സാമ്പത്തികം-ലേഖനങ്ങള്‍

ഇബ്‌നു ഖല്‍ദൂനും ആധുനിക സാമ്പത്തികശാസ്ത്രവും

ക്രി. 14-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളും അവക്ക് ആധുനിക സാമ്പത്തികശാസ്ത്രവുമായുള്ള ബന്ധമാണ് ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. ക്രി: 1332-ല്‍ തുണീഷ്യയില്‍ ജനിച്ച ഇബ്‌നു ഖല്‍ദൂന്‍(അബ്ദുറഹ്മാന്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നുഖല്‍ദൂന്‍ അല്‍ ഹദറവി) ക്രി: 1406 -ല്‍ പരലോകം പ്രാപിച്ചു. സാമ്പത്തികശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് യഥാര്‍ഥത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ ആണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘വെല്‍ത് ഓഫ് നേഷന്‍സ്’ പ്രസിദ്ധീകരിക്കുന്നതിനും 370 വര്‍ഷം മുമ്പ് മരിച്ച ഇബ്‌നുഖല്‍ദൂന്റെ പല നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും വെല്‍ത് ഓഫ് നേഷന്‍സിലും കാണാവുന്നതാണ്. ഉല്‍പാദനം , ഉപഭോഗം, പ്രദാനം, ചോദനം, ചെലവ് , ഉപയുക്തത, സ്വതന്ത്രകമ്പോളം തുടങ്ങിയ മേഖലയില്‍ ആഡംസ്മിത്ത് പ്രതിപാദിക്കുന്ന അതേ സിദ്ധാന്തങ്ങള്‍ ഇബ്‌നു ഖല്‍ദൂന്റെ മുഖ്യരചനയായ മുഖദ്ദിമയിലും കാണാം. പ്രധാനപ്പെട്ട ഏതാനും സംഭാവനകള്‍ മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു.

തൊഴില്‍ മൂല്യ സിദ്ധാന്തം(Labour Theory of Value)

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം പെറ്റി (1623-1687), ആഡംസ്മിത്ത് (1723-1790), ഡേവിഡ് റിക്കാര്‍ഡോ(1772-1823), റോബര്‍ട്ട് മാല്‍ത്യൂസ് (1766-1834), മാര്‍ക്‌സ് (1818-1883) എന്നിവര്‍ മൂല്യനിര്‍ണയത്തില്‍ തൊഴില്‍ശക്തിക്കുള്ള പങ്ക് പ്രതിപാദിക്കുന്ന തൊഴില്‍ മൂല്യസിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുണ്ട്. ഏതൊരു സാധനത്തിന്റെയും വിനിമയമൂല്യം അതിലടങ്ങിയ തൊഴില്‍ സമയവും അതിന്റെ വിലയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആഡംസ്മിത്തിന്റെ സിദ്ധാന്തത്തിന്റെ ഉള്ളടക്കം. മാര്‍ക്‌സ് ഒരു പടികൂടി കടന്ന് തൊഴിലാളിയാണ് മൂല്യം സൃഷ്ടിക്കുന്നത് എന്നതിനാല്‍ അത് മുഴുവന്‍ അവര്‍ക്ക് തന്നെ അവകാശപ്പെട്ടതാണ് എന്ന് വാദിക്കുകയും മുതലാളി വര്‍ഗം അതില്‍നിന്ന് ഓഹരിപറ്റുന്നത് ചൂഷണമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് മാര്‍ക്‌സിന്റെ പ്രസിദ്ധമായ മിച്ചമൂല്യ(Suplus Value) സിദ്ധാന്തം. മറ്റുമിക്ക സിദ്ധാന്തങ്ങളും ആശയപരമായി ആഡംസ്മിത്തിന്റേതുമായി യോജിക്കുന്നു. ഇബ്‌നുഖല്‍ദൂന്‍, ആഡംസ്മിത്ത് പരാമര്‍ശിച്ച അതേസ്വഭാവത്തില്‍ മുഖദ്ദിമയില്‍ ഇത് വിവരിക്കുന്നുണ്ട്. ഇവ രണ്ടും താഴെചേര്‍ക്കുന്നു:
‘പണംകൊണ്ട് വാങ്ങാന്‍ കഴിയുന്ന വസ്തുക്കള്‍ തൊഴില്‍ശക്തി ഉപയോഗിച്ചും സ്വന്തമാക്കാം. കാരണം ഏതൊരു സാധനത്തിന്റെയും വിനിമയമൂല്യം അതിലടങ്ങിയ തൊഴില്‍ ശക്തിയുടെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുവസ്തു അത്രതന്നെ തൊഴില്‍ മൂല്യം ഉള്‍പെട്ട മറ്റൊരു വസ്തുവുമായി കൈമാറാം. ഏതൊരു വസ്തുവും അത് വ്യക്തിയുടെതായാലും കൈമാറ്റത്തിനുള്ളതായാലും , അതല്ല ഉപഭോഗവസ്തുവായാലും തൊഴില്‍ മൂല്യം കണക്കാക്കി വാങ്ങാനും വില്‍ക്കാനും കഴിയും. അതിനാല്‍ തൊഴിലാണ് കൈമാറ്റം ചെയ്യുന്ന വസ്തുക്കളുടെ യഥാര്‍ഥ മൂല്യം നിര്‍ണയിക്കുന്നത് ‘(വെല്‍ത് ഓഫ് നേഷന്‍സ്).

