്ലാമിക അധ്യാപനങ്ങള്‍ വിവരിച്ചുകൊടുക്കുമ്പോള്‍ ആദ്യം തന്നെ മുഖം മൂടുന്ന പര്‍ദ, സ്‌കാര്‍ഫ്, പൂര്‍ണമായി മറക്കുന്ന വസ്ത്രം എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കരുത്. ആരാധനയെക്കുറിച്ച് പറയുമ്പോള്‍ നിര്‍ബന്ധ കാര്യങ്ങളെക്കുറിച്ച് മാത്രം പറയുക. സുന്നത്തുകള്‍ക്ക് ഊന്നല്‍ നല്‍കേണ്ട ആവശ്യമില്ല. പൂര്‍ണമായും ഇസ്ലാമില്‍ വന്നതിനു ശേഷം അവര്‍ സ്വയം സന്ദര്‍ഭാനുസാരം അതെല്ലാം സ്വീകരിക്കുമെന്ന് വെക്കുന്നതാണ് ഉചിതം.

നാം എത്ര തന്നെ ഉന്നത വിദ്യാഭ്യാസമുള്ളവനോ സാമ്പത്തിക ശേഷിയുള്ളവനോ ആയിരുന്നാലും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യം, നമ്മുടെ നിലപാടുകളില്‍ അഹന്തയുടെയോ ഔദ്ധത്യത്തിന്റെയോ പ്രകാശനം ഉണ്ടായിക്കൂടാ എന്നതാണ്. അല്ലാഹു നമ്മെ മഹത്തായ ഒരു ഉത്തരവാദിത്വത്തിനാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതില്‍ നാം അല്ലാഹുവിനോട് നന്ദിയുള്ളവരാകണം. അതിന്റെ സന്ദര്‍ഭങ്ങളെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും നാം ബോധവാന്മാരുമായിരിക്കണം. മതപ്രബോധനം മതപരമായ ബാധ്യതയാണെന്ന കാര്യം നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണം. സ്ത്രീകളെ കൂടുതലായി ഈ രംഗത്ത് സജീവമാക്കാനായിരിക്കണം നമ്മുടെ പരിശ്രമം. കാരണം സ്ത്രീകളിലൂടെയാണ് കൂടുതല്‍ കൂടുതല്‍ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുക. ‘നിങ്ങള്‍ പുരുഷന്മാരെയാണ് പഠിപ്പിക്കുന്നതെങ്കില്‍ അതിന്റെ സ്വാധീനം ആ വ്യക്തിയില്‍ പരിമിതമായിരിക്കും. എന്നാല്‍, ഒരു സ്ത്രീയെയാണ് വിദ്യാസമ്പന്നയാക്കുന്നതെങ്കില്‍ ഒരു കുടുംബത്തിലൊന്നടങ്കം നിങ്ങള്‍ വിജ്ഞാനത്തിന്റെ പ്രകാശം പരത്തുകയാണെ’ന്ന് പറഞ്ഞത് പൂര്‍ണമായും ശരിയാണ്.

ഇസ്ലാം അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കണമെന്നും സാമൂഹിക കാര്യങ്ങളില്‍ അവരെ പങ്കാളികളാക്കണമെന്നുമാണ് എന്റെ നിലപാട്. മുസ്ലിം സ്ത്രീകള്‍ ഇസ്ലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കി അത് പ്രയോഗവത്കരിക്കുന്നില്ലെങ്കില്‍ മുസ്ലിം രാജ്യങ്ങള്‍ക്ക് ശരിയായ അര്‍ഥത്തില്‍ പുരോഗതി പ്രാപിക്കാനാവില്ലെന്നതാണ് വസ്തുത.”

Share

Topics