സാമ്പത്തികം-ലേഖനങ്ങള്‍

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മേന്‍മ

ഇസ്‌ലാമില്‍ നാണയങ്ങളുടെ അഥവാ കാശിന്റെ കച്ചവടത്തോട് ചേര്‍ന്നാണ് പലിശയുടെ നിഷിദ്ധത കടന്നുവന്നിരിക്കുന്നത്. കറന്‍സിയുടെയോ, നാണയത്തിന്റെയോ കച്ചവടമാണ് പലിശ എന്നത്. അധ്വാനവുമായോ, ഉല്‍പാദനവുമായോ യാതൊരു ബന്ധവുമില്ലാതെ വെറുതെ ലഭിക്കുന്ന ലാഭമാണ് അത്. നാണയവും കറന്‍സിയും ചരക്കിനും മറ്റ് വസ്തുക്കള്‍ക്കുമുള്ള ബദല്‍ മാത്രമാണെന്നും അവ കച്ചവടം ചെയ്യപ്പെടേണ്ട ചരക്കല്ല എന്നുമാണ് ഇസ്‌ലാമിന്റെ തത്ത്വശാസ്ത്രം.

നാണയത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ ഈ നിലപാ് ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ മദ്ഹബുകളിലുംപെട്ട കര്‍മശാസ്ത്രവിശാദരന്മാരും ഏകകണ്ഠമായി അംഗീകരിച്ചതാണ്. ശാഫിഈ മദ്ഹബുകാരനായ ഇമാം അബൂഹാമിദുല്‍ ഗസ്സാലി തന്റെ പ്രശസ്ത ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീനില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്രകാരം പറഞ്ഞിരിക്കുന്നു:

‘മറ്റ് എല്ലാ സമ്പത്തുകളെയും നിയന്ത്രിക്കാനും അവക്കിടയില്‍ മധ്യവര്‍ത്തിയാകുന്നതിനും വേണ്ടിയാണ് അല്ലാഹു നാണയത്തെയും കറന്‍സിയെയും സൃഷ്ടിച്ചത്. അവ മുഖേനയാണ് സമ്പത്ത് കണക്കാക്കപ്പെടുക. അതിനാല്‍ തന്നെ മറ്റ് വസ്തുക്കളെ നിര്‍ണയിക്കാനും, അവയെ നേടിയെടുക്കാനുമുള്ള മാനദണ്ഡമാണ് അവ. അവയെ സ്വയം മറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവതല്ല. അവ കച്ചവടം ചെയ്യപ്പെടാവതല്ല. മറിച്ച് മറ്റു സാധനസാമഗ്രികളെ കച്ചവടം ചെയ്യാനുള്ളവയാണ് അവ.

ഈ ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായി അവയെ കൈകാര്യം ചെയ്യുന്നവന്‍ അതിന്റെ അടിസ്ഥാന താല്‍പര്യത്തെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. അല്ലാഹു അവയില്‍ നിക്ഷേപിച്ച അനുഗ്രഹത്തെ നിഷേധിക്കുകയും അവയോട് അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു അവന്‍. അവയെ ചരക്കാക്കി മാറ്റുന്നതോടെ അതിന്റെ യുക്തി പാഴാക്കപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാന ഉദ്ദേശ്യത്തില്‍ നിന്ന് തെറ്റുകയും ചെയ്തിരിക്കുന്നു.
നാണയവും കറന്‍സിയും ഏതെങ്കിലും വ്യക്തികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കപ്പെട്ടതല്ല. മറിച്ച്, വിവിധ കരങ്ങളിലൂടെ കൈമാറ്റംചെയ്യപ്പെടുന്ന മൂല്യങ്ങള്‍ക്കുള്ള മാനദണ്ഡമാണ് അവ. അവയാണ് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നത്. വസ്തുവിന്റെ വില നിശ്ചയിക്കുന്നതിനുള്ള അടയാളങ്ങളാണ് അവ. അവ മുഖേനയാണ് ശമ്പളം കണക്കാക്കുന്നത്.

നാണയവും കറന്‍സിയും ഉപയോഗിച്ച് പലിശ സമ്പാദിച്ചവന്‍ അനുഗ്രഹത്തെ നിഷേധിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. കാരണം അവ രണ്ടും അതല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടവയാണ്. അവ കച്ചവടം ചെയ്യുന്ന പക്ഷം അവയുടെ ഉദ്ദേശ്യത്തിനെതിരായി അവയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു വസ്തുവിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് വെക്കുന്നതാണല്ലോ ളുല്‍മ് അഥവാ അക്രമം.

നാണയവും കറന്‍സിയും കച്ചവടം നടത്തുന്നത് അനുവദനീയമാക്കിയാല്‍ അവ തന്നെ അടിസ്ഥാന ലക്ഷ്യമായിത്തീരുന്നതാണ്. അവയെല്ലാം ശേഖരിക്കപ്പെടുകയും നിധിയാക്കി മാറ്റുകയും ചെയ്യും. അപ്രകാരം ചെയ്യുന്നത് അക്രമമാണ്. ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവ മറ്റ് ആവശ്യങ്ങള്‍ക്കായി കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ല’.

കറന്‍സിയില്‍ ഇസ്‌ലാമിന്റെ നയം ഇപ്രകാരമാണ് അബൂഹാമിദുല്‍ ഗസ്സാലി വ്യക്തമാക്കിയത്. അവ ചരക്കിനും, ഉപകാരങ്ങള്‍ക്കുമുള്ള പകരം അഥവാ ബദല്‍ മാത്രമാണ്. അല്ലാതെ കച്ചവടവസ്തുവോ ചരക്കോ അല്ല. അവയെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് മാറ്റുന്നത് അക്രമമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സമ്പത്ത് കുന്നുകൂടുന്നതിനും ശേഖരിക്കപ്പെടുന്നതിനുമാണ് അത് വഴിവെക്കുക. ഈ അക്രമ വ്യവസ്ഥയുടെ ഇരകള്‍ ദാരിദ്ര്യത്തിനും, പട്ടിണിക്കും വിധേയരാവുകയെന്നതാണ് അതിന്റെ ഫലം. യാതൊരു അധ്വാനമോ, ഉല്‍പാദനമോ ഇല്ലാതെ കറന്‍സിയുപയോഗിച്ച് ലാഭവും നേട്ടവുമുണ്ടാക്കുകയാണ് ഇതുമുഖേനെ സമ്പന്നര്‍ ചെയ്യുക.

ഈ ഇസ്്‌ലാമിക ചിന്തയുടെ പുനര്‍വായനയും അതിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച അവബോധവും നാണയത്തിലും കറന്‍സിയിലും ഇസ്‌ലാമിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച ചിത്രമാണ് നല്‍കുന്നത്. ഈ തിരിച്ചറിവ് ലോകത്തിന് ലഭിക്കുമ്പോള്‍ ഇസ്‌ലാമിന്റെ മഹത്വം അവര്‍ക്ക് ബോധ്യപ്പെടും. അതോടെ ഇസ്‌ലാമിന് നേര്‍ക്ക് അവര്‍ ഹൃദയവും ബുദ്ധിയും തുറന്നുവെക്കും. നിലവില്‍ ആഗോളസമൂഹം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയില്‍ മാത്രമാണുള്ളതെന്ന് ലോകം ഇനിയും തിരിച്ചറിയാന്‍ വൈകരുതെന്നാണ് പറയാനുള്ളത്.

ഡോ. മുഹമ്മദ് ഇമാറ

Topics