‘തൊഴിലാണ് മൂല്യത്തിന്റെ അടിസ്ഥാനം . സമ്പത്ത് ആര്‍ജിക്കാനും മൂലധന സ്വരൂപണത്തിനും അത് കൂടിയേ തീരൂ. ഒരു തൊഴില്‍ ചെയ്യാനുള്ള കഴിവ് സ്വന്തമായുള്ള ഏതൊരാള്‍ക്കും അതുപയോഗിച്ച് കൂടുതല്‍ സമ്പത്ത് ആര്‍ജിക്കാനാകുന്നു. മറ്റുവഴികളിലൂടെയും ധനം നേടാം. എങ്കിലും ലാഭവും വേതനവുമാണ് മുഖ്യവരുമാന സ്രോതസ്സുകള്‍. ഇവ രണ്ടും നിര്‍ണയിക്കപ്പെടുന്നത് തൊഴില്‍ ശക്തിക്കനുസരിച്ചാണ്. അതിനാല്‍ മൂല്യത്തിന്റെ അടിസ്ഥാനവും ഇതുതന്നെ'(മുഖദ്ദിമഃ).

മനുഷ്യാധ്വാനമാണ് എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനം എന്നതിനാല്‍ മനുഷ്യവിഭവശേഷിയും അധ്വാനശേഷിയും കൂടുതലുള്ള രാജ്യത്ത് ഉല്‍പാദനവും അതുവഴി സാമ്പത്തികവളര്‍ച്ചയും വര്‍ധിക്കുമെന്ന് ഇബ്‌നുഖല്‍ദൂന്‍ സ്ഥാപിച്ചു. മടിയന്‍മാരുടെ സമൂഹത്തില്‍ മൂല്യവര്‍ധന കുറയുകയും അതുവഴി വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. അഥവാ സീമാന്ത ഉല്‍പാദനക്ഷമത(Marginal Productivity) വര്‍ധിക്കുമ്പോഴാണ് സമൂഹം സമ്പന്നതയിലേക്ക് കാലെടുത്തുവെക്കുക എന്ന് അദ്ദേഹം പ്രസ്താവിച്ചു. ക്ലാസിക്കല്‍ എക്കണോമിക്‌സിന്റെ അടിസ്ഥാനമായി ആഡംസ്മിത്ത് പ്രതിപാദിച്ചതും ഇതുതന്നെയായിരുന്നു.

വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടാണ് വേതന നിരക്കില്‍ മാറ്റമെന്ന്(Differences in Wages in Different occupations) വിവരിക്കുന്നത് 1817- ല്‍ പ്രസിദ്ധീകരിച്ച റികാര്‍ഡോവിന്റെ ‘പ്രിന്‍സിപ്ള്‍സ് ഓഫ് പൊളിറ്റിക്കല്‍ എക്കണോമി’ എന്ന ഗ്രന്ഥത്തിലാണ്. ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമഃയില്‍ ഇതേ കാരണങ്ങള്‍ തന്നെ വിവരിച്ചതായി കാണാം. കമ്പോളത്തിന്റെ സ്വഭാവം, തൊഴിലാളികളുടെ സാങ്കേതികജ്ഞാനം, സര്‍ക്കാര്‍ നയങ്ങള്‍, തൊഴില്‍ സാഹചര്യങ്ങളിലുള്ള മാറ്റം എന്നീ കാരണങ്ങളാണ് ഇബ്‌നു ഖല്‍ദൂന്‍ നിരത്തുന്നത്. തൊഴിലാളികളുടെ പ്രദാനത്തില്‍ ദീര്‍ഘകാലത്തേക്ക് വരുന്ന വര്‍ധന ഉല്‍പാദനം വര്‍ധിപ്പിക്കാനിടയാക്കും. അത്തരമൊരു സാഹചര്യം ലാഭം കുറയാനിടയാക്കും. അതിനാല്‍ ദീര്‍ഘകാലത്തേക്ക് തൊഴിലാളികളുടെ പ്രദാന വര്‍ധന കണക്കാക്കി സാമ്പത്തികാസൂത്രണം നടത്തണമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നാമേവരും മരിച്ചുപോവുന്നതിനാല്‍, ദീര്‍ഘകാലത്തേക്ക് ആസൂത്രണത്തിന്റെ ആവശ്യമില്ലെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.എം. കെയിന്‍സ് പ്രസ്താവിച്ചിട്ടുള്ളത്.

വിവിധ സ്ഥലങ്ങളിലും രാഷ്ട്രങ്ങളിലും എന്തുകൊണ്ടാണ് ഒരേ തൊഴിലിന് വ്യത്യസ്ത വേതന നിരക്ക് നിലനില്‍ക്കുന്നതെന്ന് ആഡംസ്മിത്ത് വിശകലനം ചെയ്യുന്നുണ്ട്. നഗരങ്ങളുടെ സ്വഭാവം, ജീവിതനിലവാരം, പ്രാദേശികസാമ്പത്തികാവസ്ഥ തുടങ്ങിയവയാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. ഇംഗ്ലണ്ടിനെയും ബംഗാളിനെയുമാണ് അദ്ദേഹം ഉദാഹരിക്കുന്നത്. എന്നാല്‍ മറ്റു രണ്ട് പ്രദേശങ്ങളെ ഉദാഹരിച്ച് ഇ്ബനു ഖല്‍ദൂനും ഇതുതന്നെ വിവരിച്ചിട്ടുണ്ട്. തൊഴില്‍ ശക്തിയാണ് രാഷ്ട്രത്തിന്റെ മൂലധനം . വളര്‍ച്ചയും ജീവിത നിലവാരവും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യാവര്‍ധന അധ്വാനശേഷി വര്‍ധിപ്പിക്കുന്നു. രാജ്യത്തിനത് നേട്ടമായി മാറുന്നു. സ്വതന്ത്രകമ്പോള സംവിധാനം വഴി വ്യക്തികളുടെ സംതൃപ്തിയും രാഷ്ട്രത്തിന്റെ നേട്ടങ്ങളും വര്‍ധിപ്പിക്കാം. ഇതിന്റെയെല്ലാം അടിസ്ഥാനം തൊഴില്‍ശക്തിയാണെന്നും ഇബ്‌നു ഖല്‍ദൂന്‍ വിവരിക്കുന്നു.

മുഹമ്മദ് പാലത്ത്

Topics