ശാസ്ത്രം-ലേഖനങ്ങള്‍

ഇനി ഹൃദയത്തെക്കുറിച്ച് ചിന്തിക്കാം

ആരാധനാകര്‍മങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച ചര്‍ച്ചയില്‍ ഏറ്റവും ആദ്യംവരുന്നത് അല്ലാഹുവിനെക്കുറിച്ച സ്മരണയും പരലോകചിന്തയുമാണ്. ഹൃദയാന്തരാളത്തിലുറവെടുക്കുന്ന ഈ സ്വഭാവഗുണങ്ങള്‍ ഇന്ന് മുസ്‌ലിമിന്റെ വ്യക്തി-സമൂഹ ബോധത്തില്‍ ഇല്ലാതാകുന്ന അവസ്ഥ നാം കാണുന്നു.

കൈകാലുകളുടെ അനുഷ്ഠാനങ്ങളെക്കാള്‍ ഹൃദയം നിര്‍വൃതികൊള്ളുന്ന കര്‍മങ്ങളാണ് അല്ലാഹുവിന്റെ അടുക്കല്‍ ശ്രേഷ്ഠ പദവി നേടുന്നത്. ഏതൊരു സംഗതിയുടെയും പ്രാധാന്യം അതിന്റെ മൂല്യവും പ്രയോഗക്ഷമതയും എത്രയെന്നതിനെ ആശ്രയിച്ചാണല്ലോ. കൈകാലുകളുള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പഞ്ചേന്ദ്രിയങ്ങളുടെയും മേല്‍ അധികാരം വാഴുന്ന രാജാവാണ് ഹൃദയം. അതിനാല്‍ പ്രവാചകസവിധത്തില്‍നിന്ന് ദീനിനെ നുകര്‍ന്നവര്‍ ഹൃദയവിശുദ്ധി സ്വായത്തമാക്കുന്ന പ്രവൃത്തികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

അതിനാല്‍ ഹൃദയമാണ് നമ്മുടെ വിഷയം. ഇന്ന് ഇസ്‌ലാമികവിജ്ഞാനീയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥി അഖീദ, ഫിഖ്ഹ്, ഹദീസ് തുടങ്ങി വിവിധ ശാസ്ത്രങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാല്‍ അല്ലാഹുവുമായി ബന്ധപ്പെടുന്ന ഹൃദയത്തിന്റെ അവസ്ഥയെ അവരിലധികപേരും അവഗണിക്കുകയാണ്. ഹൃദയവിശുദ്ധിയില്ലാതെ ഏത് അറിവിനെ സമീപിച്ചാലും യാതൊരു ഗുണവുമുണ്ടാവുകയില്ല. എന്നല്ല അത് പലപ്പോഴും വിജ്ഞാനസമ്പാദനത്തെ യാന്ത്രികപ്രക്രിയായി കാണുന്ന അപകടകരമായ സ്ഥിതിവിശേഷം സംജാതമാക്കും. കര്‍മങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ , പ്രസ്തുതവിഷയങ്ങളില്‍ ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചുകൂട്ടാന്‍ വിദ്യാര്‍ഥി തിടുക്കം കാട്ടും. ഒരുപക്ഷേ, അത് ഹൃദയകാഠിന്യം വര്‍ധിപ്പിക്കുകയുംചെയ്യും. അതിനാല്‍ നബിതിരുമേനിയുടെ ഒരു അധ്യാപനത്തെ നാം പൂര്‍ണമായും മനസ്സിലാക്കേണ്ടതുണ്ട്. നബിതിരുമേനി പറഞ്ഞു: ‘അറിയുക, തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസകഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അതേ്രത ഹൃദയം!’

അതുകൊണ്ടാണ് അവയവങ്ങളുടെ രാജാവാണ് ഹൃദയം എന്നുപറയുന്നത്. രാജാവ് നിങ്ങള്‍ക്കുവേണ്ടി യാതൊരു പ്രതിഫലവുംപറ്റാതെ പണിയെടുക്കുന്നു. അഞ്ചുലിറ്റര്‍ രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചുകൊണ്ട് ദിനേന ഒരുലക്ഷം പ്രാവശ്യം രക്തചംക്രമണം നടത്തുന്നു. പത്തുദിവസംകൂടുമ്പോള്‍ പത്തുലക്ഷം പ്രാവശ്യം. ഓര്‍ത്തുനോക്കുക, നമ്മുടെ ഒരായുസ്സില്‍ അത് എത്രപ്രാവശ്യം മിടിക്കുന്നുവെന്ന്!.

ഈ പ്രക്രിയയ്ക്ക് പകരമായി ഹൃദയം ഒന്നേ ആവശ്യപ്പെടുന്നുള്ളൂ. പ്രത്യക്ഷവും അപകടകരവുമായ സംഗതികളില്‍നിന്നുള്ള പരിരക്ഷ, സുസ്ഥിരപരിചരണം, അറ്റകുറ്റപ്പണികള്‍, നവീകരണപ്രക്രിയകള്‍ തുടങ്ങി അണമുറിയാത്ത ആത്മീയപ്രവര്‍ത്തനങ്ങള്‍.
അല്‍ ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു: ‘ഹൃദയത്തിലാണ് കടമകള്‍ ഉറവെടുക്കുന്നത്. അതാണ് പ്രചോദനത്തിന്റെ ഉത്ഭവകേന്ദ്രം. ഹൃദയത്തിന്റെ നന്‍മയിലാണ് ശരീരത്തിന്റെ നന്‍മയും കുടിയിരിക്കുന്നത്. ഹൃദയത്തില്‍ കളങ്കം വന്നുചേരുന്നതോടെ ശരീരം കളങ്കിതമായിത്തീരുന്നു.’
അതിനാല്‍ ഹൃദയ സംസ്‌കരണത്തെക്കുറിച്ച നമ്മുടെ തിരിച്ചറിവ് മറ്റെല്ലാ പഠനവിഷയങ്ങളെക്കാള്‍ അതീവപ്രാധാന്യമുള്ളതാണ്. ഏതു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും അതിലെല്ലാം ഋജുവും കൃത്യവുമായ നിലപാട് സ്വീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ അധികപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ഹൃദയം അല്ലാഹുവല്ലാത്ത മറ്റുസംഗതികളില്‍ കേന്ദ്രീകരിക്കുകയും അങ്ങനെ മലിനപ്പെടുകയും ചെയ്താല്‍ ശരീരത്തിലെ മറ്റവയവങ്ങളും മ്ലേച്ഛപ്രവൃത്തികളില്‍ മുഴുകാന്‍ തുടങ്ങും. രക്ഷിതാവായ അല്ലാഹുവിനെ ധിക്കരിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അത് വ്യക്തിയെ പ്രേരിപ്പിക്കുകയും അതുവഴി കോപാഗ്നിക്ക് വിധേയനാവുകയുംചെയ്യും. ചുരുക്കത്തില്‍, അയാള്‍ക്ക് ഇഹ- പരലോകങ്ങള്‍ നഷ്ടപ്പെടുന്നു.
യുവാക്കളുടെ പ്രവര്‍ത്തനഫലമായി സമുദായത്തില്‍ ഒരു ഉണര്‍വ് പ്രകടമായിട്ടുണ്ട്. പക്ഷേ, സമുദായത്തിന്റെ പുരോഗതി മറച്ചുകളയുന്ന ചില സംഗതികള്‍ അതിനെ പിന്നോട്ടുവലിക്കുന്നുണ്ട്. കര്‍മങ്ങള്‍ക്ക് ചൈതന്യമേകാത്തവിധം ചില രോഗങ്ങള്‍ ഹൃദയങ്ങളെ പിടികൂടിയതായാണ് മനസ്സിലാകുന്നത്. അതിനാല്‍ അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും ഉദ്ദേശിക്കുന്നവര്‍ ആത്മവിശുദ്ധി നേടാന്‍ നീണ്ട പരിശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ആര്‍ ആത്മാവിനെ ശുദ്ധീകരിച്ചുവോ അവന്‍ വിജയിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവനോ പരാജയപ്പെട്ടു.’

സ്വര്‍ഗത്തിലേക്കുള്ള വഴിയന്വേഷിച്ച് നിങ്ങളുടെ പരലോകത്തെ മറ്റുള്ളവരുടെ കയ്യിലേല്‍പിക്കരുത്. ജീവിതത്തിന്റെ തിരക്കുകളില്‍നിന്ന് സമയം കണ്ടെത്തി അല്ലാഹുവിന് ഹൃദയത്തില്‍ ഇടംകൊടുക്കുക. അല്ലാഹുവിനോടും റസൂലിനോടും സ്‌നേഹമുള്ള അടിമയുടെ ലക്ഷണമാണ് ദൈവികസ്മരണ.

എന്താണ് ഹൃദയം ?

ദൃഷ്ടിഗോചരമല്ലാത്ത വൈകാരികപ്രതികരണങ്ങളെ സമ്മാനിക്കുന്ന സംവേദനാവയവമാണ് ഹൃദയമെന്ന് തത്കാലം നമുക്ക് പറയാം. ആലോചന, പരിചിന്തനം , ഗ്രഹിക്കല്‍ തുടങ്ങിയവയുടെ കേന്ദ്രമാണത്. ആശ്രയത്വം, സ്‌നേഹം, വിശ്വാസം, പ്രതീക്ഷ, ഭയം എന്നിങ്ങനെ വ്യത്യസ്തവികാരങ്ങള്‍ അത് മാറിമാറി സമ്മാനിക്കുന്നു. അപ്പോള്‍ ഒരുചോദ്യം ഉയരുന്നു: ഇതെല്ലാം തലച്ചോറാണോ ഹൃദയമാണോ നല്‍കുന്നത്?
ഇതിനുത്തരം കണ്ടെത്തണമെങ്കില്‍ അറബിയില്‍ ഹൃദയത്തിനുപയോഗിച്ച ഖല്‍ബ് എന്ന വാക്കിന്റെ ആശയം മനസ്സിലാക്കണം. സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നത് എന്നാണ് ആ വാക്കിനര്‍ഥം.

ഹൃദയത്തെ പരിരക്ഷിച്ചില്ലെങ്കില്‍ അത് ഒരു അവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് പെട്ടെന്നുതന്നെ വഴുതിമാറും. സന്‍മാര്‍ഗത്തില്‍നിന്ന് ദുര്‍മാര്‍ഗത്തിലേക്കും വിശ്വാസത്തില്‍നിന്ന് അവിശ്വാസത്തിലേക്കും കാപട്യത്തിലേക്കും ഒരൊറ്റദിനംകൊണ്ട് അത് ചെന്നെത്തും. അതിനാല്‍ നബിതിരുമേനി എപ്പോഴും ‘യാ മുഖല്ലിബല്‍ ഖുലൂബ് സബ്ബിത് ഖല്‍ബീ അലാ ദീനിക’ (ഹൃദയങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നവനേ, നിന്റെ ദീനില്‍ എന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്തേണമേ) എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
മറ്റുചിലപ്പോള്‍ ഇപ്രകാരവും നബിതിരുമേനി പ്രാര്‍ഥിച്ചിരുന്നു: ‘അല്ലാഹുമ്മ മുസ്വര്‍രിഫല്‍ഖുലൂബി, സ്വര്‍രിഫ് ഖുലൂബനാ അലാ ത്വാഅത്തിക’ (ഹൃദയങ്ങളെ നിയന്ത്രിക്കുന്നവനായ അല്ലാഹുവേ, നിന്നോടുള്ള അനുസരണത്തില്‍ ഞങ്ങളുടെ ഹൃദയങ്ങളെ നീ നയിക്കേണമേ).
അതിനാല്‍ സ്ഥിരതയില്ലാതെ, എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വിധേയപ്പെടാവുന്ന അവയവമാണ് ഹൃദയം. അതുകൊണ്ടുതന്നെ അതിനെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം. അപ്പോഴും ഒരുചോദ്യം അവശേഷിക്കുകയാണ്: ഇതെല്ലാം തലച്ചോറാണോ ഹൃദയമാണോ സാധ്യമാക്കുന്നത്?
തലച്ചോറും ഹൃദയവും തമ്മിലുള്ള ബന്ധത്തിന്റെ വിവിധസ്വഭാവതലങ്ങളെക്കുറിച്ച ഗവേഷണവുമായി മുന്നോട്ടുപോകുന്ന ‘ന്യൂറോ കാര്‍ഡിയോളജി’ എന്ന വൈദ്യശാസ്ത്രശാഖയുണ്ട്. തീര്‍ച്ചയായും അവ തമ്മില്‍ അന്യൂനമായ സ്ഥിരബന്ധമുണ്ട്. എന്നാല്‍ ഈ രണ്ട് അവയവങ്ങളും എത്രമാത്രം ഐകമായി ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുവെന്നത് അല്ലാഹുവിന് മാത്രമേ അറിയൂ.
ഭൗതികശാസ്ത്രനിഗമനങ്ങളെ മാറ്റിനിര്‍ത്തി , വിശ്വാസാദര്‍ശ കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കില്‍ ആലോചന, പരിചിന്തനം, ഗ്രാഹ്യശേഷി എന്നിവയ്ക്കുള്ള ശേഷി തലയോട്ടിക്കകത്തെ അവയവത്തിന് മാത്രമല്ല, നെഞ്ചിന്‍കൂടിനകത്തെ അവയവത്തിനുമുണ്ട് എന്ന് വ്യക്തമാകുന്നു. അതാണ് അല്‍ഹജ്ജ് അധ്യായത്തിലെ 46-ാം സൂക്തം വെളിപ്പെടുത്തുന്നത്.
‘ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്, പ്രത്യുത മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.’

ഹൃദയങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നോ ?

മേല്‍ ഖുര്‍ആന്‍ സൂക്തത്തില്‍ കൊടുത്ത പ്രസ്താവനയെ പിന്തുണച്ചുകൊണ്ടുള്ള ഹദീസ് കാണുക: ‘മുഹമ്മദ് തന്റെ കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ജിബ്‌രീല്‍ മലക്ക് കടന്നുവന്നു. മലക്ക് മുഹമ്മദിനെ കടന്നുപിടിച്ച് താഴെക്കിടത്തി നെഞ്ചുപിളര്‍ന്ന് ഹൃദയം പുറത്തേക്കെടുത്തു. അതില്‍നിന്ന് രക്തക്കട്ട പോലൊന്ന് എടുത്തുകളഞ്ഞു. എന്നിട്ട് പറഞ്ഞു: ‘അത് നിന്നിലുള്ള സാത്താന്റെ ഭാഗമാണ്. എന്നിട്ട് ഹൃദയം സ്വര്‍ണത്തളികയില്‍വെച്ച് സംസം വെളളത്താല്‍ കഴുകി. പിന്നീട് അത് യഥാസ്ഥാനത്ത് തിരികെച്ചേര്‍ത്തു.’
മേല്‍ഹദീസിലെ ജിബ്‌രീല്‍ (അ)ന്റെ പ്രവൃത്തിയും ആമുഖത്തില്‍ പറഞ്ഞ ഹദീസിലുള്ള ശരീരത്തിലെ മാംസക്കഷ്ണവും സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കേന്ദ്രം ഹൃദയമാണെന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നു. അല്‍ഹജ്ജ് അധ്യായത്തിലെ സൂക്തത്തെക്കുറിച്ച് പര്യാലോചിക്കുമ്പോള്‍ ‘ആളുകളുടെ കണ്ണുകള്‍ അല്ല അന്ധമാകുന്നത് മറിച്ച് അവരുടെ നെഞ്ചകങ്ങളിലെ ഹൃദയമാണ് ‘ എന്ന പരാമര്‍ശവും യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്.
ഇമാമും പണ്ഡിതനുമായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നു: ‘ശരീരത്തിലെ മാംസപിണ്ഡത്തെക്കുറിച്ച് പറയുന്ന ഹദീസില്‍നിന്ന് ബുദ്ധിയെന്നത് പ്രഥമമായി ഹൃദയവുമായി ബന്ധപ്പെട്ടതാണെന്ന് ഉരുത്തിരിയുന്നുണ്ട്.’
എല്ലാറ്റിനുമുപരി, തഖ്‌വയെക്കുറിച്ച് നബിതിരുമേനി പറഞ്ഞപ്പോള്‍ തന്റെ കൈവിരല്‍ നെഞ്ചിലേക്ക് മൂന്നുതവണ ചൂണ്ടിയെന്നതും ശ്രദ്ധേയമാണ്.

തുടര്‍ന്ന് അല്ലാഹു കൃത്യമായ സൂചന നല്‍കിക്കൊണ്ട് ഇപ്രകാരം പറയുകയുംചെയ്തു: ‘ ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്‌രീലിനോടാണെങ്കില്‍ അറിഞ്ഞുകൊള്ളുക, തീര്‍ച്ചയായും അല്ലാഹുവിന്റെ അനുവാദത്തോടെയാണ് ജിബ്‌രീല്‍ താങ്കളുടെ ഹൃദയത്തില്‍ വേദമിറക്കിയത്’. ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍ത്വുബി പറയുന്നു: ഇവിടെ ഹൃദയം എന്ന് പ്രത്യേകം എടുത്തു പറയാന്‍കാരണം അത് അറിവിന്റെയും ചിന്തയുടെയും ഗ്രാഹ്യശക്തിയുടെയും ഉറവിടമായതുകൊണ്ടാണ്.
നമ്മുടെ ഹൃദയത്തിനുമുമ്പാകെ സമര്‍പ്പിക്കുന്ന എല്ലാറ്റിനെക്കുറിച്ചും അല്ലാഹു നമ്മെ ചോദ്യംചെയ്യുമെന്ന് ഖുര്‍ആന്‍ പറയുന്നു: ‘ചെവികള്‍, കണ്ണുകള്‍, ഹൃദയം ഇവയെക്കുറിച്ചെല്ലാം നിങ്ങള്‍ ചോദ്യംചെയ്യപ്പെടുന്നതാണ്.’

ഹൃദയത്തെ നമുക്ക് ഒരു പാത്രത്തോട് ഉപമിക്കാം. നിറഞ്ഞുകവിഞ്ഞ പാത്രത്തിലേക്ക് വീണ്ടും ഒഴിക്കാന്‍ കഴിയില്ല. അതിലേക്കെന്തെങ്കിലും പകര്‍ന്നാല്‍ കവിഞ്ഞ് പുറത്തേക്കൊഴുകും. മറ്റെന്തെങ്കിലും അതിലേക്ക് ചേര്‍ക്കണമെങ്കില്‍ ആദ്യമേ അതിലുള്ള സാധനം ആവശ്യമായത്ര എടുത്തുമാറ്റിയേ തീരൂ. മാറ്റുന്നതും ചേര്‍ക്കുന്നതും നേര്‍ ആനുപാതമായിരിക്കും. ഹൃദയം അത്തരത്തിലൊരു പാത്രമാണ്. അത് ഇടക്കിടക്ക് വൃത്തിയാക്കണം. അല്ലെങ്കില്‍ അത് പൊങ്ങച്ചത്തോടും, സമ്പത്തിനോടും, വിഷയാസക്തിയോടുമുള്ള അഭിനിവേശത്താല്‍ നിറഞ്ഞുകവിയും. അത്തരത്തില്‍ ദീനംബാധിച്ച ഹൃദയം പ്രാര്‍ഥനാവേളയില്‍ പോലും ശാന്തമാകാതെ അസ്വസ്ഥമാകും. അതിനാല്‍ ‘സുന്ദരമാക്കുംമുമ്പ് അനാവശ്യമായവ എടുത്തുമാറ്റുന്ന’ പ്രവൃത്തി നടക്കേണ്ടതുണ്ട്. അങ്ങനെ കാലിയാക്കുന്ന പ്രക്രിയയിലൂടെ തഖ്‌വയും ഭയഭക്തിയും സമാധാനവും ഹൃദയത്തിലിടംപിടിക്കുന്നു. അതിന് വ്യത്യസ്തമാര്‍ഗങ്ങളുണ്ട്. അതെക്കുറിച്ച് വഴിയെ പറയാം.

Topics